# സിറാജുദ്ദീൻ പന്നിക്കോട്ടൂർ

ജീവജാതികളെ(Species) ഓരോ വർഷവും പുതുതായി കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. ഇതുവരേയും ലോകത്തെ മുഴുവൻ ജീവികളെയും തിരിച്ചറിയാൻ നമുക്ക് സാധിച്ചിട്ടില്ല. അവയെ കാണാത്തതുതന്നെ കാരണം. പലതും അപൂർവമാണ് എന്നതിനാലാണ് അവയെ കാണാതിരിക്കുന്നത്. കടുത്ത വംശനാശംതന്നെയാണ് അവയെ അപൂർവമാക്കുന്നത്. വംശനാശം ജീവപരിണാമത്തിന്റെ ഭാഗം കൂടിയാണ്. കൂടുതൽ കഴിവുള്ള ജീവികൾ ഭൂമുഖത്ത് സജീവമാകുമ്പോൾ പ്രകൃതി വിഭവങ്ങൾ ലഭ്യമാകാതെ കഴിവു കുറഞ്ഞവ നാമാവശേഷമാകുന്നു.

ഭൂമിയിലെ ജീവജാതി പര്യവേക്ഷണത്തിനും കണ്ടെത്തലിനും വർഗീകരണത്തിനും പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീഷീസ് എക്സ്‌പ്ലൊറേഷൻ. (The International Institute for Species Exploration- IISE). ജൈവവൈവിധ്യ ശോഷണത്തെക്കുറിച്ച് പൊതുജനത്തെ ബോധവത്‌കരിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ജീവികളുടെ ശാസ്ത്രീയമായ വർഗീകരണത്തിലൂടെയും മ്യൂസിയങ്ങളിലൂടെയുമാണ് അതിന്റെ പ്രവർത്തനം നിർവഹിക്കുന്നത്. 2008 മുതൽ ഈ സ്ഥാപനം തികച്ചും അസാധാരണവും അതുല്യവുമായ, പുതുതായി തിരിച്ചറിഞ്ഞ ജീവികളിൽ പത്തെണ്ണത്തിനെ പ്രസിദ്ധീകരിക്കാറുണ്ട്. വർഗീകരണ ശാസ്ത്രത്തിന്റെ പിതാവായ കാൾ ലിനയസിന്റെ സ്മരണാർഥമാണ് ഇങ്ങനെ പ്രസിദ്ധീകരിക്കുന്നത്. ടോപ് ടെൻ 2017 ജീവജാതികൾ ഇതാ:

സോർട്ടിങ് ഹാറ്റ് ചിലന്തി
Sorting Hat Spider
(ശാസ്ത്രീയ നാമം: Eriovixia gryffindori)
രണ്ട് മില്ലീ മീറ്ററിൽ താഴെ മാത്രം നീളമുള്ള ഈ ചിലന്തിക്ക്‌ അതിന്റെ പേര് ലഭിച്ചത് ഹാരിപോട്ടർ കഥകളിലെ തൊപ്പിയിൽ നിന്നാണ്. അറ്റം മടങ്ങിയ കോണാകൃതിയുള്ള തൊപ്പിയോട് സാമ്യമുള്ള ശരീരമുള്ളതിനാൽ അതിലെ കഥാപാത്രമായ ഗോഡ്രിക് ഗ്രിഫിൻഡറിന്റെ പേരിലാണ് ഈ ജീവി അറിയപ്പെടുന്നത്. പകൽ സമയത്ത് ഉണങ്ങിയ കരിയിലക്കൂട്ടത്തിൽ ഒളിച്ചിരിക്കുന്ന ഇതിന് നിറവും അതിനിണങ്ങുന്ന തരത്തിൽ തന്നെയാണ്. മറ്റു ശത്രുജീവികളിൽനിന്ന് രക്ഷ നേടാൻ ഈ പ്രച്ഛന്നവേഷം അതിനെ സഹായിക്കുന്നു. ഇന്ത്യയിൽ മധ്യപശ്ചിമഘട്ടത്തിൽ കാണുന്ന ഇതിനെ കർണാടകയിൽ നിന്നാണ് കണ്ടെത്തിയത്.

പിങ്ക്നിറമുള്ള പച്ചക്കുതിര
Katydid
(ശാസ്ത്രീയ നാമം: Eulophophyllum kirki)
പച്ചക്കുതിര വിഭാഗത്തിൽ വരുന്ന വലിയ ചിറകുകളുള്ള ഈ ജീവി കിഴക്കൻ മലേഷ്യയിൽ നിന്നാണ്. അതിന്റെ തന്നെ ഫോട്ടോഗ്രാഫർ പീറ്റർ കിർക്കിന്റെ പേരിൽ നിന്നാണ് അതിന് നാമകരണം. ഇലകളുടെ ആകൃതിയോടുകൂടി തളിരിലകൾക്കിടയിൽ ഒളിക്കാനുള്ള ഇതിന്റെ സൂത്രം ഏറെ ശ്രദ്ധേയമാണ്. നാല്‌ സെന്റിമീറ്റർ മാത്രം വലുപ്പമുള്ള ഇവയിലെ ആൺ ജീവികൾ പച്ചനിറത്തിലും പെൺ ജീവികൾ പിങ്ക് നിറത്തിലുമാണ്.

മിശ്രഭോജി എലി
Omnivorous Root Rat
(ശാസ്ത്രീയ നാമം: Gracilimus radix)
ഷഡ്പദങ്ങളും വേരുമാണ് ഈ എലിയുടെ ആഹാരം. വേര് ചിലപ്പോഴൊക്കെ ഭക്ഷണമാക്കുന്നതിനാലാണ് ഈ എലിക്ക് അതിന്റെ ശാസ്ത്രീയനാമത്തിൽ വേര് എന്നർഥം വരുന്ന റാഡിക്‌സ് എന്ന ലാറ്റിൻ പദം ലഭിച്ചത്.  ഇൻഡൊനീഷ്യയിലെ സുലവേസി ദ്വീപിൽ മാത്രം കാണുന്ന ഈ എലി വളരെ ചെറുതും മെലിഞ്ഞ ശരീരമുള്ളതുമാണ്. ചാരനിറത്തിലും ബ്രൗൺ നിറത്തിലുമുള്ള രോമങ്ങളും വട്ടത്തിലുള്ള കണ്ണുകളും വിരളമായി രോമങ്ങളുള്ള വാലും അതിനെ വ്യത്യസ്തമാക്കുന്നു.

ശുദ്ധജല തിരണ്ടി
Freshwater Stingray
(ശാസ്ത്രീയ നാമം: Potamotrygon rex)
ബ്രസീലിലെ ടോക്കാന്റിൻസ് നദിയിൽ കണ്ടെത്തിയ ഈ ശുദ്ധജല തിരണ്ടിക്ക് ഒരു മീറ്ററിലധികം നീളവും 20 കിലോ ഗ്രാം വരെ ഭാരവുമുണ്ട്. കറുപ്പോ കറുപ്പിനോട് സാമ്യമുള്ള ബ്രൗണോ നിറമുള്ള ശരീരത്തിൽ മഞ്ഞയോ ഓറഞ്ചോ പുള്ളികളുമുണ്ട്. വലുപ്പവും നിറവും മൂലം ലാറ്റിൻ ഭാഷയിൽ രാജാവ് എന്നർഥം വരുന്ന റെക്സ് എന്ന പദം ചേർത്ത പേരാണ് ഇതിന് ലഭിച്ചത്.

414 കാലുള്ള തേരട്ട
414-legged Millipede
(ശാസ്ത്രീയ നാമം: Illacme tobini)
414 കാലുകളുള്ളതാണ് ഈ തേരട്ട. ജീവിതകാലം മുഴുവനും അതിന്റെ ശരീര അറയുടെ എണ്ണവും കാലുകളുടെ എണ്ണവും കൂട്ടിക്കൊണ്ടേയിരിക്കാവുന്ന തരത്തിലാണ് അതിന്റെ ശരീരപ്രകൃതം. ഒരിഞ്ച് മാത്രം വലുപ്പമുള്ളവയും കണ്ണില്ലാത്തതുമായ ജീവിയാണിത്. ദ്രാവകരൂപത്തിലുള്ള ആഹാരം സ്വീകരിക്കുന്നതരത്തിൽ വായ്ക്കുള്ളിലെ ഘടന ലളിതമാണ്. ബീജദാനത്തിനായി രൂപാന്തരപ്പെട്ട നാലു കാലുകൾ, സിൽക് ഉത്‌പാദിപ്പിക്കുന്ന മുടി, നൂറിൽപരം ശരീര അറകളുടെ വശങ്ങളിൽ പ്രതിരോധ രാസപദാർഥം ഉത്‌പാദിപ്പിക്കുന്ന കുഴലറ്റം എന്നിവയും പ്രത്യേകതകളാണ്. അമേരിക്കയിലെ കാലിഫോർണിയയിലാണ് കണ്ടെത്തിയത്.

രക്തതക്കാളി
BleedingTomato,
(ശാസ്ത്രീയ നാമം: Solanum ossicruentum)
ഒന്നു മുതൽ രണ്ട് മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ തക്കാളിച്ചെടിയുടെ മൂപ്പെത്താത്ത കായകൾ മുറിച്ചാൽ കാണുന്ന രക്തസാദൃശ്യമുള്ള ദ്രാവകമാണ് അതിന് പുതുമ നൽകിയത്. ഇളം പച്ച നിറമുള്ള കായ മുറിച്ച ശേഷം മാംസളഭാഗം ഓക്‌സീകരണത്തിലൂടെ രക്തച്ചുവപ്പ് ആയി മാറുന്നു. മൂപ്പെത്തിയവ ഇളം പച്ചയിൽ നിന്ന് കടും ചുവപ്പായും പിന്നീട് ചെസ്റ്റ്‌നട്ട് ബ്രൗണായും നിറം മാറുകയും തുടർന്ന് ഉറച്ച് തുകൽ കട്ടിയുള്ളതാവുകയും ചെയ്യുന്നു. 1.5 മുതൽ 2.5 സെന്റി മീറ്റർ വരെ വ്യാസമുള്ളതാണ് കായകൾ. ഓസ്‌ട്രേലിയയിൽ നിന്നാണ് ഈ ചെടി.

ഉഭയജീവി പഴുതാര
Waterfall Centipede
(ശാസ്ത്രീയ നാമം: Scolopendra cataracta)
കറുപ്പ് നിറമുള്ള ഈ പഴുതാരയ്ക്ക് 20 ജോഡി കാലുകളാണ്. 20 സെന്റീ മീറ്റർ നീളമുണ്ട്. മണ്ണിൽ ഓടുന്നതുപോലെ തന്നെ വെള്ളത്തിനടിയിൽ ഓടാൻ കഴിയുന്ന പഴുതാരയെ ആദ്യമായാണ് കണ്ടെത്തുന്നത്. ഇതിന്റെ പേരിലെ കാറ്ററാക്ട എന്ന പദത്തിന് ലാറ്റിൻ ഭാഷയിൽ ജലധാര എന്നാണ് അർഥം. കണ്ടെത്തിയ സ്ഥലത്തെ ടാഡ് ഇറ്റു ജലധാരയുമായി ബന്ധപ്പെടുത്തിയാണ് ഈ നാമകരണം. ലാവോസ്, തായ്‌ലാൻഡ്‌, വിയറ്റ്‌നാം എന്നിവിടങ്ങളിലാണ് ഇതിനെ കാണുന്നത്.

വ്യാളി ഉറുമ്പ്
Dragon Ant
(ശാസ്ത്രീയ നാമം: Pheidole drogon)
ന്യൂ ഗിനിയയിൽ കണ്ടെത്തിയ ഈ ഉറുമ്പിന് പുറത്തെ മുള്ളുകൾ പ്രത്യേകതയാണ്. കൂട്ടത്തിലെ മുഖ്യജോലിക്കാർക്ക് കൂടുതൽ വലിയ തലയും വിത്തുകൾ തിന്നാവുന്നതരത്തിലാക്കി പൊട്ടിക്കാനുള്ള തരത്തിൽ ശക്തിയുള്ള വായയുമുണ്ട്.

ചുരോ സമുദ്ര വിര
Churro Marine Worm
(ശാസ്ത്രീയ നാമം: Xenoturbella churro)
കാലിഫോർണിയയിലെ ഉൾക്കടലിന്റെ അടിത്തട്ടിൽ 1722 മീറ്റർ ആഴത്തിൽ കണ്ടെത്തിയ ഈ വിര 10 സെന്റീമീറ്റർ നീളമുള്ളതാണ്. മൊളസ്ക് വിഭാഗത്തിലുള്ള ജന്തുക്കളെ ആഹാരമാക്കുന്ന ഇവയ്ക്ക് ശരീരമാസകലം ഓറഞ്ച്- പിങ്ക് നിറമാണ്. വായയുള്ള ഇതിന് മലദ്വാരമില്ല.

പിശാചിന്റെ ഓർക്കിഡ്
Devil's Head Orchid
(ശാസ്ത്രീയ നാമം: Telipogon diabolicus)
കൊളംബിയയിൽ നിന്നുള്ള ഈ ഓർക്കിഡിന്റെ പ്രത്യുത്‌പാദന അവയവങ്ങൾ കണ്ടാൽ പിശാച് കയറിയതുപോലെ തോന്നും. ആൺ പെൺ പൂഭാഗങ്ങൾ ഒന്നിച്ചാണ് ഈ രൂപം ഉണ്ടായത്. വംശനാശ ഭീഷണിയുള്ള ഈ സസ്യം മറ്റ് ഓർക്കിഡുകളെപോലെ എപിഫൈറ്റ് വിഭാഗത്തിൽപ്പെടുന്നു.


തെങ്ങോലത്തുമ്പത്ത്

ഉപന്യാസം

# ശിവകാമി എസ്.

IX, ടി.ഡി.എച്ച്.എസ്.എസ്. ആലപ്പുഴ

“നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്.
അതിൽനാരായണക്കിളി
കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്.”

പി. ഭാസ്കരൻ മാഷിന്റെ വരികൾക്ക് കെ. രാഘവൻ ഈണംപകർന്ന്‌ യേശുദാസ് ആലപിച്ച ‘തുറക്കാത്ത വാതിൽ’ എന്ന ചിത്രത്തിലെ ഈ ഗാനം മലയാളക്കര നെഞ്ചിലേറ്റി അനശ്വരമാക്കി.  സെപ്റ്റംബർ രണ്ട്‌ ലോകനാളികേരദിനം. നാലുകോഴിയും ഒരു പശുവും പത്തുതെങ്ങുമുണ്ടായിരുന്നെങ്കിൽ മലയാളി സുഭിക്ഷമായി കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു.
ലോകചരിത്രത്തിൽ നിത്യഭാസുരമായ യശ്ശസ്സാർജിക്കാൻ കഴിഞ്ഞിട്ടുള്ള ദേശമാണ് കേരളം. കിഴക്ക് കായലും പടിഞ്ഞാറ് കടലും ഉടയാടകളൊരുക്കിയ നയനമനോജ്ഞമായ ഭൂപ്രദേശം.
“നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം”

നാലുകാലും ഓലമേയാനുള്ള കഴുക്കോലും മറ്റ് ഉരുപ്പടികളും തെങ്ങിൽനിന്നുള്ള വിഭവങ്ങൾകൊണ്ട് നിർമിക്കപ്പെട്ടവയായിരിക്കും. പണ്ടുകാലത്ത് കുടിലിലും മാളികയിലും കഞ്ഞികുടിച്ചിരുന്നത് ചിരട്ടക്കയിലുകൾ കൊണ്ടായിരുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം ഗൃഹാതുരസ്മരണകളുണർത്തുന്ന അതിവിശിഷ്ടമായ, ആസ്വാദ്യകരമായ വിഭവമാണ് തേങ്ങാച്ചമ്മന്തി. പഞ്ഞക്കാലത്ത്  കടന്നലുകളെപ്പോലെ മൂളിനടക്കുന്ന എരിപൊരികൊള്ളുന്ന കുഞ്ഞുവയറുകൾക്ക് അമൃതും ആശ്വാസവും.

വിവാഹമടക്കമുള്ള മംഗളകർമങ്ങളിൽ അഗ്നിസാക്ഷിക്കൊപ്പം പൂക്കുല നിർബന്ധമായിരുന്നു. മലയാളിയുടെ ശ്വാസത്തിലും നിശ്വാസത്തിലും നാളികേരത്തിന്റെ ഗന്ധം നിറഞ്ഞുനിന്നു. തിരുവാതിരക്കളിയിലും പൂക്കുല അനിവാര്യമാണ്. കല്യാണദിവസം മഴ പെയ്യാതിരിക്കാൻ കല്യാണത്തലേന്ന് ഒരു കൊട്ടത്തേങ്ങ പന്തലിന്‌ പുറത്തിടുന്ന പതിവുണ്ട്. ഹൈന്ദവ ആചാരങ്ങളിൽ ‘ഗണപതിക്ക് കൊടുക്കുക’ എന്നാണ് ഈ ചടങ്ങിന് പറയുക. അത്തരത്തിൽ മലയാളിയുടെ ഭാഷയിലും വിശ്വാസത്തിലും നാളികേരത്തിന്റെ അഗാധമായ സ്വാധീനം വ്യക്തമാകുന്നു. ഇളനീർപോലെ പരിശുദ്ധമെന്ന് വാഴ്ത്താനും കൊട്ടത്തേങ്ങയെന്ന് പായാരം പറയാനും മലയാളികൾ നാളികേരത്തെ കൂട്ടുപിടിച്ചു.

കേരളമെന്ന ദേശനാമത്തിനാധാരമായ കേരവൃക്ഷങ്ങൾ കല്പവൃക്ഷമെന്ന വിശേഷിച്ചൊരു ഖ്യാതി നേടിയിട്ടുണ്ട്. എന്തും നൽകുന്ന വൃക്ഷം എന്ന അർഥത്തിലാണ് ഈ വിളി. തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. ചിരട്ടയൊഴികെയുള്ള ഭാഗങ്ങൾ തെങ്ങിനുതന്നെ മികച്ച വളമാണ്. ചിരട്ട കത്തിച്ച തീയാണ് സ്വർണപ്പണിക്കാരും ബേക്കറിയിലും ഇസ്തിരിയിടാനും ഉപയോഗിച്ച് പോന്നത്.
മലയാ എന്ന ദേശത്തുനിന്നുമാണ് കേരളത്തിലേക്ക് തെങ്ങ് കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു. സംഘകാലത്താണ് കേരളത്തിൽ തെങ്ങുകൃഷി വ്യാപകമാകുന്നത്. നെടുംചേരലാതന്റെ ഭരണകാലത്ത് മലയാളികളെ ശാസ്ത്രീയമായി തെങ്ങുകൃഷി പഠിപ്പിച്ചത് ഡച്ചുകാരാണ്. ഡച്ചുകാരുടെ ഭരണകാലത്താണ് കേരളത്തിൽ ശാസ്ത്രീയമായി പരിപാലിക്കപ്പെട്ട തെങ്ങിൻതോപ്പുകളുണ്ടാകുന്നത്. ‘ന്യോർകാലി’ എന്ന മലയ പദത്തിൽ നിന്നുമാണ് ‘നാരികേലി’ എന്ന സംസ്കൃതപദം രൂപപ്പെട്ടതെന്നും ‘നാരികേലി’ - നാളികേരമായി കാലാന്തരത്തിൽ പരിണമിച്ചതെന്നും പറയപ്പെടുന്നു. നാരുള്ള ഫലം എന്നർഥം വരുന്ന ‘നാരികേളം’ എന്ന പാലി ഭാഷയിലെ പദത്തിൽനിന്നുമാണ് നാളികേരത്തിന്റെ ഉദ്‌ഭവമെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്. “നല്യതേകേന വായുനാ ഈര്യതേ ഇതിനാലികേര’’- എന്നിങ്ങനെ സംസ്കൃതഭാഷയിൽ നാളികേരത്തെ വർണിക്കുന്നു. തെക്കുനിന്ന്‌ വന്ന കായ് എന്ന അർഥമുള്ള തെൻകായ് തേങ്ങയായി രൂപാന്തരം പ്രാപിച്ചെന്ന് കരുതുന്നു. കുറ്റ്യാടി തേങ്ങ രോഗപ്രതിരോധത്തിന് ഉത്തമമാണ്.

കേരളത്തിന്റെ സംസ്ഥാനവൃക്ഷമായ തെങ്ങിന്റെ ശാസ്ത്രീയനാമം ‘കൊക്കോസ് ന്യൂസിഫെറ’ എന്നാണ്. കേരളത്തിലെ പ്രധാന കാർഷികവിളയായ തെങ്ങ് ‘പാമോ’ സസ്യകുടുംബത്തിൽ പെടുന്നു. പനവർഗത്തിൽപ്പെട്ട ഒറ്റത്തടിവൃക്ഷമായ തെങ്ങ് ജലസാമീപ്യമുള്ള പ്രദേശങ്ങളിൽ നന്നായി വളരുന്നു. ഉഷ്ണമേഖലാസസ്യമായതിനാൽ ഇന്ത്യ, ഇൻഡൊനീഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, മഡഗാസ്‌കർ, മലായ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി തെങ്ങ് കൃഷിചെയ്യുന്നു. കേരവൃക്ഷങ്ങളുടെ നാടായ കേരളമാണ് ഇന്ത്യയിൽ തെങ്ങുകൃഷിയിൽ ഒന്നാംസ്ഥാനത്ത്.

 ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലും പോളിനേഷ്യൻ ഭാഗങ്ങളിലും തെക്കേ അമേരിക്കയിലും തെങ്ങ്‌ കൃഷിചെയ്യുന്നു. ന്യൂസീലൻഡിൽ തെങ്ങിനോട് സാദൃശ്യമുള്ള ഒന്നരക്കോടിയോളംവർഷം പഴക്കമുള്ള സസ്യത്തിന്റെ ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻഭാഗങ്ങളിൽനിന്ന്‌ കണ്ടെത്തിയ അവശിഷ്ടങ്ങൾ അതിലും  പഴക്കമുള്ളതായിരുന്നു. ഓലമടൽ തടിയുമായി ചേരുന്ന ഭാഗത്താണ് പൂക്കുലയുണ്ടാവുക. ആൺ-പെൺ പൂവുകൾ ഒരേ പൂക്കുലയിൽതന്നെ കാണപ്പെടുന്നു. പൂക്കുലയുടെ കനമുള്ള പുറംതോടാണ് കൊതുമ്പ്. ശാഖോപശാഖകളില്ലാത്ത തായ്ത്തടിയുടെ അഗ്രഭാഗത്ത് തെങ്ങോലകൾ കൂട്ടമായി കാണപ്പെടുന്നു. ഈർക്കിലുകൾ ഓലക്കാലുകളെ സൂര്യപ്രകാശം സ്വീകരിക്കാൻപാകത്തിൽ ഭൂമിക്ക്‌  സമാന്തരമായി നിൽക്കാൽ സഹായിക്കുന്നു.
തേങ്ങയുടെ കാമ്പ് ഉണക്കിയെടുക്കുന്ന കൊപ്രയിൽ 72 ശതമാനം വെളിച്ചെണ്ണ അടങ്ങിയിരിക്കുന്നു. വെളിച്ചെണ്ണ നീക്കംചെയ്തുകഴിഞ്ഞുള്ള അവശിഷ്ടമായ കൊപ്രപ്പിണ്ണാക്ക് കാലിത്തീറ്റയായി ഉപയോഗിക്കുന്നു. നാളികേരവെള്ളം രോഗികൾക്ക്‌ പഥ്യമായ  ആരോഗ്യദായകമായ പാനീയമാണ്.

തേങ്ങയുടെ പുറന്തോടിനും ഉള്ളിലെ ചിരട്ടയ്ക്കുമിടയിലെ നാരാണ് ചകിരി. ചകിരി വെള്ളത്തിലിട്ട് ചീയിച്ച് തൊണ്ട് തല്ലി കയറും കയറുത്‌പന്നങ്ങളും നിർമിക്കുന്നു.

ലോകഭൂപടത്തിൽ ഒരു കൊച്ചുകൊതുമ്പുവള്ളത്തിന്റെ രൂപത്തിൽ കാണപ്പെടുന്ന കേരളത്തിന്റെ വശ്യചാരുത വിദേശികൾക്ക് പറുദീസയാകുന്നതിൽ അദ്‌ഭുതമില്ല. അന്യസംസ്കാരങ്ങളുടെ വെണ്ണീറാലും വളത്താലും സ്വന്തം വികാസത്തെ പാലൂട്ടുന്ന മലയാളികൾക്ക് കേരളത്തിന്റെ ലാവണ്യത്തനിമ കണ്ടെത്താൻ കഴിയാതെപോകുന്നത് ആധുനിക മഹാവിപത്തുകളിൽ പരമപ്രധാനമായ ഒന്നുതന്നെയാണ്. സമ്പന്നമായ കാർഷികസംസ്കാരം അവകാശപ്പെടുന്ന മലയാളികൾ സ്വന്തം വേരുകൾ മറന്ന് യാന്ത്രികമായ ജീവിതത്തിലേക്ക് കുതിക്കുന്നു. ആദായക്കുറവിലും ലാഭനഷ്ടത്തിലും നിരാശരായ കർഷകഹൃദയങ്ങൾ തെങ്ങുകൃഷി കൈയൊഴിഞ്ഞു. തമിഴ്‌നാട്പോലെയുള്ള അന്യസംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്ന നാളികേരം രാസവളപ്രയോഗത്താൽ വിഷലിപ്തമായിത്തീരുന്നു.

നാളികേരത്തിനുണ്ടായ വിലക്കയറ്റവും വെളിച്ചെണ്ണയ്ക്കുണ്ടായ ദൗർലഭ്യവും കേരകർഷകർക്ക്‌ കൃഷിഭൂമിയിലേക്ക് ഊർജസ്വലതയോടെ മടങ്ങിയെത്തി അധ്വാനിക്കാനുള്ള ഊർജം പകർന്നുനൽകുന്നു. സ്വർഗത്തേക്കാൾ സുന്ദരമായ സ്വപ്നം വിടരും-കേരഗ്രാമം-കേരളഗ്രാമം.