ബേഡഡുക്ക പായത്തെ ഇ.കുഞ്ഞിരാമന്റെ വീട്ടുമുറ്റത്തുണ്ട് നാളേയ്ക്കുള്ള കരുതൽ. ഇക്കൊല്ലമുണ്ടായതിനേക്കാളും കൂടുതൽ രൂക്ഷമായിരിക്കും ഇനിയുള്ള വരൾച്ചയെന്ന് മുൻകൂട്ടി മനസ്സിലാക്കിയാണ് ഈ കരുതൽ. കൂറ്റൻ മഴവെള്ളസംഭരണിയാണ് അതിനായി ഒരുക്കിയത്.
അടുത്തിടെയാണ് കുഞ്ഞിരാമൻ മഴവെള്ളസംഭരണി നിർമിച്ചത്. വീടിനരികിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയുണ്ടാക്കിയാണ് സംഭരണി ഒരുക്കിയത്. കുഴിയുടെ മുകൾഭാഗത്തിന് 22 മീറ്റർ നീളവും 17 മീറ്റർ വീതിയുമാണ് വിസ്താരം. അടിയിൽ 15 മീറ്റർ നീളവും 12 മീറ്റർ വീതിയും. കുഴിക്ക് നാലര മീറ്റർ ആഴമുണ്ട്.
പുറത്ത് ചുറ്റും ഒന്നരമീറ്റർ ഉയരത്തിൽ ചെങ്കല്ലുപയോഗിച്ച് മതിൽകെട്ടിയാണ് പ്ളാസ്റ്റിക് പായ വിരിച്ചത്.
കുളത്തിലിറങ്ങാൻ പ്രത്യേകം ഏണിയും സ്ഥാപിച്ചിട്ടുണ്ട്. ഓടിട്ടവീടിന്റെ മേൽക്കൂരയിൽ നിന്നാണ് പൈപ്പ് വഴി വെള്ളം കുളത്തിലെത്തിക്കുന്നത്.
10 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാം. മൂന്ന് ലക്ഷം രൂപയാണ് ചെലവ്. പഞ്ചായത്തിൽ ഇത്തരമൊന്ന് ഇത് ആദ്യമാണെന്ന് കുഞ്ഞിരാമൻ പറയുന്നു.
അടുത്ത വർഷം വരൾച്ച രൂക്ഷമാകുമ്പോൾ തെങ്ങ്, കവുങ്ങ് ഉൾപ്പെടെയുള്ള തോട്ടം നനയ്ക്കാനാണ് കുഞ്ഞിരാമൻ മഴവെള്ളം സംഭരിക്കുന്നത്. നിലവിലുള്ള കുളം, കുഴൽക്കിണർ എന്നിവയിൽ വെള്ളം കുറഞ്ഞതിനാൽ കഴിഞ്ഞവർഷം വേനലിൽ തോട്ടം ഉണങ്ങിയിരുന്നു. ഇനിയും കുഴൽക്കിണർ കുഴിക്കുന്നത് ഉചിതമാകില്ല എന്നതിനാലാണ് മഴവെള്ളം ശേഖരിക്കാൻ തീരുമാനിച്ചത്.
ബേഡഡുക്ക ഫാർമേഴ്സ് സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടറാണ് കുഞ്ഞിരാമൻ. ഭാര്യ വി.ശോഭ, മക്കളായ വി.ശരത്ത്കിഷോർ, വി.ബിപിൻരാജ് എന്നിവരും മഴവെള്ളക്കൊയ്ത്തിനായി രംഗത്തുണ്ട്.