രാജസ്ഥാനിലെ കോട്ടകൾ
ആരവല്ലി പർവതനിരകളിലായി  സ്ഥിതിചെയ്യുന്ന ഒന്നിലധികം കോട്ടകളാണ് രാജസ്ഥാനിലെ ശൃംഖങ്ങളിലുള്ള കോട്ടകൾ(Hill Forts of Rajasthan) എന്ന നാമത്തിൽ യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്തൗഡ് കോട്ട, കുംഭാൽഗഢ് കോട്ട, രൺഥംഭോർ കോട്ട, ആംബർ കോട്ട, ജയ്സാൽമേർ കോട്ട എന്നിവയാണ് ഈ കോട്ടകൾ. രജപുത്ര രാജാക്കന്മാരുടെ കാലത്താണ് ഈ കോട്ടകൾ പടുത്തുയർത്തിയത്. രജപുത്ര വാസ്തുവിദ്യയിൽ പ്രതിരോധനിർമിതികൾക്കുണ്ടായിരുന്ന പ്രാധാന്യവും ഇതിൽനിന്ന്‌ മനസ്സിലാക്കാം. 
വാസ്തുവിദ്യാപരമായും വളരെയധികം പ്രത്യേകതകളുള്ളതാണ് ഈ കോട്ടകൾ. ഒട്ടേറെ പടവുകൾ, തുരങ്കങ്ങൾ എന്നിവ ഈ കോട്ടയിലേക്കുള്ള സഞ്ചാരപാതകളായി ഉപയോഗിച്ചിരുന്നു. വീതിയേറിയ ബലിഷ്ഠമായ കോട്ടമതിലിനുള്ളിൽ രാജകൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ, നിയമനിർമാണ സഭകൾ, ഉദ്യാനങ്ങൾ, ജലസംഭരണികൾ തുടങ്ങിയവയെല്ലാം ഇവർ നിർമിച്ചു. രാജസ്ഥാനിലെ ഭൂപ്രകൃതിയും ചൂടുള്ള കാലാവസ്ഥയും പരിഗണിച്ചുകൊണ്ടാണ് ഇവയുടെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. ഏഴാം  നൂറ്റാണ്ടിലേതുമുതൽ  പന്ത്രണ്ടാം നൂറ്റാണ്ടിലേതുവരെയുള്ള നിർമിതികൾ ഈ കോട്ടകൾക്കുള്ളിൽ കാണാം. അതേസമയം ഈ കോട്ടകളിലെ ഓരോന്നും അതിന്റേതായ സവിശേഷതകൾ പുലർത്തുന്നുണ്ട്. 2013-ലാണ് ഈ കോട്ടകളെ യുനെസ്കോ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ് ചിത്തൗഡ് കോട്ട. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പുരിൽനിന്ന്‌ 11 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ആംബർ കോട്ട. ആശയക്കുഴപ്പം ഉണ്ടാക്കുംവിധം സങ്കീർണമായ സഞ്ചാരമാർഗങ്ങളും ഈ കോട്ടയിലുണ്ട്. മഹാരാജാ ജയാനന്ത, ക്രിസ്തുവർഷം അഞ്ചാംനൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് രൺഥംഭോറിലെ കോട്ട. ഇന്ത്യയിലെ എന്നല്ല ലോകത്തിലേതന്നെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ് ജയ്സാൽമേർ കോട്ട. മഞ്ഞനിറത്തിലുള്ള മണൽക്കല്ലുകൊണ്ടാണ് കോട്ടമതിൽ പണിതിരിക്കുന്നത്. സൂര്യാസ്തമയ സമയത്ത് ഈ കോട്ടയ്ക്ക് ഒരു പ്രത്യേക സൗന്ദര്യം തോന്നുന്നു. കോട്ടമതിൽ സ്വർണനിറത്തിലായി കാണപ്പെടുന്നു. ഇതിനാൽ സുവർണകോട്ട എന്ന ഒരു പേരും ജയ്‌സാൽമേറിലെ കോട്ടയ്ക്കുണ്ട്.

കാഞ്ചൻജംഗ ദേശീയോദ്യാനം
സിക്കിമിലെ വടക്കൻ ജില്ലയിൽ 850 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് കാഞ്ചൻജംഗ ദേശീയോദ്യാനം. പ്രകൃതിദത്ത, സാംസ്കാരിക വിഭാഗത്തിൽ പെടുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാനമാണിത്. ഹിമാലയൻ പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ ഈ ഉദ്യാനത്തിലാണ് സ്ഥിതിചെയ്യുന്നത്. സിക്കിമിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്‌ ഇത്. ഉദ്യാനത്തിന്റെ കിഴക്കുഭാഗം കൂറ്റൻ മഞ്ഞുപാറകൾ നിറഞ്ഞതാണ്. ഓക്ക്‌, മേപ്പിൾ തുടങ്ങി വിവിധയിനം മരങ്ങൾ ഇവിടെയുണ്ട്‌. 
കൂടാതെ ഫിർ, വില്ലോ, ലാർച്ച്, ജൂനിപെർ തുടങ്ങിയ വൃക്ഷങ്ങളും ഇവിടെ വളരുന്നുണ്ട്. ഇതിനുപുറമേ ഒട്ടേറെ ഔഷധ സസ്യങ്ങളും കുറ്റിച്ചെടികളും ഇവിടെ കാണപ്പെടുന്നുണ്ട്‌. ക്ലൗഡഡ് ലെപ്പേഡ്, ഹിമപ്പുലി, താർ, ഹിമാലയൻ കരിങ്കരടി, റെഡ് പാണ്ട, നീൽഗായ്, ഹൊരാൽ, കസ്തൂരിമാൻ, റസൽ അണലി തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. അപൂർവമായ കാട്ടുനായയുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. വൈവിധ്യമാർന്ന പക്ഷികളാലും ഈ ഉദ്യാനം പ്രശസ്തമാണ്‌. 550 വർഗത്തിലുള്ള പക്ഷികൾ ഇവിടെയുണ്ട്. 2016-ൽ പുതുതായി ഒരിനത്തെക്കൂടി കണ്ടെത്തുകയുണ്ടായി. ഐബിസ് ബിൽ, ഏഷ്യൻ എമറാൾഡ് കുക്കൂ എന്നീ പക്ഷികളെ ഇവിടെ കാണാം. 1977-ലാണ്‌ കാഞ്ചൻജംഗ ദേശീയോദ്യാനം സ്ഥാപിതമായത്‌. വടക്ക്  ടെന്റ്‌ കൊടുമുടിയും കിഴക്ക്‌ മൗണ്ട്‌ ലാമോ അഗ്‌ദെനും തെക്ക്‌ മൗണ്ട്‌ നാർസിങ്‌, മൗണ്ട്‌ പൻഡിം എന്നിവയും പടിഞ്ഞാറ്‌ കാഞ്ചൻജംഗ കൊടുമുടിയുമാണ്‌ ദേശീയോദ്യാനത്തിന്റെ അതിർത്തികൾ. 
ദേശീയോദ്യാനത്തിന്റെ പ്രകൃതിയിൽ അധികം ഇടപെടലുകൾ നടത്താത്തതിനാൽ ഇവിടെ മൃഗങ്ങൾ സുരക്ഷിതരാണ്‌. ഹിമപ്പുലി, ഹിമാലയൻ കരടി, ചുവന്ന പാണ്ട, ചെന്നായ തുടങ്ങി ഒട്ടേറെ അപൂർവയിനം ജീവികൾ ഇവിടെയുണ്ട്‌. ദേശീയോദ്യാനത്തിലെ പല ഭാഗങ്ങളിലേക്കും ഇതുവരെ മനുഷ്യൻ ചെന്നെത്തിയിട്ടില്ല. 
അതിനാൽ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അപൂർവയിനം ജീവികൾ ഇവിടെ ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌. ഹിമാലയത്തിലെ പല ട്രക്കിങ്‌ വഴികളും ഈ ദേശീയോദ്യാനത്തിലൂടെയാണ്. ഏപ്രിൽ, മേയ്‌ മാസങ്ങളാണ് സന്ദർശനത്തിനു പറ്റിയ സമയം. മറ്റ് സമയങ്ങളിൽ മഞ്ഞുവീഴ്ചയും മഴയും ഉണ്ടാവും.
(തുടരും)