ഉരച്ചാൽ കത്തുന്ന തലയുള്ള തീപ്പെട്ടിക്കമ്പുകൾ ഒറ്റ ദിവസം കൊണ്ട് കണ്ടുപിടിക്കപ്പെട്ടവയല്ല. പല നൂറ്റാണ്ടുകളിലായി പല ശാസ്ത്രജ്ഞരും, ശാസ്ത്രകുതുകികളും കച്ചവടക്കാരും എല്ലാം ചേർന്നാണ് തീപ്പെട്ടിയെ ഇന്നുകാണുന്ന മെരുങ്ങി, പോക്കറ്റിൽ ഒതുങ്ങിയ രൂപത്തിലാക്കിയത്. അതിനു മുന്പ് തൊട്ടാൽ തീപ്പിടിക്കുന്ന, പൊട്ടിത്തെറിക്കുന്ന ഒരു തീപ്പെട്ടിക്കാലം ഉണ്ടായിരുന്നു. മറ്റു പല കണ്ടുപിടിത്തങ്ങളുടെയും കഥ പോലെ രസകരമാണ് ആ കഥയും. മാത്രമല്ല അഗ്നിയെ സ്വതന്ത്രമായും സൗകര്യപ്രദമായും സുരക്ഷിതമായും സൂക്ഷിക്കാനും കൈകാര്യം ചെയ്യാനുമുള്ള അവസരമാണ് മനുഷ്യന് തീപ്പെട്ടികൾ തുറന്നുതന്നത്.
ആദ്യകാല ശ്രമങ്ങൾ
എ.ഡി. ആയിരാമാണ്ടിനു മുമ്പ് തന്നെ ചൈനയിൽ തീക്കൊള്ളികൾ ഉപയോഗിച്ചിരുന്നതായി സഞ്ചാരികളുടെയും മറ്റും വിവരണങ്ങൾ സൂചിപ്പിക്കുന്നു. പൈൻ മരക്കമ്പുകളിൽ സൾഫർ പുരട്ടി രാത്രിയിൽ പെട്ടെന്ന് ആവശ്യം വന്നാൽ കത്തിക്കാൻ സംഭരിച്ച് വെക്കുമായിരുന്നത്രേ. ഇത് തീയിൽ കാട്ടി കത്തിച്ചെടുക്കുകയായിരുന്നു പതിവ്. സ്വയം തീയുണ്ടാക്കുകയായിരുന്നില്ല തീകൊള്ളിയുടെ ആദ്യധർമം എന്നർഥം. ലെൻസിലൂടെ സൂര്യരശ്മികൾ എളുപ്പം കത്തുന്ന വസ്തുക്കളിൽ കേന്ദ്രീകരിച്ചും, തീക്കല്ലും ഇരുമ്പും കൂട്ടിയുരസിയുമൊക്കെയാണ് ആദ്യകാലത്ത് തീയുണ്ടാക്കിയിരുന്നത്. 1669-ൽ ഹെനിങ് ബ്രാൻഡ് ഫോസ്ഫറസ് എന്ന മൂലകം കണ്ടെത്തി. ആധുനികകാലത്ത് കണ്ടെത്തിയ ആദ്യരാസമൂലകം ആയിരുന്നു ഇത്. എളുപ്പം തീപ്പിടിക്കുന്ന ഫോസ്ഫറസിന്‍റെ സ്വഭാവം അന്നേ മനസ്സിലായിരുന്നു. പക്ഷേ, തീപ്പെട്ടിയിൽ ഫോസ്ഫറസ് ഉപയോഗിക്കുന്നത് പിന്നെയും ഏറെക്കാലം കഴിഞ്ഞാണ്. ഒരു പ്രൊഫസറുടെ അസിസ്റ്റന്റായിരുന്ന ജീൻ ചാൻസലാണ് 1805-ൽ സ്വയം തീപ്പിടിക്കുന്ന ആദ്യത്തെ തീക്കൊള്ളി കണ്ടെത്തുന്നത്. പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ മിശ്രിതമടങ്ങിയ കൊള്ളി സൾഫ്യൂരിക് ആസിഡിൽ മുക്കുമ്പോൾ രാസപ്രവർത്തനത്തിലൂടെ തീയുണ്ടാകുന്നതായിരുന്നു ചാൻസലിന്റെ വിദ്യ. ഇതേപോലെ സൾഫ്യൂരിക് ആസിഡുമായുള്ള രാസപ്രവർത്തനത്തിലൂടെ കത്തുന്ന തീക്കൊള്ളികൾ പലരും നിർമിച്ചു. തീപ്പെട്ടിക്കൊള്ളിയുടെ തലപ്പിൽ വൈറ്റ് ഫോസ്ഫറസ് പുരട്ടാനും തുടങ്ങി. എന്നാൽ ആസിഡ് കൈകാര്യം ചെയ്യാനും, തീ നിയന്ത്രിക്കാനുമുള്ള പ്രയാസം കാരണം ഇവയുടെ ഉപയോഗം വ്യാപകമായില്ല. മാത്രമല്ല ഇവയുണ്ടാക്കാൻ ചെലവും കൂടുതലായിരുന്നു.
തീപ്പെട്ടിയുടെ രാസരഹസ്യം
സാധാരണ തീപ്പെട്ടിക്കൊള്ളിയിൽ പൊട്ടാസ്യം ക്ലോറേറ്റും ഇത്തിരി സൾഫറും കത്തൽ നിയന്ത്രിക്കാനുള്ള വസ്തുക്കളും പശയോട് ചേർത്ത് പിടിപ്പിച്ചിരിക്കുന്നു. തീപ്പെട്ടിയുടെ വശങ്ങളിലാവട്ടെ ചില്ലുപൊടിയും ചുവന്ന ഫോസ്ഫറസും കത്തൽ നിയന്ത്രിക്കാനുള്ള വസ്തുക്കളും ചേർത്ത് പൂശിയിരിക്കുന്നു. തീപ്പെട്ടിക്കൊള്ളി പെട്ടിയുടെ വശത്ത് ഉരസുമ്പോൾ ആ ചൂടിൽ കുറച്ച് ചുവന്ന ഫോസ്ഫറസ് വെളുത്ത ഫോസ്ഫറസായി മാറുന്നു. ആവശ്യമായ ഘർഷണം ഉണ്ടാക്കുകയാണ് ചില്ലുതരികളുടെ ജോലി. വെളുത്ത ഫോസ്ഫറസിന് തീപ്പിടിച്ച് കൊള്ളിയിലെ പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ മിശ്രിതം കത്തിപ്പിടിക്കുന്നു. ജ്വലനത്തിന് ആവശ്യമായ ഓക്സിജനെ സ്വതന്ത്രമാക്കുന്നത് പൊട്ടാസ്യം ക്ലോറേറ്റ് ആണ്. ഇത് തീ നന്നായി കത്താൻ സഹായിക്കുന്നു. സൾഫറിന്‍റെ ജ്വലനം നീണ്ടുനിൽക്കുന്ന ജ്വാല നൽകുന്നു. കൊള്ളിയിലും പെട്ടിയുടെ വശത്തും അടങ്ങിയ സിങ്ക് ഓക്സൈഡ്, കാത്സ്യം കാർബണേറ്റ് തുടങ്ങിയവ ജ്വലന നിരക്ക് നിയന്ത്രിക്കുന്നു. അമോണിയം ഫോസ്ഫേറ്റ് പുക കുറയ്ക്കാനും പാരഫിൻ വാക്സ് അനായാസ ജ്വലനത്തിനും സഹായിക്കുന്നു. ഇങ്ങനെ മെഴുകുതിരിയും അടുപ്പും വിളക്കുമൊക്കെ കൈപൊള്ളാതെ, അപകടമില്ലാതെ കത്തിക്കാൻ തീപ്പെട്ടി സഹായിക്കുന്നു. പണ്ടൊക്കെ അടുപ്പിലെ തീ കെടുത്താതെയും കെടാവിളക്ക് കത്തിച്ചുമൊക്കെ തീ നിലനിർത്തേണ്ടി വന്നിരുന്നെങ്കിൽ തീപ്പെട്ടി എവിടെയും ഏത് സമയത്തും തീയുണ്ടാക്കാനുള്ള സൗകര്യം മനുഷ്യന് നൽകി. കനം കുറഞ്ഞ, ചെറിയ കൊള്ളികളാക്കി മാറ്റാൻ എളുപ്പമുള്ള ആസ്പൻ, വെള്ള പൈൻ തുടങ്ങിയവയാണ് വിദേശരാജ്യങ്ങളിൽ തീപ്പെട്ടിക്കൊള്ളിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിലാവട്ടെ മട്ടിയാണ് ഇതിനായി ഏറെയും ഉപയോഗിക്കുന്നത്. പലകാരണങ്ങൾ കൊണ്ട് നമ്മുടെ നാട്ടിലെ തീപ്പെട്ടിവ്യവസായം കടുത്ത വെല്ലുവിളി നേരിടുകയാണ്.
തീപ്പെട്ടിയുടെ രൂപവും സ്വഭാവവുമെല്ലാം പല കാലത്ത് പലരാൽ പരിഷ്കരിക്കപ്പെട്ടു. ശാസ്ത്രരംഗത്തെ കണ്ടുപിടിത്തങ്ങൾ എല്ലാം ഇതുപോലെ പലരുടെ കഠിനാധ്വാനങ്ങളുടെ കഥകളാണ്. ആ കഥയോർത്താൽ അത്ര നിസ്സാരക്കാരനല്ല അടുക്കളയിലെ തീപ്പെട്ടി.
രാസപ്രവർത്തനത്തിലൂടെ തീ
എളുപ്പത്തിൽ കത്തുന്ന രണ്ട് രാസവസ്തുക്കൾ കൂട്ടിയുരസി തീയുണ്ടാക്കുന്ന കൊള്ളികൾ നിർമ്മിക്കാനുള്ള ശ്രമങ്ങളും ഇക്കാലത്തു തന്നെ തുടങ്ങി. 1826-ൽ ജോൺ വാക്കർ എന്ന ബ്രിട്ടീഷ് രസതന്ത്രജ്ഞനാണ് ആദ്യത്തെ ഉരച്ചാൽ കത്തുന്ന തീക്കൊള്ളികൾ വിപണിയിലെത്തിച്ചത്. സൾഫർ പുരട്ടിയ മരക്കൊള്ളികളുടെ അറ്റത്ത് ആന്റിമണി സൾഫൈഡും പൊട്ടാസ്യം ക്ലോറേറ്റും പശ ചേർത്ത് പിടിപ്പിച്ചതായിരുന്നു ഇവ. കുറഞ്ഞ വിലക്ക് ഈ കൊള്ളികൾ ഉൾപ്പെടുത്തിയ തീപ്പെട്ടി വാക്കർ വിപണിയിൽ എത്തിച്ചു. കൊള്ളികൾ ഉരച്ച് കത്തിക്കാനുള്ള ഉരക്കടലാസും തീപ്പെട്ടിക്കുള്ളിൽ ഉൾപ്പെടുത്തിയിരുന്നു. വാക്കറിന്റെ കോൺഗ്രേവ് തീപ്പെട്ടികൾക്ക് പിന്നാലെ ലൂസിഫർ തീപ്പെട്ടികളും വിപണിയിലെത്തി. പേരുപോലെ അപകടകാരികളായിരുന്നു ഈ തീക്കൊള്ളികൾ. പെട്ടെന്നുള്ള കത്തിപ്പിടിക്കലും തീ വീണ് വസ്ത്രങ്ങൾ കത്തലും എല്ലാമായി ഇവ അപകടങ്ങൾ ഉണ്ടാക്കി. ഫ്രാൻസും ജർമനിയും തീപ്പെട്ടി നിരോധിക്കുക പോലും ചെയ്തു. 1830-കളിൽ ആന്റിമണി സൾഫൈഡിനു പകരം ഫോസ്ഫറസ് തീപ്പെട്ടികളിൽ ഉപയോഗിക്കാൻ തുടങ്ങി, പക്ഷേ, ഈ തീപ്പെട്ടിക്കൊള്ളികൾ ലോഹത്തിന്റെ വയുകടക്കാത്ത പെട്ടികളിൽ അടച്ച് സൂക്ഷിക്കണമായിരുന്നു. കാറ്റ് തട്ടിയാൽപോലും പുകയുകയും കത്തുകയും ചെയ്യുന്ന, രാസപ്രവർത്തനശേഷി കൂടിയ വസ്തുവാണ് വെളുത്ത ഫോസ്ഫറസ്. അതിനെ മെരുക്കി കത്താതെ സൂക്ഷിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. മാത്രമല്ല സൾഫർ കത്തുമ്പോഴുള്ള മണവും പുകയും അസഹനീയമായിരുന്നു. ഇത് കുറയ്ക്കാൻ കർപ്പൂരം ചേർത്തും എളുപ്പത്തിൽ തീപിടിക്കാതിരിക്കാൻ ആലം, സോഡിയം സിലിക്കേറ്റ് തുടങ്ങിയവ ഉൾപ്പെടുത്തിയുമെല്ലാം പരീക്ഷണങ്ങൾ നടന്നു. പൊട്ടാസ്യം ക്ലോറേറ്റിനു പകരം ലെഡ് ഡയോക്സൈഡ് ഉൾപ്പെടുത്തി ശബ്ദമില്ലാതെ കത്തുന്ന തീക്കൊള്ളികളും ഉണ്ടാക്കി. ഒറ്റയൊറ്റയ്ക്ക് പകരം തല മാത്രം വേർപ്പെടുത്തിയതും ചീർപ്പ് രൂപത്തിലുമൊക്കെയായിരുന്നു അന്നത്തെ തീപ്പെട്ടിക്കൊള്ളികൾ.
വെളുത്ത ഫോസ്ഫറസ് എന്ന വില്ലൻ
വെളുത്ത ഫോസ്ഫറസ് എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുമാത്രമല്ല, വിഷപദാർഥവുമാണ്. ഒട്ടേറെപ്പേർ തീപ്പെട്ടിക്കൊള്ളികളിലെ ഫോസ്ഫറസ് കഴിച്ച് ആത്മഹത്യ ചെയ്തു. തീപ്പെട്ടി നിർമ്മാണത്തിലേർപ്പെട്ട അനവധി സ്ത്രീകൾക്ക് വിഷബാധ മൂലം ഫോസി ജോ എന്ന താടിയെല്ലിനു രൂപമാറ്റം സംഭവിച്ച് മസ്തിഷ്ക നാശമുണ്ടാക്കി, മരണത്തിലേക്ക് നയിക്കുന്ന രോഗം പിടിപെട്ടു. 1888-ലെ പ്രശസ്തമായ പണിമുടക്ക് അവരുടെ അവസ്ഥയെ പൊതുശ്രദ്ധയിലേക്ക് കൊണ്ടുവന്നു. അതോടെ വെളുത്ത ഫോസ്ഫറസിന് പകരക്കാരെ കണ്ടെത്താനുള്ള അന്വേഷണങ്ങൾക്ക് ശക്തി കൂടി. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തോടെ ഇന്ത്യയടക്കം മിക്കവാറും എല്ലാ രാജ്യങ്ങളിലും വെളുത്ത ഫോസ്ഫറസ് അടങ്ങിയ തീപ്പെട്ടികൾ നിരോധിച്ചു. ഫോസ്ഫറസ് സെസ്ക്വിസൾഫൈഡ് പകരമായി ഉപയോഗിക്കാൻ തുടങ്ങി. എളുപ്പത്തിൽ തീപിടിക്കാത്ത ഈ രാസവസ്തു വിഷമയവും അല്ല. എവിടെയും ഉരച്ച് കത്തിക്കാവുന്ന തീപ്പെട്ടികൾ അങ്ങനെ വ്യാപകമായി. എന്നാൽ വെളുത്ത ഫോസ്ഫറസിനെ വായുവിന്‍റെ അസാന്നിധ്യത്തിൽ ഉയർന്ന താപനിലയിൽ ചൂടാക്കി ചുവന്ന ഫോസ്ഫറസ് നിർമിക്കാമെന്ന് കണ്ടെത്തിയതായിരുന്നു ആദ്യത്തെ വഴിത്തിരിവ്. ഏതാണ്ട് ഇതേ കാലത്ത് തന്നെ തീക്കൊള്ളിയിലും ഉരസുന്ന പ്രതലത്തിലുമായി പ്രതിപ്രവർത്തിക്കുന്ന രാസവസ്തുക്കളെ മാറ്റി നിർത്താമെന്ന് കണ്ടെത്തിയത് തീപ്പെട്ടികളുടെ സ്വഭാവത്തെ മാറ്റിമറിച്ചു. പൊട്ടാസ്യം ക്ലോറേറ്റും ചുവന്ന ഫോസ്ഫറസും രണ്ട് വ്യത്യസ്ത കൊള്ളികളിൽ പുരട്ടുകയും ഇവ തമ്മിൽ കൂട്ടിയുരസുകയുമായിരുന്നു ആദ്യത്തെ രീതി. എന്നാൽ, ഒരേപെട്ടിയിൽ സൂക്ഷിച്ച ഇവ അപ്രതീക്ഷിതമായി ഉരഞ്ഞു തീപിടിക്കാൻ സാധ്യത ഏറെയായിരുന്നു. 1890-ൽ അമേരിക്കക്കാരനായ ജോഷ്വ പുസേ ആണ് ചുവന്ന ഫോസ്ഫറസിനെ പെട്ടിയുടെ വശത്തേക്ക് മാറ്റി തീപ്പെട്ടിയെ അപകടരഹിതമാക്കിയത്. തൊട്ടാൽ തീപ്പിടിക്കുന്നവയിൽ നിന്ന് ഇന്നത്തെ ഏറെ സുരക്ഷിതമായ 'സേഫ്റ്റി മാച്ച് ' ആയി അങ്ങനെ തീപ്പെട്ടികൾ മാറി. മൂന്നുതരം തീപ്പെട്ടികളാണ് ഇപ്പോൾ നിലവിലുള്ളത്. ഫോസ്ഫറസ് സെസ്ക്വിസൾഫൈഡോ, വെളുത്ത ഫോസ്ഫറസോ തലയിൽ പുരട്ടിയ എവിടെയും ഉരച്ചാൽ കത്തുന്ന തീപ്പെട്ടികൾ നമ്മുടെ നാട്ടിൽ അത്ര പരിചിതമല്ല. പക്ഷേ, അമേരിക്കയിലും മറ്റും അവ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. മറ്റൊരിനം നീണ്ട നേരത്തേക്ക് കത്തിനിൽക്കുന്ന തരം തീപ്പെട്ടിക്കൊള്ളികളാണ്. ഇവയുടെ തലഭാഗത്തിനു പുറമേ ഏതാണ്ട് മുക്കാൽ ഭാഗത്തോളം കത്താൻ സഹായിക്കുന്ന രാസവസ്തു പിടിപ്പിച്ചിട്ടുണ്ടാവും. കൂടുതൽ നന്നായി കത്താൻ ആന്റിമണി സൾഫൈഡും ചേർക്കാറുണ്ട്. അപകടമൊഴിവാക്കാൻ എളുപ്പം കത്താത്ത വസ്തുക്കൾ മേലെ പൂശും. നമ്മുടെ മത്താപ്പുകൾ ഉദാഹരണം. മൂന്നാമത്തെ തരമാണ് നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന സേഫ്റ്റി മാച്ച് എന്ന തീപ്പെട്ടി.