മുന്നണിസംവിധാനം
വിവിധ പാർട്ടികൾ ഒരുമിച്ച് മുന്നണിസംവിധാനമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന രീതിയാണ് കേരളത്തിൽ നിലവിലുള്ളത്. പ്രധാനമായും മൂന്നു മുന്നണികളാണ് 2021-ലെ തിരഞ്ഞെടുപ്പിൽ ജനവിധിതേടുന്നത്
ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്.)
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ,  നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ലോക് താന്ത്രിക് ജനതാദൾ, ജനതാദൾ (സെക്കുലർ), ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ.), കേരള കോൺഗ്രസ് (എം), കോൺഗ്രസ് (എസ്), കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (സ്‌കറിയാ തോമസ്)
ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്.)
ഇന്ത്യൻ നാഷണൽ കോൺഗ്രസ്-ഐ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ജേക്കബ്), നാഷണലിസ്റ്റ് കോൺഗ്രസ് കേരള, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി-സി.പി. ജോൺ വിഭാഗം, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, ഭാരതീയ നാഷണൽ ജനതാദൾ
ദേശീയ ജനാധിപത്യസഖ്യം (എൻ.ഡി.എ.)
ഭാരതീയ ജനതാപാർട്ടി, ഭാരതീയ ധർമ ജനസേന, കേരള കാമരാജ് കോൺഗ്രസ്, ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി, എ.ഐ. എ.ഡി.എം.കെ.

ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ (ഇ.വി.എം.)

ബാലറ്റ് പേപ്പറാണ് ആദ്യം വോട്ടെടുപ്പിന് ഉപയോഗിച്ചിരുന്നത്. വോട്ടിങ് പ്രക്രിയയിലും വോട്ടെണ്ണലിലും കൂടുതൽ സമയം വേണ്ടിവന്നതോടെയാണ് കാര്യക്ഷമതയും വേഗവും വർധിപ്പിക്കാൻ ഇ.വി.എം. ഉപയോഗിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചത്  1982-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിലാണ് ഇന്ത്യയിൽ ആദ്യമായി ഇ.വി.എം. ഉപയോഗിക്കുന്നത്. മണ്ഡലത്തിലെ 123 ബൂത്തുകളിൽ 50 ഇടത്താണ് ഇ.വി.എം. ഉപയോഗിച്ചത്.  ഇ.വി.എമ്മിലെ ബാലറ്റ് യൂണിറ്റിലെ ഏതെങ്കിലും സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീല ബട്ടണിൽ വിരലമർത്തിയാണ് സമ്മതിദാനം രേഖപ്പെടുത്തേണ്ടത്.
 ചിഹ്നത്തിനുനേരെയുള്ള ചുവന്ന ലൈറ്റ് കത്തുകയും ബീപ്പ് ശബ്ദം കേൾക്കുകയും ചെയ്താൽ വിജയകരമായി വോട്ട് രേഖപ്പെടുത്തിയതായി കണക്കാക്കാം. വോട്ടെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ ഉദ്യോഗസ്ഥർ എന്നിവരെ ജനാധിപത്യവ്യവസ്ഥയുടെ ഭാഗമാക്കുന്നതാണ് തപാൽ വോട്ട്.  അപേക്ഷകരിൽ അർഹരായ സമ്മതിദായകർക്ക് വീട്ടിലെത്തി തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പരിശോധിച്ചശേഷം ബാലറ്റ് പേപ്പർ കൈമാറിയാണ് തപാൽവോട്ട് രേഖപ്പെടുത്തുന്നത്.

പ്രധാന വിധിയെഴുത്തുകൾ

 ലോക്‌സഭാ തിരഞ്ഞെടുപ്പ്
പാർലമെൻറിന്റെ അധോമണ്ഡലമായ ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അഞ്ച് വർഷത്തിലൊരിക്കലാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന 543 ലോക്‌സഭാ മണ്ഡലങ്ങളിൽ 20 എണ്ണം കേരളത്തിലാണ്. ഏഴു നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ഒരു ലോക്‌സഭാ മണ്ഡലം. 
 നിയമസഭാ തിരഞ്ഞെടുപ്പ്
സംസ്ഥാനം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പ്. 140 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന എം.എൽ.എമാരിൽ  71 പേരുടെ പിന്തുണ സ്വന്തമാക്കുന്നവർക്ക് സർക്കാർ രൂപവത്‌കരിക്കാം. അഞ്ചു വർഷമാണ് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുെട കാലാവധി
 തദ്ദേശ തിരഞ്ഞെടുപ്പ്
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോർപ്പറേഷൻ, നഗരസഭ, ഗ്രാമപ്പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഉൾപ്പെടുന്ന ത്രിതലപഞ്ചായത്ത് സ്ഥാപനങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക.  അഞ്ചു വർഷമാണ് കാലാവധി.