ബേബിയെന്ന സഹോദരന്റെയും ലില്ലിയെന്ന കുഞ്ഞനുജത്തിയുടെയും ജീവിതമാണ് ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന നോവൽ. ബേബിക്കും ലില്ലിക്കും അച്ഛനുമമ്മയുമില്ല. അമ്മയുടെ സഹോദരി മാമ്മിത്തള്ളയുടെ കൂടെയാണ് ഇവർ കഴിഞ്ഞിരുന്നത്.  മാമ്മിത്തള്ളയ്ക്ക് രണ്ടുപേരെയും കണ്ണെടുത്താൽ കണ്ടുകൂടാ. തരംകിട്ടുംപോലെ അവരെ ഉപദ്രവിക്കുമായിരുന്നു. ഒരിക്കൽ മഴ തിമർത്തുപെയ്യുന്ന ദിവസം. സ്വന്തമായി കുടയില്ലാത്തതിനാൽ ഇരുവരും സ്കൂളിൽ പോകാനാവാതെ  ആരെങ്കിലും കുടയിൽ കൂട്ടുമോ എന്നുനോക്കി ഉമ്മറത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ഗ്രേസി വരുന്നത് ബേബി കാണുന്നത്.
‘‘ലില്ലീ മഴ വരുന്നു, നീ ആ പെണ്ണിന്റെ കൂടെ പൊയ്‌ക്കോ.’’
എന്ന് ബേബി ലില്ലിയോട് പറഞ്ഞു.
ഗ്രേസിയെന്ന പണമുള്ള വീട്ടിലെ കുട്ടിയായിരുന്നു അത്. അവൾ ലില്ലിയെ കുടയിൽ കൂട്ടിയില്ല. പാവം ലില്ലി മഴയിലൂടെ സ്കൂളിലേക്ക് ഓടി. നനഞ്ഞുകുളിച്ച് ക്ലാസിലെത്തിയ അവളെ ടീച്ചർ ക്ലാസിൽ കയറ്റിയില്ല. ബേബിയിതറിഞ്ഞു. അനിയത്തിയോട് ഗ്രേസിയങ്ങനെ ചെയ്തതിൽ അവന് ദേഷ്യംവന്നു. ഗ്രേസിയുടെ വീട്ടിൽ ചെന്ന് അവളെ പുറത്തേക്കുവിളിച്ച് കല്ലുകൊണ്ടവളുടെ നെറ്റിയെറിഞ്ഞ് പൊട്ടിച്ചു. നാട്ടുകാർ ഓടിക്കൂടി. പേടിയോടെ അവൻ ഒരിടത്ത് ഒളിച്ചിരുന്നു. പോലീസ് വരുമെന്നവന് ഉറപ്പായി. രാത്രിമൂത്തപ്പോൾ അവൻ വീട്ടിലെത്തി ലില്ലിയോട് പറഞ്ഞു. താൻ എവിടേക്കെങ്കിലും പോവുകയാണെന്നും മടങ്ങിവരുമ്പോൾ കുഞ്ഞുപെങ്ങൾക്ക് ചില്ലുകൈപ്പിടിയിൽ കുരുവിയുടെ രൂപമുള്ള കുടയുമായി വരുമെന്നും.
നഗരത്തിലൂടെ അലഞ്ഞ ബേബിയുടെ ലക്ഷ്യം കുഞ്ഞുപെങ്ങൾക്ക് ചില്ലുകൈപ്പിടിയിൽ കുരുവിയുടെ രൂപമുള്ള കുട വാങ്ങുക എന്നതായിരുന്നു.
ലില്ലിയെക്കൊണ്ട് മാമ്മിത്തള്ള വീട്ടുജോലി ചെയ്യിക്കുകയും ഉപദ്രവിക്കുകയും സ്കൂളിൽ പോകരുതെന്ന് പറയുകയും ചെയ്തു. ഒരുദിവസം ലില്ലിയുടെ കൈയിൽനിന്ന്‌ അറിയാതെ ഒരു പിഞ്ഞാണം താഴെവീണു പൊട്ടി. മാമ്മിത്തള്ള അവളെ ഒരുപാടു തല്ലി. പിറ്റേദിനം അവളും വീടുവിട്ടിറങ്ങി.
ബേബി പഠിച്ചുവളർന്ന് ഡോക്ടറാകുന്നു. ഡോക്ടറുടെ മകൾ മോളിയെ ബേബിയും ലില്ലിയെ ഡോക്ടറുടെ മകൻ ജോയിയും വിവാഹം ചെയ്യുന്നു.ബേബിയുടെ ശസ്ത്രക്രിയയിൽ ഒരു യുവതിയുടെ അസുഖം ഭേദമാവുന്നു. ആ യുവതിയും ഭർത്താവും നന്ദിപൂർവംനീട്ടുന്ന പണം ബേബി വാങ്ങുന്നില്ല. പകരം ഒരു കുട സമ്മാനമായി ചോദിക്കുന്നു. അവർ കുടയുമായി വരുമ്പോൾ ലില്ലിയും എത്തിയിരുന്നു, 
ഇച്ചാച്ചൻ മഴ നനഞ്ഞ രാത്രിയിൽ വാഗ്ദാനംചെയ്ത ചില്ലുകൈപ്പിടിയിൽ കുരുവിയുടെ രൂപമുള്ള കുട ഏറ്റുവാങ്ങാൻ. കുട ലില്ലിക്ക് നൽകവേ ‘നിന്നെ പണ്ട് കുടയിൽ കൂട്ടാത്ത ഗ്രേസിയാണ്’ ഈ യുവതിയെന്ന് ബേബി ലില്ലിയെ അറിയിക്കുന്നു.ദാരിദ്ര്യവും സ്നേഹവും ഒരുപോലെ അനുഭവപ്പെടുന്ന നോവലാണ് മുട്ടത്തു വർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും. 1961-ൽ എഴുതിയ ഈ പുസ്തകം അന്ന് പലർക്കും സ്വന്തം ജീവിതത്തോട് സാമ്യം തോന്നിയിരുന്നു. ഗ്രാമത്തിന്റെയും നഗരത്തിന്റെയും പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. തലമുറകൾ നെഞ്ചിലേറ്റിയ കഥയെന്ന് ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന പുസ്തകത്തെ പറയാം. സ്നേഹബന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചുനയിക്കുന്നതായിരുന്നു ഈ പുസ്തകം.

തയ്യാറാക്കിയത്:  അഷ്മില ബീഗം

മുട്ടത്തു വർക്കി
മലയാളസാഹിത്യരംഗത്തെ ജനപ്രിയനായ കഥാകാരനും കവിയും നോവലിസ്റ്റും ആയിരുന്നു മുട്ടത്തുവർക്കി. 1913 ഏപ്രിൽ 28-ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ചെത്തിപ്പുഴയിൽ ജനനം.