നമുക്ക് ചുറ്റും എത്രതരം പക്ഷികളുണ്ടെന്ന് ഒരിക്കലെങ്കിലും കൂട്ടുകാർ ചിന്തിച്ചിട്ടുണ്ടോ? പല വലിപ്പത്തിലും നിറത്തിലുമുള്ള വിവിധ സ്വഭാവങ്ങൾ കാണിക്കുന്ന പക്ഷികളെ നിരീക്ഷിക്കുകയെന്നതുതന്നെ വിനോദവും വിജ്ഞാനവും തരുന്ന കാര്യങ്ങളാണ്. ഇന്ത്യയിൽ പക്ഷി നിരീക്ഷണത്തിന് ഖ്യാതി നേടിക്കൊടുത്തതിൽ സലിം അലിയുടെ പങ്ക് ചെറുതല്ല.
പക്ഷികളെത്തേടി
ഒന്നാംവയസ്സിൽ പിതാവും മൂന്നാംവയസ്സിൽ മാതാവും മരിച്ചതോടെ അമ്മാവനായ അമീറുദ്ദീൻ ത്യാബ്ജിയുടെ സംരക്ഷണയിലായിരുന്നു സലീമിന്റെ ജീവിതം. ചെറുപ്പത്തിൽത്തന്നെ പക്ഷികളോട് പ്രത്യേക താത്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു.
പത്തുവയസ്സുള്ളപ്പോൾ സാലിമിന് അമ്മാവൻ ഒരു എയർഗൺ സമ്മാനിച്ചു. അതുപയോഗിച്ച് സാലിം ഒരു കുരുവിയെ വെടിവെച്ചിട്ടു. കഴുത്തിനുതാഴെ മഞ്ഞവരയുള്ള ആ കുരുവിയെക്കുറിച്ച് കൂടുതലറിയാൻ സാലിം ശ്രമിച്ചെങ്കിലും അമ്മാവന് വിശദീകരിക്കാനായില്ല. സാലിം അലി പിന്നീട് ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി സന്ദർശിക്കുകയും അവിടെ സെക്രട്ടറിയായിരുന്ന ഡബ്ല്യു.എസ്. മില്ലാർഡിൽനിന്ന് പക്ഷികളെക്കുറിച്ച് ധാരാളം വിവരങ്ങൾ അറിയുകയും ചെയ്തു. അവിടെനിന്നുമാണ് സലീം അലിയെന്ന പ്രതിഭയിലേക്കുള്ള വളർച്ച തുടങ്ങുന്നത്.
ജീവിതരേഖ
1896 നവംബർ 12-ന് മുംബൈയിൽ മൊയ്സുദ്ദീൻ-സീനത്ത് ദമ്പതിമാരുടെ ഒമ്പതാമത്തെ മകനായി ജനിച്ചു. പ്രൈമറി സ്കൂൾ വിദ്യാഭ്യാസം മുംബൈയിലെ സനാന ബൈബിൾ മെഡിക്കൽ മിഷൻ സ്കൂളിലും ഉപരിപഠനം മുംബൈയിലെ സെയ്ന്റ് സേവ്യേഴ്സ് കോളേജിലും നിർവഹിച്ചു. സുവോളജിയിൽ ബിരുദം. 1918 ഡിസംബറിൽ അകന്ന ബന്ധുവായ ടെഹ്മിനയെ വിവാഹംചെയ്തു. ഉറ്റസുഹൃത്തും ഉപദേശകയും സഹായിയും പക്ഷിനിരീക്ഷണത്തിൽ ഉറ്റസഹായിയായിരുന്നു ടെഹ്മിന. 1939-ൽ ഭാര്യ മരിച്ചു.
ബ്രിട്ടീഷ് ഓർണിത്തോളജിക്കൽ സൊസൈറ്റിയുടെ യൂണിയൻ ഗോൾഡ് മെഡൽ നേടിയ ബ്രിട്ടീഷുകാരനല്ലാത്ത ആദ്യപക്ഷിനിരീക്ഷകൻ.
1958-ൽ പത്മഭൂഷണും 1976-ൽ പത്മവിഭൂഷണും പോൾഗെറ്റി അവാർഡും നേടിയ അലി, ബ്രിട്ടീഷ്, ഫ്രഞ്ച്, ജർമൻ ഓർണിത്തോളജിക്കൽ സൊസൈറ്റികളിലും അംഗമായിരുന്നു.
1950-ൽ മുംബൈ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്നു. * ‘ദി ഫാൾ ഓഫ് ദി സ്പാരോ’ അദ്ദേഹത്തിന്റെ ആത്മകഥയാണ്. ബുക്ക് ഓഫ് ഇന്ത്യൻ ബേഡ്സ് ആണ് മറ്റൊരു മുഖ്യകൃതി.
1985-ൽ അലി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു.
അലിയുടെ ഉറ്റസുഹൃത്തുകൂടിയായിരുന്ന പക്ഷിശാസ്ത്രജ്ഞനായ ഡോ. ഡില്ലൻ റില്ലിയും അലിയും ചേർന്നുരചിച്ച ‘A HandBook of the Birds of India and Pakistan’ പ്രമുഖ പക്ഷിശാസ്ത്രഗ്രന്ഥമാണ്.
1987 ജൂൺ 21-ന് 91-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
നമ്മുടെ ചുറ്റുപാടും കാണുന്ന സസ്യലോകവും ജന്തുലോകവും നിലനിൽക്കണമെങ്കിൽ നാം അവയെ സംരക്ഷിക്കുകയും പരിരക്ഷിക്കുയും ചെയ്യണം. നാം ഇത് ചെയ്യുന്നതോടൊപ്പം വരുംതലമുറയ്ക്ക് ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കലും നമ്മുടെ ബാധ്യതയാണ്.
- ഡോ. സുബൈർ മേടമ്മൽ
അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജി
യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്
അപൂർവമായ എട്ടുപക്ഷികളെ ഇവിടെ പരിചയപ്പെടുത്തുന്നു
റെഡ്ബിൽഡ് ഹോിൽ
(Tockus erythrorhynctus)
തെക്കെ അമേരിക്കയിലെയും യൂറോപ്പിലെയും അസമിലെയും വനങ്ങളിൽ കണ്ടുവരുന്ന വിചിത്രപക്ഷിയാണ് റെഡ്ബിൽഡ് ഹോൺബിൽ. മനുഷ്യവാസം അധികമില്ലാത്ത പ്രദേശങ്ങളിലെ മരങ്ങളിലും ഇത് കൂടുകൂട്ടാറുണ്ട്. വേഴാമ്പലിന്റെ കുടുംബത്തിൽപ്പെട്ട ഈ പക്ഷിയുടെ ശരീരഘടന പ്രത്യേകതകൾ നിറഞ്ഞവയാണ്. ഈ സുന്ദരൻപക്ഷി വംശനാശഭീഷണി നേരിടുന്ന കൂട്ടത്തിൽപ്പെടുന്നതാണ്.
കിങ് വൾച്ചർ
(Sacroramphus papa)
തെക്കേഅമേരിക്ക, മെക്സിക്കോ, അർജന്റീന എന്നിവിടങ്ങളിൽ കാണപ്പെടുന്ന വലിയ കഴുകഗണത്തിൽപ്പെട്ട പക്ഷിയാണ് കിങ് വൾച്ചർ. വെള്ളയും കറുപ്പും ചാരനിറവും ചേർന്ന തൂവലുകൾ, കഷണ്ടിയുള്ള തലയും കഴുത്തും എന്നിവയാണ് എടുത്തുപറയാവുന്ന പ്രത്യേകതകൾ. ത്വക്കിനു വ്യത്യസ്ത നിറങ്ങളായിരിക്കും. ശരീരത്തിൽ വോയ്സ് ബോക്സ് ഇല്ലാത്തതിനാൽ ചെറിയ കുറുകലും മൂളലും ഉണ്ടാക്കാനേ കിങ് വൾച്ചറുകൾക്ക് കഴിയുകയുള്ളൂ. വലിയ പാമ്പുകളും കാട്ടുപൂച്ചകളും ഇവയുടെ മുട്ടകളും കുഞ്ഞുങ്ങളെയും ആഹാരമാക്കാറുണ്ട്.
യൂറോപ്യൻ റോളർ
(Coracias garrulus)
മൊറോക്കോ, ടുണീഷ്യ, സൈബീരിയ, ഇറാൻ, ഇറാഖ്, കസാഖ്സ്താൻ, ചൈന, അമേരിക്ക, കശ്മീർ എന്നിവിടങ്ങളിൽ കാണുന്ന പക്ഷിയാണിത്. ഉണങ്ങിയ മരങ്ങളിൽ കൂടുകൂട്ടിയും മരപ്പൊത്തുകളിൽ കൂടുണ്ടാക്കിയുമാണ് താമസം. മരക്കൊമ്പുകളിൽ പതിയിരുന്ന് സൂക്ഷ്മദൃഷ്ടിയോടെ ഇരകളെ വീക്ഷിച്ച് ചടുലവേഗത്തിൽ പിടിക്കുകയാണ് പതിവ്. പ്രാണികൾ, പുഴുക്കൾ, തവളകൾ തുടങ്ങിയവയാണ് ഭക്ഷണം. കാക്ക കരയുന്നതുപോലെയുള്ള ഒരു പരുക്കൻ കരച്ചിലാണ് ആൺപക്ഷികളുടേത്. കൂട്ടമായി ആഫ്രിക്കൻ നാടുകളിലേക്ക് ദേശാടനം നടത്താറുണ്ട്. കാർഷിക വിളകളെ നശിപ്പിക്കുന്ന കീടങ്ങളെയും പ്രാണികളെയും കൂട്ടത്തോടെ തിന്നുന്നതിൽ വലിയ പങ്കാണ് യൂറോപ്യൻ റോളർ വഹിക്കുന്നത്. പെൺ പക്ഷികൾ ഒരു സീസണിൽ ആറു മുട്ടവരെ ഇടും. വംശനാശഭീഷണി നേരിടുന്ന ഈ പക്ഷിയെ ചില രാജ്യങ്ങളിൽ ഭക്ഷണത്തിനായും ഉപയോഗിച്ചുവരുന്നു.
അമേരിക്കൻ റോബിൻ
(Turdus migratorius)
അമേരിക്കക്കാർക്ക് വളരെയധികം പ്രിയപ്പെട്ട പക്ഷിയായതിനാലാണ് അവയെ ഈ പേര് വിളിക്കുന്നത്. അമേരിക്കയിലും തെക്കൻകാനഡയിലും മെക്സിക്കോ, പസഫിക് തീരങ്ങളിലും ഇവ സഞ്ചരിക്കാറുണ്ട്. പുൽച്ചാടി, മണ്ണിര, പഴങ്ങൾ, ചെറുപയർ, പുഴുക്കൾ എന്നിവയാണ് ഭക്ഷണം. നീണ്ട ഉണങ്ങിയ പുല്ല്, കടലാസ്, തൂവലുകൾ, ചെളി എന്നിവ ചേർത്താണ് മനോഹരവും ബലവത്തുമായ കൂടുകൾ നിർമിക്കുക. പാട്ടുപാടുന്ന പക്ഷി എന്നും ഈ പക്ഷിക്ക് പേരുണ്ട്. 23 സെന്റീമീറ്റർ മുതൽ 28 സെന്റിമീറ്റർ വരെയാണ് ഈ കൊച്ചു പക്ഷിയുടെ വലിപ്പം. . ശരാശരി തൂക്കം 77 ഗ്രാം മുതൽ 79 ഗ്രാം വരെയാണെങ്കിലും ചില ആൺപക്ഷികളുടെ തൂക്കം 94 ഗ്രാം വരെ കാണാറുണ്ട്. പെൺപക്ഷികൾ ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള മാസങ്ങളിൽ രണ്ടുമൂന്നു മുട്ടവരെ ഇടും.
അമേരിക്കൻ വൈറ്റ് പെലിക്കൻ
(Pelecanus erythrorhynchos)
ചിറകുകൾക്ക് 300 സെന്റിമീറ്റർ വിസ്താരമുള്ള ഒരു വലിയ പക്ഷിയാണ് അമേരിക്കൻ വൈറ്റ് പെലിക്കൻ. പൂർണ വളർച്ചയെത്തിയ പക്ഷിക്ക് 15 കിലോഗ്രാംവരെ ഭാരം വരും. തണുപ്പുകാലങ്ങളിൽ സമുദ്രതീരങ്ങളിൽ കൂട്ടമായി കഴിയാനാണ് ഇതിന് താത്പര്യം. ദേശാടനവേളയിൽ മരുഭൂമിയിലൂടെയും ഉയർന്ന മലകൾക്കുമീതെയും ക്ഷീണം കൂടാതെ എത്രദൂരംവേണമെങ്കിലും പറക്കാൻ ഇതിനുസാധിക്കുന്നു. 16 വർഷമാണ് ശരാശരി ആയുർദൈർഘ്യം. വംശനാശം നേരിടുന്ന ഒരു പക്ഷിയാണിത്.
ലാഫിങ് ഫാൽക്കൺ
(Herpetotheres cachinnans Viellot 1817)
ഫാൽക്കൺ കുടുംബത്തിലെ ഇടത്തരം ശരീരവലിപ്പമുള്ള ഈ പക്ഷിയുടെ ഉച്ചത്തിലുള്ള ശബ്ദത്തിൽ നിന്നാണ് വിചിത്രമായ ഈ പേര് ലഭിച്ചത്. 46 മുതൽ 56 സെ.മീ. വരെയാണ് ശരാശരി വലിപ്പം. ആൺപക്ഷിയെക്കാൾ ശരീരവലിപ്പം പെൺപക്ഷികൾക്കാണ്. ശാന്തസ്വഭാവമുള്ള ഈ പക്ഷി മറ്റു ചെറിയപക്ഷികളെ ഉപദ്രവിക്കാറില്ല. ഏപ്രിൽ, മേയ് മാസങ്ങളിലാണ് മുട്ടകൾ ഇടുക. മെക്സിക്കോ, സൗത്ത് അമേരിക്ക, പെറു, ബൊളീവിയ, പരാഗ്വെ, അർജന്റീന, ബ്രസീൽ എന്നിവിടങ്ങളിൽ ലാഫിങ് ഫാൽക്കണുകളെ കണ്ടുവരുന്നു.
കാനഡ ഗൂസ്
(Branta canadensis)
തെക്കേ അമേരിക്കയിലും യൂറോപ്പിലും ന്യൂസീലൻഡിലുമൊക്കെ കണ്ടുവരുന്ന കാനഡ ഗൂസിന് കറുത്ത തലയും കഴുത്തുമാണുള്ളത്. 110 സെന്റിമീറ്റർ നീളവും 185 സെന്റിമീറ്റർ ചിറകുവിസ്താരവുമുള്ള ഈ പക്ഷിയുടെ ഭാരം ആറര കിലോഗ്രാമാണ്. കൊല്ലാൻ പാടില്ലാത്ത പക്ഷികളുടെ ഗണത്തിൽ 1994-ലെ നിയമമനുസരിച്ച് കാനഡ ഗൂസിനെയും ഭരണകൂടം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇണയോടൊപ്പം മരണംവരെ ജീവിക്കുന്ന ഒരു പക്ഷികൂടിയാണ് ഇത്. ദേശാടനവേളയിൽ പരമാവധി ഒരു കിലോമീറ്ററാണ് ഇത് പറക്കുക. ആയുർദൈർഘ്യം പരമാവധി 24 വർഷമാണ്.
ഹാർപി ഈഗിൾ
(Harpia harpyja)
തെക്കെ അമേരിക്ക, വെനിസ്വേല, പാപ്പുവ, പെറു, ന്യൂഗിനിയ എന്നിവിടങ്ങളിൽ കണ്ടുവരുന്ന വലിപ്പമുള്ള പക്ഷിയാണ് ഹാർപ്പി ഈഗിൾ. ഇത് ഒരു കരുത്തുള്ള പക്ഷിയാണ്. പെൺകഴുകന്റെ ഭാരം ആറുമുതൽ 10 കിലോഗ്രാം വരെയാണ്. ഏറ്റവും ഭാരമേറിയ പെൺപക്ഷിയുടെ റെക്കോഡ് 12.3 കിലോഗ്രാം ആയിരുന്നു. പെൺപക്ഷിയെക്കാൾ ആൺപക്ഷിക്ക് ഭാരം കുറവാണ്. കൂടുകൾ തമ്മിലുള്ള അകലം കുറഞ്ഞത് 3 കിലോമീറ്റർ ആയിരിക്കും. 56 ദിവസം കൊണ്ട് മുട്ട വിരിയും. 36 ദിവസംകൊണ്ട് കുഞ്ഞുങ്ങൾ നടക്കാൻതുടങ്ങും. പത്തുമാസം മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് ഭക്ഷണംനൽകും. കൂട് തകർക്കുകയും കുഞ്ഞുങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്ന ആദിവാസികളെ ഇവ ഉപദ്രവിക്കാറുണ്ട്.