അറിയുന്തോറും കൗതുകം കൂടുന്ന അദ്‌ഭുതങ്ങളുടെ തീരാകാഴ്‌ചയാണ്‌ സമുദ്രങ്ങൾ. അതോടൊപ്പം മനുഷ്യരാശിയുടെയും മറ്റുജീവജാലങ്ങളുടെയും നിലനിൽപ്പുപോലും സമുദ്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയിലെ 50 ശതമാനം ഓക്സിജനും ഉത്‌പാദിപ്പിക്കുന്നത്‌ സമുദ്രങ്ങളാണ്‌. ഭൂരിഭാഗം ജൈവവൈവിധ്യത്തിന്റെയും ആവാസ കേന്ദ്രമാണ്‌ സമുദ്രം. ഇതുവരെയായി 2,30,000-ഓളം ജീവിവർഗങ്ങളെ സമുദ്രത്തിൽ കണ്ടെത്തിയിട്ടുണ്ട്‌.
കോടിക്കണക്കിന്‌ ആളുകൾ കടലുമായി ബന്ധപ്പെട്ട്‌ തൊഴിലെടുത്ത്‌ ജീവിക്കുന്നവരാണ്‌.
അതുകൊണ്ടുതന്നെ ‘സമുദ്രം: ജീവിതവും ഉപജീവനവും’ എന്നതാണ്‌ ഈ വർഷത്തെ സമുദ്രദിന സന്ദേശം. 2030 ആവുമ്പോഴേക്കും സമുദ്രാധിഷ്‌ഠിത വ്യവസായവുമായി ബന്ധപ്പെട്ട്‌ ലോകത്ത്‌ 40 മില്യൺ ആളുകൾ ജോലിചെയ്യുമെന്നാണ്‌ കണക്കാപ്പെടുന്നത്‌. നമ്മുടെ സമ്പദ്‌ വ്യവസ്ഥയ്‌ക്ക്‌ വലിയസംഭാവനയാണ്‌ സമുദ്രങ്ങൾ നൽകുന്നത്‌.
കരുതാം നമുക്ക്‌ സമുദ്രങ്ങളെ
ആഗോളതാപനം ചെറുക്കാൻ സമുദ്രങ്ങൾ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. ഭൗമാന്തരീക്ഷത്തിന്റെ താപനില ഉയർത്തുന്ന പ്രധാന ഹരിതഗൃഹവാതകമായ കാർബൺ ഡൈ ഓക്സൈഡിനെ സമുദ്രങ്ങൾ വൻതോതിൽ ആഗിരണം ചെയ്യുന്നുണ്ട്‌. ഭൂമിയിലെ ഓക്സിജന്റെ അളവ്‌ ക്രമപ്പെടുത്തുന്നതിലും ജീവൻരക്ഷാമരുന്നുകളുടെ ഉത്‌പാദനത്തിലും സമുദ്രങ്ങൾ പങ്കുവഹിക്കുന്നുണ്ട്‌.
എന്നാൽ, മനുഷ്യൻ കാരണം ഏറ്റവും വലിയ ചവറ്റുകൊട്ടയായി സമുദ്രങ്ങൾ മാറുകയാണ്‌. വ്യവസായശാലകളിൽനിന്നുള്ള രാസവസ്തുക്കൾ, പ്ലാസ്റ്റിക്കുകൾ എന്നിവയെല്ലാം ചേർന്ന്‌ കടലിലെ ആവാസവ്യവസ്ഥയെ തകിടംമറിക്കുന്നു. ഇതുകാരണം വലിയൊരുഭാഗം ശതമാനം മത്സ്യസമ്പത്തും 50 ശതമാനത്തോളം പവിഴപ്പുറ്റുകളും അപ്രത്യക്ഷമായി.
പ്രതിവർഷം എട്ട്‌ ദശലക്ഷം ടൺ പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ കടലിലെത്തുന്നുണ്ടെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. ഇത്‌ കടലിലെ ജീവജാലങ്ങൾക്ക്‌ കടുത്ത ഭീഷണിയാണ്‌ സൃഷ്ടിക്കുക. കടൽവെള്ളവുമായി ചേരുന്ന പ്ലാസ്റ്റിക്‌ വിഘടിച്ചുപോകാതെ ചെറുപ്ലാസ്റ്റിക്‌ തരികളായി ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്നു.
ഇവ ഭക്ഷിക്കുന്ന മത്സ്യങ്ങളും ആമകളും മറ്റു കടൽ സസ്തനികളുമെല്ലാം ദിനംപ്രതി ചത്തൊടുങ്ങുകയാണ്‌. വടക്കൻ ശാന്തസമുദ്രത്തിന്‌ മീതെ പറന്നുനടക്കുന്ന 60 ശതമാനം കടൽക്കാക്കളുടെയും ഉദരത്തിൽ പ്ലാസ്റ്റിക്‌ അവശിഷ്ടങ്ങളുണ്ടെന്ന്‌ പഠനത്തിൽ വ്യക്തമായിരുന്നു.
ആണവപരീക്ഷണങ്ങളും കടലിനടിയിൽ തള്ളുന്ന ആണവമാലിന്യവും കാരണം ഒട്ടേറെ ജീവികൾക്ക്‌ വംശനാശം സംഭവിച്ചുകഴിഞ്ഞു.

 എന്താണ്‌ സമുദ്രം
വൻകരകൾ, ദ്വീപുകൾ, ദ്വീപസമൂഹങ്ങൾ എന്നിവയ്‌്ക്ക്‌ ചുറ്റുമായി പരന്നുകിടക്കുന്ന ലവണ ജലാശയങ്ങളെയാണ്‌ സമുദ്രങ്ങൾ എന്നുവിളിക്കുന്നത്‌. വലിയൊരു ആവാസവ്യവസ്ഥയാണ്‌ സമുദ്രങ്ങൾ. ഭൂമിയിലെ ബയോസ്‌ഫിയറിൽ 90 ശതമാനവും സമുദ്രത്തിലാണ്‌.
ഭൂമിയുടെ ആകെ വിസ്‌തൃതിയുടെ 71 ശതമാനത്തോളം സമുദ്രങ്ങളാണ്‌. ഇതുകാരണം ഭൂമിക്ക്‌ ജലഗ്രഹം എന്നൊരു പേരുകൂടിയുണ്ട്‌. അഞ്ച്‌ സമുദ്രങ്ങളാണ്‌ നമുക്കുള്ളത്‌. 
ശാന്തസമുദ്രം, അറ്റ്‌ലാൻറിക്‌ സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, അൻറാർട്ടിക്‌ സമുദ്രം, ആർട്ടിക്‌ സമുദ്രം എന്നിവയാണ്‌ അവ.
 ശാന്തസമുദ്രം
ഭൂമിയിലെ ഏറ്റവും വലിയ സമുദ്രഭാഗമാണ്‌ ശാന്തസമുദ്രം അഥവാ പസഫിക്‌ സമുദ്രം. പോർച്ചുഗീസ്‌ സമുദ്രപര്യവേഷകനായ ഫെർഡിനാൻഡ്‌ മഗല്ലനാണ്‌ ശാന്തസമുദ്രം എന്ന പേര്‌ നൽകിയത്‌. ഏറ്റവും ആഴമേറിയ സമുദ്രമായ ശാന്തസമുദ്രത്തിന്‌ ത്രികോണ ആകൃതിയാണുള്ളത്‌. ശരാശരി 4,500 മീറ്ററിലധികം ആഴമുണ്ട്‌ ശാന്തസമുദ്രത്തിന്‌.
വിസ്‌തീർണം- ഏകദേശം 16,62,40,000 ചതുരശ്ര കിലോമീറ്റർ.
ഭൂമിയിലെ ഏറ്റവും ആഴമേറിയ ഗർത്തമായ മരിയാന ട്രഞ്ച്‌ പസഫിക്‌ സമുദ്രത്തിലാണ്‌.
 അറ്റ്‌ലാന്റിക്‌ സമുദ്രം
വലുപ്പത്തിൽ രണ്ടാമനാണ്‌ അറ്റ്‌ലാന്റിക്‌ സമുദ്രം. ഇംഗ്ലീഷ്‌ അക്ഷരം എസിന്റെ ആകൃതിയാണ്‌ ഈ സമുദ്രത്തിനുള്ളത്‌. കപ്പലുകളും നൗകകളും അപ്രത്യക്ഷമാകുന്ന ബെർമുഡ ത്രികോണം, തീരമില്ലാത്ത കടലായ സർഗാസോ കടൽ എന്നിവ അറ്റ്‌ലാന്റിക്‌ സമുദ്രത്തിലാണുള്ളത്‌.
വിസ്‌തീർണം- 8,65,60,000 
ചതുരശ്രകിലോമീറ്റർ.
 ഇന്ത്യൻ മഹാസമുദ്രം
വലുപ്പത്തിൽ മൂന്നാമത്‌. രത്‌നാകര എന്നായിരുന്നു പ്രാചീനകാലത്ത്‌ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിളിപ്പേര്‌.
വിസ്‌തീർണം-ഭൗമോപരിതലത്തിന്റെ ഏഴിലൊന്ന്‌ ഭാഗത്തെ ആവരണം ചെയ്യുന്നു. ബംഗാൾ ഉൾക്കടൽ, അറബിക്കടൽ, ചെങ്കടൽ, പേർഷ്യൻകടൽ, ജാവാക്കടൽ, അന്തമാൻ കടൽ എന്നിവ ഉൾപ്പെടുന്നു. പസഫിക്‌, അറ്റ്‌ലാന്റിക്‌ സമുദ്രങ്ങളെപ്പോലെ ഇതൊരു തുറന്ന സമുദ്രമല്ല. ഒരു രാജ്യത്തിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഏകസമുദ്രം
അൻറാർട്ടിക്‌ സമുദ്രം
ദക്ഷിണസമുദ്രം എന്നുകൂടി ഇത്‌ അറിയപ്പെടുന്നു. അൻറാർട്ടിക്ക ഭൂഖണ്ഡത്തെ ചുറ്റിയാണ്‌ സമുദ്രമുള്ളത്‌. വലുപ്പത്തിൽ നാലാം സ്ഥാനം. ഒരു തുറമുഖം പോലുമില്ലാത്ത സമുദ്രം.
വിസ്‌തീർണം- 3,22,48,000 
ചതുരശ്രകിലോമീറ്റർ.
 ആർട്ടിക്‌ സമുദ്രം
ഏറ്റവും ചെറിയ സമുദ്രമാണ്‌ ആർട്ടിക്‌ സമുദ്രം. ഭൂമിയുടെ ഉത്തരധ്രുവപ്രദേശത്തെ ചുറ്റിയാണ്‌ ആർട്ടിക്‌ സമുദ്രം സ്ഥിതിചെയ്യുന്നത്‌. വിസ്‌തീർണം- 1,40,56,000 ചതുരശ്ര കിലോമീറ്റർ. മഞ്ഞുപാളികൾ കൊണ്ട്‌ ആവരണം ചെയ്തിരിക്കുന്ന സമുദ്രം. 

കടൽ
കരയോട്‌ ചേർന്നുവരുന്ന സമുദ്രഭാഗങ്ങളെയാണ്‌ പൊതുവേ കടൽ എന്നുവിളിക്കുന്നത്‌. അറബിക്കടൽ, ബാംഗാൾ ഉൾക്കടൽ, മെഡിറ്ററേനിയൻ കടൽ എന്നിവ ഉദാഹരണങ്ങൾ. ഭൂമിയിലെ ചില തടാകങ്ങളെയും കടൽ എന്ന പേരുചേർത്തുവിളിക്കാറുണ്ട്‌. കാസ്‌പിയൻ കടൽ, ചാവുകടൽ എന്നിവ ഉദാഹരണങ്ങളാണ്‌.

ലോക സമുദ്രദിനം
ബ്രസീലിലെ റിയോ ഡി ജനൈറോയിൽ 1992-ൽ നടന്ന ഭൗമ ഉച്ചകോടിയിൽ കാനഡയാണ്‌ സമുദ്രസംരക്ഷണ ബോധവത്‌കരണത്തിനായി ഒരു ദിനം മാറ്റിവെക്കണമെന്ന്‌ നിർദേശിച്ചത്‌. സമുദ്രസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ദി ഓഷ്യൻ പ്രോജക്ട്‌ എന്ന സംഘടനയുടെ നേതൃത്വത്തിൽ 2002-ൽ സമുദ്രദിനം ആദ്യമായി ആചരിച്ചു. 2008-ൽ ആണ്‌ ലോകസമുദ്രദിനം എന്ന ആശയത്തിന്‌ ഐക്യരാഷ്ട്രസഭ അംഗീകാരം നൽകിയത്‌. അന്നുതൊട്ട്‌ ജൂൺ എട്ടിന്‌ ലോക സമുദ്രദിനം ആചരിച്ചുവരുന്നു.

ശ്രദ്ധിക്കണേ ഇവ..

 കടൽത്തീരത്ത്‌ ഐസ്‌ക്രീം കപ്പുകളും പ്ലാസ്റ്റിക്‌ മാലിന്യവും വലിച്ചെറിയരുത്‌
 പ്ലാസ്റ്റിക്‌ മാലിന്യങ്ങളും മറ്റും ചവറ്റുക്കൊട്ടയിൽ മാത്രം കളയുക.
 പ്ലാസ്റ്റിക്‌ കാരിബാഗുകളുടെ ഉപയോഗം പരമാവധി കുറയ്‌ക്കുക
 ഭക്ഷണം പ്ലാസ്റ്റിക്‌, അലൂമിനിയം ഫോയിലുകളിൽ പൊതിയുന്ന പതിവ്‌ ഒഴിവാക്കുക.