കോപ്പിപോഡുകൾ എന്ന കുഞ്ഞൻജീവികൾ സമുദ്രത്തിലെ ജന്തുപ്ലവകങ്ങളിലെ ഏറ്റവുംപ്രധാന ഘടകമാണ്. എന്താണ് ‘പ്ലവകങ്ങൾ’ എന്നല്ലേ? ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഒരുകൂട്ടം സൂക്ഷ്മജീവികളെയാണ് പൊതുവായി പ്ലവകങ്ങളെന്ന് വിശേഷിപ്പിക്കാറുള്ളത്. അതിൽ സ്വയം ചലനശേഷിയില്ലാത്തവയെ പ്ലാങ്ക്ടൺ (Plankton) എന്നും   സ്വയം ചലിക്കാൻ കഴിവുള്ള ജീവികളെ നെക്ടൻ (Nekton) എന്നും  വിശേഷിപ്പിക്കുന്നു. സമുദ്രത്തിൽ  കാണപ്പെടുന്ന സസ്യപ്ലവകങ്ങളും (Phytoplanktons) ജന്തുപ്ലവകങ്ങളുമാണ് (Zooplankton) സമുദ്ര ജൈവവ്യവസ്ഥിതിയുടെ ആധാരം.  അതിൽ സസ്യപ്ലവകങ്ങൾ പ്രകാശസംശ്ലേഷണംവഴി ഊർജത്തിന്റെ പ്രാഥമികനിർമാതാക്കളായി വർത്തിക്കുമ്പോൾ ജന്തുപ്ലവകങ്ങൾ പലതും സസ്യപ്ലവകങ്ങളെ ആഹരിക്കുന്നതുവഴി ഊർജത്തിന്റെ പ്രാഥമിക ഉപഭോക്താക്കളാണ്. തുടർന്ന് ഈ  ജന്തുപ്ലവകങ്ങളെ ആഹരിക്കുന്ന ചെറുജീവികൾ,  ലാർവകൾ തുടർന്നങ്ങനെ ആഹാരശൃംഖലയുടെ  അങ്ങേ അറ്റത്തുനിൽക്കുന്ന വലിയ ജീവികളുടെ നിലനിൽപ്പുവരെ എത്തിനിൽക്കുന്നു. ഇതിൽ നമ്മുടെ കഥാനായകരായ  കോപ്പിപോഡുകളുടെ പങ്ക്‌ എന്താണെന്ന് വഴിയേ പറയാം. 
 പേര് വന്ന വഴി
രണ്ടു ഗ്രീക്ക് പദങ്ങളിൽനിന്നാണ് ആ പേര് വന്നിരിക്കുന്നത്‌. തുഴ എന്നർഥംവരുന്ന ‘Kope’ എന്ന പദവും പാദങ്ങൾ  എന്നർഥംവരുന്ന ‘Podos’ എന്ന പദവും ചേർന്ന്‌ ‘തുഴപോലെയുള്ള കാലുകളുള്ള ജീവികൾ’ എന്നർഥംവരുന്ന ‘കോപ്പിപോഡ്’ എന്ന് ഈ ചെറുജീവികൾക്ക് പേരുവന്നു.  തുഴ പോലെയിരിക്കുന്ന അഞ്ചു ജോഡി കാലുകൾ ഉപയോഗിച്ചാണ്  ഇവർ ജലത്തിലൂടെ ചാട്ടുളിപോലെ പായുന്നത്. 
ഇനി നമുക്ക് കോപ്പിപോഡുകളെ  വിശദമായി പരിചയപ്പെടാം,  ‘‘കുട്ടികൾ ഒരുനിമിഷം ഈ കൗതുകകരമായ ജീവികളെ നോക്കാൻ ഉപയോഗിച്ചാൽ അവർ ദിനോസറുകളെ മറക്കുമെന്നു കരുതുന്നു’’ എന്ന് അമേരിക്കയിലെ ലോകപ്രശസ്തമായ സ്ക്രിപ്സ് സമുദ്രശാസ്ത്ര പഠനശാലയിലെ ശാസ്ത്രജ്ഞനായ ഡോ. മാർക്ക് ഓഹ്മാൻ പറഞ്ഞത് ഒട്ടും അതിശയോക്തിയല്ല. അത്രയ്ക്ക്‌ കൗതുകമുളവാക്കുന്ന വ്യത്യസ്തങ്ങളായ രൂപവും നിറങ്ങളും  ചേർന്ന കുഞ്ഞു അദ്‌ഭുത ജീവികൾ തന്നെയാണിവർ.  ഞണ്ടുകളും ചെമ്മീനുകളും ഉൾപ്പെടുന്ന പുറംതോടുള്ള ജീവികളുടെ ഗണമായ ‘ക്രസ്റ്റേസിയ’ വിഭാഗത്തിലാണ് കോപ്പിപോഡുകൾ ഉൾപ്പെടുന്നത്. ശുദ്ധജലംമുതൽ സമുദ്രജലത്തിൽവരെ അധിവസിക്കുന്ന ഇക്കൂട്ടരെ പത്തുഗണങ്ങളായി വർഗീകരിച്ചിരിക്കുന്നു. അതിൽ പ്രധാനമായും കലനോയ്‌ഡ്‌, സൈക്ലോപോയിഡ്‌, ഹർപാക്ടികോയിഡ്‌ എന്നീ മൂന്നുഗണങ്ങളാണ് ജന്തുപ്ലവകങ്ങളുടെ കൂട്ടത്തിൽ കാണപ്പെടുന്നത്. ഇവർ പൊതുവേ സ്വതന്ത്രമായി വിഹരിക്കുന്നവയാണ്. മറ്റുചില കൂട്ടർ മത്സ്യങ്ങളുടെയും മറ്റും ശരീരത്തിൽ പറ്റിപ്പിടിച്ചുജീവിക്കുന്ന പരാന്ന ജീവികളാണ്.  കലനോയ്ഡ് കോപ്പിപോഡുകളാണ് സമുദ്ര ഉപഉഷ്ണമേഖലാ, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പ്രബലമായതും  രൂപത്തിലും ആവാസവ്യവസ്ഥയിലും വൈവിധ്യം കാണിക്കുന്നതുമായ കോപ്പിപോഡുകൾ. അറബിക്കടലിലും ബേ ഓഫ് ബംഗാൾ കടലിലും കാണപ്പെടുന്ന ജന്തുപ്ലവകങ്ങളിൽ ഏറ്റവും പ്രബലമായി കാണപ്പെടുന്നതും ഈ കലനോയ്ഡ് കോപ്പിപോഡുകൾതന്നെയാണ്. 
 കുഞ്ഞൻ വേട്ടക്കാർ
പൊതുവേ സസ്യാഹാരികളും മിശ്രാഹാരികളുമായി കാണപ്പെടുന്ന ഈ കൂട്ടർക്കിടയിൽ നല്ല ഒന്നാംതരം വേട്ടക്കാരുമുണ്ട് കേട്ടോ.  പ്രധാനമായും സസ്യപ്ലവകങ്ങളെ ആഹരിക്കുന്ന ഇവർ മത്സ്യക്കുഞ്ഞുങ്ങൾക്കും അകശേരുക്കളായ (invertebrates) മറ്റുജീവികൾക്കും ഭക്ഷണമായിത്തീരുന്നു. പ്രാഥമികനിർമാതാക്കളും ഉപഭോക്താക്കളും തമ്മിലുള്ള ഒരു പ്രധാന കണ്ണിയായി നിലനിൽക്കുന്നതിനാൽ ഈ ജീവികളുടെ വൈവിധ്യത്തിലും നിലനിൽപ്പിലും ഉണ്ടാകുന്ന ഒരു ചെറിയ മാറ്റംപോലും സമുദ്രത്തിന്റെ ജൈവ സന്തുലിതാവസ്ഥയെ സാരമായിത്തന്നെ ബാധിക്കും. കൂടാതെ, ആഗോളതാപനം കുറയ്ക്കുന്നതിലും ഇവർ നിർണായക പങ്കുവഹിക്കുന്നുണ്ട്. ചില വർഗത്തിൽപ്പെട്ട കോപ്പിപോഡുകൾ  സമുദ്രോപരിതലത്തിൽനിന്ന് അടിത്തട്ടിലേക്ക് ആയിരം മീറ്റർവരെ കൂട്ടമായി സഞ്ചരിക്കാറുണ്ട് അങ്ങനെ സഞ്ചരിക്കുമ്പോൾ അടിത്തട്ടിലെത്തി ഇവരുടെ ഊർജമുപയോഗത്തിന്റെ ഭാഗമായി പുറംതള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് തിരിച്ച്‌ അന്തരീക്ഷത്തിലേക്ക് എത്താറില്ല. അങ്ങനെ ചെറിയ അളവുവരെ ആഗോളതാപനം നിയന്ത്രിക്കുന്നതിൽവരെ ഈ കുഞ്ഞൻ ജീവികൾ അവരുടെ പങ്കുവഹിക്കുന്നു. ഇപ്പോൾ മനസ്സിലായില്ലേ കുഞ്ഞന്മാരാണെങ്കിലും ഈ കൂട്ടർ ചില്ലറക്കാരല്ലെന്ന്‌? 

കോപ്പിപോഡുകളെക്കുറിച്ചുള്ള പഠനം ഇന്ത്യയിൽ

ലോകത്തിതുവരെ പതിമൂവായിരത്തോളം കോപ്പിപോഡ് സ്പീഷീസുകളെയാണ് കണ്ടെത്തിയിരിക്കുന്നത് അതിൽ ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന്‌ ഏകദേശം തൊള്ളായിരം സ്പീഷീസുകളെ കണ്ടെത്തിയിരിക്കുന്നു. 1959-1965 കാലഘട്ടത്തിൽനടന്ന ‘അന്തർദേശീയ ഇന്ത്യൻമഹാസമുദ്ര പര്യവേക്ഷണ’ത്തിലായിരുന്നു കോപ്പിപോഡുകളെക്കുറിച്ച്‌ ഇന്ത്യയിൽ വിപുലമായ പഠനത്തിന്‌ തുടക്കംകുറിച്ചത്. അരനൂറ്റാണ്ടുകൾക്കുമുമ്പ്‌ നടത്തിയ ഈ പഠനത്തിനുശേഷം കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്നുതന്നെ പറയാം. പ്രത്യേകിച്ച്, അറബിക്കടലിലെ ജൈവവൈവിധ്യങ്ങളുടെ കലവറയായ ലക്ഷദ്വീപ്,  അതുപോലത്തന്നെ കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ തീരങ്ങളിലെ പഠനങ്ങളെല്ലാം തീരെ അപര്യാപ്തമായിരുന്നു. മത്സ്യസമ്പത്തിന്റെയും  മറ്റുജീവികളുടെയും നിലനിൽപ്പിനുകാരണക്കാരായ ഈ ജീവികളെക്കുറിച്ചുപഠിക്കാൻ ഇന്ത്യൻ ഗവൺമെന്റ് ബയോടെക്നോളജി വകുപ്പിന്റെയും കൊച്ചിൻ സർവകലാശാല മറൈൻ ബയോളജി  വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ സമീപകാലത്തുനടന്ന പര്യവേക്ഷണങ്ങൾ ഈ കുഞ്ഞൻ ജീവികളുടെ കണ്ടെത്തലുകൾക്കും അവയുടെ ജനിതകഘടനാപഠനത്തിലേക്കും വെളിച്ചംവീശി.    
2013-2016 കാലഘട്ടത്തിൽ ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തി, ബംഗാരം, കവരത്തി, കല്പേനി, മിനിക്കോയ് ദ്വീപുകളിലും തിരുവനന്തപുരം മുതൽ രത്നഗിരിവരെ നീളുന്ന തീരക്കടലിലും നടത്തിയ പര്യവേക്ഷണങ്ങളിൽ മിനിക്കോയ് ദ്വീപിൽനിന്ന്‌ കണ്ടെത്തിയ പുതിയ ജീവിയായ ‘ടോർടാനസ് മിനികോയെൻസിസ്‌’ ഉൾപ്പെടെ  നൂറ്റിമുപ്പതോളം  കോപ്പിപോഡുകളെ കണ്ടെത്തിയിരുന്നു. കൂടാതെ, അമ്പതോളം  സ്പീഷീസുകളുടെ ജനിതക ബാർകോഡുകൾ വികസിപ്പിച്ചതുവഴി ഇവയുടെ ജനിതക സവിശേഷത ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ള ഗവേഷകർക്ക് താരതമ്യപഠനത്തിനും ഇവരുടെ സാന്നിധ്യത്തെ തിരിച്ചറിയുന്നതിനും ഉപയോഗിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള പഠനം  ഇന്ത്യയിൽത്തന്നെ ആദ്യമായാണെന്നു പഠനത്തിനു നേതൃത്വം നൽകിയ പ്രൊഫ. ബിജോയ് നന്ദൻ അഭിപ്രായപ്പെടുന്നു.  ഈ പഠനത്തിന്റെ ഭാഗമായി ‘ലാബിഡോസെറാ മധുരേ’ എന്ന സ്പീഷീസിന്റെ ജനിതക ബാർകോഡ് വികസിപ്പിച്ചതുവഴി അമേരിക്കയിലെ ഹവായ് ദ്വീപിൽ കാണപ്പെട്ടിരുന്ന ജീവി ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്നവയുടെ സഹോദരവർഗത്തിൽപ്പെടുന്നവയാണെന്ന്‌ കണ്ടെത്തി. ‘പൊൺഡെല്ല സിനിക്ക’ എന്ന സ്പീഷീസ് കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ആദ്യമായി കണ്ടെത്തിയതും പര്യവേക്ഷണത്തിന്റെ പ്രധാന നേട്ടമായി. ഇതിനുമുമ്പ് ഈ ജീവിയെ കണ്ടെത്തിയത് അരനൂറ്റാണ്ടിനുമുമ്പ് കിഴക്കൻ ചൈനാസമുദ്രത്തിൽ മാത്രമായിരുന്നു. 
ഒട്ടേറെ രാജ്യങ്ങളുടെ  സഹകരണത്തിൽനടന്ന അന്തർദേശീയ  ഇന്ത്യൻമഹാസമുദ്ര പര്യവേക്ഷണത്തിൽ ഉൾപ്പെടെ കൃത്യമായി തിരിച്ചറിയാൻ പ്രയാസം നേരിട്ടിരുന്ന പൊൺഡെല്ല സ്പൈനിപ്പസ്, പൊൺഡെല്ല ഡയഗോണലിസ് എന്നിവയുടെ ജനിതക ബാർകോഡുകൾ,  കൃത്യമായി  ഇവയെ തിരിച്ചറിയാനും നിലവിലുള്ള ഇവയുടെ വർഗീകരണപദവിയിൽ മാറ്റംവരുത്താനും സാധിച്ചു. അന്താരാഷ്ട്രതലത്തിലുള്ള ഗവേഷകരും ‘പൊൺഡെല്ല’ ജനുസ്സിൽപെടുന്ന കോപ്പിപോഡുകളുടെ സാന്നിധ്യവും അസാന്നിധ്യവും കാലാവസ്ഥാവ്യതിയാനപഠനങ്ങളിലും സമുദ്രജല പ്രവാഹങ്ങളുടെ പഠനത്തിലും ഉപയോഗിച്ചുവരുന്നു എന്നത് ഇവയിൽനടന്ന പഠനങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇത്രയേറെ ഗഹനമായ പഠനങ്ങൾ ലോകത്തിൽ നടക്കുമ്പോഴും അതൊന്നും കൂസാതെ കടലിലൂടെ സ്വതന്ത്രമായി വിഹരിക്കുകയാണ് ഇത്തിരിക്കുഞ്ഞന്മാരായ  ഈകൂട്ടർ!.

തയ്യാറാക്കിയത്: ഡോ. സാനു വി. ഫ്രാൻസിസ്‌  (കുസാറ്റ്‌ സ്കൂൾ ഓഫ്‌ മറൈൻ സയൻസിൽ കോപ്പിപോഡ്‌ ഗവേഷണ പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോ ആണ്‌ ലേഖകൻ)