ഓഗസ്റ്റ് 20 ലോക കൊതുക് ദിനം

മലേറിയ ബാധിച്ച് ആളുകൾ മരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. വായുവിലൂടെയാണ് ഇതുപകരുക എന്നായിരുന്നു വിശ്വാസം. എന്നാൽ, 1897 ഓഗസ്റ്റ് 20-ന് ഡൊണാൾഡ് റോസ് എന്ന ബ്രിട്ടീഷ് ഡോക്ടർ കൊതുകുകളാണ് മലേറിയ പരത്തുന്നതെന്ന് കണ്ടെത്തി. ബ്രിട്ടീഷ്‌ ഇന്ത്യയിലെ അൽമോറയിൽ ജനിച്ച അദ്ദേഹംഇംഗ്ളണ്ടിലെ വൈദ്യശാസ്ത്രപഠനത്തിനുശേഷം ഇന്ത്യൻ മെഡിക്കൽ സർവീസിൽ പ്രവേശിച്ചു. ഇന്ത്യയിൽവെച്ചാണ്‌ കണ്ടെത്തിൽ നടത്തിയത്‌.  മലേറിയ ബാധിതരുടെ രക്തത്തിൽ കണ്ടെത്തിയ രോഗകാരിയായ പരാദത്തെ (പ്ളാസ്‌മോഡിയം) പരിസരപ്രദേശത്തെ കൊതുകിൽനിന്ന്‌ അദ്ദേഹം കണ്ടെത്തുകയായിരുന്നു. ഈ ദിനത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 20 ലോക കൊതുക് ദിനമായി ആചരിക്കുന്നത്. 1902-ൽ റോസിന് നൊബേൽ സമ്മാനം ലഭിച്ചു. 

മനുഷ്യനും മുമ്പ്
22.6 കോടി വർഷങ്ങൾക്കുമുമ്പും കൊതുകുകൾ ജീവിച്ചിരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഏകദേശം 3500 വർഗം കൊതുകുകളെയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. 
ഇവയിൽ 100 ഇനം പെൺകൊതുകുകൾ മാത്രമാണ് രക്തം കുടിക്കുകയും രോഗം പരത്തുകയുമൊക്കെ ചെയ്യുന്നത്. ബാക്കിയുള്ളവ തേനും ചെടികളിലെ നീരുമൊക്കെ കുടിച്ച് ജീവിക്കുന്നവരാണ്.

പകർത്തുന്ന രോഗങ്ങൾ
ഡെങ്കിപ്പനി, മന്ത്, മലേറിയ, വെസ്റ്റ് നൈൽ പനി, മഞ്ഞപ്പനി ഉൾപ്പെടെ ഒട്ടേറെ രോഗങ്ങളാണ് കൊതുക് പരത്തുന്നത്. പ്രതിവർഷം 20 ലക്ഷം പേരാണ് കൊതുകുകടി കാരണമുണ്ടാകുന്ന രോഗങ്ങളാൽ മരണപ്പെടുന്നത്. ലോക ജനസംഖ്യയുടെ പകുതിയും കൊതുകൾ പരത്തുന്ന രോഗങ്ങളിൽനിന്ന് ഭീഷണി നേരിടുന്നു. വികസ്വരരാജ്യങ്ങളാണ് കൂടുതൽ വെല്ലുവിളികൾ നേരിടുന്നത്.

 ഇവരെ ശ്രദ്ധിക്കുക


അനോഫിലസ്
:ചിറകുകളിൽ പുള്ളികളും ചെറിയ ശരീരവുമുള്ളവയാണ് ഇത്തരം കൊതുകുകൾ. മലേറിയയ്ക്ക് കാരണമായ ഏകകോശ ജീവികളായ പ്ലാസ്‌മോഡിയത്തെ വഹിക്കുന്നത് അനോഫിലസ് കൊതുകുകളാണ്. പെൺകൊതുകുകളുടെ വയറ്റിൽ കഴിയുന്ന രോഗകാരിയായ പരാദം പിന്നീട് കൊതുകു കടിയേൽക്കുന്ന മനുഷ്യരിലും ജന്തുക്കളിലും എത്തിച്ചേരുന്നു. തലച്ചോറിനെയും നാഡീവ്യവസ്ഥയെയും സാരമായി ബാധിക്കുന്ന രോഗം, രോഗിയെ മരണത്തിലേക്ക് തള്ളിവിടുന്നു. മലേറിയ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നവരിലധികവും കുട്ടികളാണ്.  850000 പേരാണ് മലേറിയ ബാധിച്ച് ലോകത്ത് മരിക്കുന്നത്.

ക്യുലെക്സ് പിപിയെൻസ്
താരതമ്യേന വലുപ്പം കൂടിയവയാണ് ഇത്തരം കൊതുകുകൾ. ജാപ്പനീസ് മസ്തിഷ്ക വീക്കം, വെസ്റ്റ് നൈൽ പനി, സെയ്‌ന്റ് ലൂയിസ് മസ്തിഷ്കവീക്കം, എന്നിവയാണ് ക്യൂലെക്സ് കൊതുകുകൾ പരത്തുന്ന രോഗങ്ങൾ

ഈഡിസ് ഈജിപ്തി
:ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, സിക വൈറസ് മഞ്ഞപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പരത്തുന്നത് ഈഡിസ് കൊതുകുകളാണ്. കാലുകളിലെ വെള്ള വരകളാണ് ഇവയെ കണ്ടെത്താൻ സഹായിക്കുന്നത്. ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഇത്തരം കൊതുകുകൾ കൂടുതലായി കണ്ടുവരുന്നത്. 


കൊതുകിന്‌ എതിരേ കൊതുകുപട
ലോകത്തെ മിക്ക ഭൂഖണ്ഡത്തിലുമെത്തിയ അധിനിവേശ ഇനമാണ് ഈഡിസ് വിഭാഗത്തിലെ ഏഷ്യൻ കടുവ കൊതുക് (Asian Tiger Mosquito). മലമ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പനി, ജപ്പാൻജ്വരം, സിക വൈറസ്, ചിക്കുൻഗുനിയ ഒക്കെ പരത്തുന്നതിൽ മുഖ്യപ്രതികളായ ഇവരെ തെക്കൻചൈനയിലെ ഗോൻജവു നഗരത്തിലെ രണ്ടു ദ്വീപുകളിൽനിന്ന് തുടച്ചു മാറ്റാൻ ഗവേഷകർ കഴിഞ്ഞുവെന്നത് കൊതുക് നിർമാർജന പ്രവർത്തനങ്ങളിലെ ശ്രദ്ധേയസംഭവമാണ്. വന്ധ്യംകരിച്ച 20 കോടി കടുവാ കൊതുകുകളെ രണ്ടു വർഷത്തിനിടെ ദ്വീപുകളിലേക്ക് തുറന്നുവിടുകയായിരുന്നു. അതു വഴി ഇരു ദ്വീപുകളിലെയും കടുവാ കൊതുകുകളുടെ 94 ശതമാനവും നശിക്കുകയും ആളുകൾക്ക് കടിയേൽക്കുന്നതിന്റെ 97 ശതമാനവും കുറയുകയും ചെയ്തു. ജനവാസകേന്ദ്രത്തിൽ നിന്ന് ജൈവസങ്കേതം വഴി കൊതുകുകളെ പൂർണമായി ഇല്ലാതാക്കുന്ന ആദ്യത്തെ സംഭവമായിരുന്നു ഇത്. 2019 ജൂലായ്‌ 17-നാണ്‌ പഠനം പുറത്തുവന്നത്‌.