വെളുത്ത കുർത്തകളണിഞ്ഞും പോക്കറ്റുകളിൽ നല്ല ചുവന്ന റോസാപ്പൂക്കൾ വെച്ചും ഗമയോടെ എത്തുന്ന കുട്ടി ചാച്ചാമാർ, എന്തിനെന്നുപോലുമറിയാതെ അമ്മ കാണാതെ പഠിപ്പിച്ചുതന്ന പ്രസംഗവാചകങ്ങൾ തെറ്റാതെ പറഞ്ഞൊപ്പിക്കാൻ കഷ്ടപ്പെടുന്ന ഞാൻ, പാട്ടുപാടിയും കഥ പറഞ്ഞുമെല്ലാം നഴ്സറി ഹാളിനെ ആഘോഷമാക്കിമാറ്റിയ മറ്റുകൂട്ടുകാർ... ഇതെല്ലാം എന്റെ കുറച്ചുപഴകിയ ശിശുദിന ഓർമകളാണ്.
ചിത്രങ്ങളിലെ അല്പം ഉയരംകൂടിയ, കുർത്തയും കോട്ടുമൊക്കെ അണിഞ്ഞ് എപ്പോഴും ചിരിച്ചുനിൽക്കുന്ന ചാച്ചയെ എന്നുമുതലാണ് ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന് ഓർമയില്ല. ഒരുപക്ഷേ, എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ പോക്കറ്റിൽ വിരിഞ്ഞുനിന്ന റോസാപ്പൂക്കളായിരിക്കണം എന്നെ കൂടുതൽ ആകർഷിച്ചതും എന്നിൽ കൗതുകമുണർത്തിയതും.
ആരാണീ ചാച്ചാജി? എന്ന ചോദ്യത്തിന് കുറച്ച് വ്യക്തമായ ഉത്തരം ലഭിക്കുന്നത് മൂന്നിലെയോ നാലിലെയോ പാഠപുസ്തകത്തിൽനിന്നാണ്. ജവാഹർലാൽ നെഹ്രു എന്ന അദ്ദേഹം കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു.
കുട്ടികളോടൊത്ത് ചെലവഴിക്കാനാവുന്ന ഒരവസരവും അദ്ദേഹം പാഴാക്കിയിരുന്നില്ല. കുട്ടികൾ അദ്ദേഹത്തെ സ്നേഹപൂർവം ചാച്ചാജി എന്നുവിളിച്ചു.
ഉയർന്നക്ലാസുകളിൽ എത്തിയപ്പോഴേക്കും അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാൻ തുടങ്ങി. സ്വതന്ത്രഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 1889 നവംബർ 14-ന് മോത്തിലാൽ നെഹ്രുവിന്റെ മകനായി അലഹാബാദിൽ ജനിച്ചു. ഈ ദിവസം രാജ്യം ശിശുദിനമായി ആഘോഷിക്കുന്നു.
ലഖ്നൗ കോൺഗ്രസിൽവെച്ച് ഗാന്ധിജിയുമായി പരിചയപ്പെട്ട ചാച്ച, പിന്നീട് ചരിത്രംസൃഷ്ടിച്ച ഒരു രാഷ്ട്രീയ ഗുരു-ശിഷ്യ ബന്ധത്തിലെ കണ്ണിയാവുകയായിരുന്നു. 1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ നെഹ്രു തന്റെ 57-ാം വയസ്സിൽ ഇന്ത്യൻ പ്രധാനമന്ത്രിയായി. The discovery of India, Glimpses of world history, ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രശസ്തമായ രചനകളാണ്. എക്കാലവും ഭാരതത്തിനഭിമാനമായ ആ വ്യക്തിത്വം 1964 മേയ് 27-ന് ഈ ലോകത്തോട് വിടപറഞ്ഞു. കളിച്ചും ചിരിച്ചുമെല്ലാം അനേകം കുഞ്ഞുങ്ങളുടെ ഹൃദയംകവർന്ന ചാച്ചയുടെ ഓർമകൾക്കുമുന്നിൽ ഞാൻ പ്രണമിക്കുന്നു.
അനുഗ്രഹ മനോജ്
എട്ടാംതരം, കെ.ഇ.എം.എച്ച്.എസ്. ആലങ്ങാട്, എറണാകുളം
ജയിലിൽ കിടന്നുകൊണ്ട് സ്വന്തം മകൾക്ക് എഴുതിയ കത്തുകളിൽ ഭാരതത്തിന്റെ വൈവിധ്യങ്ങളെക്കുറിച്ചും നാനാത്വത്തിൽ ഏകത്വത്തെക്കുറിച്ചും സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചും നിരന്തരം ഓർമിപ്പിച്ച പിതാവാണ് ചാച്ചാജി. എന്റെ ചാച്ചാ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളും ചിന്തകളും ഒപ്പം കൊണ്ടുനടന്നു. വിദ്യാഭ്യാസം കുഞ്ഞുങ്ങളുടെ അവകാശമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
ചാച്ചാജി സ്വതന്ത്ര ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയായപ്പോൾ ഈ രാജ്യത്തിന്റെ വികസനത്തെയും ഭാവിയെയും കുറിച്ച് അളവില്ലാത്ത സ്വപ്നങ്ങൾകണ്ടു. ഭക്രാനംഗൽ അണക്കെട്ട് കമ്മിഷൻ ചെയ്തുകൊണ്ട് ആഹ്ളാദനൃത്തം ചവിട്ടിയ ഞങ്ങളുടെ ചാച്ചാ ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണെന്നാണ് അണക്കെട്ടുകളെ വിശേഷിപ്പിച്ചത്. പണ്ഡിറ്റ്ജി എന്ന ലോകനേതാവിന്റെ രാഷ്ട്രീയ ശരിയായിരുന്നു ചേരിചേരാനയം. പകയുടെയും ശീതസമരത്തിന്റെയും ചേരികൾക്കിടയിൽ സ്നേഹത്തിന്റെയും മനുഷ്യന്റെയും പക്ഷത്തുനിൽക്കുന്ന നയമായിരുന്നു ഞങ്ങളുടെ ചാച്ചാജി.
എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന, ഉൾക്കൊള്ളേണ്ട പുതിയ ഇന്ത്യയുടെ നായക രൂപമാണ് ഞങ്ങളുടെ ചാച്ചാജി. ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എനിക്ക് ചാച്ചാജിയോടുള്ള ഇഷ്ടംകൂട്ടുന്നു. ഒരച്ഛനും ജയിലിൽനിന്ന് മകൾക്ക് ഇത്തരം കത്തുകൾ അയച്ചിട്ടുണ്ടാവുകയില്ല. നാടിനെ അറിയുന്ന ബാല്യങ്ങളിലാണ് നാടിന്റെ ഭാവി എന്ന് ചാച്ചാജി വിശ്വസിച്ചു.
ചാച്ചാജി മതനിരപേക്ഷനായിരുന്നു. ഒരു മതത്തിന്റെയും ആചാരങ്ങളെ പിന്തുടർന്നില്ലെങ്കിലും എല്ലാ മതവിശ്വാസങ്ങളെയും അദ്ദേഹം അംഗീകരിച്ചു, ആദരിച്ചു. സമത്വം ചാച്ചായ്ക്ക് ഏറ്റവുമിഷ്ടപ്പെട്ട പദമായിരുന്നു. ‘നെഹ്രുവിയൻ സോഷ്യലിസം’ എന്നത് ചാച്ചാജിയുടെ ഭാരതം പിന്തുടരുന്ന, പിന്തുടരേണ്ട ശീലമാണ്.
മരണത്തിന് തൊട്ടുമുമ്പ് ഇനിയുമൊരുപാടുകാതം സഞ്ചരിക്കാനുണ്ടെന്ന റോബർട്ട് ഫ്രോസ്റ്റിന്റെ വരികൾ എഴുതിവെച്ച ചാച്ചാജി, ഭാരതത്തിനുവേണ്ടിയാണ് ജീവിച്ചത്; സ്വപ്നങ്ങൾ കണ്ടത്. കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യകണ്ട ഏറ്റവുംവലിയ ജനാധിപത്യ വാദി എന്റെ ചാച്ചാജിയായിരുന്നു.
ഗയ എ.എസ്.
ഒമ്പതാം തരം,
ഗവ. വി.എച്ച്.എസ്.എസ്., ഞെക്കാട്, തിരുവനന്തപുരം
എന്റെ ചാച്ചാജി കുഞ്ഞുങ്ങളെ വാത്സല്യത്തോടെ കണ്ടിരുന്നു. സ്നേഹിച്ചിരുന്നു. വിശുദ്ധവും ഹൃദ്യവുമായ മനസ്സിന്റെ ഉടമകൾക്ക് മാത്രമേ നിഷ്കളങ്കാരയ പുഞ്ചിരിക്ക് പിന്നിലൊരിക്കുന്ന സത്യത്തെ കണ്ടെത്താനാകുമെന്നും ചാച്ച ഒരിക്കൽ പറഞ്ഞിരുന്നു. ‘കുഞ്ഞിന്റെ മനസ്സിലേ പൂവിന്റെ പരിശുദ്ധിയുള്ളൂ. അവരുടെ ചരിയിൽ മാത്രമേ സൗമ്യതയുടെ സുഗന്ധമുള്ളൂ’എന്ന്. മറ്റൊരിക്കൽ അദ്ദേഹം പറയുകയുണ്ടായി. മുതിർന്നവരുടെ മനസ്സിൽ അടിയുറച്ച വാൾമുന ഒടിച്ചുകളയണമെങ്കിൽ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഇടപെട്ടാൽ മതിയെന്നും ഓർമപ്പെടുത്തിയിരുന്നു. ‘ഭാരതത്തിലെ കുഞ്ഞുങ്ങളുടെ ശരിയായ ഉയർച്ചയും വളർച്ച’യുമായിരുന്നു അദ്ദേഹത്തിന്റെ പരമമായ ലക്ഷ്യം.
ഓരോ മണൽത്തരിക്കും അതിന്റേതായ ഒട്ടേറെ കഥകൾ പറയാൻ ഉണ്ടാകും. ‘ഒരച്ഛൻ മകൾക്കയച്ച കത്തുകളി’ലൂടെ ചാച്ചാജിയെ അറിഞ്ഞ ഞാൻ, പഠനത്തിലും ജീവിതത്തിലും അദ്ദേഹത്തിന്റെ പാതയിലൂടെ പ്രകൃതിയെ തിരിച്ചറിഞ്ഞുകൊണ്ട് ജീവിക്കാൻ ശ്രമിക്കുന്നു. സ്വാതന്ത്ര്യസമരസേനാനി, മതേതരവാദി, ജനാധിപത്യവേദി, ഉത്കൃഷ്ട രചനാശേഷിയുള്ള എഴുത്തുകാരൻ, പ്രഥമ പ്രധാനമന്ത്രി, ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്, വിശ്വപൗരൻ ഇതൊക്കെയാണെന്റെ ചാച്ചാ.
ചേരിചേരാ നയം, പഞ്ചശീലതത്ത്വങ്ങൾ ഇവ ഇന്നും പ്രസക്തമാകുമ്പോൾ ചാച്ചാജിയുടെ മഹത്ത്വം നാമറിയുന്നു. സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായ ചാച്ചാ മരണംവരെ ആ പദവി അലങ്കരിച്ചു.
തന്റെ ചിതാഭസ്മം ഇന്ത്യയിലെ എല്ലാ നെൽപ്പാടങ്ങളിലും ചേരണമെന്നും ഇന്ത്യയുടെ പൗരാണിക സംസ്കാരത്തിന്റെ ബിംബമായ ഗംഗയിൽ അലിയണമെന്നും അദ്ദേഹം തന്റെ ഒസ്യത്തിൽ കുറിച്ചു. കുട്ടികളുടെ അവകാശബോധവത്കരണത്തിനും വളർച്ചയ്ക്കും വിദ്യാഭ്യാസപരിപോഷണത്തിനുമായി നവംബർ 14 ശിശുദിനമായി. സദാ റോസാപ്പൂവ് ചൂടിയ, ചാച്ചായെ രാജ്യം ഓർമിക്കുന്നു.
എന്നും എപ്പോഴും, സ്നേഹത്തോടെ
അശ്വന്ത്കൃഷ്ണ ഇ.കെ.
പത്താംതരം, സെയ്ന്റ് മൈക്കിൾസ് എ.ഐ.എച്ച്.എസ്.എസ്., കണ്ണൂർ
എനിക്ക് കേവലം പാഠപുസ്തകങ്ങളിലൂടെ മാത്രം പരിചയമുള്ള ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ ഒരു മാതൃകാപുരുഷന്റെ ജന്മദിനമാണ് നവംബർ 14. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയും കുട്ടികളുടെ വാത്സല്യനിധിയുമായ ചാച്ചാജി എന്ന ജവാഹർലാൽ നെഹ്രുവിന്റെ സ്മരണ പുതുക്കുന്ന ദിനം. കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതേ വാത്സല്യത്തോടെ എല്ലാവരും അദ്ദേഹത്തെ ‘ചാച്ചാ നെഹ്രു’ എന്ന് വിളിച്ചു. കുട്ടികൾക്ക് ലഭ്യമാക്കേണ്ട കരുതലിന്റെയും സ്നേഹത്തിന്റെയും പ്രാധാന്യത്തെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടിയതും പ്രിയപ്പെട്ട ചാച്ചാജി തന്നെ.
‘‘ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുക. നമ്മൾ അവരെ വളർത്തുന്ന രീതിയാണ് രാജ്യത്തിന്റെ ഭാവി നിർണയിക്കുക’’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും മുഴങ്ങിക്കേൾക്കുന്നു. കുട്ടികൾ തന്നെയാണ് ഭാവിയുടെ വാഗ്ദാനങ്ങളെന്നും ഇന്ന് അവർക്ക് കൃത്യമായ ശിക്ഷണവും പ്രാധാന്യവും നൽകുന്നത് ശോഭനമായ ഭാവിയും കരുത്തുറ്റ ഒരു രാജ്യവും കെട്ടിപ്പടുക്കുന്നതിൽ നിർണായകമാകുമെന്നും അദ്ദേഹം വിശ്വസിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ശക്തമായി വാദിച്ചിരുന്ന ഒരാൾ കൂടിയായിരുന്നു നെഹ്രു.
ഇന്നത്തെ ഭാരതം കെട്ടിപ്പെടുക്കാനായി പോരാടിയ സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനാണ് അദ്ദേഹം. എന്തുകൊണ്ടും ഇന്ത്യയുടെ ഭരണനേതൃത്വം മുറുകെ പിടിക്കാൻ യോഗ്യനായ വ്യക്തി.
അസാമാന്യശേഷിയുള്ള എഴുത്തുകാരനായും മികവുറ്റ പ്രഭാഷകനായും കലാസ്വാദകനായും വിവിധ തലങ്ങളിൽ അദ്ദേഹം ശോഭ പടർത്തിയിരുന്നു. ‘ഇന്ത്യയെ കണ്ടെത്തൽ’, ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്നിവ അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച സൃഷ്ടികളാണ്.
ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ കാഴ്ചപ്പാടിലൂടെ ഇന്ത്യയുടെ ചരിത്രം, സംസ്കാരം, എന്നിവ കോർത്തിണക്കിയതാണ് ‘ഇന്ത്യയെ കണ്ടെത്തൽ’. ഇന്ത്യയുടെ പ്രാചീന സംസ്കാരത്തിൽ അഭിമാനം കൊള്ളാനും ലോകത്തിലെ മറ്റു ജനങ്ങളുമായി പൊരുത്തപ്പെട്ട് പ്രവർത്തനം നടത്താനും ചാച്ചാജി ആഹ്വാനം ചെയ്യുന്നു.
മകളുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നതായിരുന്നില്ല ഒരച്ഛൻ മകൾക്കയച്ച കത്തുകൾ മറിച്ച്, ആ കത്തുകൾ മകൾക്ക് ലോകവിവരം ഉൾക്കൊള്ളാനുതകുന്നതായിരുന്നു. ഒരു രക്ഷിതാവ് എങ്ങനെയായിരിക്കണം തന്റെ കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞു വ്യക്തമാക്കേണ്ടതെന്ന സംഗ്രഹം ഈ കൃതി വെളിവാക്കുന്നു. കുട്ടികളോട് ഇടപഴകുന്നതിൽ ഏറെ ആനന്ദം കണ്ടെത്തിയിരുന്ന ഒരു നേതാവ്, നാളത്തെ രാഷ്ട്രശില്പികൾ അവർ തന്നെയാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞിരുന്നു.
കുട്ടികളുടെ മനസ്സിൽ ഇത്രത്തോളം ഇടം നേടിയ മറ്റൊരു പ്രധാനമന്ത്രിയില്ല. കുട്ടികളുടെ മഹാനായ ഗുരു, കുട്ടികളുടെ മനസ്സിൽ ഇടം പിടിച്ച പ്രതിഭ, നമ്മുടെ മതമോ മതവിശ്വാസമോ എന്തുമാകട്ടെ നാമെല്ലാം ഒരു ജനതയാണെന്ന് നിരന്തരം ഓർമപ്പെടുത്തിയ രാഷ്ട്രീയനേതാവ്...... വിശേഷണങ്ങൾ പലതും മതിയാകാതെ വരുന്നു പ്രിയപ്പെട്ട ചാച്ചാജിക്ക്.
പ്രണവ് കെ.പി.
പത്താംതരം, പുത്തൂർ
വി.എച്ച്.എസ്.എസ്.,
വടകര, കോഴിക്കോട്
‘‘കാഴ്ചയ്ക്ക് പലരീതിയിൽ വ്യത്യസ്തരാണെങ്കിലും പല ഭാഷകളാണ് സംസാരിക്കുന്നതെങ്കിലും പലതരം വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കിലും കുട്ടികൾ എല്ലാവരും സമാനരാണ്. നിങ്ങളവരെ ഒരിടത്ത് വിളിച്ചുകൂട്ടിയാൽ അവർ കളിക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാം. പക്ഷേ, അവരുടെ വഴക്കുപോലും ഒരുവിധത്തിൽ കളിയാണ്. തങ്ങൾക്കിടയിലുള്ള വ്യത്യാസങ്ങളെപ്പറ്റി അവർ ഓർക്കുകപോലും ഇല്ല. ജാതിവ്യത്യാസങ്ങളോ നിറവ്യത്യാസങ്ങളോ സാമ്പത്തികവ്യത്യാസങ്ങളോ അവർ കാര്യമാക്കുകയില്ല’’ -ശങ്കേഴ്സ് വീക്കിലിയിൽ ചാച്ചാ എഴുതിയ വാക്കുകളായിരുന്നു ഇത്. കുട്ടികളെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന വാക്കുകളാണിത്. കുട്ടികളോട് വളരെയധികം കാരുണ്യം പുലർത്തിയ ഒരാളായിരുന്നു നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു എന്ന ചാച്ചാ നെഹ്രു.
ശിശുക്കളെ വളരെയധികം സ്നേഹിച്ചിരുന്നു എന്റെ ചാച്ചാ. 1889 നവംബർ 14-ന് അലഹാബാദിൽ മോത്തിലാൽ നെഹ്രുവിന്റെയും സ്വരൂപ് റാണിയുടെയും മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. 15-ാം വയസ്സിൽ ചാച്ചാ പഠനത്തിനായി ലണ്ടനിലേക്കുപോയി. അങ്ങനെ കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി. ജലിയൻ വാലാബാഗ് കൂട്ടക്കൊലയായിരുന്നു ചാച്ചായെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. പിന്നീട് സ്വാതന്ത്ര്യം കിട്ടുന്നതുവരെ രാജ്യത്തിനായി രാജ്യസ്നേഹികളോടുകൂടെ അദ്ദേഹം പൊരുതി. അങ്ങനെയദ്ദേഹം നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായി.
ചാച്ചായുടെ റോസാപ്പൂ...
ഒരിക്കൽ ചാച്ചായെ സന്ദർശിക്കാൻ ധാരാളം ബ്രിട്ടീഷുകാരും പ്രമാണിമാരും പാരിതോഷികങ്ങളുമായെത്തി. ഇതിനിടയിൽ പാവപ്പെട്ട ഒരു ഗ്രാമീണസ്ത്രീ തന്റെ വീട്ടുമുറ്റത്തുവളർന്ന റോസാപ്പൂവുമായി വന്നിരുന്നു. എന്നാൽ, കാവൽഭടന്മാർ ഈ സ്ത്രീയെ ചാച്ചായുടെ അടുത്തേക്ക് കയറ്റിവിടാൻ അനുവദിച്ചില്ല. നിരാശയായ സ്ത്രീ വീണ്ടും ചാച്ചായെ കാണാനെത്തി. ഭടന്മാരുമായി തർക്കിച്ചുനിൽക്കുന്ന സ്ത്രീയെക്കണ്ട ചാച്ചാ അവരെ കയറ്റിവിടാൻ അനുവദിച്ചു. ശേഷം ആ സ്ത്രീതന്ന ആ ചെറിയസമ്മാനം ചാച്ചാജി വളരെ സ്നേഹത്തോടെ വാങ്ങി തന്റെ ജുബ്ബയിൽ വെച്ചു. ഇന്ന് ചാച്ചാജിയോടുള്ള സ്നേഹവും ബഹുമാനവുമായി നമ്മളും ഇങ്ങനെ ശിശുദിനത്തിൽ നമ്മുടെ വസ്ത്രത്തിൽ ചാച്ചാജിയെ സ്മരിച്ച് റോസാപ്പൂ വെക്കുന്നു.
പ്രിയ ചാച്ചാജിക്ക് ആദരാഞ്ജലി.
മുഹമ്മദ് സിനാൻ എസ്.പി.
ഗവ. എച്ച്.എസ്.എസ്. പോരൂർ, മലപ്പുറം