നാടോടി വിജ്ഞാനീയം എന്ന് നമ്മൾ മലയാളത്തിൽ പേരിട്ടുവിളിക്കുന്ന ഫോക് ലോറും ഫോക് ലോർ പഠനവും ഏറെ പ്രാധാന്യമുള്ളതാണ്. കൂട്ടായ്മയെ അഥവാ ജനതയെക്കുറിച്ചുള്ള അന്വേഷണമാണത്. ഓരോ  സമൂഹവും അവരുടെ ലോകബോധത്തിനനുസരിച്ച്  പരസ്പരവിനിമയത്തിനായി വൈവിധ്യപൂർണമായ നാടോടി ആവിഷ്കാരങ്ങൾ പാരമ്പര്യമായി സൃഷ്ടിക്കുകയും കൊണ്ടുനടക്കുകയും ചെയ്യുന്നു. അതാണ് ഫോക്‌ലോറുകൾ. തെയ്യം, തിറ, ഒപ്പന, പടയണി, മാർഗംകളി, ഗദ്ദിക, മുടിയേറ്റ്, കണ്യാർകളി, കോൽക്കളി, ചവിട്ടുനാടകം, കാക്കരിശ്ശി നാടകം, ദഫ് മുട്ട് തുടങ്ങിയ നാടോടിക്കലകൾ, നാടൻപാട്ടുകളും നാടോടിക്കഥകളും പഴഞ്ചൊല്ലുകളും ഉൾപ്പെടുന്ന വാമൊഴിവഴക്കങ്ങൾ, അടുക്കള ഉപകരണം മുതൽ കാർഷികോപകരണങ്ങൾവരെയുള്ള തൊട്ടറിയുന്നതും  കണ്ടറിയുന്നതുമായ ഭൗതികസംസ്കാരം, കടലറിവും കാട്ടറിവും വയലറിവും നാടോടിസാങ്കേതികവിദ്യയുമെല്ലാം ഉൾക്കൊള്ളുന്ന നാട്ടറിവുകൾ, പിന്നെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഉത്സവങ്ങളും നാട്ടുചന്തകളും നാടോടിവൈദ്യവും നാടോടിഭക്ഷണവും നാട്ടുചരിത്രവുമെല്ലാം ഉൾക്കൊള്ളുന്ന വലിയലോകമാണ് ഫോക്‌ലോറിന്റേത്. 
 ജനകല
നാടോടിക്കഥ പറയുന്ന മുത്തശ്ശിയെ നമുക്കറിയാമെങ്കിലും ആ കഥ ആരാണ് സൃഷ്ടിച്ചതെന്ന് അറിയില്ല. നാടൻപാട്ട് പാടുന്ന ആളെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ആ പാട്ട് കെട്ടിയുണ്ടാക്കിയതാരെന്ന് നമുക്കറിയില്ല. കൂട്ടായ്മയിലെ ഏതോ ഒരാളുടെ സൃഷ്ടിയെ സമൂഹം ഏറ്റെടുക്കുകയും മാറ്റം വരുത്തി അടുത്ത തലമുറയിലേക്ക് കൈമാറുകയും ചെ യ്യുന്ന രീതിയാണ് നാടോടിക്കലകളുടെ സൃഷ്ടിയുടെ കാര്യത്തിൽ സംഭവിക്കുന്നത്. ‘‘ചെറിയ  സമൂഹങ്ങൾക്കിടയിലെ സൗന്ദര്യാത്മകവിനിമയമാണ് ഫോക് ലോറുകൾ’’ എന്നാണ് ഡാൻ ബെൻ അമോസ് എന്ന ഫോക് ലോർ പണ്ഡിതൻ  നിർവചിക്കുന്നത്. ‘‘ഭൂതകാലത്തിന്റെ പ്രതിധ്വനിയാണ് നാടോടി അവതരണങ്ങളെങ്കിലും വർത്തമാനകാലത്തിൽ മുഴങ്ങുന്ന അതിശക്തമായ ശബ്ദമാണ് അതെന്ന് ’’ വൈ.എം. സോക്കലോവ് എന്ന റഷ്യൻ പണ്ഡിതൻ വിലയിരുത്തുന്നു.
 പല പാഠങ്ങൾ
ഒരു ഫോക് ലോർ ഇനംതന്നെ രൂപത്തിലും ഭാവത്തിലും പലയിടങ്ങളിൽ പലതരത്തിൽ നിലനിൽക്കുന്നതുകാണാം. ഓരോ സമൂഹത്തിന്റെയും  പ്രദേശത്തിന്റെയും വ്യത്യസ്തതയ്ക്കും രുചിഭേദത്തിനുമനുസരിച്ചാണ് ഈ വകമാറ്റങ്ങൾ പ്രത്യക്ഷപ്പെടുക. കേരളത്തിൽ അങ്ങോളമിങ്ങോളം സുപ്രസിദ്ധ എണ്ണൽപ്പാട്ടായ ‘അക്കുത്തിക്കുത്ത് ആന വരുംകുത്തി’ന് മുപ്പതിലധികം വ്യത്യസ്തതരത്തിലുള്ള ആവിഷ്കാരമുണ്ട്. കാലപരമായും ദേശപരമായും കടന്നുവരുന്ന നാടോടിക്കലകളിലെ ഈ വൈവിധ്യം അതിന്റെ നിത്യ പരിണാമസ്വഭാവത്തെ വെളിപ്പെടുത്തുന്നു.
 പാരമ്പര്യപഠനം
ഫോക്‌ലോറുകൾ നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. എന്തിനാണ് പാരമ്പര്യത്തെ പഠിക്കുന്നത്? എങ്ങനെയാണ് പഠിക്കേണ്ടത്? വില്യം ജോൺ എന്ന പണ്ഡിതൻ ഇങ്ങനെ പറയുന്നു: ‘‘ഭൂതകാലത്തിന്റെ ജൈവോർജത്തെയാണ് നമ്മൾ ഉപയോഗപ്പെടുത്തേണ്ടത്, മറിച്ച് അതിന്റെ ചാരത്തെയല്ല’’. പഴഞ്ചൊല്ലുകൾ നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായ ഫോക്‌ലോർ ആണെങ്കിലും എല്ലാ പഴഞ്ചൊല്ലുകളും ഇന്നത്തെ കാലത്ത് പ്രയോഗിക്കാനാവില്ല. സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ പല ചൊല്ലുകളും ആധുനികസമൂഹത്തിന് ചേരുന്നതല്ല. എന്നാൽ, മുരിങ്ങയുണ്ടെങ്കിൽ മരുന്ന് വേണ്ടാ, കാവു വെട്ടല്ലേ കുളം വറ്റും, വിത്താഴം ചെന്നാൽ പത്തായം നിറയും, തുടങ്ങിയ ചൊല്ലുകളിൽ നാട്ടറിവും പരിസ്ഥിതിവിവേകവും കൃഷിയുടെ പ്രാധാന്യവും നിറഞ്ഞുനിൽക്കുന്നതിനാൽ തലമുറകൾ പരിചയപ്പെടണം.  വാക്കുകൾ കൊണ്ടുള്ള കളിയായ കടങ്കഥ പ്രധാനമായും കുട്ടികളുടെ വിനോദമാണ് ലക്ഷ്യമാക്കുന്നത്. എന്നാൽ, പഴഞ്ചൊല്ലിലൂടെയും കടങ്കഥയിലൂടെയും ഓർമശക്തി, ഭാഷാവിനിമയശേഷി, ഭാവനാശക്തി, യുക്തിചിന്ത, ബുദ്ധിവികാസം, പ്രകൃതിനിരീക്ഷണം, താളബോധം തുടങ്ങി ഒട്ടേറെ ശേഷികൾ നമുക്ക്‌ ലഭിക്കുന്നു.
 നാട്ടറിവിന്റെ 
ശേഖരണം

ഓരോ പ്രദേശത്തും ആയിരക്കണക്കിന് ഫോക്‌ലോറുകളും അവയെക്കുറിച്ച് അറിവുള്ള മനുഷ്യരുമുണ്ട്. നാടൻകലകളും നാടോടികലാകാരൻമാരും ഉണ്ടാവും. സംസ്കൃതിയെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും നന്നായി മനസ്സിലാക്കിയവരെയാണ് ആവേദകർ (informant) എന്നുവിളിക്കുന്നത്. ചിലപ്പോൾ നമ്മുടെ വീട്ടിലെ മുത്തച്ഛനോ മുത്തശ്ശിയോ ആവാം ഈ ആവേദകർ.അത്തരം ആളുകളെ കണ്ടെത്തി അവരോട് നമുക്കാവശ്യമുള്ള വിവരങ്ങൾ ശേഖരിക്കാം. ഇങ്ങനെ കണ്ടെത്തുന്ന വസ്തുതകൾ നമുക്കൊരിക്കലും ഗൂഗിളിൽനിന്നോ പുസ്തകങ്ങളിൽനിന്നോ ലഭിക്കില്ല.
 നാടോടിഭാഷ
മനുഷ്യന്റെ വിനിമയോപാധിയായ ഭാഷയ്ക്ക് പലതലങ്ങളുണ്ട്. വൈകാരികത ചോർന്നുപോകാതെ അനുഭവങ്ങളെ ആവിഷ്കരിക്കാൻ ഈ നാടോടിഭാഷ അനിവാര്യമാണ്. അതുകൊണ്ടാണ് നമ്മുടെ സിനിമയിലും സാഹിത്യത്തിലുമെല്ലാം കഥാപാത്രങ്ങളുടെ സംഭാഷണമായി നാട്ടുഭാഷ കടന്നുവരുന്നത്. നാട്ടുപദങ്ങൾ, ശൈലികൾ, പ്രയോഗങ്ങൾ, ചൊൽവഴക്കങ്ങൾ തുടങ്ങിയവയൊക്കെ ശേഖരിക്കുകയും വിശകലനം ചെയ്യുകയുംവേണം. നാട്ടുഭാഷയിൽ നിഘണ്ടു നിർമാണം സംഘമായി ചെയ്യാവുന്നതാണ്‌.
 നാടോടിക്കഥ
കുഞ്ഞുങ്ങളുടെ ഭാവനയെയും ചിന്തയെയും ഉണർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരമ്പര്യ പഠന ഉപാധിയാണ് നാടോടിക്കഥ. പഞ്ചതന്ത്രം കഥകളുടെയും അറബിക്കഥകളുടെയും പിന്നിലെ കഥതന്നെ ബുദ്ധിവികാസത്തെയും മനഃസംസ്കരണത്തെയും സംബന്ധിച്ചാണെന്ന് നമുക്കറിയാം. വീട്ടിൽനിന്നായാലും ക്ലാസിൽ നിന്നായാലും നിങ്ങൾ കേൾക്കുന്ന കഥകളിലെല്ലാം നന്മയും നൈതികതയും ധാർമികതയും സരളമായി ബോധ്യപ്പെടുത്തുന്ന ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്നു. 
 നാടൻപാട്ട്
ഈണവും താളവും പ്രാസവും കാവ്യാത്മകവുമായ കല്പനകളും നാട്ടു ഭാഷാനുഭവങ്ങളുമാണ്‌ നാടോടിഗീതങ്ങളുടെ പ്രത്യേകത. സുന്ദരമായ ആവിഷ്കാരം, ചുറ്റുപാടുകളുടെയും സംഭവങ്ങളുടെയും മൂർത്തമായ വിവരണങ്ങൾ, ഓർമയിൽ തങ്ങിനിൽക്കാൻ പര്യാപ്തമായ പ്രാസവ്യവസ്ഥകൾ, പ്രതിപാദനത്തിലെ നാട്ടനുഭവങ്ങൾ, പാരമ്പര്യബോധത്തിന്റെ ചൂടും ചൂരും തുടങ്ങിയ ഗുണങ്ങൾ നാടൻപാട്ടിനെ ആഹ്ളാദകരമായ അനുഭവമാക്കുന്നു. താരാട്ടുപാട്ട്, കളിയൊരുക്കപ്പാട്ട്, കളിപ്പാട്ട്, വിനോദഗാനങ്ങൾ, ഫലിതഗാനം, കഥാഗാനം, അനുഷ്ഠാനഗാനം, നാവുവഴക്കപ്പാട്ട്, തൊഴിൽപ്പാട്ട്... അങ്ങനെ നീളുന്നു നാടോടിപ്പാട്ടിന്റെ വകഭേദങ്ങൾ. നമ്മുടെ നാട്ടിലെ പാട്ടുകളുടെ ശേഖരണവും അതിന്റെ നവീനമായ ആവിഷ്കാരവും സ്കൂളിൽ ചെയ്യാവുന്നതാണ്.

 നാട്ടറിവും മറ്റുവിഷയങ്ങളും
ഒരു സ്വതന്ത്രവിഷയമായി നിൽക്കെത്തന്നെ ഫോക് ലോർ മറ്റെല്ലാ വിഷയങ്ങളുമായി സവിശേഷവും സജീവവുമായ ബന്ധം പുലർത്തുന്നു. ഒരർഥത്തിൽ സകല വിഷയത്തിന്റെയും കുട്ടിക്കാലമാണ് ഫോക്‌ലോർ. ഏതുനാട്ടിലെ ഏതുസാഹിത്യവിഷയവും അതിന്റെ ശൈശവകാലം അന്വേഷിച്ചുപോയാൽ എത്തിച്ചേരുക നാടൻപാട്ടിലും നാടോടിക്കഥയിലും പഴഞ്ചൊല്ലിലും കടങ്കഥയിലുമൊക്കെയായിരിക്കും. അപ്രകാരം,  ചരിത്രത്തിനെയും(വാമൊഴി ചരിത്രം) ഗണിതശാസ്ത്രത്തിനെയും (ഫോക് മാത്തമാറ്റിക്സ് ) ബോട്ടണിയെയും (വംശീയ സസ്യശാസ്ത്രം) സുവോളജിയെയും (ആനിമൽ ലോർ), കെമിസ്ട്രിയെയും (ഫോക് കെമിസ്ട്രി), സമുദ്രശാസ്ത്രത്തിനെയും (കടലറിവുകൾ) -അങ്ങനെ ഏത് വിഷയത്തിനെയും അതിന്റെ അക്കാദമിക അറിവിനൊപ്പം പാരമ്പര്യ അറിവിനെയും ചേർത്ത് പഠിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഫോക് ലോർ വിവിധ ശാഖകളെ ഉൾക്കൊള്ളുന്ന വിഷയമാണെന്നുപറയാം.