ഭൂമിയുടെ ശ്വാസകോശം. അങ്ങനെയാണ് ആമസോൺ മഴക്കാടുകളെ വിശേഷിപ്പിക്കുന്നത്. സൂര്യപ്രകാശം പോലും കടന്നുചെല്ലാത്തത്ര ഘോരവനാന്തരങ്ങളാണ് ഇവിടെയുള്ളത്. തെക്കേ അമേരിക്കയിൽ ആമസോൺ നദിയോടുചേർന്ന് പരന്നുകിടക്കുന്ന ആമസോൺ എന്ന പേരിലറിയപ്പെടുന്ന മേഖല 70 ലക്ഷം ചതുരശ്രകിലോമീറ്ററോളം വരും. ഇതിൽ 55 ലക്ഷം ചതുരശ്ര കിലോമീറ്ററും മഴക്കാടുകളാണ്‌. 
തിങ്ങിനിൽക്കുന്ന മരങ്ങൾക്കിടയിലൂടെ വെള്ളം മണ്ണിലെത്താൻപോലും ചിലയിടങ്ങളിൽ പത്തുമിനിറ്റോളമെടുക്കും. മനുഷ്യർ കാർന്നെടുത്തശേഷം ലോകത്തിന്ന് അവശേഷിക്കുന്ന മഴക്കാടുകളുടെ പകുതിയും ആമസോണിലാണുള്ളത്. ഉഷ്ണമേഖലാ മഴക്കാടുകളിൽ ഏറ്റവും ജൈവവൈവിധ്യമേറിയതും ആമസോൺ തന്നെ.  
 
സിംഹഭാഗവും ബ്രസീലിൽ

ഇംഗ്ലീഷിൽ ആമസോണിയ എന്ന പേരിലും അറിയപ്പെടുന്ന ആമസോൺ ഒൻപതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുകയാണ്. സിംഹഭാഗവും (60 ശതമാനം) ബ്രസീലിൽ. 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും. ബാക്കിയുള്ളവ വെനസ്വേല, ഇക്വഡോർ, ബൊളീവിയ, ഗയാന, സുരിനാം, ഫ്രാൻസിന്റെ നിയന്ത്രണത്തിലുള്ള ഫ്രഞ്ച് ഗയാന എന്നിവിടങ്ങളിലും.

ജൈവവൈവിധ്യങ്ങളുടെ പറുദീസ

ചെറുതും വലുതുമായ 40,000-ത്തോളം സസ്യവർഗങ്ങൾ, 427 തരം സസ്തനികൾ, 1300 തരം പക്ഷികൾ, 25 ലക്ഷത്തോളം പ്രാപണിവർഗങ്ങൾ എന്നിവ ആമസോണിലുണ്ടെന്നാണ് കണക്കാക്കുന്നത്. 378 ഉരഗങ്ങൾ, 400-ലധികം ഉഭയജീവികൾ, 3000-ത്തോളം ശുദ്ധജലമത്സ്യങ്ങൾ എന്നിങ്ങനെ നീളുന്നു ആമസോണിന്റെ ജൈവസമ്പത്ത്. ഇതിൽ ഭൂരിഭാഗത്തെയും ശാസ്ത്രീയമായി വർഗീകരിച്ചു കഴിഞ്ഞു. ഏഷ്യയിലെയും ആഫ്രിക്കയിലെയും കാടുകളിലെക്കാൾ അധികം ജൈവവൈവിധ്യമുണ്ടിവിടെ. ലോകത്തുള്ള ആകെ ജീവിവർഗത്തിന്റെ പത്തുശതമാനം വരുമിത്.  
കറുത്ത ചീങ്കണ്ണി, അമേരിക്കൻ കടുവ (ജാഗ്വാർ), പൂമ, അനാക്കൊണ്ട, ഇലക്‌ട്രിക് ഈലുകൾ, മനുഷ്യനെവരെ തിന്നാൻ പോന്ന പിരാനകൾ, വിഷത്തവളകൾ, ചോര കുടിക്കുന്ന വാമ്പയർ വവ്വാലുകൾ, വിഷപ്പാമ്പുകൾ, ആമസോൺ മക്കാവു എന്നിവ ഇതിൽ ചിലതുമാത്രം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളെയടക്കം ഇവിടെ കാണാം.

മഴയും നദിയും 

1500 മുതൽ 3000 മില്ലീമീറ്റർ വരെയാണ് ആമസോണിൽ വർഷത്തിലും ലഭിക്കുന്ന മഴ. അറ്റ്‌ലാൻറിക് സമുദ്രത്തിൽ രൂപപ്പെടുന്ന കിഴക്കൻ വാണിജ്യവാതങ്ങളാണ് ആമസോണിൽ പെയ്യുന്ന പകുതിയോളം മഴയ്ക്കും കാരണം.
ലോകത്ത് സമുദ്രത്തിലേക്കെത്തുന്ന നദീജലത്തിന്റെ 15-16 ശതമാനവും ആമസോൺ നദിയുടേതാണ്. 6600 കിലോമീറ്റർ ഒഴുകുന്ന ആമസോൺ നദിയിലാണ് ലോകത്തെത്തന്നെ ഏറ്റവുമധികം ശുദ്ധജലമത്സ്യങ്ങളെയും കണ്ടുവരുന്നത്.

മഴക്കാടുകൾ രണ്ടുതരം

വലിയ തോതിൽ മഴ ലഭിക്കുന്ന വനങ്ങളാണ് മഴക്കാടുകൾ. അതായത് ഒരുവർഷത്തിൽ 1500 മില്ലീമീറ്ററിലധികം മഴ ലഭിക്കുന്നയിടങ്ങൾ. മഴക്കാടുകൾ രണ്ടുതരമുണ്ട്. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള  വനങ്ങളെ ഉഷ്ണമേഖലാ മഴക്കാടുകൾ എന്നും മിതോഷ്ണമേഖലകളിൽ കാണപ്പെടുന്ന മഴക്കാടുകളെ മിതോഷ്ണമേഖലാ മഴക്കാടുകളെന്നും പറയുന്നു. വൃക്ഷവൈവിധ്യത്തിൽ മുന്നിൽ ഉഷ്ണമേഖലാ വനങ്ങളാണ്.

സഹാറയിലെ പോഷകസമൃദ്ധമായ പൊടി

സഹാറ മരുഭൂമിയിൽനിന്നും കാറ്റിലുയരുന്ന പൊടിപടലങ്ങൾ അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിലൂടെ പറന്ന് ആമസോണിലെത്തുന്നുണ്ട്. മരുഭൂമിയിൽ നിന്നെത്തുന്ന പൊടിയിലടങ്ങിയ ഫോസ്‌ഫറസ് ആമസോണിലെ സസ്യങ്ങൾക്കു വളരാനാവശ്യമായ പോഷകം നൽകുന്നു. 
വർഷംതോറും 22000 ടണ്ണോളം പൊടി ഇവിടെ എത്തിച്ചേരുന്നു. നാസ ഉപഗ്രഹസഹായത്തോടെ നടത്തിയ പഠനത്തിൽ സഹാറയിൽനിന്ന് ഒാരോവർഷവും 18 കോടി ടൺ പൊടി പുറത്തേക്കു പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. സഹാറയിൽ ലഭിക്കുന്ന മഴയുടെ അളവനുസരിച്ച് ഓരോ വർഷവും പൊടിയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കും.

കുടിയിറക്കപ്പെടുന്ന ഗോത്രങ്ങൾ

ഒറ്റപ്പെട്ടുകഴിയുന്ന ഗോത്രവിഭാഗങ്ങളുടെ കേന്ദ്രംകൂടിയാണ് ആമസോൺ വനാന്തരങ്ങൾ. അഞ്ചരക്കോടി വർഷമാണ് ആമസോണിനു കണക്കാക്കുന്ന കാലപ്പഴക്കം. ഗോത്രവർഗക്കാരെക്കുറിച്ച് അറിയാനും അവരുടെ ജീവിതരീതി മനസ്സിലാക്കാനും ഇക്കാലമത്രയും നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് 11,200 വർഷം മുമ്പുമുതൽ ഇവിടെ മനുഷ്യർ വസിച്ചിരുന്നുവെന്നാണ്. 

നിലവിൽ 350 വിഭാഗങ്ങളിൽപ്പെടുന്ന ഗോത്രക്കാർ ഇവിടെ കഴിയുന്നുണ്ടെന്ന് ആമസോൺ ബേസിൻ ഇൻഡിജെനസ് ഓർഗനൈസേഷൻ കോ-ഓർഡിനേറ്റർ (സി.ഒ.ഐ.സി.എ.) പറയുന്നു. അംഗസംഖ്യ 27 ലക്ഷത്തോളം വരും. ഇതിൽ 60-ഓളം വിഭാഗവും ഘോരവനങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്നവരാണ്. 170 തരം ഭാഷകൾ ഇവർക്കിടയിലുണ്ട്. 1500-ൽ 90 ലക്ഷത്തോളം ഗോത്രവിഭാഗക്കാർ ആമസോൺ കാടുകളിലുണ്ടായിരുന്നു.  1542-ഫ്രാൻസിസ്കോ ഡി ഒറീല്ലാനയെന്ന യൂറോപ്പുകാരനാണ് ആദ്യമായി ആമസോണിലൂടെ സഞ്ചരിച്ച വ്യക്തി.

ആമസോൺ കാടുകളോട് ചേർന്നുകഴിയുന്ന ഒട്ടേറെ ഗോത്രവർഗക്കാർ ഇന്ന് തങ്ങളുടെ ഭൂമിയിൽനിന്ന് കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വികസനത്തിനായി വനംനശിപ്പിക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിനുമായി പലയിടത്തും ഗോത്രക്കാരെ വധിക്കുകപോലും ചെയ്യുന്നുണ്ട്. വിവിധ ഗോത്രവിഭാഗക്കാർ തങ്ങളുടെ ഭൂമിക്കുവേണ്ടി പ്രക്ഷോഭങ്ങളും നടത്തുന്നുണ്ട്.  

ശ്വാസകോശത്തിന് തീപ്പിടിച്ചപ്പോള്‍

ഭൂമിയുടെ ശ്വാസകോശം കത്തിയെരിയാൻ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. കാട്ടുതീ ആമസോണിന് പുത്തരിയല്ല. 80,000-ത്തോളം കാട്ടുതീകൾ ഇതിനകം ബ്രസീലിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്പോഴുണ്ടായിരിക്കുന്നത് 2013-നുശേഷമുള്ള ഏറ്റവും വലിയ കാട്ടുതീയാണ്. പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടതായി വരുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ഒന്നടങ്കം മുന്നറിയിപ്പു നൽകുന്നത്. അരനൂറ്റാണ്ടിനിടെ മാത്രം വനനശീകരണത്തിലൂടെ 17 ശതമാനം കാടുകൾ ആമസോണിന് നഷ്ടമായിട്ടുണ്ട്  

തയ്യാറാക്കിയത്: ഷിനില മാത്തോട്ടത്തിൽ