യുദ്ധം എന്നുകേൾക്കുമ്പോഴേ നമ്മുടെ മനസ്സിൽ ഓടിയെത്തുക വെടിയൊച്ചകളും നിലവിളികളും രക്തച്ചൊരിച്ചിലുമൊക്കെയായിരിക്കും. ഒന്നാം ലോക യുദ്ധം, രണ്ടാം ലോക യുദ്ധം, ഗൾഫ്‌ യുദ്ധം... ഇതൊക്കെ ഇപ്പോഴും നമ്മുടെ മനസ്സിൽ ഭീതിയുടെ അലയൊലികൾ സൃഷ്ടിക്കുന്ന സംഭവവികാസങ്ങളാണ്‌.എന്നാൽ, രക്തച്ചൊരിച്ചിലുകളില്ലാത്ത, പ്രത്യക്ഷത്തിൽ ആക്രമണങ്ങളോ ഏറ്റുമുട്ടലോ ആയുധങ്ങളോ കാണാത്തതരം യുദ്ധങ്ങളുമുണ്ട്‌. അതിനെയാണ്‌ ശീതയുദ്ധം എന്നുപറയുക. ഈ ആധുനിക  കാലഘട്ടത്തിൽ അത്തരത്തിലുള്ള യുദ്ധങ്ങളാണ്‌ ഏറെയും നടക്കുന്നത്‌. രണ്ടാം ലോകയുദ്ധം കഴിഞ്ഞ്‌  അമേരിക്കയും സോവിയറ്റ്‌ യൂണിയനും തുല്യബലമുള്ള രണ്ട്‌ ലോകശക്തികളായി വളരുകയും അവർ തമ്മിൽ മേധാവിത്വത്തിനുവേണ്ടിയുള്ള കിടമത്സരം  ആരംഭിക്കുകയുംചെയ്തു. ഈ സന്ദർഭത്തിൽ അമേരിക്ക സോവിയറ്റ്‌ യൂണിയനെ ശിഥിലമാക്കിയത്‌ ശീതയുദ്ധത്തിലൂടെയായിരുന്നു. സാമ്പത്തിക ഉപരോധങ്ങൾ, ഒറ്റപ്പെടുത്തൽ, യഥാർഥത്തിൽ നടന്നിട്ടില്ലാത്ത കുറ്റങ്ങൾ ആരോപിക്കൽ, അരാജകത്വം, കൃഷിനാശം, നാണയവ്യവസ്ഥയുടെ മരവിപ്പ്‌ തുടങ്ങിയവ കൃത്രിമമായി സൃഷ്ടിച്ച്‌ ആഭ്യന്തരപ്രശ്നങ്ങളുണ്ടാക്കി ഒരു രാജ്യത്തിന്റെ സുസ്ഥിരസംവിധാനങ്ങളെ പരോക്ഷമായി നശിപ്പിക്കുക, അതാണ്‌ ശീതയുദ്ധം. എന്നാൽ, ശീതയുദ്ധം രണ്ടുരാജ്യങ്ങൾ തമ്മിൽ മാത്രമല്ല, പ്രസ്ഥാനങ്ങൾ തമ്മിലും കമ്പനികൾ തമ്മിലും കുടുംബങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലും സംഭവിക്കാം. ഇത്തരം അനേകമനേകം  ശീതയുദ്ധങ്ങൾക്കിടയിലൂടെ ദുസ്സഹമായി നാം ജീവിച്ചുപോകുന്നു എന്നതാണ്‌ വാസ്തവം.അമേരിക്കൻ എഴുത്തുകാരനായിരുന്ന ജോർജ്‌ ഓർവെലാണ്‌ ഇംഗ്ലീഷിൽ കോൾഡ്‌ വാർ (cold war) എന്ന പ്രയോഗം അരനൂറ്റാണ്ടുമുമ്പ്‌ ആദ്യമായി ഉപയോഗിച്ചത്‌. അതിന്റെ തത്തുല്യ മലയാള വിവർത്തനമാണ്‌ ശീതയുദ്ധം.