പാർവതി കൂട്ടുകാരുടെ മുമ്പിൽ ഒരു കഥപറഞ്ഞു. കണക്കുപഠിച്ച ഒരു കള്ളന്റെ കഥ. കള്ളൻ മാജിക്കിലൂടെ ഒരുപാടു പണം സമ്പാദിച്ച് ധനികനായി. തെരുവോരത്ത് എവിടെയെങ്കിലും അല്പം സ്ഥലം കണ്ടുപിടിച്ച് മുന്നിൽ ഒരു ഷീറ്റോ ന്യൂസ് പേപ്പറോ വിരിച്ച് അയാളിരിക്കും. എന്നിട്ട് കണക്കിനെപ്പറ്റി വാചാലമായി സംസാരിക്കും. ആളുകൾ നിന്നുകേൾക്കും. അത്രയ്ക്ക് ആകർഷണീയമായിരുന്നു അയാളുടെ വാക്ചാതുരി. ‘കടന്നുവരൂ, കടന്നുവരൂ ആർക്കും വെക്കാം വെക്കുന്നതിന്റെ ഇരട്ടി ലാഭം. 10 വെച്ചാൽ 20, 20 വെച്ചാൽ 40, 100 വെച്ചാൽ 200. കടന്നുവരൂ.
പാർവതി വിശദീകരിച്ചു. നമ്മൾ ഒരു തുക അയാളുടെ മുന്നിൽ വിരിച്ചിരിക്കുന്ന ഷീറ്റിൽ വെക്കണം. 10 രൂപ വെച്ചെന്നിരിക്കട്ടെ ഇഷ്ടമുള്ള ഒരു സംഖ്യ മനസ്സിൽ വിചാരിക്കാൻ പറയും അയാൾ. എന്നിട്ട് അയാൾ അഞ്ചു ക്രിയകൾ പറയും. സങ്കലനം, വ്യവകലനം തുടങ്ങി ഏതെങ്കിലും ക്രിയകളായിരിക്കും. അവസാനം കിട്ടുന്നത് ഇരട്ടസംഖ്യയാണെങ്കിൽ നമ്മൾ ജയിച്ചു. 10 രൂപയുടെ കൂടെ 10 രൂപ കൂടി അയാൾ തരും. അതല്ല ഒറ്റ സംഖ്യയാണ് കിട്ടുന്നതെങ്കിൽ കാശുപോകും. 10 രൂപ അയാളെടുക്കും. 
കൂട്ടുകാർക്ക് സംശയങ്ങളേറെയായിരുന്നു. 
‘‘കാശുവെച്ചുു കളിച്ചാൽ പോലീസു പിടിക്കില്ലേ’’ -അമ്മു ചോദിച്ചു. 
‘‘കള്ളനല്ലേ. പോലീസുകാരു കാണാതെ കളിച്ചുകാണും’’ -പാർവതി. 
‘‘ഉത്തരം ഇരട്ടസംഖ്യ കിട്ടിയെന്ന് നമ്മൾ കള്ളംപറഞ്ഞാലോ’’ -ആൻസി ചോദിച്ചു. 
കള്ളൻ കണക്കുപഠിച്ചവനാ. മനസ്സിൽക്കണ്ട സംഖ്യ എത്രയെന്നു ചോദിച്ച് അയാൾ കള്ളംതെളിയിക്കും. 
‘‘കള്ളൻ ചോദിക്കുന്ന അഞ്ചുചോദ്യങ്ങളും പഠിച്ചുവെച്ചാൽ ജയിക്കാമല്ലോ’’ -അതായിരുന്നു അബുവിന്റെ സംശയം. 
‘‘ഓരോരുത്തരോടും കള്ളൻ വെവ്വേറെ ചോദ്യങ്ങളാണ് ചോദിക്കുന്നത്.’’ -പാർവതി പറഞ്ഞു. ‘ശരി ഞാൻ കള്ളനാവാം. നിങ്ങളിലൊരാൾ പങ്കെടുക്കുക. കള്ളനെങ്ങനെ ധനികനായെന്ന് നമുക്കറിയണമ​േല്ലാ.’’
-അമ്മു മുന്നോട്ടുവന്നു
10 രൂപ വെച്ചതായി സങ്കല്പിക്കാം. പാർവതി പറഞ്ഞു. എന്നിട്ട് അവൾ ചോദ്യങ്ങളിലേക്ക് കടന്നു. 
സംഖ്യ സങ്കല്പിക്കുക:
അതിനെ 3 കൊണ്ട് ഗുണിക്കുക.
ഗുണനഫലത്തിൽനിന്നും 1 കുറയ്ക്കുക ഇനി 2 കൊണ്ട് ഗുണിക്കുക. 3 കൂട്ടുക. 5 ചോദ്യങ്ങളും കഴിഞ്ഞു. അമ്മുവിനു കിട്ടിയത് 43 ഒറ്റസംഖ്യ. 10 രൂപ പോയി. 
അടുത്തത് ആൻസിയാണ് കളിച്ചത്. അവളും 10 രൂപ വെച്ചതായി സങ്കല്പിച്ചു. ഇത്തവണ ചോദ്യങ്ങളും വ്യത്യസ്തമായിരുന്നു. 
 
സംഖ്യ സങ്കല്പിക്കുക. 
5 കൊണ്ട് ഗുണിക്കുക.
3 കുറയ്ക്കുക
2 കൊണ്ട് ഗുണിക്കുക.
7 കൂട്ടുക. 
5 ചോദ്യങ്ങളും കഴിഞ്ഞപ്പോൾ ആൻസിക്ക് കിട്ടിയത് 21. ഒറ്റസംഖ്യ 10 രൂപ പോയി. കള്ളൻ ധനികനായത് എങ്ങയെന്ന് കണ്ടല്ലോ. നമുക്ക് ആദ്യം അമ്മു ചെയ്ത ക്രിയകളൊന്ന് പരിശോധിക്കാം. 
സംഖ്യ 7
3 കൊണ്ട് ഗുണിക്കുന്നു 21
1 കുറയ്ക്കുന്നു 20
2 കൊണ്ട് ഗുണിക്കുന്നു 40
3 കൂട്ടുന്നു 43
ഇനി ആൻസി ചെയ്ത ക്രിയകൾ കാണുക. അമ്മു ഒറ്റസംഖ്യയാണ് സങ്കല്പിച്ചതെങ്കിൽ ആൻസി ഇരട്ടസംഖ്യയിലാണ് തുടങ്ങിയത്. 
സംഖ്യ 2
5 കൊണ്ട് ഗുണിക്കുന്നു 10
3 കുറയ്ക്കുന്നു 7
2 കൊണ്ട് ഗുണിക്കുന്നു 14
7 കൂട്ടുന്നു 21
അവസാനത്തെ രണ്ടു ചോദ്യങ്ങളിലാണ് മാജിക്കിന്റെ വിജയമിരിക്കുന്നത്. ഈ മാജിക്കിൽ അടങ്ങിയിട്ടുള്ള ഗണിത തത്ത്വവും അതാണ്. 
ഏതൊരു സംഖ്യയെ 2 കൊണ്ടു ഗുണിച്ചാലും ഫലം ഇരട്ടസംഖ്യയായിരിക്കും. ഒരു ഇരട്ടസംഖ്യയും ഒറ്റസംഖ്യയും കൂടി കൂട്ടിയാൽ ഫലം എല്ലായ്‌പ്പോഴും ഒറ്റസംഖ്യയായിരിക്കും.