കൊറോണ വൈറസുകാരണം ലോകത്താകെ സഞ്ചാരങ്ങൾ നിയന്ത്രിക്കപ്പെട്ടിട്ടുള്ള സമയത്ത് ‘പക്ഷികളെപ്പോലെ പാടാം പറക്കാം മുന്നേറാം’ എന്ന സന്ദേശവുമായി ഒരു ദിനം; ഒക്ടോബർ 9. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് എല്ലാകൊല്ലവും യാത്രപോകുന്ന കൂട്ടർക്കുവേണ്ടിയാണിത്. അന്ന് നമ്മൾ ദേശാടനപ്പക്ഷികളെക്കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും അവരുടെ സഞ്ചാരമാർഗങ്ങൾ തടസ്സപ്പെടുത്തരുതെന്ന് പ്രചാരണം നടത്തുകയും ചെയ്യുന്നു. 
പ്രകൃതിയുടെ മഹാദ്‌ഭുതങ്ങളിലൊന്നാണ് പക്ഷികളുടെ ലോകപര്യടനം. അനുയോജ്യമായ കാലാവസ്ഥയും പ്രജനനത്തിനുള്ള സൗകര്യവും ഇടമുറിയാതെ ആഹാരവും തേടി പക്ഷികൾ കിലോമീറ്ററുകൾ താണ്ടുന്നു. ഋതുഭേദങ്ങൾക്ക് അനുസരിച്ചായിരിക്കും ഈ യാത്ര.  
ദേശാടനംകൊണ്ട് പക്ഷികൾക്കു മാത്രമല്ല ഗുണമുള്ളത്. അവയുടെ ജീവിതചക്രം പരിസ്ഥിതിയുടെ ജീവചക്രംതന്നെയാണ്. അതിന്റെ ഗുണഫലങ്ങൾ മനുഷ്യർക്കും ലഭിക്കുന്നുണ്ട്. ചിലപ്പോൾ ഇന്ത്യയിലെ കർഷകരെ ബുദ്ധിമുട്ടിലാക്കുന്ന കീടങ്ങളെ യൂറോപ്പിൽനിന്ന് വന്ന ദേശാടനപ്പക്ഷിയാകും ഭക്ഷണമാക്കിയിട്ടുണ്ടാവുക. മാത്രമല്ല, ദേശാടനപ്പക്ഷികളുടെ വരവ്‌ കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള സൂചന നൽകുന്നതും കർഷകർക്ക് സഹായകമായേക്കാം. ഒരു മേഖലയിൽ ടൂറിസം വികസിക്കുന്നതിനും ദേശാടനപ്പക്ഷികളുടെ വിരുന്നെത്തൽ കാരണമാകാം. സസ്യപരാഗണത്തിനും പക്ഷികളുടെ ഊരുചുറ്റൽ സഹായകമാണ്‌.  
എന്നാൽ, മുമ്പെങ്ങുമില്ലാത്തവിധം ദേശാടനം വെല്ലുവിളി നിറഞ്ഞതായിരിക്കുകയാണ് പക്ഷികൾക്ക് ഇപ്പോൾ. ആകാശം മുട്ടുന്ന കെട്ടിടങ്ങളും മറ്റും അവരുടെ സഞ്ചാരപഥത്തിൽ തടസ്സമാകുന്നു. തണ്ണീർത്തടങ്ങൾ മണ്ണിട്ടുനികത്തുമ്പോൾ ദൂരങ്ങൾ താണ്ടിവരുന്ന പക്ഷികൾക്ക് അവർ അന്വേഷിച്ച ആവാസവ്യവസ്ഥ കണ്ടെത്താനാകാതെ പോകുന്നു. കീടങ്ങളെ കൊല്ലാൻ കൃഷിയിടങ്ങളിൽ വിഷം തളിക്കുമ്പോൾ ദേശാടനപക്ഷികളും അതിന്‌ ഇരയാകാറുണ്ട്‌. പ്ലാസ്റ്റിക് മാലിന്യംമൂലം വർഷംതോറും ഒമ്പതു ദശലക്ഷം ദേശാടനപ്പക്ഷികൾ ചത്തൊടുങ്ങുന്നുണ്ടെന്നാണ് കണക്ക്. മനുഷ്യർ മനഃപൂർവം വേട്ടയാടിയതുമൂലം ഭൂലോകത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെട്ട പക്ഷിവർഗങ്ങളും കുറവല്ല. ഇതിനെല്ലാത്തിനുമുപരിയാണ് രൂക്ഷമാകുന്ന കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ. 
ഇന്ത്യയിൽ ഓരോ വർഷവും 29 രാജ്യങ്ങളിൽ നിന്നുള്ള പക്ഷികൾ വിരുന്നെത്തുന്നുണ്ടെന്നാണ് കണക്ക്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ഇവയുടെ സാന്നിധ്യം കണ്ടുതുടങ്ങുക. രാജ്യത്ത് 1349 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പ്രാദേശികമായി 78 എണ്ണവും ആഗോള തലത്തിൽ 212 എണ്ണവും വംശനാശ ഭീഷണി നേരിടുന്നവയാണ്. കേരളത്തിൽ 537 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുള്ളതിൽ നാല്പതു ശതമാനവും ഇവിടത്തെ സ്ഥിരവാസികളല്ല. 
 ആർട്ടിക് ടേൺ
നാടോടികളിലെ അദ്‌ഭുതം എന്ന് ഈ കുഞ്ഞൻ കടൽപ്പക്ഷിയെ വിശേഷിപ്പിക്കാം. 
ഉത്തരധ്രുവത്തിൽനിന്ന്‌ ദക്ഷിണധ്രുവത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ദേശാടനപ്പക്ഷി. ആർട്ടിക്‌ മേഖലയിലാണ്‌ ഇവ പ്രജനനം നടത്തുക. തുടർന്ന്‌ അന്റാർട്ടിക്കയിലേക്ക്‌ പറക്കും. തിരിച്ച്‌ സ്വദേശത്തേക്കും. ഇത്തരത്തിൽ 60,000 മുതൽ 80,000 വരെ കിലോമീറ്ററുകളാണ്‌ ആർട്ടിക്‌ ടേൺ ഓരോ വർഷവും യാത്ര ചെയ്യുക. 
 ബാർ ഹെഡഡ് ഗൂസ് 
കാട്ടുതാറാവ് എന്നാണ് നമുക്ക് ഇതിനെ പരിചയം. കണ്ടാൽ താറാവിനെപ്പോലെയാണെങ്കിലും ഇതിന് പറക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. എന്നുമാത്രമല്ല, ഏറ്റവും ഉയരത്തിൽ പറക്കാനാകും എന്നതാണ് ഇതിന്റെ സവിശേഷതതന്നെ. മംഗോളിയയിൽനിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന ഈ പക്ഷികൾക്ക് ഹിമാലയത്തിന്റെ തലപ്പൊക്കമൊന്നും പ്രശ്നമേയല്ല. സമുദ്രനിരപ്പിൽ നിന്ന് 7000 മീറ്റർവരെ ഉയർന്നുപറക്കാൻ ശേഷിയുള്ള ഇവയ്ക്ക് ഓക്സിജൻ ക്ഷാമത്തെ അതിജീവിക്കാനുള്ള ശേഷിയുമുണ്ട്. 
 പെരെഗ്രിൻ ഫാൽക്കൻ
ദൂരത്തിന്റെയും ഉയരത്തിന്റെയും റെക്കോഡ് മറ്റുള്ളവർ കൊണ്ടുപോയാൽ വേഗത്തിന്റെ കാര്യത്തിലാണ് പെരെഗ്രിൻ ഫാൽക്കൻ മത്സരിക്കാനുള്ളത്. വായുവിലൂടെ ചിറകനക്കാതെ ഏറ്റവും വേഗത്തിൽ ഊളിയിടാൻ സാധിക്കുന്ന പക്ഷിയാണിത്. ഇരയെപ്പിടിക്കാൻവേണ്ടി ഇങ്ങനെ നിശ്ശബ്ദം കുതിക്കുമ്പോൾ ഇവയുടെ വേഗം മണിക്കൂറിൽ 390 കിലോമീറ്റർവരെ റെക്കോഡ്‌ ചെയ്തിട്ടുണ്ട്‌. സ്കാൻഡിനേവിയയിൽനിന്ന് സഹാറ മേഖലയിലേക്ക് 6800 കിലോമീറ്ററോളം ഈ പക്ഷി ദേശാടനം നടത്തും. 
 ഗ്രേറ്റ് സ്‌നൈപ്പ് 
വേഗത്തിന്റെ കാര്യത്തിൽ ആരൊക്കെ മത്സരിച്ചാലും അവസാനം റിബ്ബൺ മുറിക്കാൻ പോകുന്നത് ഗ്രേറ്റ് സ്നൈപ്പാണ്. അടുത്തിടെ നടത്തിയ പഠനത്തിൽ മനസ്സിലായത് സ്വീഡനിൽ നിന്ന്‌ സബ്‌സഹാറൻ ആഫ്രിക്കയിലേക്ക്‌ യൂറോപ്പിലൂടെ  ഭൂഖണ്ഡാന്തര യാത്ര നടത്താൻ ഈ പക്ഷിക്ക് വെറും രണ്ടുദിവസം മതിയെന്നാണ്. 6,760 കിലോമീറ്റർ ഗ്രേറ്റ് സ്നൈപ്പ് ഒരു വർഷം ശരാശരി യാത്രചെയ്യും. അതും മണിക്കൂറിൽ ശരാശരി 97 കിലോമീറ്റർ വേഗത്തിൽ. 
 ബാർ ടെയിൽഡ് ഗോഡ്‌വിറ്റ്
ഉറക്കം വേണ്ടാ. തിന്നാനും കുടിക്കാനും ഒന്നും കിട്ടിയില്ലെങ്കിലും സാരമില്ല. കഠിനാധ്വാനിയായ ഈ പക്ഷിക്കാണ് നിർത്താതെ ദീർഘദൂരം പറന്നതിനുള്ള റെക്കോഡ്. അലാസ്കയിൽനിന്ന് ന്യൂസീലൻഡിലേക്ക് 11 ദിവസംകൊണ്ട്‌ 12,000 കിലോമീറ്ററാണ്‌ യാതൊരു വിശ്രമവുമില്ലാതെ ബാർ ടെയിൽഡ് ഗോഡ്‌വിറ്റ് പറന്നത്‌.