1860-ൽ ഭൂഗോളത്തിന്റെ രണ്ട് വൻകരകളിലുള്ള രണ്ടുപേർ ഒരേസമയത്താണ് ഈ ലോഹത്തെപ്പറ്റി മനസ്സിലാക്കുന്നത്. ഫ്രഞ്ച് ശാസ്ത്രജ്ഞനായിരുന്ന ചാൾസ് മാർട്ടിൻ ഹോളും അമേരിക്കൻ ശാസ്ത്രജ്ഞനായിരുന്ന പോൾ ഹെരോൾട്ടും. 
 പ്ലിനി പറഞ്ഞ കഥ
പ്രാചീന ചരിത്രകാരനായ പ്ലിനി എഴുതി വെച്ച ഒരു കഥയുണ്ട്. അലൂമിനിയമായിരിക്കാം ഈ കഥയിലെ  കഥാപാത്രമെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം. രണ്ടായിരം വർഷം മുമ്പാണ് കഥ നടക്കുന്നത്. റോമൻ ചക്രവർത്തിയായ ടിബേറിയസിനെ മുഖം കാണിക്കാനായി ഒരു സഞ്ചാരിയെത്തി. അയാൾ ചക്രവർത്തിക്ക് ഒരു ലോഹക്കിണ്ണം സമ്മാനിച്ചു. വെള്ള നിറത്തിലുള്ള ഭാരം കുറഞ്ഞ കിണ്ണം. അതിന്റെ  ഭംഗി കണ്ട് രാജാവ്  അദ്‌ഭുതപ്പെട്ടു. എന്നാൽ,  ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവമാണ് പിന്നീടുണ്ടായത്. എത്രയും പെട്ടെന്ന് സഞ്ചാരിയെ വധിക്കാൻ ടിബേറിയസ് രഹസ്യനിർദേശം നൽകി. പുതിയ ലോഹം സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിടിക്കുമെന്ന് ഭയന്നായിരുന്നു ടിബേറിയസ് അതു ചെയ്തത്.
 എവിടെയൊക്കെ 
എല്ലാത്തരം മണൽ ചേർന്ന പാറകളിലും (ഉദാ: ഫെൽസ്പാർ, ടോർമലിൻ) കളിമണ്ണിലും സ്ലേറ്റിലും ബോക്സൈറ്റ്, കൊറണ്ടം തുടങ്ങിയ ധാരാളം ധാതുക്കളിലും വജ്രമൊഴികെയുള്ള രത്നക്കല്ലുകളിലുമൊക്കെ അലൂമിനിയത്തിന്റെ സാന്നിധ്യമുണ്ട്. ബോക്സൈറ്റാണ് അലൂമിനിയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അയിര്. കളിമണ്ണിൽ അടങ്ങിയിട്ടുള്ളതിനാൽ അലൂമിനിയം  പ്രകൃതിയിൽ ധാരാളമായിട്ടടങ്ങിയിരിക്കുന്നു. മൺപാത്രങ്ങളുടെ ഗുണങ്ങൾക്കടിസ്ഥാനം അലൂമിനിയത്തിന്റെ സാന്നിധ്യവുമാണ്. ഭൂവൽക്കത്തിൽ ഏറ്റവുമധികം അടങ്ങിയിട്ടുള്ള ലോഹം അലൂമിനിയമാണ്
 സ്വർണത്തെക്കാൾ വില
അലൂമിനിയത്തിന്റെ ആദ്യകാലങ്ങളിൽ അവയ്ക്ക് സ്വർണത്തെക്കാൾ  വിലയായിരുന്നു. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങളെ അലങ്കരിച്ചിരുന്നത് അലൂമിനിയപാത്രങ്ങളായിരുന്നു. 
 വിലകുറച്ചത് മാർട്ടിൻ ഹാൾ
ആലൂമിനിയം വേർതിരിച്ചടുക്കാൻ ചെലവുകുറഞ്ഞൊരു മാർഗം കണ്ടുപിടിച്ചത് ചാൾസ് മാർട്ടിൻ ഹാൾ ആണ്. ബോക്‌സൈറ്റിൽനിന്ന്‌ അതിലെ ജലാംശം മാറ്റി ആലുമിന (ആലൂമിനിയം ഓക്സൈഡ് Al2O3) ആക്കും. ആലുമിനയെ വൈദ്യുത വിശ്ലേഷണം ചെയ്യും. ഇങ്ങനെയാണ് ആലൂമിനിയം വൻതോതിൽ നിർമിക്കുന്നത്. മാർട്ടിൻ ഹാൾ കണ്ടിപിടിച്ച രീതിയായതിനാൽ ഇതിനെ ഹാൾസ് പ്രക്രിയ എന്നു വിളിക്കുന്നു. അലൂമിനിയം  വേർതിരിച്ചെടുക്കാൻ  ചെലവുകുറഞ്ഞ ഈ രീതി കണ്ടുപിടിച്ചതോടെ അലൂമിനിയത്തിന്റെ വില കുത്തനെയിടിഞ്ഞു. പല ആവശ്യങ്ങൾക്കും അലൂമിനിയം ഉപയോഗിക്കാൻ തുടങ്ങി.
 അലൂമിനിയത്തിന്റെ 
ഉപയോഗങ്ങൾ
വീട്ടുപാത്രങ്ങൾ, വൈദ്യുതിക്കമ്പികൾ, വിമാനങ്ങൾ, തകിടുകൾ, കൈവരികൾ എന്നിവയുടെ നിർമാണത്തിൽ അലൂമിനിയം ധാരാളമായി ഉപയോഗിച്ചുവരുന്നു. ചോക്കലേറ്റും മറ്റ് ഭക്ഷണസാധനങ്ങളും  പൊതിയാനുള്ള  വെള്ളിക്കടലാസിലും  അലൂമിനിയം  ഉണ്ട്. അലൂമിനിയപ്പൊടി പെയ്ന്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. വാഹനങ്ങളുടെ ഭാഗങ്ങൾക്ക് അലൂമിനിയത്തിന്റെ കൂട്ടുലോഹങ്ങളുപയോഗിക്കുന്നു. അലൂമിനിയം ബ്രോൺസ് (10% അലൂമിനിയവും 90% ചെമ്പും), വൈഅലോയ് (92.5% അലൂമിനിയം 4% ചെമ്പ്, 2.5 നിക്കൽ, 1.5% മഗ്നിഷ്യം) ഡ്യൂറാലുമിൻ എന്നിവ ചില കൂട്ടു ലോഹങ്ങളാണ്. 
 ഡ്യൂറാലുമിൻ ഏറ്റവും 
പ്രധാന കൂട്ടുലോഹം
അലൂമിനിയം അടങ്ങിയ കൂട്ടുലോഹങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ളത് ഡ്യൂറാലുമിനാണ്. അലൂമിനിയം-94%, ചെമ്പ്-4% മഗ്നീഷ്യം-0.5%, മാംഗനീസ് 0.5%, ഇരുമ്പ്-0.5%, സിലിക്കൺ 0.5% എന്നിവ ചേർത്താണ് ഡ്യൂറാലുമിൻ നിർമിക്കുന്നത്. 
പ്രകൃതിയിലുള്ള അലുമിനിയമാണ് കൊറണ്ടം. കൊറണ്ടത്തിന് വജ്രത്തോളം കാഠിന്യമുണ്ട്. കാഠിന്യമുള്ളതുകൊണ്ട് ഗ്രൈൻഡിങ്ങിനും പോളിഷിങ്ങിനും കൊറണ്ടം ഉപയോഗിക്കുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിം എന്ന ശാസ്ത്രജ്ഞനാണ് ഡ്യുറാലുമിൻ ഉണ്ടാക്കിയത്.
 രത്നക്കല്ലുകളും
അലുമിനായുടെ കൂടെ സിലിക്കയും ബെറിലിയവും പലതരം ലോഹ ഓക്സൈഡുകളും ചേർത്ത് ചില രത്നക്കല്ലുകൾ ഉണ്ടാക്കുന്നുണ്ട്. അക്വാമറൈൻ, റൂബി, റ്റോപിസ്, ടോർമലിൻ, ജേഡ് എന്നിവ ഇത്തരം രത്നക്കല്ലുകളാണ്. കൃത്രിമ രത്നക്കല്ലുകളുടെയും ഒരു പ്രധാന ഘടകം അലുമിനയാണ്. 
 റെയിൽ വിടവടയ്ക്കൽ
റെയിൽ പാളങ്ങളിൽ വിടവുണ്ടാകുമ്പോഴും പാലങ്ങളുടെ ഗാർഡറുകൾ തുരുമ്പെടുക്കുമ്പോഴുമൊക്കെ അലൂമിനിയം പൊടിയും ഇരുമ്പിന്റെ ഓക്സൈഡും കലർന്ന മിശ്രിതം വിടവിൽ വെച്ച് 2500 ഡിഗ്രി സെൽഷ്യസിൽ കത്തിക്കുന്നു. അപ്പോൾ അയൺ ഉരുകി വിള്ളലിലിറങ്ങി അതടയ്ക്കുന്നു. അലൂമിനിയം അയണിന്റെ  കൂടെയുള്ള ഓക്സിജനെ തട്ടിയെടുക്കുന്നതുകൊണ്ടാണീ പ്രവർത്തനം നടക്കുന്നത്. ഈ പ്രവർത്തനത്തിന്റെ രാസ സമീകരണം 
Fe2O3 +2Al.       Al2O3 + 2Fe  എന്നെഴുതാം.
* അലൂമിനിയത്തിന്റെ ഗുണങ്ങൾ
* നീലച്ഛായയുള്ള വെളുപ്പുനിറം 
* ഘനത്വം കുറവ് (ആപേക്ഷിക ഘനത്വം 2.7) 
* ഉരുകൽ താപന നില 6580 സെന്റിഗ്രേഡ് 
* ചൂടിനെയും വൈദ്യുതിയേയും നന്നായി കടത്തിവിടും
* പെട്ടന്നു ദ്രവിക്കുകയില്ല.
* ജലത്തെയും ചില അമ്ലങ്ങളെയും ഒരു പരിധിവരെ പ്രതിരോധിക്കും. 
* ഹൈഡ്രോക്ലോറിക് ആസിഡിൽ ലയിക്കും.
* മൃദുവാണ്. പരത്താനും നീട്ടാനും സൗകര്യപ്രദം
* നല്ല വലിപ്പുറപ്പുണ്ട് 
* ഏറ്റവും വലിയ ഗുണം
തുരുമ്പെടുത്തു നശിക്കില്ല എന്നതാണ് അലൂമിനിയത്തിന്റെ ഏറ്റവും വലിയ ഗുണം. അന്തരീക്ഷത്തിലെ ഓക്‌സിജനുമായി ചേർന്നുണ്ടാകുന്ന അലൂമിനിയം ഓക്സൈഡ്, ഒരു കവചമായി നിൽക്കുന്നതുകൊണ്ടാണിത്. അലൂമിനിയത്തിന്റെ മീതെയുള്ള ഈ ഓക്‌സൈഡാവരണം ഇല്ലെങ്കിൽ അലൂമിനിയം പച്ചവെള്ളവുമായിപ്പോലും പ്രതിപ്രവർത്തിച്ച് ഹൈഡ്രജനും അലൂമിനിയത്തിന്റെ ഹൈഡ്രോക്സൈഡും ഉണ്ടാകും. മെർക്കുറി, മെർക്കുറിക് ക്ലോറൈഡ്, മെർക്കുറിക് നൈട്രേറ്റ് എന്നിവയിലേതെങ്കിലും അലൂമിനിയത്തിൽ ലേപനം ചെയ്ത് പച്ചവെള്ളത്തിൽ മുക്കിയാൽ അലൂമിനിയം ആ പച്ചവെള്ളത്തിൽ അലിഞ്ഞുപോകും. 
ഓക്സിജൻ അലൂമിനിയത്തിൽ പറ്റിക്കൂടി അലൂമിനിയം ഓക്സൈഡുണ്ടാക്കി അലൂമിനിയത്തെ ആകെപ്പൊതിഞ്ഞ് സംരക്ഷിക്കുന്നു. ഈ  ഓക്സൈഡ് പുതപ്പാണ് അലൂമിനിയപ്പാത്രത്തെ അടുക്കളപാത്രങ്ങളായി  ഉപയോഗിക്കുന്നതിന് പ്രാപ്തമാക്കുന്നത്. അലൂമിനിയത്തിന്റെ വെള്ളിനിറം മങ്ങുന്നതിന് കാരണം ഈ ഓക്സൈഡ് പുതപ്പാണ്.
 അൽഷിമേഴ്‌സിന് കാരണം
അലൂമിനിയത്തിന്റെ ചില രാസസംയുക്തങ്ങൾ തലച്ചോറിലടിഞ്ഞുകൂടുന്നതാണ് ഓർമനാശമാക്കുന്ന അൽഷിമേഴ്‌സ് എന്ന രോഗത്തിനു കാരണമാകുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. അലൂമിനിയപ്പാത്രങ്ങളിൽ പുളിപോലുള്ള വസ്തുക്കൾ ചേർത്ത് ഭക്ഷണം പാകം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം  ചെയ്യുന്ന ചില വിഷ പദാർഥങ്ങളുണ്ടാക്കുമെന്നും  കണ്ടെത്തിയിട്ടുണ്ട്. പുളിങ്കറികളും പുളിശ്ശേരികളും മീൻ കറികളുമെല്ലാം മൺചട്ടിയിൽ പാകംചെയ്യുന്നത് അതുകൊണ്ടാണ്.
 അലൂമിനിയത്തിന്റെ * ആലങ്ങൾ
അലൂമിനിയത്തിന്റെ സൾഫേറ്റിനൊപ്പം മറ്റൊരു ലോഹസൾഫേറ്റും 24 തന്മാത്ര ജലവും ചേർന്നതാണ്  ആലം. സാധാരണ ആലം  എന്നത് പൊട്ടാഷ്  ആലം ആണ്. സോഡിയം  ആലം, അമോണിയം ആലം, സിൽവർ ആലം, പൊട്ടാഷ് ആലം എന്നിവ ഉദാഹരണം. 
 
 
അലൂമിനിയത്തിന്റെ ബയോഡേറ്റ
 
 
പ്രതീകം (Symbol) Al
മൂലകപദാർഥം ലോഹം (Metal)
അറ്റോമികസംഖ്യ 13
ഇലക്‌ട്രോൺ വിന്യാസം 2,8,3
അറ്റോമികഭാരം 26,982
ഭൗതികാവസ്ഥ ഖരം (Solid)
ഗ്രൂപ്പ് III  B
പീരീഡ് 3
ദ്രവണാങ്കം (Melting Pont) 660 0C
ക്വഥനാങ്കം (തിളനില)
(Boiling Point) 2467 0C
സംയോജകത  (Valency) 3
ഓക്സീകരണാവസ്ഥ 
(Oxidation state) +3
വിശിഷ്ടതാപം 
(Specific Heart) 0.219
ആപേക്ഷിക സാന്ദ്രത 
(Relative Density) 2.70