വെള്ളികൊണ്ടു നിർമിച്ച പത്തടി ഉയരവും ഒന്നരയടി വീതിയുമുള്ള ഏകശിലാപാളി (മൊണോലിത്) ഒരു മാസത്തിനിടെ യൂട്ടാ, കാലിഫോർണിയ, റൊമേനിയ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ച വാർത്ത ഏതാനും ദിവസം മുമ്പു കൂട്ടുകാർ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. അതേസമയം പ്രകൃതിദത്തമായ അസംഖ്യം മോണോലിത്തുകൾ ലോകത്തുണ്ട്. അവയിൽ ഏറ്റവും വലുതും പ്രസിദ്ധവുമാണ് ‘ഉലുറു’
വിശുദ്ധശില
ഭൂമുഖത്തെ ഏറ്റവും വലിയ ഏകശിലയായ ഉലുറു ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്താണ്. അതൊരു മണൽപാറയാണ് 348 മീറ്റർ ഉയരവും ഒമ്പതരക്കിലോമീറ്റർ ചുറ്റളവുമുള്ള ഉലുറു സമുദ്രനിരപ്പിൽനിന്നും 863 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. 1987 മുതൽ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രം പട്ടികയിൽ ഉലുറുവുമുണ്ട്. അനേകം ഗുഹകളും ചെറുതും വലുതുമായ പൊത്തുകളും വിചിത്രാകാരം പൂണ്ട റോക്ക് ഫോർമേഷനുകളും നീരുറവകളും പ്രാചീന ഗുഹാചിത്രങ്ങളും അടങ്ങിയ ഉലുറുവിനെ തദ്ദേശീയർ വിശുദ്ധമായി കരുതുന്നു.
വഴിത്തിരിവായ സന്ദർശനം
1873 ജൂലായ് 19-ന് മേഖലയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ സർവേയർ വില്യം ഗൊസ്സെയാണ് ഉലുറുവിനെക്കുറിച്ച് ആദ്യം രേഖപ്പെടുത്തിയത്. സൗത്ത് ഓസ്‌ട്രേലിയ ചീഫ് സെക്രട്ടറി ഹെൻട്രി ‘അയേഴ്‌സ് റോക്ക്’ എന്നായിരുന്നു അദ്ദേഹം നൽകിയ പേര്. പിൽക്കാലത്ത് തദ്ദേശ ഗോത്രജനതയുടെ സമ്മർദഫലമായി ‘ഉലുറു’ എന്നതും ഔദ്യോഗികനാമമായി.
പ്രതിവർഷം അഞ്ചുലക്ഷം സന്ദർശകർ
20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പ്രധാന ടൂറിസ്റ്റ് ആകർഷണമായി മാറിയ ഉലുറു വർഷം അഞ്ചുലക്ഷം പേർ സന്ദർശിക്കുന്നു. പ്രദേശവാസികളായ മുന്നൂറോളം ‘പിത്‌ജെൻത് ജാൻജറ’ ഗോത്രവിഭാഗക്കാരെക്കൂടി വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചുമാണ് ഉലുറു ടൂറിസം പദ്ധതി. സാധാരണ സന്ദർശകരെ കൂടാതെ വൈൽഡ് ഫോട്ടോഗ്രാഫേഴ്‌സ്, മൗണ്ടൻ ഹൈക്കേഴ്‌സ്, ബേഡ് വാച്ചേഴ്‌സ് എന്നിവരുടെയും ഇഷ്ടസങ്കേതമാണ് ഇവിടം. പൊടുന്നനെ ഉണ്ടാവുന്ന അതിശക്തമായ കാറ്റിൽപ്പെട്ട് ഉലുറുവിൽനിന്നു താഴെവീണ് ഇതിനോടകം മുപ്പതിലേറെപ്പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. 

സമ്പന്നം ജൈവവൈവിധ്യം
കാഴ്ചയിൽ പരുക്കൻ ഭാവമെങ്കിലും സവിശേഷവും സമ്പന്നവുമായ ജൈവവൈവിധ്യമാണ് ഉലുറുവിലും ചുറ്റുപാടും ഉള്ളത്. 21 ഇനം സസ്തനികൾ, 73 ഇനം ഉരഗങ്ങൾ, ഏഴിനം വവ്വാലുകൾ, നാലിനം തവളകൾ, ഒട്ടേറെ ഇനം പക്ഷികൾ തുടങ്ങി പ്രദേശത്തെ അന്തേവാസികളുടെ നിര നീളുന്നു. കൊടുംചൂടും കൊടുംതണുപ്പും അനുഭവപ്പെടുന്ന ഇടമാണ് ഇത്. ഡിസംബർ-ഫെബ്രുവരി മാസങ്ങളിൽ അന്തരീക്ഷതാപം 40 ഡിഗ്രി സെൽഷ്യസ് പിന്നിടും. ജൂൺ-ജൂലായിലാവട്ടെ 5 ഡിഗ്രി സെൽഷ്യസിലും താഴും താപനില.

കോവിഡ്കാലത്തെ വിദ്യാലയ ചിന്തകൾ

 

ഇത്രമേലൊറ്റയായില്ലൊരു നാളിലും  
ഏടുകളെത്ര മറിച്ചു നോക്കുമ്പൊഴും 
കൊടിയിറക്കം കഴിഞ്ഞമ്പലമുറ്റം പോൽ  
മൗനക്കരിമ്പടം മൂടിപ്പുതച്ചു ഞാൻ
കൊച്ചു കുസൃതികളെത്ര പിണക്കങ്ങൾ 
പ്രേമമധുചേർത്തു ചാലിച്ച ചിത്രങ്ങൾ  
തിരിമുറിയാതന്നുപെയ്ത മഴകളിൽ
ഉന്മാദ ഹർഷപുളകിതയായി ഞാൻ
തുള്ളിക്കളിച്ചു നടന്ന പാദങ്ങളാൽ 
എന്നാണിനിയൊരു സ്പർശം നുകരുവാൻ 
പാദസരങ്ങൾ കിലുങ്ങാതെയാകവേ
എത്ര കറുപ്പ് പടർന്നിടനാഴികൾ
ചിത്രവർണങ്ങളായ്  പണ്ടുപറന്നവർ 
ഏകാന്തദ്വീപിലടുത്ത പായ് വഞ്ചിപോൽ
അന്തസ്സംഘർഷത്തിനാഴിത്തിരകളിൽ 
മുങ്ങിയും പൊങ്ങിയും ശ്വാസം തിരയവേ
രാത്രിയെക്കാളും കറുത്ത പകലുകൾ
ഉള്ളുകുത്തിപ്പിളർക്കും  നിശ്ശബ്ദത
സർവതാളങ്ങളധീനത്തിലാക്കിയ
സൂക്ഷ്മാണു, മാനവനെത്ര നിസ്സഹായൻ

പൂത്തു വിടർന്ന വസന്തോത്സവങ്ങളി- 
ന്നാകെയിലകൾ പൊഴിഞ്ഞ ശിശിരമായ്  
വറ്റി വരണ്ടയാ കാവേരി പോലെ ഞാൻ 
വല്ലാതെ വിണ്ടുകീറുന്നെന്റെയുള്ളിടം

എല്ലാം ഒഴുക്കിനിടയിലെയോളങ്ങൾ 
എന്നറിയുമ്പൊഴും മുങ്ങാതിരിക്കുവാ-
നാകാതെപോയിനി! എന്നാണ് പണ്ടേപോൽ 
ഏവരുമൊത്തുചേർന്നാർത്തു  ചിരിപ്പത്?

രേഖ ആർ. താങ്കൾ, 
അധ്യാപിക, ‌തകഴി  ഡി.ബി.എച്ച്.എസ്.എസ്.

 

 

സ്കൂളിൽ പോകണം...

ഞങ്ങൾ കുട്ടികൾ ഒരിക്കൽപോലും പ്രതീക്ഷിക്കാതിരുന്ന ദിനങ്ങളാണ് ഇപ്പോൾ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. കൊറോണ എന്ന വൈറസ് ഈ നൂറ്റാണ്ടിലെ ശാപമാണ്. ക്ലാസ് മുറികളിലെ പഠനവും കളിചിരികളും ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു. 
കൊറോണയ്ക്കു  മുൻപുള്ള അവധിക്കാലത്ത് കന്യാകുമാരിയും വിവേകാനന്ദപ്പാറയും ഞാൻ സന്ദർശിച്ചിരുന്നു. സന്തോഷകരമായ അതുപോലുള്ള ദിനങ്ങൾ എന്ന് തിരിച്ചുവരും എന്നറിയില്ല. മാസ്ക് ധരിക്കാതെ സ്വതന്ത്രമായി ശ്വസിക്കാനുള്ള ഒരു അവസരത്തിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ്. ദിവസത്തിൽ അരമണിക്കൂറോ, ഒരുമണിക്കൂറോ ഉണ്ടാകുന്ന ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ഞങ്ങൾക്ക് സ്കൂളിലെ അധ്യാപകർ നേരിട്ട് എടുക്കുന്ന ക്ലാസുകളിൽ ഒരുദിവസം മുഴുവനും ഇരുന്നു പഠിക്കാൻ കഴിയാത്തതിൽ വളരെയേറെ ദുഃഖമുണ്ട് സ്കൂൾ തുറന്നാൽ ഒരുദിവസം പോലും ഇനി അടയ്ക്കരുത് എന്നാണ് ഞങ്ങളുടെ പ്രാർഥന. ലോകം മുഴുവൻ നിലച്ചതുപോലെ ഞങ്ങളുടെ കുട്ടി മനസ്സുകളും മരവിച്ചിരിക്കുകയാണ്. കോവിഡിനെതിരേ പ്രതിരോധമരുന്ന് എത്രയുംവേഗം വിപണിയിലെത്തിച്ച്‌ കുട്ടികളായ ഞങ്ങൾക്ക് കുത്തിവെപ്പ് നടത്തി ഞങ്ങളുടെ ആ പഴയ കാലം തിരിച്ചുതരണം. ശുഭപ്രതീക്ഷ കൈവിടാതെ എത്രയും വേഗം ശുദ്ധവായു ശ്വസിച്ച് സ്കൂളിൽ പോയി പഠിക്കാൻ വളരെയേറെ ആഗ്രഹിക്കുന്നു.    

 

ചാരുലത. എസ്
എട്ടാം ക്ലാസ്, 
പി.കെ.എച്ച്.എസ്. എസ്, 
മഞ്ഞപ്ര, പാലക്കാട് 

ഏറ്റവും നീളമേറിയ കേക്ക്; റെക്കോഡ് കേരളത്തിന് സ്വന്തം

ലോകത്തെ ഏറ്റവും നീളമേറിയ കേക്ക് നിർമിച്ചതിന്റെ റെക്കോഡ് നിലവിൽ കേരളത്തിന് സ്വന്തമാണ്. 2019 ജനുവരി 15-ന് തൃശ്ശൂർ ജില്ലയിലെ രാമനിലയം ഗസ്റ്റ് ഹൗസിനുചുറ്റും മൂന്നുതവണ വലംവെച്ചുകൊണ്ട് അഞ്ചു കിലോമീറ്ററും മുന്നൂറു മീറ്ററും നീളമുള്ള കൂറ്റൻ കേക്ക് ബേക്കേഴ്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ നിർമിച്ചു.  ചൈനയുടെ റെക്കോഡ് തകർത്ത് ഇത് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു. 885 മേശകൾ നിരത്തി, 1500 ഷെഫുമാരുമായി കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമുള്ള ബേക്കറി ഉടമകളാണ് പുതിയചരിത്രം സൃഷ്ടിച്ചത്. വലിയ കേക്ക് നിർമിച്ചത് ചൈനയാണെന്ന് കഴിഞ്ഞലക്കം വിദ്യയിൽ വന്ന തെറ്റ് കൂട്ടുകാർ തിരുത്തി വായിക്കുമല്ലോ.