കുട്ടികളുടെ ഭക്ഷണശീലം ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും ബുദ്ധിവളർച്ചയെയും സ്വാധീനിക്കുന്നുണ്ട്‌. പഠനം, 
ഓർമശക്തി വർധിപ്പിക്കൽ, ബുദ്ധിവളർച്ചയ്ക്കും കണ്ണിനു കാഴ്ചയ്ക്കും എല്ലിനും പല്ലിനും നല്ല ബലംകിട്ടാനും നല്ല ഭക്ഷണശൈലി നമ്മെ സഹായിക്കുന്നു.

ഒഴിവാക്കരുത്, പ്രഭാതഭക്ഷണം 
സ്കൂളിൽ എത്താനുള്ള തിരക്കുകാരണം ഭൂരിഭാഗം കുട്ടികളും പ്രഭാതഭക്ഷണം ഒഴിവാക്കുകയോ കഴിച്ചതായി വരുത്തിത്തീർക്കുകയോ ആണ്‌ ചെയ്തിരുന്നത്‌. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ 
ചിലപ്പോൾ കഴിച്ചാലായി, അതുമല്ലെങ്കിൽ പ്രഭാതഭക്ഷണവും 
(ബ്രേക്ഫാസ്റ്റ്), ഉച്ച ഭക്ഷണവും (ലഞ്ച്) കൂട്ടിച്ചേർത്ത് കൂട്ടുകാരുടെ ഭാഷയിൽ ഒരു ബ്രഞ്ച്. അതായിമാറി പലയിടത്തെയും പതിവ്. 
നമുക്ക്‌ ഒരു ദിവസത്തേക്ക്‌ വേണ്ട ഊർജത്തിന്റെയും മറ്റു പോഷകങ്ങളുടെയും 
മൂന്നിൽ ഒന്ന്‌ പ്രഭാതഭക്ഷണത്തിൽ 
നിന്നാണ്‌ ലഭിക്കുന്നത്‌. നല്ല പഠനനിലവാരം പുലർത്താനും ഏകാഗ്രത വർധിപ്പിക്കാനും ഉന്മേഷം കൂട്ടാനും പ്രഭാതഭക്ഷണത്തിന്‌ പങ്കുണ്ട്‌. അതുകൊണ്ട് ഇനിമുതൽ രാവിലെ ഭക്ഷണംകഴിക്കാൻ മറക്കരുത്. ആവിയിൽ വേവിച്ച ഭക്ഷണമാണ്‌ ദഹനത്തിന്‌ നല്ലത്‌.

 ഉച്ചഭക്ഷണം
പച്ചക്കറികളും പയറുവർഗങ്ങളും പിന്നെ മുട്ട, മാംസം അല്ലെങ്കിൽ മത്സ്യം എന്നിവയിൽ ഏതെങ്കിലും ഒന്ന്‌ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ചോറ്‌് ഇഷ്ടമില്ലാത്ത കുട്ടികൾക്ക്‌ ഗോതമ്പ്‌ ബ്രഡ്, സാൻഡ്‌വിച്ച്‌ (വെജിറ്റബിൾ നന്നായി ഉൾപ്പെടുത്തി) അല്ലെങ്കിൽ ചപ്പാത്തിക്കുള്ളിൽ മുട്ട/പനീർ, മാംസം തുടങ്ങിയവ നിറച്ച് ഉപയോഗിക്കാം. ചോറ്് കുറെ കഴിക്കുന്നതിനുപകരം വിവിധതരം കറികൾ ഉൾപ്പെടുത്തി പോഷകമൂല്യം കൂട്ടാം. 

 രാത്രിഭക്ഷണം
രാത്രിഭക്ഷണം അല്ലെങ്കിൽ അത്താഴം എപ്പോഴും കിടക്കുന്നതിന്റെ രണ്ടുമണിക്കൂർ മുമ്പ്‌ കഴിക്കാൻ ശ്രദ്ധിക്കുക. കൊഴുപ്പുകുറഞ്ഞതും നാരടങ്ങിയതുമായ ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തുക.

 ഇടനേരങ്ങളിലെ ഭക്ഷണം

മൂന്നോ നാലോ ഇടവേളകളിലായി ലഘുഭക്ഷണം കഴിക്കുന്നത് ഊർജസ്വലമായിരിക്കാനും അമിതമായി ഭക്ഷണംകഴിക്കുന്നത്‌ ഒഴിവാക്കാനും സഹായിക്കും. പഴവർഗങ്ങളും ഉണക്കിയ ഫലങ്ങളും ആവിയിൽ പുഴുങ്ങിയ ചെറുപലഹാരങ്ങളുമെല്ലാം കഴിക്കാം. 

അരുത്, ടി.വി.ക്കു മുന്നിലെ ഭക്ഷണം
ഭക്ഷണംകഴിക്കാൻ വിളിച്ചാൽ പ്ലേറ്റിൽ വിഭവമെടുത്ത് ടി.വിക്കു മുന്നിൽപ്പോയി ഇരിക്കാത്ത കൂട്ടുകാർ കുറവായിരിക്കും. ടി.വി.യിൽനിന്ന്‌ ഇൻറർനെറ്റിലേക്കും സാമൂഹിക മാധ്യമങ്ങളിലേക്കും ഈ ശീലം മാറിയിട്ടുണ്ട്. ഈ ശീലം ഒഴിവാക്കുകതന്നെവേണം. വീട്ടുകാരോടൊപ്പം വിശേഷങ്ങളെല്ലാം പറഞ്ഞ്‌ ഒപ്പമിരുന്ന്‌ ഭക്ഷണംകഴിക്കാൻ ശീലിച്ചാൽ ആരോഗ്യത്തിനൊപ്പം വീട്ടുകാരോടുള്ള അടുപ്പവും വർധിക്കും.

 കൂടുതൽ ശ്രദ്ധിക്കേണ്ടവ
 പാലും പാലുത്‌പന്നങ്ങളും ദിവസവും 
ഉപയോഗിക്കുന്നതിലൂടെ എല്ലിനും പല്ലിനും ശക്തി ലഭിക്കുന്നു.
 വെള്ളം ധാരാളം കുടിക്കാൻ ശ്രദ്ധിക്കുക.
 അഞ്ച്‌ ഇനത്തിലുള്ള ഭക്ഷണസാധനങ്ങൾ ദിവസവും കഴിക്കാൻ ശ്രദ്ധിക്കുക.
  ദിവസവും ഒരു മണിക്കൂറെങ്കിലും കളിയിൽ വ്യാപൃതരാകാൻ ശ്രദ്ധിക്കുക.