ഇംഗ്ലീഷ് ഭാഷ എഴുതുന്നതുപോലെയല്ല വായിക്കുന്നത്. എന്നാൽ, ഇന്ത്യൻ ഭാഷകൾ എഴുതുന്നതുപോലെ വായിക്കുന്നു. നല്ലൊരു ശതമാനം ആളുകൾ ഈ അഭിപ്രായത്തോട് യോജിക്കുന്നവരുമാണ്. ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനും അതിലൂടെ ജനങ്ങളുടെ തെറ്റിദ്ധാരണകൾ മാറ്റാനുമുള്ള ഒരു എളിയ ശ്രമമാണിത്.
ആദ്യമായി ഇംഗ്ലീഷ് ഭാഷയെപ്പറ്റിയുള്ള അഭിപ്രായം ശരിയാണോ എന്ന് പരിശോധിക്കാം. താഴെക്കാണുന്ന പത്ത് പദങ്ങളിൽ ‘a’ എന്ന ഒരേ അക്ഷരം എഴുതിയിട്ട് വായിക്കുന്നത് പത്ത് വ്യത്യസ്ത രീതിയിലാണ്. ‘a’-യുടെ ഉച്ചാരണം കഴിയാവുന്നവിധത്തിൽ മലയാളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
take (എയ്),
car (ആ), above (എ്),
care (എയ),
cat (അ്യ),
many (എ),
village (ഇ), swan (ഒ),
walk (ഓ),
vernal (നിശ്ശബ്ദം).
ഈ ഭാഷയിലെഴുതുന്ന എല്ലാ പദങ്ങളിലെയും അക്ഷരങ്ങളും വായിക്കണമെന്നില്ല. ഉദാഹരണത്തിന് ‘calm’ൽ ‘I’, ‘part’ൽ ‘r’, ‘lamb’ൽ ‘b’, ‘psalm ൽ ‘p’ വായിക്കുന്നില്ല.
എഴുതാത്ത അക്ഷരങ്ങൾ വായിക്കുന്ന രീതിയും ഈ ഭാഷയിൽ കാണുന്നു. അങ്ങനെ ‘lieutenant’ ‘f’, ‘bank’ൽ ‘ng’ (ങ), ‘quality’യിൽ ‘w’ എഴുതാതെ വായിക്കുന്നു.
ഒന്നെഴുതി മറ്റൊന്നു വായിക്കുന്ന രീതിയും ഈ ഭാഷയിലുണ്ട്. ‘Dogs’ലെ ‘s’, ‘z’ ആയും ‘sure’ലെ ‘s’, sh (ഷ) ആയും ‘worked’ലെ ‘d’, ‘t’ ആയും ‘of’ലെ ‘f’, ‘v’ ആയും വായിക്കുന്നു.
ഏതൊരു ഭാഷയും വായിക്കുന്നത് ആ ഭാഷയിലെ അക്ഷരങ്ങളെമാത്രം ആശ്രയിച്ചല്ല, മറിച്ച് ആ ഭാഷയിലെ ശബ്ദകോശത്തിന്റെ ഏകകങ്ങളെയും (phonemes) പദത്തിലെ അക്ഷരങ്ങളുടെ പരിതഃസ്ഥിതിയും പരിഗണി
ച്ചാണ്. അതുകൊണ്ടാണ് ‘pray’യിലെ ‘r’ വായിക്കുന്നതും ‘form’ലെ ‘r’ വായിക്കാത്തതും.
മലയാളത്തിലെ വായന
ഇന്ത്യൻ ഭാഷകൾ എഴുതുന്നതുപോലെയാണോ വായിക്കുന്നത് എന്നുനോക്കാം. ആദ്യമായി നമ്മുടെ മാതൃഭാഷയായ മലയാളംതന്നെ പരിശോധിക്കാം.
‘അം’ എന്ന സ്വരാക്ഷരം വ്യഞ്ജനാക്ഷരവുമായി ചേർത്ത് എഴുതുമ്പോൾ ഉപയോഗിക്കുന്ന ചിഹ്നം ‘ം’ ആണ്. ഇത് ചേർത്തെഴുതുന്ന വ്യഞ്ജനാക്ഷരം ‘മ’കാരം കൂട്ടിയാണല്ലോ വായിക്കേണ്ടത്. എന്നാൽ ‘അംഗം’ എന്ന പദത്തിലെ ആദ്യത്തെ ‘ം’, ‘ങ’കാരമായും രണ്ടാമത്തെ ‘ം’, ‘മ’കാരമായും വായിക്കുന്നു. .
‘ഐ’ എന്ന സ്വരാക്ഷരത്തിന്റെ ചിഹ്നമായ രണ്ട് ഒറ്റപ്പുള്ളികൾ (െെ) വ്യഞ്ജനാക്ഷരത്തോടുകൂടി എഴുതിയാൽ വായിക്കേണ്ടത് ഐ (അയ്) എന്നാണെങ്കിലും ‘ദൈവം’ എന്ന പദത്തിൽ ഇത് വായിക്കുന്നത് ‘എയ്’ എന്നാണ് (ദെയ്വം).
‘ബ്രാഹ്മണൻ’, ‘ശിക്ഷ’ എന്നീ പദങ്ങളിലെ ‘ഹ’യും ‘ക’യും യഥാക്രമം വായിക്കുന്നില്ല.
‘നനഞ്ഞ’, ‘നാനാ’ എന്നീ പദങ്ങളിൽ ഒരേ അക്ഷരം (‘ന’) രണ്ടുതരത്തിലാണ് വായിക്കുന്നത്.
വ്യഞ്ജനാക്ഷരങ്ങളോടുകൂടി സ്വരാക്ഷര ചിഹ്നങ്ങൾ ഇല്ലാതെ എഴുതിയാൽ അവ വായിക്കേണ്ടത് ‘അ’കാരം കൂടിയാണ്. എന്നാൽ ‘ജലം’, ‘ദയ’, ‘രവി’ എന്നീ പദങ്ങളിലെ ആദ്യക്ഷരങ്ങൾ വായിക്കുന്നത് ‘എ’കാരം കൂട്ടിയാണ് (ജെലം, ദെയ, രെവി).
മലയാളഭാഷാ വ്യാകരണം, മലയാള വ്യാകരണ ചോദ്യോത്തരങ്ങൾ എന്ന പുസ്തകത്തിൽ ഹെർമൻ ഗുണ്ടർട്ടിന്റെ പരാമർശം ശ്രദ്ധേയമാണ്, ‘‘അ’കാരം ഗ ജ ഡ ദ യ ര എന്നീ മൃദുക്കളോട് ചേർന്നുവന്നാലും... ‘എ’ കാരത്തിന്റെ ഉച്ചാരണം കലർന്ന് കേൾക്കുന്നു’’ ‘നന്ദി’ എന്ന പദം വായിക്കുന്നത് ‘ നന്നി’ ആയിട്ടാണ്.
‘സ്വയം’ ‘സ്വന്തം’ എന്നീ പദങ്ങൾ വായിക്കുന്നത് ‘സ്വയം’, ‘സൊന്തം’ എന്നിങ്ങനെയാണ്. അതായത് ‘സ്വ’ യിലെ ‘വ’ ഒഴിവാക്കി ‘അ’ കാരത്തിന് പകരം ‘ഒ’കാരം ചേർത്ത് വായിക്കുന്നു. ‘സ്വാഗതം’ എന്ന പദം എഴുതുന്നതുപോലെ വായിക്കുന്നു.
മലയാളേതരം
ഇനി ചില മലയാളേതര ഇന്ത്യൻ ഭാഷകൾ പരിശോധിക്കാം. ‘ക’, ‘മ’, ‘ല’ എന്നതിന് സമാനമായ അക്ഷരങ്ങൾ ഹിന്ദിയിൽ ഇതേ ക്രമത്തിലെഴുതിയാൽ വായിക്കുന്നത് ‘കമല’ എന്നല്ല, മറിച്ച് ‘കമൽ’ എന്നാണ്. പദത്തിന്റെ അവസാന ഭാഗത്തുവരുന്ന വ്യഞ്ജനാക്ഷരം ‘അ’ കാരം കൂടാതെ വായിക്കുന്നു. ഈ പ്രതിഭാസം ചില പദങ്ങളിൽ മധ്യഭാഗത്തുകാണാം. ‘ബോ-ല-ന’, ‘മ-ര-ന’ എന്നിവ വായിക്കുന്നത് ‘ബോൽന’, ‘മർന’ എന്നിങ്ങനെയാണ്. ‘സ’ കൊണ്ടാരംഭിക്കുന്ന കൂട്ടക്ഷരങ്ങൾ പദത്തിന്റെ ആദ്യഭാഗത്തുവന്നാൽ ഹിന്ദിക്കാർ പദത്തിന്റെ ആദ്യഭാഗത്തില്ലാത്ത ‘ഇ’ ചേർത്താണ് വായിക്കുന്നത്, ഉദാഹരണത്തിന് ‘സ്ത്രീ’ ‘ഇസ്ത്രീ’ ആകുന്നു. ഇത് ഉച്ചാരണത്തെ മാത്രമല്ല പദത്തിന്റെ ഘടനയെത്തന്നെ മാറ്റുന്നു. ‘സ്ത്രീ’ ഏകസ്വര പദവും ‘ഇസ്ത്രീ’ അതല്ലാത്തതുമാകുന്നു.
ബംഗാളി ഭാഷയിലെ ഒട്ടേറെ കൂട്ടക്ഷരങ്ങളിൽനിന്ന് ഒന്നോ ഒന്നിലധികമോ അക്ഷരങ്ങളെ വായിക്കാറില്ല. ഇതുപ്രകാരം ‘ക്ഷ്മ’ യിലെ ‘ഷ’ യും ‘മ’ യും വായിക്കുന്നില്ല. ‘ലക്ഷ്മി’ എന്ന പദം ‘ലൊഖി’ ആയി വായിക്കുന്നു. ‘ഇ’, ‘ഈ’ എന്നീ അക്ഷരങ്ങൾ വായിക്കുന്നതിൽ വ്യത്യാസമില്ല. ‘ഉ’ ‘ഊ’ എന്നതും ഒരുപോലെ വായിക്കുന്നു. ഇവ മലയാളികളും ഇംഗ്ലീഷുകാരും വായിക്കുമ്പോൾ 50 മില്ലീ സെക്കൻഡിന്റെ സമയവ്യത്യാസമുണ്ട്.
അവസാനമായി അസമീസ് ഭാഷ പരിശോധിക്കാം. ‘ശ’ ‘ഷ’ ‘സ’ എന്നിവയ്ക്ക് സമാനമായ അക്ഷരങ്ങൾക്ക് പിറകിൽ സ്വരാക്ഷരം വന്നാൽ ഇവ വായിക്കുന്നത് ‘ഹ’ ആയിട്ടാണ്. ഉദാഹരണത്തിന് സാഗരം-ഹാഗൊർ, ശാന്തി-ഹാന്തി, ദോഷം-ദോഹ് ആകുന്നു. ഹിന്ദിയിലും ബംഗാളിയിലുമുള്ളതുപോലെ വ്യഞ്ജനാക്ഷരങ്ങൾ മുകളിൽപ്പറഞ്ഞ സാഹചര്യങ്ങളിൽ ‘അ’ കാരം കൂടാതെ ഈ ഭാഷയിലും വായിക്കുന്നു. ഇത്തരം ഉദാഹരണങ്ങൾ വേറെയുമുണ്ട്.
ഭാഷാപഠനം ശാസ്ത്രീയപഠനമാണ്. ഇവിടെ വികാരത്തിന് സ്ഥാനമില്ല.