വീണുകിട്ടിയ ഒഴിവുദിനത്തിൽ വീടിന് സമീപത്തുള്ള ബ്രസോസ് നദിയിലായിരുന്നു പത്തുവയസ്സുകാരി ലില്ലി മേ അവാന്റും കുടുംബവും. നീന്തലും കളിയുംകഴിഞ്ഞ് വീട്ടിലെത്തിയ ലില്ലിക്ക് കടുത്ത തലവേദന അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലില്ലി ദിവസങ്ങളോളം കോമയിൽ ആയി. 2019 സെപ്റ്റംബർ 16-ന് ലില്ലി മരണമടഞ്ഞു. ലില്ലിയുടെ മരണത്തിന് കാരണം തലച്ചോറുതീനി അമീബകൾ ആണെന്ന് കണ്ടെത്തിയതോടെ ഈ വിഷയം വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുകയായിരുന്നു.
അമേരിക്കയിൽ മാത്രമല്ല, 2016-ൽ കേരളത്തിലും തലച്ചോറുതീനി അമീബയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആലപ്പുഴ തിരുമല സ്വദേശിയും പ്ലസ്വൺ വിദ്യാർഥിയായിരുന്ന അക്ബറിന്റെ ജീവനാണ് അമീബ അന്ന് കവർന്നത്. തലച്ചോറുതീനി അമീബകളെക്കുറിച്ച് കൂടുതലറിയാം.
നെഗ്ലേരിയ ഫൗലേരിയെന്ന മസ്തിഷ്കഭോജി
സർവസാധാരണമായി കാണപ്പെടുന്ന ഏകകോശജീവികളാണ് അമീബകൾ എന്നറിയാമല്ലോ. ഇവയിൽ നെഗ്ലേരിയ ഫൗലേരി എന്ന തരം അമീബമാത്രമാണ് മനുഷ്യജീവന് അപകടകാരിയാകുന്നത്. ശുദ്ധജല തടാകങ്ങളിലും മണ്ണിലും ഇവ കാണപ്പെടുന്നു. അനുകൂല സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് വേനൽക്കാലത്ത് ഇവ അതിവേഗം പെരുകുന്നു. വെള്ളത്തിൽ നെഗ്ലേരിയ ഫൗലേരിയുൾപ്പെടെയുള്ള അമീബകളുണ്ടെങ്കിൽപ്പോലും ഇവ തലച്ചോറിലേക്ക് കടക്കുകയും മനുഷ്യജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന സംഭവങ്ങൾ അപൂർവമാണ്. എങ്കിൽപ്പോലും അപകടസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കണം.
മനുഷ്യശരീരത്തിൽ എത്തുന്നതെങ്ങനെ
മൂക്കിലൂടെയാണ് നെഗ്ലേരിയ ഫൗലേരി അമീബകൾ തലച്ചോറിലേക്ക് കടക്കുന്നത്. ഇവയുള്ള കുളങ്ങളിലോ തടാകങ്ങളിലോ കായലിലോ മറ്റേതെങ്കിലും ജലസ്രോതസ്സുകളിലോ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് സാധാരണയായി അമീബ ശരീരത്തിലേക്കെത്തുക. ജലവിനോദങ്ങളായ വാട്ടർ സ്കീയിങ്, ട്യൂബിങ് എന്നിവ ചെയ്യുമ്പോഴും അമീബ പ്രവേശിക്കാൻ സാധ്യതയുണ്ട്. മൂക്കിനുള്ളിലെ ചികിത്സയ്ക്കായി തിളപ്പിച്ചാറ്റാത്ത പൈപ്പ്വെള്ളം ഒഴിക്കുന്നതും അമീബ ശരീരത്തിലെത്തുന്നതിന് വഴിയൊരുക്കും. നമ്മുടെ വാട്ടർ ഹീറ്ററുകളിലും വെള്ളമെത്തുന്ന പൈപ്പുകൾക്കുള്ളിലും നെഗ്ലേരിയ ഫൗലേരിയുൾപ്പെടെയുള്ള അമീബയുടെ സാന്നിധ്യം ഉണ്ടാകാനിടയുണ്ട്.
തലച്ചോറിലെത്തിക്കഴിഞ്ഞാൽ അവ തലച്ചോറിലെ കോശങ്ങളെ തിന്നാൻ തുടങ്ങും. ഇത് മസ്തിഷ്കത്തിൽ നീരുണ്ടാക്കുകയും തലച്ചോറിന്റെ പ്രവർത്തനങ്ങളെയാകെ താറുമാറാക്കുകയും ചെയ്യും. പ്രൈമറി അമീബിക് എൻസഫലൈറ്റിസ് എന്ന അവസ്ഥയിലേക്കാണ് ഇത് നയിക്കുക.
രോഗലക്ഷണങ്ങൾ
വിട്ടുമാറാത്ത തലവേദന കടുത്ത പനി സന്നി ഓക്കാനം, ഛർദി മണവും രുചിയും തിരിച്ചറിയാനാവാതിരിക്കുക.
അമീബ തലച്ചോറിൽ പ്രവേശിച്ചുകഴിഞ്ഞാൽ രണ്ടുമുതൽ 12 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. അണുബാധ ഗുരുതരമാകുന്നതോടെ രോഗിക്ക് സ്ഥലകാലബോധം നഷ്ടമാകുകയും കോമയിലേക്ക് നീങ്ങുകയും പിന്നീട് മരണം സംഭവിക്കുകയും ചെയ്യും.
നെഗ്ലേരിയ ഫൗലേരി എവിടെയൊക്കെ
- തടാകങ്ങൾ, നദികൾ, കായലുകൾ തുടങ്ങിയ ശുദ്ധജലസ്രോതസ്സുകളിൽ
- വേനൽക്കാലത്ത് കെട്ടിനിൽക്കുന്ന ചൂടുള്ള വെള്ളക്കെട്ടുകളിൽ
- വ്യവസായശാലകളിൽനിന്നും ഒഴുക്കിവിടുന്ന ചൂടുള്ള മലിനജലത്തിൽ
- ശുചിത്വം പാലിക്കാത്ത സ്വിമ്മിങ് പൂളുകളിൽ
- വാട്ടർ ഹീറ്ററുകൾ (46 ഡിഗ്രി സെൽഷ്യസ് വരെ ചൂടിൽ
- നെഗ്ലേരിയ ഫൗലേരി അമീബ വളരും)
- മണ്ണിൽ
ഇന്ത്യയിൽ ഇതുവരെ 12 പ്രൈമറി അമീബിക് എൻസഫലൈറ്റിസ് കേസുകളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.
പ്രതിരോധിക്കേണ്ടത് എങ്ങനെ?
- കെട്ടിക്കിടക്കുന്ന വെള്ളത്തിലും മലിനജലത്തിലും മുങ്ങിക്കുളിക്കരുത്.
- കക്കൂസ് മാലിന്യങ്ങൾ പൊതുജലാശയങ്ങളിലേക്ക് തുറക്കരുത്.
- വിരളമായി മാത്രമേ ഈ രോഗം പിടിപെടാറുള്ളൂവെങ്കിലും അമീബ തലച്ചോറിലെത്തിക്കഴിഞ്ഞാൽ അവയെ പൂർണമായി നശിപ്പിക്കാനാവില്ല. പ്രൈമറി അമീബിക് എൻസഫലൈറ്റിസ് ബാധിച്ചവരിൽ 99 ശതമാനമാണ് മരണനിരക്ക്.
- എന്നാൽ, അമീബയുള്ള വെള്ളംകുടിക്കുന്നത് തലച്ചോറിൽ അണുബാധയുണ്ടാക്കില്ല.
- ഉപ്പുവെള്ളത്തിൽ നെഗ്ലേരിയ ഫൗലേരിക്ക് വളരാനാവില്ല. അതുകൊണ്ടുതന്നെ കടൽവെള്ളത്തിൽ ഇവയില്ല.