മഴയുമായി ജൂണെത്തിയിട്ടും കൂട്ടുകാരാരും സ്കൂളുകളിലെത്തിയിട്ടില്ല. ലോകം കാർന്നുതിന്നുന്ന കോവിഡ്-19 രോഗകാരിയായ കൊറോണ വൈവസ്‌ ആണ് സ്കൂൾ ജീവിതം പോലും കവർന്നത്. സാമൂഹിക അകലംപാലിക്കലിനും വ്യക്തിശുചിത്വത്തിനുമൊക്കെ ഏറെ പ്രധാന്യമുള്ള കൊറോണക്കാലത്ത്  കുട്ടികളെത്തേടി അധ്യാപകർ സ്മാർട്ട്‌ ഫോണുകളിലും ടി.വി.യിലുമൊക്കെയായി വീടുകളിലാണെത്തുന്നത്. 
വീട്ടിലിരുന്നുള്ള ഒരുമണിക്കൂർ, രണ്ടുമണിക്കൂർ ക്ലാസുകൾക്കൊപ്പം കൂടുതലറിവുകളും പുതിയ ഭാഷകളുമൊക്കെ പഠിക്കാൻ സഹായകരമാകുന്ന ഒട്ടേറേ കംപ്യൂട്ടർ ആപ്ലിക്കേഷനുകളാണ് ഇന്ന് നിലവിലുള്ളത്. അത്തരം ചില ആപ്ലിക്കേഷനുകളും ഓൺലൈൻ സൈറ്റുകളും വിദ്യയിലൂടെ ഒന്ന് പരിചയപ്പെടാം. ചെലവുകുറഞ്ഞതും സമയം
ലാഭിക്കാൻ സഹായിക്കുന്നവയുമായ 
ഈ പുതുപഠനവഴികൾ ലോകത്തിന്റെ ഏതുഭാഗത്തുള്ള വിദ്യാർഥികൾക്കും ഒരുപോലെ എളുപ്പത്തിൽ ലഭ്യമാകുന്നവയാണ്. കൊച്ചുകൂട്ടുകാർക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനകരമാണ് ഇവയിൽപ്പലതും. പക്ഷേ, കുട്ടികൾ വളരെ ശ്രദ്ധയോടെവേണം ഇത്തരം ആപ്പുകളിൽ കൈവെക്കാൻ. കരുതലോടെ ഉപയോഗിച്ചാൽ ക്ലാസിലെ പാഠത്തിന്‌ ഉപരി ഒരുപാട് പുതിയ അറിവുകളാണ് നിങ്ങളെകാത്തിരിക്കുന്നത്.

 ഖാൻ അക്കാദമി
ലോകത്തെ ഏറ്റവും പ്രശസ്തമായ സൗജന്യ വിദ്യാഭ്യാസ പോർട്ടലാണ് ഖാൻ അക്കാദമി. 2009-ൽ സൽമാൻ ഖാൻ എന്ന യു.എസുകാരനാണ് കുട്ടികൾക്ക് കണക്കിലും ഇംഗ്ലീഷിലും മറ്റും സൗജന്യ വീഡിയോ ക്ലാസുകൾ നൽകുകയെന്ന ലക്ഷ്യത്തോടെ ഖാൻ അക്കാദമി ആരംഭിച്ചത്. എല്ലാ പ്രായക്കാരായ കുട്ടികൾക്കുമുള്ള കോഴ്സുകൾ അക്കാദമി നൽകുന്നുണ്ട്. രണ്ടുമുതൽ ഏഴുവയസ്സുവരെയുള്ള കുട്ടികൾക്ക് കണക്കും വായനയും സാമൂഹിക, വൈകാരിക കഴിവുകളുമൊക്കെ വികസിപ്പിക്കാനുള്ള രസകരമായ ക്ലാസുകളും പ്രവർത്തനങ്ങളും ഖാൻ അക്കാദമിയുടെ പ്രത്യേകതയാണ്. ഇന്ത്യൻ വിദ്യാർഥികൾക്കായി പ്രത്യേക വിഭാഗവും അക്കാദമി ഒരുക്കിയിട്ടുണ്ട്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലുമൊക്കെ ലഭ്യമാണ്.

ഉമാങ് ആപ്പ്
സ്കൂൾകുട്ടികൾക്കുവേണ്ടി കേന്ദ്രസർക്കാർ അവതരിപ്പിച്ച ഔദ്യോഗിക ആപ്പ്. യൂണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ ഏജ് ഗവേർണൻസ് ആണ് (യു.എം.എ.എൻ.ജി.) ഉമാങ്. വിദ്യാർഥികൾക്കുവേണ്ട ഒരുകോടിയിലധികം ഇ-ബുക്കുകൾ, ഓഡിയോ ഫയലുകൾ, വീഡിയോകൾ എന്നിവ ഇതിലുണ്ട്. പ്ലേസ്റ്റോറിലും ആപ്‌ സ്റ്റോറിലും ലഭ്യമാണ്‌.
 ഇ-പാഠശാല
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എൻ.സി.ആർ.ടി.യും ഐ.സി.ഇ.ടി.യും ചേർന്നാണ് ഇ-പാഠശാല അവതരിപ്പിച്ചത്. കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കുംവേണ്ട പാഠപുസ്തകങ്ങളും പഠനസഹായികളും മറ്റു പുസ്തകങ്ങളുമൊക്കെ ലഭിക്കും. പ്ലേസ്റ്റോറിലും ആപ്‌ സ്റ്റോറിലും ലഭ്യമാണ്‌.
 ഡ്യുഓലിങ്കോ
കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം കൂടുതൽ ഭാഷകൾ പഠിക്കാനുള്ള അവസരം നൽകുന്ന ആപ്പ്. ഫ്രെഞ്ച്, സ്പാനിഷ്, ജാപ്പനീസ് തുടങ്ങി മുപ്പതോളം ഭാഷകൾ പഠിക്കാനുള്ള അവസരമാണ് ഡ്യുഓലിങ്കോ ഒരുക്കുന്നത്. ഭാഷാസ്നേഹം വളർത്താനായി ചെറിയ ചെറിയ പരീക്ഷകളും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളുമൊക്കെ ഡ്യുഓലിങ്കോ നൽകും. ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം സ്വയം പരീക്ഷിക്കാം. ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലുമൊക്കെ സൗജന്യമായി ലഭിക്കുന്ന ഡ്യുഓലിങ്കോ ലോകത്തിലേറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്പുകളിലൊന്നാണ്.
 ലേൺ ഇംഗ്ലീഷ് കിഡ്സ്
കുട്ടികൾക്ക് രസകരമായി ഇംഗ്ലീഷ് പഠിക്കാനായി ബ്രിട്ടിഷ് കൗൺസിൽ ആരംഭിച്ചത്. പാട്ടും കഥകളും ഗെയിമുകളുമൊക്കെയാണ് ഇംഗ്ലീഷ് പഠനമെളുപ്പമാക്കാനായി ഈ സൗജന്യ ആപ്പിലൊരുക്കിയിട്ടുള്ളത്. പ്ലേസ്റ്റോറിലും ആപ്‌ സ്റ്റോറിലും ലഭ്യമാണ്‌.
 മാത്ത് ഗെയിംസ്-ബ്രെയിൻ ട്രെയിനിങ്
ഗണിതസംബന്ധമായ ഗെയിമുകളാണ് ഇതിന്റെ പ്രത്യേകത. ലളിതമായ കണക്കുകൂട്ടലുകളിലൂടെയാണ് ഓരോ റൗണ്ടും പൂർത്തിയാക്കുന്നത്. സമയത്തിനനുസരിച്ച് കളികൾ പൂർത്തിയാക്കാം. ഓർമശക്തിയും വേഗത്തിൽ കണക്ക് ചെയ്യാനുള്ള കഴിവുമൊക്കെ ഇതിൽ പരിശോധിക്കപ്പെടും. പ്ലേ സ്റ്റോറിൽ മാത്രമേ ഈ ഗെയിമുള്ളൂ.
 ടെഡ് എഡ്@ഹോം
വിദ്യാർഥികളെയും വിവിധ വിഷയങ്ങളിൽ പ്രഗല്ഭരായ അധ്യാപകരെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ പ്രശസ്തമായ ടെഡ് എക്സ് ലോക്‌ഡൗൺ കാലത്ത് വിദ്യാർഥികൾക്കായി ആരംഭിച്ചതാണ് ടെഡ് എഡ്@ഹോം. പ്രൈമറി ക്ലാസ്‌ മുതൽ കോളേജ്തലംവരെ വിദ്യാർഥികൾക്കുള്ള വിഷയങ്ങൾ ടെഡ് എഡ് @ഹോം എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
 നാഷണൽ ജോഗ്രഫിക് കിഡ്സ്
കുട്ടികൾളുടെ അറിവിന്റെ മേഖല വികസിപ്പിക്കാനുള്ള കളികളും വീഡിയോകളുമൊക്കെ നാഷണൽ ജോഗ്രഫിക് കിഡ്സ് എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കുട്ടികളുടെ പ്രിയപ്പെട്ട മൃഗങ്ങളും സ്ഥലങ്ങളുമൊക്കെ ബന്ധിപ്പിച്ച് കൂടുതൽ വിവരങ്ങൾ നൽകുകയാണിത് ചെയ്യുന്നത്.
 ക്രാഷ് കോഴ്സ് കിഡ്സ്
ശാസ്ത്രസംബന്ധമായ വിഷയങ്ങളിലുള്ള വീഡിയോകളാണ് ഈ യുട്യൂബ് ചാനലിന്റെ പ്രത്യേകത. ആനിമേഷനിലൂടെയാണ് വിവിധ വിഷയങ്ങൾ കുട്ടികൾക്കുമുമ്പിൽ രസകരമായി അവതരിപ്പിക്കുന്നത്.

തയ്യാറാക്കിയത്‌: അനൈഡ ഡേവിസ്‌