ഒരധ്യയനവർഷംകൂടി വിടപറഞ്ഞ്‌ മറ്റൊരു വേനലവധിക്കാലംവന്നെത്തി. രണ്ടുമാസത്തേക്ക്‌ വിദ്യാലയങ്ങളോട്‌ അവധി ചൊല്ലിയെങ്കിലും അടുത്ത അധ്യയനവർഷത്തെ ഉയർന്ന ക്ളാസുകളിലേക്കുള്ള തയ്യാറെടുപ്പ്‌ വളരെ രസകരമായി ഈ അവധിക്കാലത്ത്‌ നടത്താം. ഏതെല്ലാം വിധത്തിൽ അവധിക്കാലത്തെ ചെലവഴിക്കാനാണ്‌ കൂട്ടുകാരുടെ ഉദ്ദേശ്യം? വെറുതെ കളയാനുള്ളതല്ല വേനലവധിക്കാലം. ചില ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ ഇക്കാലത്തെ വിനിയോഗിക്കാം. ഇതിനുതകുന്ന ചില കാര്യങ്ങൾ.

യാത്ര പോവാം
യാത്രകൾ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്‌. അവധിക്കാലത്ത്‌ വീട്ടുകാർക്കൊപ്പവും കൂട്ടുകാർക്കൊപ്പവും ഉല്ലസിച്ച്‌ യാത്രചെയ്യാം. 
  വിനോദയാത്രകൾ പോവുമ്പോൾ വ്യക്തമായ ലക്ഷ്യബോധം വേണം. കാണേണ്ട സ്ഥലങ്ങളെക്കുറിച്ച്‌ പോവുംമുൻപുതന്നെ മനസ്സിലാക്കിവയ്ക്കണം. കണ്ട സ്ഥലങ്ങളെക്കുറിച്ചും അറിഞ്ഞ വസ്തുതകളെപ്പറ്റിയും എഴുതിവയ്ക്കാൻ ഒരു നോട്ടു പുസ്തകമോ ഡയറിയോ കരുതുന്നത്‌ നന്നായിരിക്കും. വെറുതെ കാഴ്ചകൾ കണ്ടാൽ പോര. അവിടുത്തെ ചരിത്രം, പ്രത്യേകതകൾ, ആകർഷക വസ്തുക്കൾ എന്നിവ മനസ്സിലാക്കണം. യാത്രയിൽ ഒപ്പമുള്ളവർ നമ്മോടിണങ്ങുന്നവരായിരിക്കണം. വാരിവലിച്ച്‌ കഴിക്കാതെ മിതഭക്ഷണം മതി യാത്രയിൽ. കുടിവെള്ളം സ്വയം കരുതുന്നതും നന്നായിരിക്കും.

കൃഷിയറിയാം
കാർഷികവൃത്തിയിൽ വീട്ടുകാർക്കൊപ്പവും കർഷകർക്കൊപ്പവും പങ്കെടുക്കാൻ അവധിക്കാലത്താവും. സ്വന്തമായി കായ്‌കറികളും മറ്റും നട്ടുനനയ്ക്കാം.
 വേനൽക്കാല വിളകളെന്തൊക്കെയാണെന്നറിഞ്ഞുവേണം കൃഷി ചെയ്യാൻ. ജലസേചനസൗകര്യവും ഉറപ്പുവരുത്തണം. കൂട്ടുകാരുമൊത്ത്‌ കാർഷിക കൂട്ടായ്മകൾ സംഘടിപ്പിക്കാം. വീട്ടിലെ വിളകളെ പരിചരിക്കുന്നതിനൊപ്പം ഉദ്യാനത്തിലും മറ്റും തന്റേതായ ശ്രമങ്ങൾ നടത്താം. ചക്കയുടെയും മാങ്ങയുടെയും കാലമാണിത്‌. നല്ല ഇനങ്ങൾ മനസ്സിലാക്കി നട്ടുമുളപ്പിക്കാം. മഴക്കാലം വന്നാൽ ഇവയെല്ലാം തൊടിയിൽ പറിച്ചുനടാം. 
ടെറസ്സിൽ വെണ്ട, ചീര, മുളക്‌, പയർ, മുതലായ ഹ്രസ്വകാലവിളകൾ ചട്ടികളിലോ ചാക്കുകളിലോ മണ്ണിട്ട്‌ അവയിൽ നട്ടുണ്ടാക്കാം.

വായിക്കാം എഴുതാം
പാഠപുസ്തകങ്ങൾക്കുപരിയായുള്ള എഴുത്തിനും വായനയ്ക്കും അവധിക്കാലം വിനിയോഗിക്കാം. തൊട്ടടുത്ത വായനശാലയിൽ അംഗത്വമെടുത്തോ പുസ്തകശേഖരമുള്ളവരിൽനിന്നോ പുസ്തകങ്ങൾ വാങ്ങി വായിക്കാം. ഓരോരുത്തർക്കും ഓരോ അഭിരുചികളായിരിക്കും. നോവൽ, ചെറുകഥ, കവിത, ലേഖനങ്ങൾ... എന്നിങ്ങനെ അവനവനിഷ്ടമുള്ളവ ഇതിൽനിന്ന്‌ തിരഞ്ഞെടുത്ത്‌ വായിക്കണം. വിവർത്തനങ്ങളിലൂടെ അന്യഭാഷാസാഹിത്യത്തേയും പരിചയപ്പെടാം. വായിച്ച പുസ്തകങ്ങളിൽനിന്ന്‌ കുറിപ്പുകളും കാഴ്ചപ്പാടുകളും കുറിച്ചുവയ്ക്കാം.
 യാത്രയിലും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കാൻ കരുതുന്നത്‌ നല്ലതാണ്‌. വായനയ്‌ക്കൊപ്പം അവനവന്റെ സർഗാത്മകതയ്ക്കനുസരിച്ച്‌ എഴുത്തുകളും നടത്താം. സ്കൂൾ 
തുറന്നാൽ ഇത്തരം രചനകൾ സ്കൂളിലെ വിവിധ പതിപ്പുകളിൽ ഉപയോഗിക്കുകയും ചെയ്യാം.

പാചകം പഠിക്കാം
അവധിക്കാലത്ത്‌ അമ്മമാരെ അടുക്കളയിൽ സഹായിക്കാം. പാചകത്തിന്റെ പാഠങ്ങൾ ഇതിലൂടെ പെട്ടെന്ന്‌ സ്വായത്തമാക്കാൻ കഴിയില്ലെങ്കിലും പഠനകാലത്ത്‌ നമുക്ക്‌ ഭക്ഷണം തരുന്നിടത്ത്‌ നമുക്കും ഒരുകൈ നോക്കാമല്ലോ! നല്ല ഭക്ഷണമുണ്ടാക്കൽ ഒരു കലയാണ്‌. 
രുചികരമായ വിഭവങ്ങൾ ആരെയും ആകർഷിക്കും. അതുണ്ടാക്കുന്ന വിദ്യകൾ വീട്ടിൽനിന്നുതന്നെ ശീലിക്കാം. നമുക്കിഷ്ടപ്പെട്ട വിഭവങ്ങൾ നമുക്കുതന്നെ പാചകം ചെയ്യുകയുമാവാം. പെൺകുട്ടികൾക്ക്‌ മാത്രമുള്ളതല്ല പാചകം. ആൺകുട്ടികൾക്കും ശീലിക്കാം. 

ശുചിയാക്കി വയ്ക്കാം
വീടും പരിസരവും ശുചിയാക്കിവയ്ക്കേണ്ടത്‌ എപ്പോഴും പ്രധാനമാണ്‌. എന്നാൽ അവധിക്കാലത്ത്‌ ഇതിനായി കൂടുതൽ സമയം ചെലവഴിക്കാം. വീട്ടിൽ കൂടുതൽ പെരുമാറാത്ത സ്ഥലങ്ങൾ നാം കൂടുതൽ ശ്രദ്ധിക്കണമെന്നില്ല. സ്ഥിരം ഉപയോഗത്തിലുള്ള ഇടങ്ങൾക്കുപുറമേ ഇത്തരം കാര്യമായി ഉപയോഗിക്കാത്ത ഇടങ്ങളും വൃത്തിയാക്കിവയ്ക്കാം. മാറാലയും പൊടിയും പിടിച്ച സ്ഥലങ്ങൾ ഉപയോഗിക്കത്തക്കവണ്ണം മാറ്റിയെടുക്കാം. വീടിന്‌ ചുറ്റും പരിസരപ്രദേശവുമെല്ലാം നന്നാക്കി വയ്ക്കണം. കൂട്ടുകാരുമൊത്ത്‌ പൊതുസ്ഥലങ്ങളുടെ ശുചീകരണം ഏറ്റെടുക്കാൻ അവധിക്കാലം ഉപയോഗപ്പെടുത്താം. പഠിച്ചുകഴിഞ്ഞ പുസ്തകങ്ങൾ അലക്ഷ്യമാക്കിയിടാതെ വൃത്തിയായി കെട്ടിവയ്ക്കണം. ഇവ തൂക്കിവിൽക്കാനോ കളയാനോ പാടില്ല. 

നാട്ടറിവ്‌ നേടാം
ദൂരസ്ഥലങ്ങളും കാഴ്ചകളും കാണാൻ നമുക്കിഷ്ടമാണ്‌. അതിനായുള്ള യാത്രകളും സംഘടിപ്പിക്കാറുണ്ട്‌. എന്നാൽ നമ്മുടെ ചുറ്റുപാടുമുള്ള സ്ഥലങ്ങൾതന്നെ നാം മുഴുവൻ മനസ്സിലാക്കാറില്ല. നാട്ടിലെ വിവിധ കൃഷിയിടങ്ങൾ, പുരാതന നിർമിതികൾ, ചരിത്ര പശ്ചാത്തലമുള്ള സ്ഥലങ്ങൾ തുടങ്ങി പലതും നാം നഷ്ടപ്പെടുത്തുന്നു. ഇത്തരം സ്ഥലങ്ങളുണ്ടെങ്കിൽ അവിടെയെല്ലാം കൂട്ടുകാരുമൊത്ത്‌ നടന്നുപോവാം. നമ്മുടെ പഞ്ചായത്തിലും മറ്റുമുള്ള അറിയപ്പെടുന്ന വ്യക്തികളെ പരിചയപ്പെടാനും അവരുടെ കഴിവുകൾ മനസ്സിലാക്കാനും അവധിക്കാലത്ത്‌ ഒരുങ്ങണം. 

മത്സരമൊരുക്കാം
നാട്ടിൽ കൂട്ടുകാർക്ക്‌ ക്ളബ്ബുകളും കൂട്ടായ്മകളുമൊരുക്കാം. ഇവയുടെ നേതൃത്വത്തിൽ കലാ-കായിക മത്സരങ്ങളും വൈജ്ഞാനിക പരിപാടികളും സംഘടിപ്പിക്കാം. വിവിധ വിഷയങ്ങളെ അധികരിച്ച്‌ ക്വിസ്‌ മത്സരങ്ങൾ നടത്താം. ഇവ നിയന്ത്രിക്കുന്നതും നടത്തുന്നതുമെല്ലാം കൂട്ടുകാർ തന്നെയാവട്ടെ. ഇതിനായുള്ള ചോദ്യങ്ങൾ കണ്ടെത്തുന്നതും മത്സരം സംഘടിപ്പിക്കുന്നതുമെല്ലാം നമ്മുടെ അറിവ്‌ പങ്കുവയ്ക്കാനും വർധിക്കാനും കാരണമാവും. പിന്നീട്‌ സ്കൂളിലും മറ്റും നടക്കുന്ന മത്സരങ്ങൾക്ക്‌ ഏറെ പ്രയോജനപ്പെടുകയും ചെയ്യും. 

വ്യക്തിത്വം വികസിപ്പിക്കാം
അവനവന്റെ കഴിവുകളെ പരമാവധി കണ്ടെത്തി പ്രകടമാക്കാൻ കഴിയണം. വ്യക്തിത്വ വികസനത്തിനുതകുന്ന ക്ളാസുകളും പരിശീലനങ്ങളും ഇതിനായി കൂട്ടുകാർക്ക്‌ ഉപയോഗപ്പെടുത്താം. നേതൃത്വപരിശീലനം, സാമൂഹിക സേവനം തുടങ്ങിയവ മുൻനിർത്തിയുള്ള ക്യാമ്പുകളുമുണ്ടാവാം. ഇവയിലെല്ലാമുള്ള പ്രമുഖരെ അടുത്തറിയാൻ ശ്രമിക്കണം. കംപ്യൂട്ടർ ഉൾപ്പെടെയുള്ള തൊഴിൽമേഖലകളിലും ഇംഗ്ലീഷ് ഭാഷയിലും പ്രാവിണ്യം നേടാൻ സഹായിക്കുന്ന മികച്ച കോഴ്‌സുകളും ഇന്ന്‌ ലഭ്യമാണ്‌. 

ഇനിയും പലതും
ഇഷ്ടപ്പെട്ട കളികളിൽ പരിശീലനം നേടാനും അഭിനയം, എഴുത്ത്‌ എന്നിങ്ങനെയുള്ള സർഗാത്മക പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കാനും ഉതകുന്ന പരിശീലനങ്ങൾ നേടാം. കൈത്തൊഴിലുകൾ പഠിക്കാനും നിർമാണപ്രവർത്തനങ്ങളെ അടുത്തറിയാനും ഈ രംഗത്തുള്ളവരെ സമീപിക്കണം. എന്തും പഠിക്കാനും അറിയാനുമുള്ള വാസനയും തയ്യാറെടുപ്പുമാണ്‌ ഇതിനെല്ലാം ആദ്യം വേണ്ടത്‌. പുസ്തകങ്ങൾ പരമാവധി കണ്ടെത്തി വായിക്കുകയുമാവാം.
   ടി.വി.ക്കും കമ്പ്യൂട്ടറിനും മുന്നിൽ ചടഞ്ഞിരുന്ന് സമയം പാഴാക്കാതെ ആ സമയം ഉപയോഗപ്രദമാക്കാൻ ശ്രമിക്കാം. ഒരുപാട് നേരം മൊബൈലിൽ ചെലവഴിക്കാതെ അഭിരുചിയ്ക്കനുസരിച്ച് നൃത്തം, സംഗീതം എന്നിവ പഠിക്കുകയുമാവാം. അവധിക്കാലം ആവേശകരമാക്കാൻ ഇഷ്ടമുള്ള സംഗീതോപകരണങ്ങൾ വായിക്കാൻ പരിശീലിയ്ക്കുന്നതും പുത്തനുണർവു നൽകും.

ചൂടിനെ ചെറുക്കാം

വേനൽക്കാലമായതിനാൽ പുറത്തിറങ്ങിയുള്ള കളികൾ പാടെ ഉപേക്ഷിക്കേണ്ടതില്ല. പകരം ഉച്ചസമയങ്ങളിൽ ഇത്തരം കളികൾ ഒഴിവാക്കി വൈകുന്നേരത്തേക്ക് മാറ്റിവെക്കാം. ചൂടു സമയമായതിനാൽ തന്നെ കളിക്കിടയിലും നിർജ്ജലീകരണം തടയാൻ വെള്ളം ധാരാളമായി കുടിക്കുക.

-------------------------------------------------------------------------------------

കിളികളോട് കൂട്ടുകൂടാം

അവധിക്കാലത്തെ വരവേല്‍ക്കാന്‍ ആവേശത്തോടെ കാത്തിരുന്ന ഈ കൂട്ടുകാരിയുടെ വിശേഷങ്ങള്‍

നേഹ കെ. XII, ജി.ജി.എച്ച്.എസ്.എസ്. മടപ്പള്ളി, കോഴിക്കോട്‌

 

 

 

എന്റെ വീട്ടിൽ ഒരു ചാമ്പക്കമരമുണ്ട്. ചാമ്പക്കമരം മാത്രമല്ല കേട്ടോ. അതിനടുത്തുതന്നെ കൂട്ടുകാരായ സർവസുഗന്ധിയും ജാതിക്കയും ഉറുമാമ്പഴവും പിന്നെ നിറയെ മാങ്ങയുണ്ടാകുന്ന കുഞ്ഞ് ഒട്ടുമാവും കുറേ ചെടികളുമുണ്ട്. ചാമ്പക്കയുണ്ടാകുമ്പോഴാണ് രസം. കുറെ കിളികളുടെ കലപില ശബ്ദമാണ് പിന്നെ അവിടെമാകെ. അത്‌ കേൾക്കാൻ എന്ത്‌ രസമാണെന്നോ? 
അവധിക്കാലമാവുമ്പോഴാണ് ചാമ്പക്കയും മാങ്ങയുമൊക്കെയുണ്ടാവുക. അപ്പോഴേക്ക് മാമന്റെ മക്കളും അടുത്ത വീട്ടിലെ കൂട്ടുകാരുമെല്ലാമുണ്ടാവും ചാമ്പക്ക പറിക്കാനും കളിക്കാനും. ചാമ്പക്കമരത്തിന്റെ ചില്ലയിൽ അമ്മ ഒരു പാത്രത്തിൽ വെള്ളം നിറച്ചുവെക്കും. ചൂടുകാലത്ത്‌ കിളികൾക്ക് വലിയൊരാശ്വാസമാണത്. ദിവസവും കിളികൾ വെള്ളം കുടിക്കാനും അതിൽ കുളിക്കാനുമെത്തും. പ്രധാന അതിഥി ഓലേഞ്ഞാലിയാണ്. അത് വെള്ളത്തിൽ കുളിക്കുന്നതും പറന്ന് മറ്റൊരു ചില്ലയിലേക്ക് ചേക്കേറുന്നതും ഒരു പതിവ്‌ കാഴ്ചയാണ്. 
കുട്ടികളൊക്കെ ചാമ്പക്കയും മാങ്ങയും പറിക്കാൻവരും. ഉപ്പും മുളകും കൂട്ടി തിന്നുന്ന മാങ്ങയ്ക്കും ചാമ്പക്കയ്ക്കും എന്ത്‌ രുചിയാണെന്നോ? വീടിനടുത്തുള്ള കൂട്ടുകാരും പിന്നെ മാമന്റെ മക്കളും ചാമ്പക്കയും മാങ്ങയും ഓലേഞ്ഞാലിയും എല്ലാം കൂടിയാവുമ്പോൾ അവധിക്കാലം എനിക്കേറ്റവും പ്രിയപ്പെട്ടതാണ്.
 പറമ്പിലൂടെ കളിച്ചുല്ലസിച്ച്‌ നടക്കാനും ഇഷ്ടമുള്ള പുസ്തകങ്ങൾ വായിച്ച്‌ രസിക്കാനും അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ ഈ വേനലവധിയ്ക്ക് ചെയ്യാനുണ്ട്. കൂടാതെ ദാഹിച്ചുവലയുന്ന കിളികൾക്കായി ചിരട്ടയിൽ വെള്ളം നിറച്ച് അവ മരങ്ങളിൽ കെട്ടിവെക്കാനാണ് ഇത്തവണ എന്റെ പ്ലാൻ. പാവങ്ങൾ, അവ ഈ വേനൽക്കാലത്ത് ദാഹജലം കിട്ടാതെ വലയരുത്.

--------------------------------------------------------------

ബഹിരാകാശത്തെ ഇന്ത്യന്‍ താരം

പ്രഥമ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മ്മ ബഹിരാകാശത്ത് എത്തിയ ദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ ബഹിരാകാശയാത്രയെക്കുറിച്ച് കൂടുതല്‍ അറിയാം...

ജോസ് ചന്ദനപ്പള്ളി

1984 ഏപ്രിൽ 3. ഇന്ത്യൻ സമയം വൈകീട്ട്‌ 6.38-ന്‌ മോസ്‌കോയിൽനിന്ന് 2000 കിലോമീറ്റർ അകലെ സോവിയറ്റ് കസാഖ്സ്താനിലെ ബൈക്കനൂർ കോസ്‌മോഡ്രോമിൽ നിന്നായിരുന്നു ആ ബഹിരാകാശപ്പറക്കൽ.  ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുള്ള 
സംയുക്ത കരാറിന്റെ തുടർച്ചയായിരുന്നു ഈ ചരിത്രനേട്ടം. 

300ടൺ ഭാരമുള്ള സോയുസ്-T11-ൽ രാകേഷ് ശർമ ആകാശത്തേക്ക് കുതിക്കുമ്പോൾ, അദ്ദേഹത്തോടൊപ്പം യാത്രയ്ക്ക് സർവ തയ്യാറെടുപ്പുകളും നടത്തിയ വിങ് കമാൻഡർ രവീഷ് മൽഹോത്ര മോസ്‌കോയിൽ പകരക്കാരനായി സർവസജ്ജനായി ഇരിപ്പുണ്ടായിരുന്നു. രാകേഷ് ശർമയ്ക്ക് ഏതെങ്കിലും കാരണവശാൽ ബഹിരാകാശയാത്ര സാധ്യമല്ലാതെ വന്നാൽ, അതേ സ്ഥാനത്തു ചരിത്രത്തിലൊരു നക്ഷത്രത്തിളക്കമാവേണ്ടിയിരുന്ന ആളായിരുന്നു രവീഷ്.  
ഏപ്രിൽ 11 വരെ ബഹിരാകാശത്തു തങ്ങിയ രാകേഷും കൂട്ടരും 120 തവണ ഭൂമിയെ ചുറ്റിയത്രെ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാകേഷിനോടു യാത്രയെക്കുറിച്ച് സംസാരിച്ചപ്പോൾ ചോദിച്ചു: ‘‘മുകളിൽനിന്ന് ഇന്ത്യയെക്കാണാൻ എങ്ങനെയുണ്ട്?’’  കാവ്യാത്മകമായിരുന്നു രാകേഷിന്റെ മറുപടി.  ‘‘സാരേ ജഹാംസെ അച്ഛാ’’ (എല്ലാ ദേശങ്ങളെക്കാളും സുന്ദരം).

1949 ജനുവരി 13-ന് പഞ്ചാബിലെ പട്യാലയിൽ ആണ് രാകേഷ് ജനിച്ചത്.  1961-ൽ റഷ്യൻ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിൻ ആദ്യ ബഹിരാകാശയാത്ര നടത്തുമ്പോൾ കേവലം 12 വയസ്സായിരുന്നു രാകേഷിന്. ആ പത്രവാർത്ത വായിച്ചപ്പോഴെ ബഹിരാകാശ യാത്ര എന്ന സ്വപ്നം രാകേഷിന്റെ മനസ്സിലുദിച്ചു. ഹൈദരാബാദിൽ വളർന്ന രാകേഷ് 1970-ൽ വ്യോമസേനയിൽ ടെസ്റ്റ് പൈലറ്റായി ജീവിതം ആരംഭിച്ചു. ബംഗ്ലാദേശ് യുദ്ധകാലത്ത് വിമാനത്തിൽ 21 ദൗത്യങ്ങളിൽ പങ്കാളിയായി.  

1.7 കോടി രൂപയായിരുന്നു ആദ്യമായി ഒരാളെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ ചെലവ്. റഷ്യൻ നിർമിത ബഹിരാകാശ വാഹനമായ സോയുസ്-T11-ൽ യാത്ര തിരിച്ച അദ്ദേഹം സല്യൂട്ട് 7 എന്ന ബഹിരാകാശ നിലയത്തിൽ എട്ടു ദിവസം (7 ദിവസവും 21 മണിക്കൂറും 40 മിനിറ്റും) ചെലവഴിച്ചു. റഷ്യൻ ബഹിരാകാശ യാത്രികരായ യൂറി മാലിഷേവ്, ഗെന്നഡി സ്ട്രക്കലോവ് എന്നിവരും രാകേഷ് ശർമയോടൊപ്പമുണ്ടായിരുന്നു. 

1984-ൽ വ്യോമസേനയിൽ സ്‌ക്വാഡ്രൺ ലീഡർ പദവിയിലിരിക്കെയാണ് അദ്ദേഹം ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.  ബഹിരാകാശ ചരിത്രത്തിൽ ഇന്ത്യയുടെ സ്ഥാനം ഉയരങ്ങളിൽ എത്തിച്ച രാകേഷ് ശർമയ്ക്ക് അശോകചക്രം ബഹുമതി നൽകി രാജ്യം ആദരിച്ചു. ഹീറോ ഓഫ് സോവിയറ്റ് യൂണിയൻ നൽകി റഷ്യൻ സർക്കാരും രാകേഷ് ശർമയെ ആദരിച്ചു. രാകേഷ് ശർമയ്‌ക്കൊപ്പം സോവിയറ്റ് യൂണിയൻ ബഹിരാകാശ യാത്രികരായ യൂറി മാലിഷേവിനും ഗെന്നഡി സ്ട്രക്കലോവിനും അശോക ചക്രം നൽകി ഭാരതം ആദരിച്ചു. യു.എസ്.എസ്.ആറിന്റെ ഓർഡർ ഓഫ് ലെനിൻ ബഹുമതിയും രാകേഷ് ശർമയെ തേടിയെത്തി. 
രാകേഷ് ശർമയുടെ ചരിത്രനേട്ടത്തിനു 13 വർഷം കഴിഞ്ഞ് ആദ്യമായി ഒരു വനിതയിലൂടെ ഇന്ത്യ വീണ്ടും ബഹിരാകാശത്തെ നക്ഷത്രത്തിളക്കമായി. 1997-ൽ കല്പന ചൗളയുടെ ബഹിരാകാശ  യാത്രയിലൂടെയായിരുന്നു ഈ മികവ്.  രാകേഷിന്റെത്‌ റഷ്യൻ സഹകരണത്തോടെയുള്ള യാത്രയായിരുന്നുവെങ്കിൽ, അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയിൽ നിന്നായിരുന്നു കല്പനയുടെ യാത്ര. ബഹിരാകാശ യാത്ര കഴിഞ്ഞ് കുറച്ചുകാലത്തിനകം പൈലറ്റ് ഉദ്യോഗം ഉപേക്ഷിച്ച രാകേഷ് ശർമ പിന്നീട് ബാംഗ്ലൂരിലെ ഐടി സ്ഥാപനത്തിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും പ്രവർത്തിച്ചിരുന്നു.