നെപ്പോളിയൻ നയിച്ച ഫ്രഞ്ച്‌ സൈന്യവും യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധമാണ് നെപോളിയോണിക് യുദ്ധങ്ങൾ (Napoleonic Wars) എന്നറിയപ്പെടുന്നത്. ഈയുദ്ധത്തിനുശേഷം മമ്മികൾ വലിയതോതിൽ ഈജിപ്തിൽനിന്ന്‌ കടത്തപ്പെട്ടു. അതിലൊന്ന് തോമസ് ഗ്രെഗ് എന്ന ഐറിഷ് ധനാഢ്യൻ വാങ്ങുകയും ബെൽഫാസ്റ്റിലെത്തിക്കുകയുംചെയ്തു. ഇതാണ് പിന്നീട് അൾസ്റ്റർ മ്യൂസിയത്തിൽ എത്തുന്നത്.
റ്റാക്കബൂട്ടി 
1835-ൽ ഈജിപ്റ്റോളജിസ്റ്റായ എഡ്വേഡ്‌ ഹിൻക്സ് ഈ മമ്മിയുടെ ശവക്കല്ലറയിൽ രേഖപ്പെടുത്തിയിട്ടുള്ള ഹൈറോഗ്ലിഫിക്സ് അപഗ്രഥിച്ചു. ‘റ്റാക്കബൂട്ടി’ എന്ന വിവാഹിതയായ വനിതയുടേതാണ് മമ്മിയെന്ന്‌ അദ്ദേഹം കണ്ടെത്തി. ഈജിപ്തിലെ തീബ്സിലുള്ള  ഉന്നതകുടുംബത്തിൽപ്പെട്ട റ്റാക്കബൂട്ടിയുടെ പിതാവ് ആമൻ ദേവനെ ആരാധിക്കുന്ന ഒരു പുരോഹിതനാണെന്നും മനസ്സിലായി. എല്ലുകളും പല്ലുകളും നിരീക്ഷിച്ചതിൽനിന്ന്‌ ഇരുപതിനും മുപ്പതിനുമിടയ്ക്കുള്ള പ്രായത്തിലാണ്  റ്റാക്കബൂട്ടിയുടെ മൃതശരീരത്തെ മമ്മിഫിക്കേഷന് വിധേയമാക്കിയതെന്നറിയാനായി. മരണകാരണത്തെ സംബന്ധിച്ച് കാര്യമായ വിവരങ്ങളൊന്നും ആദ്യകാലപഠനങ്ങളിൽ തെളിഞ്ഞിരുന്നില്ല.
സമീപകാലത്ത്, അയർലൻഡിലെ ക്യൂൻസ് യൂണിവേഴ്സിറ്റിയും മറ്റു ഗവേഷണസ്ഥാപനങ്ങളും സംയുക്തമായി നടത്തിയ നിരീക്ഷണങ്ങളാണ് ഒട്ടേറെ കൗതുകകരമായ വിവരങ്ങൾ വെളിപ്പെടുത്തിയത്. എക്സ്റേ, സി.ടി. സ്കാൻ, ബയോപ്‌സി, കാർബൺ ഡേറ്റിങ്‌, ഡി.എൻ.എ. പരിശോധന  തുടങ്ങിയ ശാസ്ത്രീയമാർഗങ്ങൾ ഇതിനായി ഉപയോഗിച്ചു.മുതുകത്തും ഇടതുതോളിലും കുത്തുകളേറ്റാണ്  റ്റാക്കബൂട്ടി കൊല്ലപ്പെട്ടതെന്ന് ഗവേഷകർക്ക് കണ്ടെത്താനായി. 5.6 സെന്റീമീറ്റർ ആഴത്തിലുള്ള മുറിവ് വാരിയെല്ലുകളെ  പൊട്ടിക്കാനും മാത്രം ശക്തിയുള്ളതായിരുന്നു. മമ്മിഫിക്കേഷൻ നടത്തിയവേളയിൽ പൊട്ടിയ വാരിയെല്ലുകൾക്കിടയിൽ മരക്കറ തേച്ചുപിടിപ്പിച്ചിരുന്നു. ഈജിപ്ത് വലിയ ആക്രമണങ്ങൾക്ക്‌ വിധേയമായിട്ടുണ്ട്. തീബ്‌സ് നഗരം ബി.സി. 663-ൽ നശിപ്പിക്കപ്പെട്ടു. ഇക്കാലത്താവാം റ്റാക്കബൂട്ടി കൊല്ലപ്പെട്ടത്.

ചുരുളഴിയുന്നു
ഉന്നതനിലയിലുള്ളവർക്ക് ചെയ്യുംവിധം ഭംഗിയായിട്ടാണ് റ്റാക്കബൂട്ടിയുടെ മമ്മിഫിക്കേഷൻ ചെയ്തിരുന്നതെന്നും ഗവേഷകർ നിരീക്ഷിച്ചു. സാധാരണ തല മുണ്ഡനംചെയ്തശേഷമാണ് മമ്മിഫിക്കേഷന് വിധേയമാക്കുന്നത്. 
എന്നാൽ, ചുവപ്പുകലർന്ന ബ്രൗൺനിറത്തിലുള്ള റ്റാക്കബൂട്ടിയുടെ മുടി കുഴമ്പുതേച്ച്‌ ചുരുളുകളാക്കിയ നിലയിൽ കണ്ടു. മൂക്കിനുപകരം തലയോട്ടിയുടെ പിൻഭാഗം പൊട്ടിച്ചാണ് തലച്ചോർ മാറ്റിയിരുന്നത്. ഹൃദയം മാറ്റിയ
ശേഷം എംബാംചെയ്ത്‌ തിരികെവെച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഈജിപ്ത്യൻ വിശ്വാസമനുസരിച്ച്‌ മരണാനന്തര ജീവിതത്തിനുവേണ്ട ഒരുക്കങ്ങളൊക്കെ ചിട്ടയായിചെയ്തിരുന്നു. ശാസ്ത്രജ്ഞർ മമ്മിയുടെ തലഭാഗം സ്കാൻചെയ്ത് അതിൽനിന്ന്‌ അവരുടെ മുഖം ഡിജിറ്റലായി പുനഃസൃഷ്ടിച്ചു. അപ്രതീക്ഷിതമായി പിന്നിൽനിന്ന് കുത്തേറ്റപ്പോളുണ്ടായ വേദനയും ദുഃഖവും റ്റാക്കബൂട്ടിയുടെ മുഖത്ത് അന്ത്യനിമിഷത്തിൽ പ്രകടമായിരുന്നു.

പരിശോധനയുടെ വഴികൾ
എല്ലിലെ കോശങ്ങളിൽനിന്ന്‌ എ.ഡി.എൻ.എ. (ancient D.N.A.) വേർതിരിച്ചാണ് മൈറ്റോകോൺട്രിയൽ ഡി.എൻ.എ. (mitochondrial D.N.A.)  പരിശോധന നടത്തിയത്. അമ്മയിൽനിന്ന്‌ സന്തതികളിലേക്ക്‌  കൈമാറപ്പെടുന്ന മൈറ്റോകോൺട്രിയൽ ഡി.എൻ.എ.യുടെ പരിശോധന, പൈതൃകം കണ്ടെത്താൻ ഏറെ പ്രയോജനകരമാണ്. ഈ പരിശോധനയിൽ  അപൂർവമായ H4a1 ഹാൽപ്ലോ ഗ്രൂപ്പിൽ (halplo group) പെട്ടതാണെന്ന് റ്റാക്കബൂട്ടിയെന്ന് തെളിഞ്ഞു. ഈ ഗ്രൂപ്പ് ഈജിപ്‌ഷ്യൻ മമ്മികളിലോ ഇപ്പോഴത്തെ ഈജിപ്ത് ജനതയിലോ മുമ്പ് കണ്ടെത്തപ്പെട്ടിട്ടില്ല. അതേസമയം  ജർമനി, ബൾഗേറിയ എന്നിവിടങ്ങളിലെ പുരാതന ഡി.എൻ.എ. സാംപിളുകളിൽ ഈ ഗ്രൂപ്പ് കണ്ടെത്തിയിട്ടുണ്ട്. റ്റാക്കബൂട്ടിയുടെ പൂർവികർ ഈജിപ്തുകാരല്ല എന്നാണ് ഇത് തെളിയിക്കുന്നത്.

വാക്കിന്റെ കഥ

 

പാപ്പരാസി

മലയാളമാധ്യമങ്ങളിലും ഇംഗ്ലീഷ്‌ മാധ്യമങ്ങളിലും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന വാക്കാണ്‌ പാപ്പരാസി. സിനിമ, സ്പോർട്സ്‌, രാഷ്ട്രീയം തുടങ്ങിയ ജനകീയയിടങ്ങളിലെ അതിപ്രശസ്തരായ വ്യക്തികളെ പിന്തുടർന്ന്‌ സാഹസികമായും രഹസ്യമായുമൊക്കെ അവരുടെ ഫോട്ടോയെടുക്കുന്ന സ്വതന്ത്ര ഫോട്ടോഗ്രാഫർമാരാണ്‌ പാപ്പരാസി എന്നറിയപ്പെടുന്നത്‌. ഇക്കാലത്ത്‌ ഇതിനപ്പുറമൊരു നിർവചനംകൂടി ഇക്കൂട്ടർക്ക്‌ ചാർത്തിക്കൊടുക്കേണ്ടതുണ്ട്‌. പ്രസിദ്ധരുടെ ഫോട്ടോയെടുക്കുന്നതിനപ്പുറം പുറംലോകത്തിനറിയാത്ത, അവരുടെ പിന്നാമ്പുറക്കഥകൾ പൊടിപ്പും തൊങ്ങലുംവെച്ച്‌ വാണിജ്യപരമായി വിളമ്പുക എന്നൊരു തലംകൂടി ഇക്കൂട്ടർക്കുണ്ട്‌. സെലിബ്രിറ്റികൾക്ക്‌ മിക്കവാറും ശല്യമാണിക്കൂട്ടർ. ഇവരുടെ കെണിയിൽവീണ്‌ കരിയർ നശിക്കുകയും ജീവിതമുലയുകയുംചെയ്ത പ്രശസ്തർ ഏറെയാണ്‌. അതുകൊണ്ടുതന്നെ നിക്ഷിപ്തതാത്‌പര്യത്തോടെ ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഈ കടന്നുകയറ്റം പല പാശ്ചാത്യരാജ്യങ്ങളും നിയമംമൂലം നിയന്ത്രിച്ചിട്ടുണ്ട്‌. എന്നാലും, പല കൊള്ളരുതായ്മകളും പുറംലോകത്തിന്‌ വെളിപ്പെടാനും അതിന്റെ ചുരുളഴിക്കാനും ഇക്കൂട്ടർ കാരണമായി എന്നതും അംഗീകരിക്കേണ്ട വസ്തുതയാണ്‌. കേരളത്തിലെ കലാ-കായിക രാഷ്ട്രീയമണ്ഡലങ്ങളിലും പാപ്പരാസികളുടെ സാന്നിധ്യമുണ്ട്‌. നിഗൂഢവും രഹസ്യാത്മകവുമായും പ്രവർത്തിക്കുക എന്നത്‌ ചിലരുടെ രക്തത്തിലലിഞ്ഞുചേർന്നിട്ടുള്ള ഘടകമാണ്‌. പാപ്പരാസികളായിത്തീരുക മിക്കവാറും അത്തരം വ്യക്തികളാണ്‌. അവരതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.
പാപ്പരാസി എന്നത്‌ ശരിക്കും ഇംഗ്ലീഷ്‌ പദമാണ്‌. ഇംഗ്ലീഷിൽ ഇത്‌ ബഹുവചനനാമമാണ്‌ (പാപ്പരാസോ എന്നാണ്‌ ഏകവചനം). പക്ഷേ, മലയാളത്തിലേക്ക്‌ ഈ പദം ചേക്കേറിയപ്പോൾ ഏകവചനരൂപമായാണ്‌ സ്വീകരിക്കപ്പെട്ടത്‌. ബഹുവചനത്തിന്‌ നമ്മൾ പാപ്പരാസികൾ എന്നുതന്നെ പറയും.
1960-ൽ പുറത്തിറങ്ങിയ ഒരു പ്രമുഖ ഇറ്റാലിയൻ സിനിമയിലെ നിഗൂഢമായ ചിത്രങ്ങളെടുക്കുന്ന ഒരു ഫോട്ടോഗ്രാഫറുടെ പേരായിരുന്നു പാപ്പരാസോ. ആ കഥാപാത്രത്തിന്റെ പേര്‌ പിന്നീട്‌ നിത്യജീവിത്തിൽ അത്തരം പ്രത്യേകതകൾ പുലർത്തുന്ന വ്യക്തികളെ സൂചിപ്പിക്കാനുള്ള ഇംഗ്ലീഷ്‌ പദമായി മാറുകയും മലയാളഭാഷയിലേക്ക്‌ വിരുന്നുവരുകയുമാണുണ്ടായത്‌.