യുവാക്കളിലെ ആലസ്യംകണ്ട വിവേകാനന്ദൻ ‘എന്റെ ചുണക്കുട്ടികളേ, നിങ്ങളൊക്കെ വൻകാര്യങ്ങൾ ചെയ്തുതീർക്കാൻ പിറന്നവരാണെന്ന ബോധ്യം നിങ്ങൾക്കു വേണം. നായ്‌ക്കുട്ടികളുടെ കുരകൾകേട്ട് നിങ്ങൾ ഭയപ്പെടരുത്. എഴുന്നേൽക്കൂ. പ്രവർത്തിക്കൂ’ എന്ന് അവരോട് ആഹ്വാനംചെയ്തു. യുവാക്കളിലായിരുന്നു വിവേകാനന്ദന്റെ പ്രതീക്ഷ. കാരിരുമ്പിന്റെ കരുത്തുള്ള മാംസപേശികളും ഇച്ഛാശക്തിയുമാണ് ഭാരതത്തിന് ആവശ്യമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.സാധാരണജനങ്ങൾക്ക് അപ്രാപ്യമായിരുന്ന വേദാന്തതത്ത്വങ്ങളെ ലളിതവത്കരിച്ച് ദൈനംദിനജീവിതത്തിന്റെ ശ്വാസതാളമായി പ്രായോഗികതലത്തിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 

വിവേകാനന്ദന്റെ ദർശനങ്ങളിലേക്ക്‌.

വേണം ഏകാഗ്രത
ഒരു സാധാരണമനുഷ്യൻ തന്റെ ചിന്താശക്തിയുടെ പത്തുശതമാനംപോലും തന്റെ ജീവിതകാലത്ത്‌  ഉപയോഗിക്കാറില്ല. ഏകാഗ്രതയില്ലായ്മയാണ് ഇതിനു കാരണം. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ഏകാഗ്രതയുടെ ഏറ്റക്കുറച്ചിലാണ്. ഏറ്റവും താഴ്ന്നനിലയിലുള്ള ഒരു വ്യക്തിയെ ഒരു സമുന്നതനുമായി താരതമ്യപ്പെടുത്തിനോക്കൂ. അവർ തമ്മിലുള്ള വ്യത്യാസം ഏകാഗ്രതയിലുള്ള ഏറ്റക്കുറച്ചിലുകളിലാണെന്നു ബോധ്യപ്പെടും. ഏകാഗ്രതയാണ് വിജ്ഞാനഭണ്ഡാകാരത്തിന്റെ താക്കോൽ.

കാണാപ്പാഠം പഠിക്കലല്ല     വിദ്യാഭ്യാസം
കാര്യങ്ങളൊക്കെ കാണാപ്പാഠം പഠിച്ച് തലച്ചോറിലേക്ക് അറിവ് കുത്തിനിറയ്ക്കലല്ല വിദ്യാഭ്യാസം. ദഹിക്കാതെ കിടക്കുന്ന അറിവ് ജീവിതകാലം മുഴുവൻ അവിടെക്കിടന്ന് പാകപ്പെടാതെ പല അനർഥങ്ങളും ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ജീവൻപ്രദാനം ചെയ്യുന്നതും സ്വഭാവം രൂപവത്കരിക്കുന്നതും മനുഷ്യത്വത്തെ സൃഷ്ടിക്കുന്ന ആശയങ്ങളുടെ സ്വാംശീകരണവുമാവണം വിദ്യാഭ്യാസം.നാലോ അഞ്ചോ ആശയങ്ങൾമാത്രം സ്വാംശീകരിച്ച് അവയെ നിങ്ങളുടെ പ്രാണനും നിഷ്ഠയുമാക്കി മാറ്റിത്തീർക്കാൻ കഴിഞ്ഞാൽ ഒരു ഗ്രന്ഥാലയം മുഴുവൻ ഹൃദിസ്ഥമാക്കിയതിനെക്കാൾ കൂടുതൽ വിദ്യാഭ്യാസം നിങ്ങൾക്ക് കിട്ടിയെന്ന് ഉറപ്പിക്കാം. 

ഗുരുനാഥന്റെ കർത്തവ്യം  ജ്ഞാനത്തെ ഉണർത്തൽ
കുഞ്ഞിന്റെ വിദ്യാഭ്യാസത്തെ ഒരു ചെടിയുടെ വളർച്ചയോട് ഉപമിക്കാവുന്നതാണ്. ചെടി അതിന്റെ പ്രകൃതമനുസരിച്ച് വളരുന്നതുപോലെ ശിശു സ്വയംശിക്ഷിതനാവുകയാണ്. ചെടി നന്നായി വളരാനായി മണ്ണിളക്കിക്കൊടുക്കാം. ചുറ്റും വേലികെട്ടി അതിനെ സുരക്ഷിതമാക്കാം. അതിനെ വളർത്താൻവേണ്ട മണ്ണും വളവും വെള്ളവും വായുവും കൊടുക്കാം. ഇതോടുകൂടി തോട്ടക്കാരന്റെ ജോലി തീർന്നു. ചെടി അതിന്റെ പ്രകൃതമനുസരിച്ച് ആവശ്യമായ വസ്തുക്കൾ സ്വീകരിച്ചുകൊള്ളും.

ഇതുപോലെത്തന്നെയാണ് കുട്ടിയുടെ വിദ്യാഭ്യാസവും. അവന് / അവൾക്ക് ഇഷ്ടാനുസരണം വളരുന്നതിന് നമുക്കവരെ ബാഹ്യമായി സഹായിക്കാനാവും. ജ്ഞാനം അവന്റെ ഉള്ളിൽനിന്നാണ് വരേണ്ടത്. താനാണ് വിദ്യ അഭ്യസിപ്പിക്കുന്നത് എന്ന് അഹങ്കരിക്കുന്ന ഗുരുനാഥൻ എല്ലാം താറുമാറാക്കുകയാണ്. ഉള്ളിലെ ജ്ഞാനത്തെ ഉണർത്തുക മാത്രമേ അയാൾ ചെയ്യേണ്ടതുള്ളൂ. കണ്ണും കാതും കരചരണങ്ങളും  ബുദ്ധിശക്തിയുമുപയോഗിച്ച് പ്രവർത്തിക്കാനാവശ്യമായ പ്രചോദനമൊരുക്കൽ മാത്രമാവണം ഗുരുനാഥന്റെ ധർമം.

തിന്മയിൽനിന്നുമുണ്ട് പഠിക്കാൻ
നന്മയിൽ നിന്നെന്ന പോലെത്തന്നെ തിന്മയിൽനിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട്. സ്വഭാവ രൂപവത്കരണത്തിൽ നന്മയോടൊപ്പം തിന്മയും വലിയ പങ്കുവഹിക്കുന്നുണ്ട്. സുഖത്തെയും ദുഃഖത്തെയും നമ്മുടെ രണ്ട് വലിയഗുരുനാഥന്മാരായി കാണണം. മഹാന്മാരുടെ ജീവിതം നിരീക്ഷിച്ചാൽ അവരിൽ കൂടുതൽപ്പേർക്കും സുഖാനുഭവങ്ങളെക്കാൾ ദുഃഖാനുഭവങ്ങളും സുഭിക്ഷതയെക്കാൾ ദുർഭിക്ഷതയുമാണ് ജീവിതപാഠങ്ങൾ നൽകിയതെന്നു കണ്ടെത്താനാവും. അവരുടെ ഉള്ളിലുള്ള മഹത്ത്വത്തെ ജ്വലിപ്പിച്ചെടുത്തത് പ്രകാശിപ്പിച്ചത് പ്രശംസയെക്കാൾ പ്രഹരങ്ങളായിരുന്നെന്ന് കണ്ടെത്താനാവും.

നിങ്ങളുടെ വിധാതാവ് നിങ്ങൾതന്നെ
നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദി നമ്മൾതന്നെയാണ്. ഭാവിയിൽ ഏതവസ്ഥയിലെത്തിച്ചേരണമെന്ന് നാം ആഗ്രഹിക്കുന്നുവോ ആ അവസ്ഥയിലെത്താനുള്ള ശക്തിയും നമ്മിലുണ്ട്. നാം അർഹിക്കുന്നതുമാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ. നമുക്ക് ജീവിതത്തിലേറ്റ ഓരോ പ്രഹരവും വന്നുചേർന്നത് നാം അതിലേക്ക് നമ്മെത്തന്നെ ഒരുക്കിയതുകൊണ്ടാണ്. നാം പകുതി ചെയ്തുവെക്കുന്നു, മറ്റുപകുതി ബാഹ്യലോകവും. അതിനാൽ സ്വന്തംഭാരം സ്വന്തമായി താങ്ങാനുള്ള കരുത്തു നേടുക. നിങ്ങളുടെ വിധാതാവ് നിങ്ങൾതന്നെയെന്ന് തിരിച്ചറിയുക.

ഇച്ഛാശക്തിയും ജീവിതവിജയവും
താൻ എത്ര നിസ്സാരനാണെന്ന് രാവും പകലും ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരുവനിൽനിന്ന് ഒരു നന്മയും പ്രതീക്ഷിക്കേണ്ടതില്ല. അവൻ എന്നും നിസ്സാരനായിത്തന്നെ ജീവിതം കഴിച്ചുകൂട്ടും. എന്നാൽ, തന്റെ ശക്തി അനന്തമാണ്. തനിക്കും എല്ലാം കഴിയും എന്ന ഇച്ഛാശക്തി പുലർത്തുന്നവനോടൊപ്പമായിരിക്കും ജീവിതവിജയം. ചെറുപ്പംമുതൽ കുഞ്ഞുങ്ങളിൽ ഇച്ഛാശക്തി വളർത്തിക്കൊണ്ടുവരുക. എങ്കിൽ ലോകത്തെ കാൽച്ചുവട്ടിലാക്കാൻ അവന് നിശ്ചയമായും കഴിയും.

സാൻഡിയാഗോ കണ്ടെത്തിയ നിധി(ആൽക്കെമിസ്റ്റ് വായനാനുഭവം)
ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ പ്രസിദ്ധമായ നോവലാണ് ദി ആൽക്കെമിസ്റ്റ്. സ്പെയിനിലെ ഒരു ഇടയ ബാലനായ സാൻഡിയാഗോ ആണ് പ്രധാന കഥാപാത്രം. അജ്ഞാതമായ നിധിതേടിയുള്ള സാൻഡിയാഗോയുടെ യാത്രയാണ് പ്രതിപാദ്യം.
ഒരുദിവസം സന്ധ്യാനേരത്ത് അയാൾ ആട്ടിൻപറ്റവുമായി ഒരു ഉപേക്ഷിക്കപ്പെട്ട പള്ളിക്ക് സമീപമെത്തി. ആ പള്ളിയിൽ ഒരു മരം വളർന്നുനിൽക്കുന്നുണ്ടായിരുന്നു. ആ രാത്രി മരച്ചുവട്ടിൽ കഴിയാം എന്ന് അയാൾ തീരുമാനിക്കുന്നു. കഴിഞ്ഞ ആഴ്ചയിൽക്കണ്ട അതേ സ്വപ്നം അവനെ പാതിയുറക്കത്തിൽ നിന്നെഴുന്നേൽപ്പിച്ചു. പിരമിഡുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന നിധിയായിരുന്നു സ്വപ്നത്തിൽ കണ്ടത്. ആ സ്വപ്നത്തിനു പിന്നാലെയുള്ള യാത്രയാണ് ആൽക്കെമിസ്റ്റ് എന്ന നോവൽ. സാൻഡിയാഗോ പല സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയും വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുകയും ചെയ്യുന്നു. സന്തോഷകരവും ദുഃഖകരവും ആയ ജീവിതാനുഭവങ്ങളിലൂടെ അവൻ കടന്നുപോകുന്നു. അവസാനം ആകാശംപോലെ പരന്നുകിടക്കുന്ന മരുഭൂമിയിൽ സാൻഡിയാഗോ എത്തുന്നു. നിധിക്കായി പിരമിഡുകൾക്കിടയിൽ കുഴിച്ചുകൊണ്ടിരിക്കേ കൊള്ളക്കാരുടെ സംഘം അയാളെ പിടികൂടുന്നു. ഒടുവിൽ സാൻഡിയാഗോ കൊള്ളക്കാരോട് സത്യം തുറന്നുപറയുന്നു. കൊള്ളക്കാരുടെ സംഘത്തലവൻ ഇതുപോലൊരു സ്വപ്നം താനും കണ്ടിരുന്നു എന്നും സ്പെയിനിലെ ഒരു പൊളിഞ്ഞ പള്ളിയിൽ ഒരു ലൈക്ക് മോൾ മരത്തിനടിയിൽ നിധി ഉണ്ടെന്നും അവരോട് പറഞ്ഞു. പക്ഷേ, നിധി അന്വേഷിച്ചുപോകാൻ താൻ വിഡ്ഢിയല്ലെന്നുകൂടി പറയുന്നു. അപ്പോൾ ആ വാക്കുകൾ കേട്ട സാൻഡിയാഗോയ്ക്ക് മനസ്സിലായി നിധി എവിടെയാണുള്ളതെന്ന്.
നിധിയെന്നത് സമ്പത്തു മാത്രമല്ല, മറിച്ച് ജീവിതാനുഭവങ്ങളും ജീവിതപാഠങ്ങളുമാണ്. ലോകത്തെ നന്മകളും തിന്മകളും അവൻ തിരിച്ചറിയുന്നു. ആൽക്കെമിസ്റ്റ് എന്ന നോവലിലൂടെ പൗലോ കൊയ്‌ലോ സാൻഡിയാഗോ എന്ന ഇടയബാലന്റെ സ്വപ്നയാത്രയിലൂടെ വായനക്കാരെ വ്യത്യസ്തമായ തലങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്.
അദ്വൈത് അനിൽ
9-ാംതരം, എം.എസ്.പി. സ്കൂൾ, മലപ്പുറം