നിലവിൽ ലോകമെമ്പാടും 5.5 കോടിയിലധികം ആളുകൾ ഡിമെൻഷ്യ (മറവിരോഗം)ബാധിച്ച് ജീവിക്കുന്നു, ഓരോ വർഷവും ഏകദേശം ഒരു കോടി പുതിയ രോഗികൾ ഉണ്ടാവുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് മിക്കവാറും എല്ലാ രാജ്യങ്ങളിലും ജനസംഖ്യയിൽ പ്രായമായ  ആളുകളുടെ അനുപാതം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ, 2030-ൽ 7.8 കോടിയായും 2050-ൽ 13.9 കോടിയായും രോഗബാധിതരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ട്.    ലോകത്ത് ഏറ്റവുംകൂടുതൽ മറവിരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് തുർക്കിയിലാണ്. 57.64 ശതമാനമാണ് ഇവിടത്തെ രോഗനിരക്ക്. 
സിങ്കപ്പൂരാണ് താരതമ്യേന രോഗം കുറവുള്ള രാജ്യം. നിലവിൽ 0.38 ശതമാനമാണ് ഇവിടെ അൽഷിമേഴ്സ് രോഗനിരക്ക്. ഇന്ത്യയിൽ 16.97 ശതമാനമാണ് രോഗനിരക്ക്.അൽഷിമേഴ്സ് രോഗത്തിനു ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും രോഗലക്ഷണങ്ങൾ കുറയ്ക്കാനായി മരുന്നുകൾ നൽകാറുണ്ട്.

എന്താണ് അൽഷിമേഴ്സ്  
തലച്ചോറിലെ നാഡീകോശങ്ങൾ ക്രമേണ ജീർണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാകുന്നത്. ഇതോടൊപ്പം തലച്ചോറിന്റെ വലുപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. നാഡീകോശങ്ങൾ ഒരിക്കൽ നശിച്ചാൽ അവയെ പുനർജീവിപ്പിക്കുക അസാധ്യമായതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സാവിധികൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

ഈ വർഷത്തെ വിഷയം
‘മറവിരോഗത്തെ അറിയുക, അൽഷിമേഴ്സിനെ അറിയുക’. ഈ വർഷത്തെ ലോക അൽഷിമേഴ്സ് കാമ്പെയ്‌ന്റെ ശ്രദ്ധ രോഗനിർണയമാണ്. ഡിമെൻഷ്യയുടെ (മറവി) ലക്ഷണങ്ങൾ തിരിച്ചറിയുകയും ചികിത്സ നൽകുകയുമാണ് ലക്ഷ്യം.

സെപ്റ്റംബർ അൽഷിമേഴ്സ് മാസം

എല്ലാ വർഷവും സെപ്റ്റംബർ മാസമാണ് അൽഷിമേഴ്സ് മാസമായി ആചരിക്കുന്നത്. ഈ മാസത്തിലെ 21-ാം തീയതി അന്താരാഷ്ട്ര അൽഷിമേഴ്സ് ദിനമായി ആചരിക്കുന്നു.

പേരിന്‌പിന്നിൽ

ജർമൻ മാനസികരോഗ ശാസ്ത്രജ്ഞനും ന്യൂറോപാത്തോളജിസ്റ്റുമായ അലോയ്‌സ് അൽഷൈമർ (Alios Alzheimer ) 1906-ലാണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് രോഗത്തിന് ഈ പേരിട്ടത്.

Magicc Maths

കണക്ക് ചില കൂട്ടുകാർക്കെങ്കിലും തലവേദനയാണ്. എന്നാൽ,  മനസ്സിലാക്കിപ്പഠിച്ചാൽ ഇത്ര രസകരമായിരുന്നോയെന്ന് തോന്നിപ്പോകുന്ന 
വിഷയംകൂടിയാണിത്

ക്ലാസിൽ ചുവർപത്രം ഉണ്ടാക്കി ഒട്ടിക്കേണ്ട ദിവസമാണ്‌ ഇന്ന്. ഒന്നുകൂടി വായിച്ച് ഉറപ്പിച്ചശേഷം അമ്പിളി അവൾ തയ്യാറാക്കിയ പത്രം ക്ലാസിന്റെ ഭിത്തിയിൽ അതിനായുള്ളിടത്ത് പതിപ്പിച്ചു. വായിക്കാൻ കുട്ടികളും അധ്യാപകരും വന്നു. അതിൽ അമ്പിളി ഒരു പരസ്യവും ഉൾപ്പെടുത്തിയിരുന്നു. 
‘‘അയ്യോ... ഇങ്ങനെയായാൽ കട പെട്ടെന്നു പൂട്ടുമല്ലോ!’’ -മാളവിക മൂക്കത്തുവിരൽവെച്ചു. ചിരിച്ചുകൊണ്ട് പരസ്യം എങ്ങനെയുണ്ട് എന്നമട്ടിൽ അമ്പിളി അനന്തൻ മാഷിനെ ഒന്നുനോക്കി. ‘‘നന്നായിട്ടുണ്ട്, മിടുക്കി. ഇങ്ങനെവേണം കണക്കുപഠിക്കാൻ’’ -അനന്തൻ മാഷ് പറഞ്ഞതുകേട്ട് എല്ലാവരും അമ്പരപ്പോടെ നോക്കി. 
കൃത്യങ്കം പൂജ്യമായാൽ
ഏതുസംഖ്യയും കൃത്യങ്കം പൂജ്യം വന്നാൽ വില 1 ആകും. മാഷ് പഠിപ്പിച്ച ഈനിയമം അമ്പിളി അവിടെ വളരെ തന്മയത്വത്തോടെ ഉപയോഗിച്ചിരിക്കുന്നു.  
മാഷ് കുട്ടികളോട് വിശദീകരിച്ചു. 
‘‘5000 =1.
അതായത് ആയിരം രൂപയുടെ സാരി വാങ്ങിയാൽ ഒരുരൂപ ഇളവ് ലഭിക്കും’’. 
‘‘കണക്കറിഞ്ഞുകൂടാത്തവർ കെണിയിൽ വീണതുതന്നെ’’’-മായ ടീച്ചർ പറഞ്ഞു. 
അമ്പിളി: ‘‘ആളുകളെ പറ്റിച്ചെന്നുപറഞ്ഞ് നമ്മുടെ പേരിൽ കേസെടുക്കുമോ’’.  
മാളവിക: ‘‘കേസൊന്നുമില്ലായിരിക്കാം. പക്ഷേ, വല്ലവരും കയറി കട തല്ലിപ്പൊളിക്കും’’.
മാഷ് കുട്ടികളോടായി പറഞ്ഞു: ‘‘ഒരാശയം പഠിക്കുമ്പോൾ നിങ്ങളുടെ ഭാവന ഉണരണം. അതാണ്  ഇവിടെ സംഭവിച്ചിരിക്കുന്നത്. കണക്കറിഞ്ഞ്‌ പഠിക്കണം. ആസ്വദിച്ചുപഠിക്കണം’’. 

ഇന്ന്‌ ലോക സമാധാനദിനം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന്  രക്തച്ചൊരിച്ചിലുകളും സമാധാനലംഘനങ്ങളും നടക്കുന്നത് കൂട്ടുകാർക്ക് അറിവുള്ളതാണല്ലോ? ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്താനായി ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്ത ദിനമാണ് സെപ്റ്റംബർ 21. ഇരുപത്തിനാലുമണിക്കൂർ അഹിംസയും വെടിനിർത്തലും ആചരിച്ച് സമാധാനത്തിന്റെ ആദർശങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ദിനമായി ആചരിക്കാനാണ് യു.എൻ. പ്രഖ്യാപനം.
 1981 മുതലാണ് ഐക്യരാഷ്ട്രസഭ ഈദിവസം ആചരിക്കാൻ ആരംഭിച്ചത്.

വളർത്തുമൃഗങ്ങൾക്ക് സ്വന്തംപേര്  അറിയാമോ?

നിങ്ങളിൽ പലരുടെയും വീട്ടിൽ വളർത്തുമൃഗങ്ങളുണ്ടാവാം. പട്ടിയോ പൂച്ചയോ തത്തയോ അണ്ണാനോ എന്തുമാവട്ടെ, അവർക്കെല്ലാം മിക്കവാറും വിളിപ്പേരുമുണ്ടാവും. ഒന്നിലധികം വളർത്തുമൃഗങ്ങൾ ഒരേവീട്ടിൽ ഉണ്ടായാലും ഓമനത്തത്തോടെ അവരെ വിളിക്കുന്ന പേര് തിരിച്ചറിയുമെന്നാണ് ഗവേഷകർ പറയുന്നത്. 
ഇവയ്ക്ക് നൽകിയിരിക്കുന്ന പേരുകളും അതിനോട് സാമ്യമായ മറ്റു വാക്കുകളും തമ്മിലുള്ള വ്യത്യാസവും ഇവയ്ക്ക് തിരിച്ചറിച്ചറിയാനാകുമെന്ന് പഠനം വ്യക്തമാക്കുന്നു. 
നായകളും പൂച്ചകളും അവരുടെ പേരുണ്ടാകുന്ന ശബ്ദം പഠിച്ചെടുക്കുന്നതായാണ് ഗവേഷകരുെട നിഗമനം. എന്നാൽ, ചില സാഹചര്യങ്ങളിൽ ഇവ പേരുവിളിച്ചാലും എത്തുന്നില്ല. അതു ഉടമസ്ഥരെ അവഗണിക്കുന്നതാകാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.