1.ലോകത്ത് ഏറ്റവും ഉയരത്തിൽ സർവീസ് നടത്തുന്ന കേബിൾകാറുകളിലൊന്ന് ഇന്ത്യയിലെ ഈ സംസ്ഥാനത്താണ്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ റ്റുലിപ് ഗാർഡൻ ആയ ഇന്ദിരാഗാന്ധി റ്റുലിപ് ഗാർഡൻ, പഹാരി ചിത്രകലയ്ക്ക് പ്രശസ്തമായ രഘുനാഥക്ഷേത്രം  എന്നിവയും ഈ സംസ്ഥാനത്താണ്. അശോകചക്രവർത്തി സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന തലസ്ഥാനനഗരമുള്ള ഈ സംസ്ഥാനത്താണ് ഇന്ത്യയിലെ ഏറ്റവുംവലിയ റോഡ്‌ ടണൽ ആയ ചെനാനി - 
നശ്‌രി റോഡ്‌ ടണൽ സ്ഥിതിചെയ്യുന്നത്. ഏതാണീ സംസ്ഥാനം?
2. ലിറ്റി ചോക്ക, സട്ടു, ഗുഗ്നി, ദുഷ്ക, പിത്ത തുടങ്ങിയ തനതു ഭക്ഷ്യവിഭവങ്ങളുള്ള ഈ സംസ്ഥാനത്താണ് ഇന്ത്യയിലെതന്നെ, ഇപ്പോഴും ആരാധനകൾ നടക്കുന്ന ഏറ്റവും പഴക്കംചെന്ന ക്ഷേത്രമായ മുണ്ടേശ്വരിക്ഷേത്രം സ്ഥിതിചെയ്യുന്നത്. സൂര്യദേവനെ ആരാധിക്കുന്ന ഉത്സവമായ   ഛ്ത്ത് (Chhath)  പ്രാചീനകാലം മുതലേ ആഘോഷിക്കപ്പെടുന്ന ഈ സംസ്ഥാനമേത് ?
3. ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ തൂക്കുപാലങ്ങളിലൊന്നായ സിങ്ങ് ഷോർ സസ്പെൻഷൻ ബ്രിജ് ഈ സംസ്ഥാനത്താണ്. വംശനാശഭീഷണി നേരിടുന്ന റെഡ് പാണ്ടയാണ് ഈ സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം.ഇന്ത്യൻ വംശജരെക്കാൾ കൂടുതൽ വിദേശവംശജരുള്ള ഇന്ത്യൻ സംസ്ഥാനമെന്നറിയപ്പെടുന്ന ഈ സംസ്ഥാനത്ത് ഈയിടെ ദത്തെടുക്കലുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന ഒരു നിയമം ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒന്നായിരുന്നു. ഏത് സംസ്ഥാനം? എന്ത് നിയമം?   
4. ചൈനയിലെ വന്മതിൽ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവുംനീളം കൂടിയ മതിൽ സ്ഥിതിചെയ്യുന്നത് ഈ  സംസ്ഥാനത്താണ്. പതിനഞ്ചാംനൂറ്റാണ്ടിൽ റാണ കുംഭ എന്ന രാജാവ് പണികഴിപ്പിച്ച ഒരു കോട്ടയ്ക്ക് ചുറ്റുമാണ് ഈ മതിൽ പണികഴിപ്പിച്ചത്. മഹാറാണാ പ്രതാപിന്റെ ജന്മസ്ഥലം കൂടിയായ ഈ കോട്ട ഏത്? ഇത് സ്ഥിതിചെയ്യുന്ന സംസ്ഥാനമേത് ? 
5.സ്വതന്ത്ര ഇന്ത്യയിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടുചെയ്യാനവസരം ലഭിച്ചത് ഈ സംസ്ഥാനത്തെ കിനൌർ ജില്ലക്കാർക്കാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ എന്നറിയപ്പെടുന്ന ശ്യാംസരൻ നേഗി ഈ ജില്ലക്കാരനാണ്. ഈ ജില്ലയിലെ ഒരു ഗ്രാമമായ ചിത്കുൽ അറിയപ്പെടുന്നത് ഇന്ത്യയുടെ അവസാനത്തെഗ്രാമം എന്നാണ്. 
മിനി ഗ്രീസ് എന്നറിയപ്പെടുന്ന മലാന, മിനി ഇസ്രയേൽ എന്നറിയപ്പെടുന്ന കസോൾ, മിനി സ്വിറ്റ്സർലൻഡ്‌ എന്നറിയപ്പെടുന്ന ഖജിയർ തുടങ്ങിയ പ്രദേശങ്ങൾ സ്ഥിതിചെയ്യുന്ന ഈ സംസ്ഥാനമേത് ?      
6. ഈ നാഷണൽ പാർക്കിനു പേര് വന്നതിനു പിന്നിൽ പല കഥകളുണ്ട്. ഇതിനടുത്തുണ്ടായിരുന്ന ഗ്രാമത്തിലെ ഒരു ആൺകുട്ടിയും പെൺകുട്ടിയും സ്നേഹത്തിലായി എങ്കിലും , കുടുംബങ്ങൾ ആ ബന്ധത്തിന് എതിരായതിനാൽ അവർ കാട്ടിലേക്ക് ഒളിച്ചോടി എന്നുമാണ് ഒരു കഥ. അവരുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട ആ കാടാണത്രെ ഇന്നത്തെ നാഷണൽ പാർക്ക്‌. ശങ്കരദേവൻ എന്ന വൈഷ്ണവസന്ന്യാസി അനുഗ്രഹിച്ച, കുട്ടികളില്ലാതിരുന്ന ദമ്പതിമാരുടെ പേരിലാണ് ഇത് നാമകരണം ചെയ്യപ്പെട്ടത് എന്നും പറയപ്പെടുന്നു. ഇനി ഇങ്ങനെയല്ല, മറിച്ചു 'ചുവന്ന മാനുകളുടെ നാട്' എന്ന അർഥത്തിലാണ് ഇതിന് പേര് നൽകിയത് എന്നും കഥകളുണ്ട്. ഇന്ത്യയിലെ ഏത് പ്രശസ്ത നാഷണൽ പാർക്കിനെപ്പറ്റിയാണിവിടെ പറയുന്നത്? ഏത് മൃഗത്തിനാണിവിടം പ്രശസ്തം?
7.  ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട മാവ്‌ലിനൊങ് ഈ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കിന്റെ സ്കോട് ലൻഡ് എന്നറിയപ്പെടുന്ന ഈ സംസ്ഥാനത്തിലെ ഒരു ഗ്രാമത്തിന് ഒരു  ലോക റെക്കോഡ്  കൂടെയുണ്ട്. മുൻ പ്രസിഡന്റ് എ.പി.ജെ അബ്ദുൾകലാം കുഴഞ്ഞുവീണുമരിച്ചതും ഈ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരത്തിലായിരുന്നു ഏത് സംസ്ഥാനം?
8. 2019 ജനുവരിയിൽ, കേന്ദ്ര കശുവണ്ടി വികസന കോർപ്പറേഷനും, എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി നടത്തുന്ന ഒരു വിൽപ്പന കേന്ദ്രം ഗോവയിലെ ദബോലിം ഇന്റർനാഷണൽ വിമാനത്താവളത്തിൽ, കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു. ഗോവൻ ഫെനി, ഡാർജിലിങ്‌ ടീ, അൽഫോൺസാ മാങ്ങ, ആറൻമുളക്കണ്ണാടി എന്നിവ ഉൾപ്പെടെ 270- ഓളം വസ്തുക്കളാണ് ഇവിടെ വിൽപ്പന നടത്തുക.എന്താണ് ഈ വിൽപ്പന കേന്ദ്രത്തിന്റെ പ്രത്യേകത?
9. കോലൻ എന്നു പേരുള്ള ഒരു മഹർഷിയും  കംഹാസുരൻ എന്നൊരു അസുരനുംഇവിടെ തപസ്സുചെയ്തു വന്നിരുന്നു. തപസ്സിൽ സന്തുഷ്ടനായി മഹാദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ, വാഗ്‌ദേവിയായ സരസ്വതി ലോകരക്ഷാർത്ഥം വരംചോദിക്കാനാകാത്തവിധം  അസുരനെ   മൂകനാക്കി. അങ്ങനെ അസുരന് "മൂകാസുരൻ" എന്ന പേരുകിട്ടി.  കോപിഷ്ഠനായ മൂകാസുരൻ കോല മഹർഷിയെയും ദേവീഭക്തരെയും ഉപദ്രവിക്കാനാരംഭിച്ചു. ഒടുവിൽ ആപത്ത് അകറ്റാനായി ദേവി പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിക്കുകയും, കോലമഹർഷിയുടെ അഭ്യർഥനപ്രകാരം അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു സങ്കല്പം.? 
പ്രസിദ്ധമായ ഏത് തീർഥാടനകേന്ദ്രവുമായി ബന്ധപ്പെട്ട ഐതിഹ്യമാണിത്?
10. പതിനേഴാംനൂറ്റാണ്ടിൽ അന്നത്തെ ദലൈലാമയുടെ നിർദേശപ്രകാരം ഒരു പ്രാർഥനാലയം നിർമിക്കുന്നതിനായി മേരാ ലാമ എന്നയാൾ തന്റെ കുതിരയുമായി യാത്രതിരിച്ചു. ഒരിക്കൽ വിശ്രമത്തിനുശേഷം,' മേരാ ലാമ ' എഴുന്നേറ്റപ്പോൾ തന്റെ കുതിരയെ കാണാതാവുകയും അതിനെ പിന്നീട് കലാ  വാങ്‌പോ എന്ന രാജാവിന്റെ കൊട്ടാരത്തിനു അരികിൽ കണ്ടെത്തുകയുണ്ടായി. അതിനാൽ അവിടത്തെ ഭാഷയിൽ 'അശ്വം കണ്ടെത്തിയ ഇടം' എന്ന പേരിൽ ഇതിന് ഈ നാമം ലഭിച്ചു. ഈ മതസ്ഥരുടെ ഇന്ത്യയിലെ ഏറ്റവും വലിയ  പ്രാർഥനാലയമാണിത്. ഏതാണ് ഈ സ്ഥലം?  ഏത് സംസ്ഥാനം?  


1. ജമ്മു & കശ്മീർ,
2.  ബിഹാർ,
3. സിക്കിം , വൃക്ഷങ്ങളെ ദത്തെടുക്കാൻ അനുമതി നൽകുന്ന നിയമം,
4. കുംഭൾഘട്ട് കോട്ട, രാജസ്ഥാൻ,
5. ഹിമാചൽപ്രദേശ്‌,
6. അസമിലെ കാസിരംഗ നാഷണൽ പാർക്ക്‌, ഒറ്റക്കൊമ്പൻ കാണ്ടാമൃഗം,
7. മേഘാലയ,
8. ഭൗമ സൂചിക ഉത്‌പന്നങ്ങൾക്കായുള്ള വിൽപ്പനകേന്ദ്രം,
9. മൂകാംബികക്ഷേത്രം,
10. തവാങ് മൊണാസ്റ്ററി, അരുണാചൽപ്രദേശ് 

കൂടുതലറിയാം
1. ഐശ്വര്യത്തിന്റെ നഗരം, ലക്ഷ്മീദേവിയുടെ നഗരം എന്നൊക്കെ അർഥമുള്ള ശ്രീനഗർ സ്ഥാപിച്ചത്  അശോക ചക്രവർത്തിയാണ്. ചൈന അവകാശവാദമുന്നയിക്കുന്ന അക്‌സായി ചിൻ പ്രദേശവും, പാകിസ്താൻ അവകാശവാദമുന്നയിക്കുന്ന ഗിൽഗിത് പ്രദേശവും മാറ്റിനിർത്തിയാൽ ജമ്മുകശ്മീരിനെ പ്രധാനമായും മൂന്നായി തരംതിരിക്കാം. രാജ ജംപുലോചനൻ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നതും ശൈത്യകാല തലസ്ഥാനമായി അറിയപ്പെടുന്നതുമായ  ജമ്മു, ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലകളിലൊന്നായ ലഡാക്ക്, കശ്യപമഹർഷി സിതിസർ തടാകം വറ്റിച്ചുവീണ്ടെടുത്ത പ്രദേശം  എന്ന് പുരാണങ്ങളിൽ പരാമർശിക്കുന്ന കശ്മീർതാഴ്വര  എന്നിവയാണ് അവ.  ലോകത്ത് ഏറ്റവുമധികം പട്ടാളസാന്നിധ്യമുള്ള പ്രദേശം എന്ന ഗിന്നസ് റെക്കോഡ് കശ്മീരിനാണ്. കാശ്മീരി, ഹിന്ദി എന്നിവയ്ക്ക് പുറമേ ഡോഗ്രി, ഉറുദു, ലഡാക്കി എന്നീ ഭാഷകളും സംസാരിക്കുന്ന ഈ സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം ഹംഗുൾ എന്ന മാനും, സംസ്ഥാനവൃക്ഷം ചിനാർ എന്ന മരവുമാണ്. ഇന്തയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നായ വൂളാർ തടാകവും, ലോകത്തിലെതന്നെ ഏറ്റവും തണുപ്പ് കൂടിയ പ്രദേശങ്ങളിലൊന്നായ ദ്രാസ് എന്നിവയും കശ്മീരിലാണ്.  
2.  ഏറ്റവുമധികം യുവാക്കളുള്ള സംസ്ഥാനമാണ് ബിഹാർ. മിഥില ചിത്രകല അഥവാ മധുബനി ചിത്രകല, ഭോജ്പുരി സിനിമ വ്യവസായം എന്നിവ ബിഹാറിന്‍റെതാണ്.   
3. നൂറുശതമാനം ജൈവകൃഷി ചെയ്യുന്ന സംസ്ഥാനം എന്ന പദവി 2015-ൽ കരസ്ഥമാക്കിയ സംസ്ഥാനമാണ് സിക്കിം. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ സിക്കിമിലാണ് സ്ഥിതിചെയ്യുന്നത്. 
4. വർണങ്ങളുടെ കാര്യത്തിൽ പേരുകേട്ട സംസ്ഥാനമാണ് രാജസ്ഥാൻ. ജയ്‌പുർ പിങ്ക് ആണെങ്കിൽ കിഴക്കിന്റെ വെനീസ്, തടാകങ്ങളുടെ നഗരം തുടങ്ങിയ  അപരനാമങ്ങളുള്ള ഉദയ്‌പുർ വെള്ളയും, ജോധ്പുർ നീലയും, ജൽവാർ പർപ്പിളും നിറങ്ങളിലാണ് പണികഴിപ്പിച്ചത്. എലികളെ ആരാധിക്കുന്ന കർണ്ണി മാതാക്ഷേത്രം, ബുള്ളറ്റിനെ ആരാധിക്കുന്ന ബുള്ളറ്റ് ബാബക്ഷേത്രം, ജൈനമതക്കാരുടെ ദിൽവാരക്ഷേത്രസമുച്ചയം എന്നിവയും രാജസ്ഥാനിലാണ്.  
5. പ്രമുഖ സംസ്കൃതപണ്ഡിതനായിരുന്ന ആചാര്യ ദിവാകർ ദത്തശർമയാണ് സംസ്ഥാനത്തിന് ഹിമാചൽപ്രദേശ്‌ എന്ന പേര് നിർദേശിച്ചത്. ഗ്രേറ്റ് ഹിമാലയ, പിൻവാലി തുടങ്ങിയ ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്നത് ഹിമാചൽപ്രദേശിലാണ്. ഇന്ത്യയിലെ ഏറ്റവുംകുറവ് അഴിമതിനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഹിമാചൽപ്രദേശ്‌. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഹിമാനി (glacier) യായ ഷിഗ്രി ഹിമാനി സ്ഥിതിചെയ്യുന്നതും ഹിമാചലിലാണ് .
6.  കാസി-രംഗ ജോഡിയുടെ പേരിൽ നിന്നുമാണ് ഈ പേര് വന്നത് എന്നാണ് വിശ്വാസം. ലോകത്തിലെ മൂന്നിൽ രണ്ട് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളും ഇവിടെയാണുള്ളത്. അസമിന്റെ അയൽസംസ്ഥാനമായ മണിപ്പുരിലാണ് ലോകത്തിലെ ഏക 'ഒഴുകും നാഷണൽ പാർക്ക്‌ ആയ ' കെയ്ബുൾ ലംജാവോ സ്ഥിതി ചെയ്യുന്നത്.  
7.മേഘങ്ങളുടെ വാസസ്ഥലം എന്നതിൽ നിന്നുമാണ് മേഘാലയക്ക് പേര് ലഭിച്ചത്. ഇവിടത്തെ മൗസിൻറാമിലാണ് ഒരു വർഷം ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. ഇവിടെത്തന്നെയുള്ള, ചിറാപുഞ്ചിയിലെ സൊഹ്‌റാ ഗ്രാമത്തിനാണ് ഒരു മാസം ഏറ്റവും കൂടുതൽ മഴ ലഭിച്ചതിന്റെ ലോകറെക്കോഡ്. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്  കർണാടകയിലെ അഗുംബെ ആണ്. എറണാകുളം ജില്ലയിലെ നേര്യമംഗലത്തെ  കേരളത്തിലെ ചിറാപുഞ്ചി എന്നും വിളിക്കുന്നു. 
8.ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ, പരമ്പരാഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിക്കാണ് ഭൂപ്രദേശസൂചിക, ഭൂപ്രദേശസൂചകം അല്ലെങ്കിൽ ഭൂമിശാസ്ത്രസൂചകോൽപന്നങ്ങൾ (Geographical Indications of Goods) എന്നു പറയുന്നത്. ഇന്ത്യയിൽ ആദ്യമായി GI Tag ലഭിച്ച ഉത്‌പന്നംഡാർജിലിങ്‌ ടീ ആണ്.കേരളത്തിൽ ആദ്യം ആറൻമുള കണ്ണാടിക്കും ലഭിച്ചു. ട്രേഡ് മാർക്ക് രജിസ്‌ട്രേഷനിൽനിന്ന് വ്യത്യസ്തമാണ് ജിഐ രജിസ്‌ട്രേഷൻ. ഒരു കമ്പനിയോ സംരംഭമോ ആണ് ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്യുന്നത്.ട്രേഡ്മാർക്ക് രജിസ്‌ട്രേഷന്മേലുള്ള അവകാശം വ്യക്തി/കമ്പനിക്ക് മാത്രം. ജിഐയിലാകട്ടെ അവകാശം ബന്ധപ്പെട്ട ദേശത്തിന്റേതാണ്. 
9. മൂകാംബികക്ഷേത്രം കർണാടകയിലാണ്. സുവർണക്ഷേത്രം പഞ്ചാബിലാണ് സ്ഥിതിചെയ്യുന്നത്. സൂര്യക്ഷേത്രം ഒഡിഷയിലെ കൊണാർക്കിലാണ് സ്ഥിതിചെയ്യുന്നത്.
10.മഹായാന ബുദ്ധികളുടെ പ്രാർഥനാകേന്ദ്രമായ തവാങ്ങിൽ ഇന്ന് ഒരുപാട് സഞ്ചാരികൾ എത്തിച്ചേരുന്നു.  ഹിമാചൽപ്രദേശിലെ ടാബോ മൊണാസ്ട്രി, ജമ്മുകശ്മീരിലെ ഹെമിസ് മൊണാസ്ട്രി, സിക്കിമിലെ ലിങ്‌ഡം  മൊണാസ്ട്രി എന്നിവ ഇന്ത്യയിലെ പ്രശസ്ത ബുദ്ധമതകേന്ദ്രങ്ങളാണ്.