കൂടുതൽ വിവരങ്ങൾ
 

SKOLSTREJK FOR KLIMATET സ്വീഡിഷ് ഭാഷയിൽ സ്കൂൾ സ്ട്രൈക്ക് ഫോർ ക്ലൈമറ്റ് (School Strike for Climate) എന്ന മുദ്രാവാക്യത്തോടെ വെള്ളിയാഴ്ചകളിൽ പഠിപ്പുമുടക്കി ഒറ്റയ്ക്ക് സ്വീഡിഷ്  പാർലമെന്റിൽ പോയിരുന്നു കാലാവസ്ഥ സംരക്ഷണത്തിനുവേണ്ടി കുത്തിയിരിപ്പ് സമരം നടത്തിയത് വഴിയാണ്  ഗ്രെറ്റ ത്യുൻബേ ലോക ശ്രദ്ധയാകർഷിക്കുന്നത്.  സാമൂഹികബന്ധങ്ങൾ കൈകാര്യം ചെയ്യാനും ആശയവിനിമയം നടത്താനും ബുദ്ധിമുട്ടുള്ള അവസ്ഥയാണ് Asperger's Syndrome.

 

നവംബർ 14-ന് പ്രഖ്യാപിക്കുന്ന ഈ  പുരസ്കാരം റിപ്പബ്ലിക്ദിനത്തിലാണ് സമ്മാനിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ എന്ന സംഘടനയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. 

ബാലവേല വിമുക്തമായ ഉത്‌പന്നങ്ങൾക്ക് അതിന്റെ ഗുണനിലവാരത്തിന് നൽകുന്ന സർട്ടിഫിക്കേഷൻ ആണ് റഗ് മാർക്ക്. തന്റെ നാലാം വയസ്സിൽത്തന്നെ പരവതാനി വ്യവസായ മേഖലയിൽ മറ്റ് കുട്ടികളോടൊപ്പം അടിമയെപ്പോലെ കഴിയേണ്ടി വന്ന ക്രിസ്ത്യൻ ബാലനായിരുന്നു ഇഖ്ബാൽ മെസി. അവിടെനിന്ന്‌ രക്ഷപ്പെടുകയും പിന്നീട് സമാനമായ സാഹചര്യങ്ങളിൽ ജോലിചെയ്യുന്ന മൂവായിരത്തോളം കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്ത ഇഖ്ബാൽ ലോകശ്രദ്ധ നേടി. പക്ഷേ, പരവതാനി വ്യവസായികൾ ഏർപ്പെടുത്തിയ വാടകക്കൊലയാളികളാൽ കൊല്ലപ്പെടുകയാണുണ്ടായത്. ഇലക്‌ട്രിക്കൽ എൻജിനിയർ ആയിരുന്ന കൈലാഷ് സത്യാർഥി തന്റെ ജോലി ഉപേക്ഷിച്ചാണ് 1980-ൽ ഈ പ്രസ്ഥാനം സ്ഥാപിക്കുന്നത്. എൺപതിനായിരത്തിലധികം കുട്ടികളെ ബാലവേലയിൽനിന്ന്‌ രക്ഷിക്കാൻ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. BBA എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന  ഈ സംഘടനയുടെ കീഴിലാണ് നിർബന്ധിത കരാർ തൊഴിലുകളിൽ ഏർപ്പെട്ട കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ റസ്ക്യൂ ഹോമായ ‘മുക്തി ആശ്രമം’ ആരംഭിച്ചത്.

1946-ൽ United Nations International Children’s Emergency Fund എന്ന പേരിൽ നിലവിൽവന്ന UNICEF 1953-ൽ യുണൈറ്റഡ് നേഷൻസ് സിസ്റ്റത്തിൽ സ്ഥിരം അംഗമാവുകയും പേരിൽനിന്നും International, Emergency എന്നീ വാക്കുകൾ ഒഴിവാക്കുകയും ചെയ്തു. ഇരുനൂറിലധികം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ സംഘടനയുടെ കേന്ദ്രം ന്യൂയോർക്ക് ആണ്.

തൃശ്ശൂർ ദേവമാതാ സി.എം.ഐ. പബ്ലിക് സ്കൂളിലെ വിദ്യാർഥിയായ നിഹാൽ സരിൻ, 2004 ജൂലായ്‌ 13-നാണ് ജനിച്ചത്. ആറാം വയസ്സിൽ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ  അന്താരാഷ്ട്ര ഫിഡെ റേറ്റഡ് താരമായി മാറിയ നിഹാൽ, തന്റെ പതിന്നാലാം വയസ്സിലാണ് ഗ്രാൻഡ് മാസ്റ്റർ പട്ടം നേടുന്നത്.  2019 നവംബറിൽ  ഫ്രാൻസിൽ​െവച്ച് നടന്ന നാലുമത്സരങ്ങളടങ്ങിയ ക്ലാസിക്കൽ പോരാട്ടത്തിൽ മുൻ ലോക ഒന്നാം നമ്പർതാരം അനറ്റൊളി കാർപ്പോവിനെ സമനിലയിൽ തളച്ച് ലോക ശ്രദ്ധ നേടി നിഹാൽ.

1976 മേയ് 19-നു എം.ടി. ജോസഫ്-ചിന്നമ്മ ദമ്പതിമാർക്ക് ജനിച്ച ഏക മകനായിരുന്നു ക്ലിന്റ് എന്ന ചുരുക്കപ്പേരിൽ വിളിച്ചിരുന്ന എഡ്മണ്ട് തോമസ് ക്ലിന്റ്. കുട്ടികൾക്കായി എഡ്മണ്ട് തോമസ് ക്ലിന്റ് മെമ്മോറിയൽ പെയിന്റിങ്‌ മത്സരം ക്ലിന്റിന്റെ ഓർമയ്ക്കായി കൊച്ചിയിൽ നടക്കാറുണ്ട്. ക്ലിന്റ് ഈസ്റ്റ് വുഡ്  എന്ന ഹോളിവുഡ് നടനോടുള്ള ആരാധനയിൽനിന്നാണ് മാതാപിതാക്കൾ ക്ലിന്റ് എന്ന പേരു നൽകിയത്.  

ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള പുസ്തകപരമ്പരയാണ് ഹാരി പോട്ടർ. ഹോഗ്വാർട്സ് എന്ന മാജിക്‌ സ്കൂളിൽ നടക്കുന്ന ഹാരി പോട്ടറുടെയും കൂട്ടുകാരുടെയും കഥ 1998-ൽ വാർണർ ബ്രദേഴ്‌സ് കമ്പനി ആണ്  സിനിമയാക്കാൻ തീരുമാനിച്ചത്. ബ്രിട്ടീഷ് നടനായ ഡാനിയേൽ റാഡ്ക്ലിഫ് ആണ് ഹാരി പോട്ടറെ വെള്ളിത്തിരയിൽ അനശ്വരനാക്കിയത്.

1954-ലാണ് യൂണിവേഴ്സൽ ചിൽഡ്രൻസ് ഡേ എന്ന ആശയം രൂപപ്പെടുന്നത്. 1959 നവംബർ 20-ന്‌ ബാലാവകാശ പ്രഖ്യാപനവും 1989 നവംബർ 20-ന്‌ ബാലാവകാശ കൺവെൻഷനും  UN അംഗീകരിച്ചു. Universal Children’s day യ്ക്ക് സമാനമായ മറ്റൊരു ദിവസമായ International Children’s day എല്ലാ വർഷവും ജൂണിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ആചരിക്കുന്നത്.


ഇന്ത്യൻ ഭരണഘടനയിൽ  കുട്ടികളുടെ അവകാശസംരക്ഷണ നിർദേശങ്ങൾ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അതിലെ നിർദേശങ്ങളും  ഐക്യരാഷ്ട്രസഭ സമ്മേളനത്തിലെ കുട്ടികളുടെ അവകാശപ്രഖ്യാപനവും  ഉൾക്കൊണ്ടാണ്  NCPCR ന്‍റെ  രൂപവത്‌കരണം.

ഒളിമ്പിക്സിൽ, ജിംനാസ്റ്റിക്കിൽ ആദ്യമായി പെർ​െഫക്ട് 10 നേടിയ വനിതയാണ്‌ നാദിയ. 1976 മോൺട്രിയാൽ ഒളിമ്പിക്സിലായിരുന്നു  അവർ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയ്ക്കുവേണ്ടി 2016 റിയോ ഒളിമ്പിക്സിൽ ജിംനാസ്റ്റിക്കിൽ പങ്കെടുത്തത് ദിപ കർമാകറാണ്.

 

ചോദ്യങ്ങൾ

 ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ (Fridays For Future) എന്ന പ്രസ്ഥാനത്തിന് 2018-ൽ റൈറ്റ് ലൈവ്‌ലി ഹുഡ് പുരസ്കാരം ലഭിച്ച ഇവർ ഈ പ്രസ്ഥാനം തുടങ്ങാനുള്ള കാരണങ്ങളിലൊന്നായി പറഞ്ഞത് Asperger Syndrome എന്ന ഇവർക്കുള്ള അവസ്ഥയാണ്. ഈ വ്യക്തിയുടെ ജീവിതത്തെപ്പറ്റി ഇവരുടെ അമ്മ Malena Ernman എഴുതിയ പുസ്തകമാണ് ‘Scenes from the heart’. 2019-ലെ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ഈ വ്യക്തി ആര്?

 1957-ലെ ഗാന്ധി ജയന്തി ദിവസം രാംലീല മൈതാനത്ത് നടന്ന പ്രകടനത്തിനിടെ ഉണ്ടായ തീപ്പിടിത്തത്തിൽ, ഹരീഷ് ചന്ദ്ര എന്ന ബാലൻ നടത്തിയ രക്ഷാപ്രവർത്തനം കണ്ടുനിന്ന ജവാഹർലാൽ നെഹ്രു ആണ് ഇതാദ്യമായി ശുപാർശ ചെയ്യുന്നത്. 1978 ജൂൺ ഡൽഹിയിൽെവച്ച് നടന്ന രംഗ-ബില്ല ആക്രമണത്തിൽ കൊല്ലപ്പെട്ട സഞ്ജീവ് ചോപ്ര, ഗീത ചോപ്ര എന്നിവരുടെ പേരിലും നൽകാൻ ആരംഭിച്ചു. എന്ത്?

 സമാധാനത്തിനുള്ള നൊബേൽസമ്മാനം കൈലാഷ് സത്യാർഥിക്ക് ലഭിച്ചപ്പോൾ അദ്ദേഹം അത് സമർപ്പിച്ചത് പന്ത്രണ്ടാം വയസ്സിൽ വെടിയേറ്റു മരിച്ച ഇഖ്ബാൽ എന്ന പാകിസ്താനി ബാലനായിരുന്നു. ഗുഡ്‌വീവ് ഇന്റർനാഷണൽ എന്ന സംഘടന സ്ഥാപിച്ചുകൊണ്ട്‌ ബാല വേലയ്ക്കെതിരായ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണ് അദ്ദേഹം ഈ പുരസ്കാരത്തിനർഹനായത്. ഈ സംഘടന മുമ്പ് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ?

 


 രണ്ടാം ലോക മഹായുദ്ധത്തിലെ കെടുതികൾ അനുഭവിച്ച രാജ്യത്തിലെ കുട്ടികൾക്ക് ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ 1946 ഡിസംബർ 11-ന്‌ നിലവിൽ വന്ന ഈ സംഘടനയുടെ സ്ഥാപകനായി കണക്കാക്കുന്നത് പോളിഷ് ഡോക്ടറായ Ludwik W. Rajchman-നെയാണ്. 1965-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം, 1989-ലെ ഇന്ദിരാഗാന്ധി പീസ് പ്രൈസ് എന്നീ പുരസ്കാരങ്ങൾ നേടിയ  ഈ സംഘടന 1992-ൽ ലോകാരോഗ്യസംഘടനയുമായി ചേർന്ന് ‘ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റലുകൾക്കും’ തുടക്കം കുറിച്ചു. ഏതു സംഘടന?

 തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ ത്വഗ്രോഗ വിദഗ്‌ധന്റെ മകനായ ഈ വിദ്യാർഥി തൃശ്ശൂർ ജില്ലയിലെ പൂത്തോൾ എന്ന പ്രദേശത്താണ് ജനിച്ചത്. 2014-ൽ അണ്ടർ 10 ലോകചാമ്പ്യൻ ആയിട്ടുള്ള ഈ ബാലൻ 2015-ൽ അണ്ടർ 12 ലോകചാമ്പ്യൻഷിപ്പിൽ വെള്ളിമെഡലും നേടിയിട്ടുണ്ട്. ലോക യൂത്ത് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിലും ഏഷ്യൻ യൂത്ത് റാപ്പിഡ്-ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പുകളിലും ജേതാവായിട്ടുള്ള ഈ അതുല്യ പ്രതിഭയെ തിരിച്ചറിയുക?

 അസാമാന്യ സംഗീതപാടവമുള്ള, വളരെ ചെറുപ്പത്തിൽ മരിക്കുന്ന ഒരു കുട്ടിയുടെ കഥ പറയുന്ന  ആനന്ദഭൈരവി എന്ന ചലച്ചിത്രത്തിന്റെ പ്രചോദനം ഈ ബാലന്റെ ജീവിതമായിരുന്നു എന്ന് സംവിധായകൻ ജയരാജ് പറയുന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഹരികുമാർ ഈ  വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കി  സംവിധാനം ചെയ്ത ചിത്രം 2017-ൽ പുറത്തിറങ്ങി. മാസ്റ്റർ അലോക് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, റിമ കല്ലിങ്കൽ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തി. വൃക്കകൾക്കു സംഭവിച്ച ഗുരുതരമായ രോഗം മൂലം അകാലത്തിൽ മരിച്ച ഇൗ കുട്ടിയെ തിരിച്ചറിയുക.

 റോബർട്ട്‌ ഗാൽബ്രെയിത് എന്ന തൂലികാനാമത്തിൽ കുക്കൂസ് കോളിങ്‌, ദി സിൽക്ക് വേം, കരിയർ ഓഫ് ഈവിൾ, ലെതൽ വൈറ്റ് എന്നീ  കുറ്റാന്വേഷണനോവലുകൾ രചിച്ചിട്ടുള്ള ഇവർ, കാഷ്വൽ വാക്കൻസി എന്ന മറ്റൊരു നോവലും രചിച്ചിട്ടുണ്ട്. എന്നാൽ, മറ്റൊരു കൃതിയുടെ പേരിലാണ് ഇവർ ലോകപ്രശസ്തയായത്. എഴുത്തിലൂടെ ശതകോടീശ്വരിയായ ആദ്യ വ്യക്തി എന്നാണ് ഫോബ്‌സ് മാസിക 2004-ൽ ഇവരെ വിശേഷിപ്പിച്ചത്. ഏത് പുസ്തകം? ആരാണീ വ്യക്തി?

 1924-ൽ ലീഗ് ഓഫ് നേഷൻസ്, ‘വേൾഡ് ചൈൽഡ് വെൽഫെയർ ചാർട്ടർ’ എന്ന നിലയ്ക്ക് ഒപ്പുവെച്ച Declaration of the rights of the child ആണ് അന്തർദേശീയതലത്തിൽ  ഗവണ്മെന്റ് ഇതര സംഘടനയാൽ അംഗീകരിക്കപ്പെടുന്ന ആദ്യത്തെ മനുഷ്യാവകാശപ്പത്രിക. Eglantyne Jebb എന്ന ഇംഗ്ലീഷ് സാമൂഹികപ്രവർത്തക രൂപംനൽകിയ ഇതിന്റെ പരിഷ്കൃതരൂപം 1959 നവംബർ 20-ന് യുണൈറ്റഡ് േനഷൻസും അംഗീകരിച്ചു. എന്തു ദിവസമായാണ് നവംബർ 20 ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്?

 2005-ൽ പാർലമെന്റ് പാസാക്കിയ സി.പി.സി.ആർ. എന്ന നിയമത്തെ തുടർന്ന് 2007-ൽ നിലവിൽവന്നതാണ് ഇത്. ദേശീയ വനിത-ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ഈ സ്ഥാപനം പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി രൂപം കൊണ്ടതാണ്. എന്താണിതിന്റെ പേര്?

 1961 നവംബർ 12-ന് റൊമാനിയയിൽ ജനിച്ച  നാനാ എന്ന് വിളിക്കപ്പെടുന്ന ഈ പെൺകുട്ടിയാണ് പതിനഞ്ചാം വയസ്സിൽ ഒളിമ്പിക്സ് ചരിത്രത്തിലെ മറ്റാരും നേടാത്ത ഒരു അസാധാരണ നേട്ടം കൈവരിച്ചത്. ചെറുപ്പത്തിൽ വളരെ  വികൃതിയായതിനാൽ ഇവരുടെ അമ്മ ഈ കായിക ഇനത്തിൽ പരിശീലനം നൽകാൻ തീരുമാനിച്ചു. പിന്നീട് ഈ ഇനത്തിൽ അഞ്ച് ഒളിമ്പിക്സ് സ്വർണങ്ങൾ നേടുകയും ചെയ്ത ആ പതിനഞ്ചുകാരി ആര്? ഏത് കായികയിനം?


ഉത്തരങ്ങൾ
1. ഗ്രെറ്റ ത്യുൻബേ/Greta Thunberg
2. കുട്ടികൾക്കായുള്ള ദേശീയ ധീരതാ പുരസ്കാരങ്ങൾ 
3. റഗ് മാർക്
4. യൂണിസെഫ്
5. നിഹാൽ സരിൻ
6. ക്ലിന്റ്
7. ഹാരി പോട്ടർ, ജെ. കെ. റൗളിങ്
8. യൂണിവേഴ്സൽ ചിൽഡ്രൻസ് ഡേ
9. NCPCR (National Commission for Protection of Child Rights)
10. നാദിയ കൊമനേച്ചി, ജിംനാസ്റ്റിക്സ്