ചോര തുടിയ്ക്കും ചെറുകൈയുകളേ, പേറുക വന്നീപ്പന്തങ്ങൾ

കൂട്ടുകാർക്ക് കവിതകൾ ഇഷ്ടമല്ലേ? എത്രയോ രസകരങ്ങളും ആസ്വാദന യോഗ്യവുമായ കവിതകൾ മലയാളത്തിലുണ്ട്. നാടിന് അഭിമാനമായ ഒട്ടേറെ കവികളും നമുക്ക് സ്വന്തമാണ്.  
മലയാളകവിതകളെ അതിഭാവുകത്വത്തിൽ നിന്നും ആധുനികലോകത്തേക്ക് കൈപിടിച്ചുയർത്തിയ കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ. മനുഷ്യ ജീവിതങ്ങളുടെ സങ്കീർണഭാവങ്ങളും സാമൂഹിക-സാംസ്കാരികതലവും അദ്ദേഹത്തിന്റെ കവിതകളിൽ തെളിഞ്ഞു കാണാം. യുക്തിചിന്തയും നവ ലോകത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമെല്ലാം നിറഞ്ഞതാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ കവിതാ സമാഹരമായ ‘ശ്രീരേഖ’.
ജലസേചനം, പന്തങ്ങൾ, ഹരിജനങ്ങളുടെ പാട്ട്, ഒരു കൊടി, കേരളത്തിന്റെ ചിരി തുടങ്ങി 19 കവിതകളാണ് ഈ സമാഹാ
രത്തിലുള്ളത്.
‘ചോര തുടിയ്ക്കും ചെറുകൈയുകളേ,
പേറുക വന്നീപ്പന്തങ്ങൾ.
ഏറിയ തലമുറയേന്തിയ പാരിൻ
വാരൊളിമംഗളകന്ദങ്ങൾ’
അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് പുതിയൊരു ലോകം സൃഷ്ടിക്കാനുള്ള ആഹ്വാനമാണ് ‘പന്തങ്ങൾ’ കവിതയിലുള്ളത്. വിപ്ലവ വീര്യത്തിന്റെയും ആദർശനങ്ങളുമാണ് ഈ കവിതയിൽ കാണാനാവുന്നത്. പുതുതലമുറയിലുള്ള വിശ്വാസം അദ്ദേഹത്തിന്റെ എല്ലാ കവിതകളിലും കാണാനാകും.
യാഥാസ്ഥിതികതയിൽ വീണുപോയ പഴയ തലമുറയെ വിപ്ലവത്തിന്റെയും ദർശനദാർഷ്ട്യത്തിന്റെയും കരുത്തിൽ തിരുത്തുന്ന പുതുതലമുറയെ അവതരിപ്പിക്കുന്ന കവിതയാണ് ജലസേചനം.  മനുഷ്യന്റെ സാമൂഹികവും സാംസ്‌കാരികവുമായ ബോധത്തെ നിർണയിക്കുന്നത് കൃഷിയാണ്. ഈ കാർഷികവീര്യത്തിന്റെ വിജയമാണ് മാനവവിജയമെന്നും അദ്ദേഹം ഈ കവിതയിലൂടെ വ്യക്തമാക്കുന്നു.
ലോകത്തിന്റെതന്നെ പരിണാമ ഘട്ടത്തിലാണ് വൈലോപ്പിള്ളി തന്റെ കാവ്യജീവിതം ആരംഭിച്ചത്. കൃഷിയിൽനിന്നും യന്ത്രവത്കൃത ലോകത്തേക്കും രാജഭരണത്തിൽനിന്നും ജനാധിപത്യത്തിലേക്കുമുള്ള പരിണാമത്തിന്റെ ഇടയിലാണ് അദ്ദേഹം കവിതകൾ രചിച്ചത്. അതുകൊണ്ടു തന്നെയാകണം ഈ പരിണാമ കാലഘട്ടത്തിന്റെ നേർച്ചിത്രങ്ങൾ കൂടിയാണ് അദ്ദേഹത്തിന്റെ കവിതകൾ. അതിഭാവുകത്വത്തിൽനിന്നും മാറി യുക്തി ചിന്തയും ആധുനികതയും യാഥാർഥ്യബോധവുമെല്ലാം അദ്ദേഹത്തിന്റെ കവിതകളിൽ സ്ഥാനം പിടിച്ചു.

വൈലോപ്പിള്ളി
1911 മേയ് 11-ന്‌ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിയമ്മയാണ് ഭാര്യ. 
18-ാം വയസ്സിലാണ് വൈലോപ്പിള്ളി കവിതയെഴുതിത്തുടങ്ങിയത്.  കന്നിക്കൊയ്ത്താണ് ആദ്യ കവിതാസമാഹാരം. 1947-ലാണ് ഇത് പുറത്തിറങ്ങിയത്. അനശ്വരമായ ‘മാമ്പഴം’ കവിത  ഈ സമാഹാരത്തിലാണുള്ളത്. ശ്രീരേഖ, കുടിയൊഴിക്കൽ, ഓണപ്പാട്ടുകാർ, കുന്നിമണികൾ, വിത്തും കൈക്കോട്ടും, ഋശ്യശൃംഗനും അലക്സാണ്ടറും, കടൽക്കാക്കകൾ, കുരുവികൾ, കയ്പവല്ലരി, വിട, മകരകൊയ്ത്ത് തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങൾ.
സാഹിത്യനിപുണൻ ബഹുമതി, മദ്രാസ് ഗവണ്മെന്റ് അവാർഡ്, ആശാൻ പ്രൈസ്‌, സോവിയറ്റ് ലാൻഡ് നെഹ്രു പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ പുരസ്കാരം, എം.പി. കൃഷ്ണമേനോൻ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 1931 മുതൽ പത്തു വർഷത്തോളം സമസ്ത കേരള സാഹിത്യപരിഷത്തിന്റെ പ്രവർത്തിച്ചു. പു.ക.സ.(പുരോഗമന കലാസാഹിത്യ സംഘം)യുടെ ആദ്യത്തെ സംസ്ഥാനാധ്യക്ഷനായിരുന്നു. 1968-’71 വരെ കേരള സാഹിത്യ അക്കാദമി അംഗം ആയിരുന്നു. 1985 ഡിസംബർ 22-ന് അന്തരിച്ചു.