വേലിയേറ്റങ്ങളു​ടേയും വേലിയിറക്കങ്ങളുടേയ​ും ഫലമായി ജലഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ
കായലിലെ ജീവജാലങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ടാക്കുന്നു.

സമുദ്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഉൾനാടൻ ജലാശയങ്ങളാണ് കായലുകൾ. കരയിൽനിന്നുള്ള ശുദ്ധജലം പ്രവഹിക്കുന്നതു മൂലം കായലിലെ വെള്ളത്തിൽ ഉപ്പിന്റെ അംശം കുറവായിരിക്കും. കടലും കരയും ശുദ്ധജലവും കൂടിച്ചേരുമ്പോഴാണ് കായലുകൾ ഉണ്ടാവുന്നത്.
കടലിലെ ജലനിരപ്പ് ഉയരുമ്പോൾ കടൽത്തീരങ്ങളിലുള്ള നദീതടങ്ങളും തീരപ്രദേശങ്ങളും ചിലപ്പോൾ വെള്ളത്തിൽ മുങ്ങിപ്പോവാറുണ്ട്. ഇത്തരം പ്രദേശങ്ങളിൽ കടലിൽ നിന്നുള്ള ലവണജലവും നദികളിൽനിന്നുള്ള ശുദ്ധജലവും തള്ളിക്കയറിയാണ് കായലുകൾ രൂപപ്പെടുന്നത്. 
കരയുടെയോ കടലിന്റെയോ നിരപ്പിലുള്ള വ്യതിയാനത്തിന്റെ ഫലമായിട്ടാണ് പലപ്പോഴും കായലുകൾ ഉണ്ടാവുന്നത്. ഇന്ത്യയിലെ ഹുഗ്ലി, മഹാനദി, ഗോദാവരി, വെള്ളാർ, കാവേരി തുടങ്ങിയ കായലുകളും നമ്മുടെ വേമ്പനാട്ടുകായലും ഇതിന് ഉദാഹരണമാണ്. മഞ്ഞു കാലത്ത് മഞ്ഞുകട്ടകൾ ഉരുകി രൂപംകൊള്ളുകയും പിന്നീട് കടലുമായി ബന്ധപ്പെട്ടും കായലുകൾ ഉണ്ടാവുന്നുണ്ട്.  കായൽ കടലിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് അഴിമുഖം. ആ ഭാഗത്തെ താൽക്കാലിക മണൽത്തിട്ടയാണ് പൊഴി. വർഷകാലത്തെ വൻ ജലപ്രവാഹത്താൽ പൊഴിമുറിഞ്ഞ് കായൽ കടലിനോട് ചേരുന്നു. മഴ കഴിയുമ്പോൾ തിരമാലകളുടെ പ്രവർത്തനഫലമായി വീണ്ടും പൊഴിമുഖം രൂപംകൊള്ളുന്നു.

കേരളത്തിലെ കായലുകൾ

പടിഞ്ഞാറൻ തീരത്ത് അറബിക്കടലിന് സമാന്തരമായി നീണ്ടുകിടക്കുന്ന കായൽ ശൃംഖലകൾകൊണ്ട് സമ്പന്നമാണ് കേരളം. തിരുവനന്തപുരം മുതൽ പൊന്നാനി വരെ സമുദ്രത്തിന് സമാന്തരമായി നീണ്ടുകിടക്കുന്ന കായലുകളുണ്ട്. ഈ കായലുകളെ തോടുകൾകൊണ്ട് ബന്ധിപ്പിച്ചാണ് ഗതാഗതയോഗ്യമാക്കിയിരിക്കുന്നത്. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ, എറണാകുളം ജില്ലയിലെ വേമ്പനാട്ടു കായൽ തുടങ്ങിയവ നദികളിൽ നിന്നുള്ള ഒഴുക്കിന്റെ ശക്തിമൂലം സ്ഥിരമായി കടലിലേക്ക് തുറന്നുകിടക്കുന്നു. മറ്റ് ഒട്ടുമിക്ക കായലുകളും മഴക്കാലത്ത് മാത്രം കടലിലേക്ക് തുറക്കുന്നവയാണ്. ചെറുതും വലുതുമായി പ്രധാനമായും 34 കായലുകളാണ് കേരളത്തിലുള്ളത്. അവയിൽ 27 എണ്ണം കടലുമായി ബന്ധപ്പെടുന്നവയാണ്. മറ്റ് 7 എണ്ണം ഉൾനാടൻ ജലാശയങ്ങളും. കേരളത്തിലെ 44 നദികളിൽ 41 എണ്ണവും കായലുകളിലൂടെയാണ് കടലുമായി സന്ധിക്കുന്നത്.

വേമ്പനാട്ടുകായൽ

96.5 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന വേമ്പനാട്ടുകായലാണ് (കൊച്ചിക്കായൽ) കേരളത്തിലെ ഏറ്റവും വലിയ കായൽ. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന ഈ കായലിലാണ് കേരളത്തിലെ പെരിയാർ, പമ്പ, മൂവാറ്റുപുഴ, അച്ചൻകോവിലാർ, മണിമലയാർ എന്നീ വൻനദികൾ വന്ന് പതിക്കുന്നത്.

അഷ്ടമുടിക്കായൽ

കായലുകളിൽ രണ്ടാംസ്ഥാനത്ത് നില്ക്കുന്നത് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലാണ്. ആശ്രാമം കായൽ, കുരീപ്പുഴകായൽ, കല്ലട കായൽ, മഞ്ഞപ്പാടൻ കായൽ, മുക്കാടൻ കായൽ, പെരുമൺ കായൽ, കണ്ടച്ചിറ കായൽ, കാഞ്ഞിരോട്ട് കായൽ എന്നീ എട്ട് ശാഖകളായി നീണ്ടുകിടക്കുന്ന കായലായതിനാലാണ് ഇതിന് അഷ്ടമുടിക്കായലെന്ന പേര് വന്നത്. കല്ലടയാറ്റിലൂടെ ഒഴുകിയെത്തുന്ന മണൽത്തരികൾ നിക്ഷേപിക്കപ്പെട്ടതിനാൽ രൂപംകൊണ്ട മൺറോ തുരുത്താണ് അഷ്ടമുടിക്കായലിലെ ഏറ്റവും വലിയ ദ്വീപ്. നീണ്ടകരയിൽവെച്ചാണ് ഈ കായൽ കടലിൽ പതിക്കുന്നത്.

ശാസ്താംകോട്ട കായൽ

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ശാസ്താംകോട്ട കായൽ. കൊല്ലം ജില്ലയിലെ ഈ കായലിന് 3.73 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. തിരുവനന്തപുരം ജില്ലയിലെ വെള്ളായണിക്കായൽ, തൃശ്ശൂരിലെ ഏനാമാക്കൽ, മനക്കൊടി, വയനാട്ടിലെ പൂക്കോട് തടാകം എന്നിവയാണ് മറ്റ് പ്രധാന ശുദ്ധജല തടാകങ്ങൾ.

മത്സ്യങ്ങളുടെ കലവറ

ലോകത്തിലെ വൻനഗരങ്ങൾ പലതും വളർന്ന് വികാസം പ്രാപിച്ചത് കായൽത്തീരങ്ങളിലാണ്. ജനങ്ങളുടെ ജീവിതവുമായി കായലുകൾ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ജലവിഭവങ്ങൾ, ജലഗതാഗതം, ടൂറിസം, മാലിന്യനിർമാർജനം തുടങ്ങിയ വിവിധ മേഖലകളിൽ കായലുകൾ നിർണായകമായ സ്വാധീനം ചെലുത്തുന്നുണ്ട്.
കേരളത്തിന്റെ സമ്പദ്ഘടനയിൽ കായലുകൾ ഗണ്യമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. കായലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന മത്സ്യബന്ധനവും ജലഗതാഗതവും തൊണ്ടഴുക്കലും ടൂറിസവും കേരളത്തിന്റെ വലിയൊരു വരുമാനസ്രോതസ്സാണ്.
ഓരോ വർഷവും ടൺകണക്കിന് മത്സ്യങ്ങളും കക്കകളും ചെമ്മീനുകളും ഇവിടെനിന്ന് കയറ്റി അയയ്ക്കപ്പെടുന്നുണ്ട്. ഉത്പാദനത്തിന്റെ 60-70 ശതമാനം ചെമ്മീനും 11 ശതമാനം കണമ്പ് മത്സ്യവും 10 ശതമാനം കരിമീനും 9% ഏട്ടവർഗത്തിൽപ്പെട്ട മത്സ്യവുമാണ്. വരാൽ, 
തിലോപ്പിയ, പൂമീൻ, കടുങ്ങാലി തുടങ്ങിയ മത്സ്യങ്ങളുടെയും ഞണ്ട്, ചിപ്പി എന്നിവയുടെയും കലവറയാണ് 
കേരളത്തിലെ കായലുകൾ.

മലിനീകരണ ഭീഷണി

കേരളത്തിലെ കായലുകൾ ഗുരുതരമായ മലിനീകരണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 60-ഓളം വ്യവസായശാലകളിൽനിന്നുള്ള മാലിന്യങ്ങൾ കായലുകളെ മലിനീകരിച്ചുകൊണ്ടിരിക്കുന്നു. പെരിയാറിന്റെ തീരത്തുള്ള വൻകിട വളനിർമാണശാലകളും രാസവ്യവസായശാലകളും എണ്ണശുദ്ധീകരണശാലകളും ആ മേഖലയിലെ ജലമലിനീകരണത്തിന്റെ പ്രഭവസ്ഥാനങ്ങളായി മാറുന്നു. 
കേരളത്തിൽ വ്യാപകമായി നടക്കുന്ന തൊണ്ടഴുക്കൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് വഴിവെക്കുന്നു. തൊണ്ടഴുക്കൽ പാടങ്ങൾ കലങ്ങിമറിഞ്ഞ്  ഇരുണ്ട്‌ കറുത്ത്‌ തൊണ്ടുകളാൽ ആവൃതമായി കിടക്കുന്നു. ഓക്‌സിജൻ തീരെയില്ലാത്ത ഹൈഡ്രജൻ സൾഫൈഡ് അന്തരീക്ഷമാണ് പിന്നെ കായലുകളിൽ വ്യാപിക്കുന്നത്. മത്സ്യസമ്പത്തിന്റെ വ്യാപകമായ നാശത്തിനാണ് ഇത് വഴിവെച്ചുകൊണ്ടിരിക്കുന്നത്. നഗരങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന മലിനജലവും ചപ്പുചവറുകളും കായലിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ നിക്ഷേപിക്കാനുള്ള പ്രവണതയും ജലമലിനീകരണമുണ്ടാക്കുന്നു.

തുടർക്കഥയാവുന്ന കൈയേറ്റങ്ങൾ

കരയോട് തൊട്ടുകിടക്കുന്ന കായൽഭാഗങ്ങൾ നികത്തിയെടുത്തും ചിറകൾ കെട്ടി വെള്ളം പമ്പുവെച്ച് മാറ്റിയും കായൽനിലങ്ങൾ കൃഷിക്ക് ഉപയുക്തമാക്കുന്ന പ്രവണത കേരളത്തിൽ വ്യാപകമായിരുന്നു. ഫലഭൂയിഷ്ഠമായ ഈ ഭൂമിയിൽ പൊന്നുവിളയിച്ചുകൊണ്ട് കുട്ടനാടൻ പ്രദേശങ്ങൾ ഇക്കാര്യത്തിൽ മാതൃക സൃഷ്ടിച്ചിരുന്നു. റിസോർട്ട് നിർമാണത്തിനും റിയൽ എസ്റ്റേറ്റ് താത്പര്യങ്ങൾക്കും വേണ്ടി കായൽ നികത്തുന്നത്‌ അതിന്റെ നാശത്തിന്‌ വഴിയൊരുക്കുന്നു. 

ഇന്ത്യയിലെ ചില പ്രധാന കായലുകൾ

ഹുഗ്ലി-മാട്‍ല
പശ്ചിമബംഗാളിലെ സുന്ദർബൻ മേഖലയിലൂടെ ഒഴുകുന്ന ഈ കായലിന് 2340 ചതുരശ്രകിലോമീറ്റർ വിസ്തീർണമുണ്ട്. നദിയിൽ 290 കിലോമീറ്റർ വരെ ഉള്ളിലേക്ക്‌ വേലിയേറ്റ പ്രവാഹം സഞ്ചരിക്കുന്നു. ബംഗാൾ ഉൾക്കടലിലാണ് ഈ കായൽ ചെന്നുചേരുന്നത്.

ഗോദാവരിക്കായൽ
നാസിക് കുന്നുകളിൽനിന്ന് ഉദ്‌ഭവിച്ച് ആന്ധ്ര സംസ്ഥാനത്തിന്റെ തീരത്ത് ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന ഗോദാവരി നദിയുടെ പേരിലാണ് ഈ കായൽ അറിയപ്പെടുന്നത്.  കടലിൽനിന്ന് 45 കിലോ മീറ്റർവരെ ഉള്ളിലേക്ക് വേലിയേറ്റ സമയത്ത് ജലം പ്രവഹിക്കുന്നുണ്ട്. വർഷം തോറും 5000 ടണ്ണോളം ചെമ്മീൻ ഇവിടെനിന്ന് ലഭിക്കുന്നു. കണമ്പ് മത്സ്യങ്ങൾക്ക് പേരുകേട്ട സ്ഥലമാണിത്. കായലിനോട് ചേർന്നുള്ള വിസ്തൃതമായ ചെളിത്തട്ടുകളും കണ്ടൽച്ചെടികൾ നിറഞ്ഞ ചെളിപ്രദേശവുംകൊണ്ട് സമ്പന്നമാണ് ഈ ഭൂവിഭാഗം.

വെള്ളാർ
സേലം ജില്ലയിലെ ഉത്തനഗരി കുന്നുകളിൽ നിന്നുദ്‌ഭവിച്ച് 480 കിലോമീറ്ററോളം ഒഴുകി തമിഴ്നാട് തീരത്ത് ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന വെള്ളാർ നദിയിൽ നിന്നാണ് ഈ കായലിന് ഈ പേര്‌ ലഭിച്ചത്. വിവിധതരം സസ്യ-ജന്തു വൈവിധ്യങ്ങൾകൊണ്ട് സമ്പന്നമായ കായലാണിത്. 

പ്രധാനപ്പെട്ട ചില കായലുകൾ

വേളിക്കായൽ -തിരുവനന്തപുരത്തുനിന്ന് 
5 കിലോമീറ്റർ വടക്ക്.
കഠിനംകുളം കായൽ -വേളിക്കായലിന് വടക്ക്.
അഞ്ചുതെങ്ങ് കായൽ - വാമനപുരം നദി ഈ കായലിലാണ് പതിക്കുന്നത്.
ഇടവ-നടയറക്കായലുകൾ -അഞ്ചുതെങ്ങ് കായലിന്റെ വടക്കുവശത്തായി സ്ഥിതിചെയ്യുന്നു.
പരവൂർ കായൽ -ഇത്തിക്കരയാറ് പതിക്കുന്നത് ഈ കായലിലാണ്.
കായംകുളം കായൽ -കായംകുളത്ത് സ്ഥിതിചെയ്യുന്നു.
കൊടുങ്ങല്ലൂർ കായൽ -കൊച്ചിയിൽനിന്ന് 25 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്നു.

മെർക്കുറി, അമോണിയ, ലെഡ്, കാഡ്മിയം തുടങ്ങിയ രാസപദാർഥങ്ങൾ നദികളിലും കായലുകളിലും എത്തിച്ചേരുന്നത് മത്സ്യസമ്പത്തിനെ ഭീഷണിയിലാഴ്ത്തുന്നു.

-------------------------------------------------------------

കവിതയിലെ ശബ്ദസൗന്ദര്യം​

മഹാകവി വള്ളത്തോൾ നാരായണമേനോന്റെ 60-ാം ചരമവാർഷികമാണ് ഇന്ന്. എട്ടാംക്ലാസിലെ കേരള പാഠാവലിയിൽ
'എന്റെ ഗുരുനാഥൻ' എന്ന കവിത പഠിക്കാനുണ്ടല്ലോ. കവിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ.

കെ.സി. പി. നന്ദകിഷോർ

തൃശ്ശൂർ ജില്ലയിലെ ‘ചെറുതുരുത്തി’യിൽ കേരള കലാമണ്ഡലം സ്ഥാപിച്ചത് വള്ളത്തോളാണ്.​

ആധുനിക മലയാള കവിത്രയത്തിൽ ശബ്ദസൗകുമാര്യംകൊണ്ടും സർഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്നു വള്ളത്തോൾ. മനുഷ്യസ്നേഹി, സാഹിത്യവിമർശകൻ, പത്രാധിപർ, പ്രാസംഗികൻ, ആയുർവേദ വിദഗ്ധൻ തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം തിളങ്ങിനിന്നിരുന്നു.
 മഹാത്മാഗാന്ധിയുടെ അതിമഹത്തായ ജീവിതദർശനങ്ങളും വിശ്വമാനവികതയും വരച്ചുകാട്ടുന്ന കവിതയാണ് 'എന്റെ ഗുരുനാഥൻ'. ഗാന്ധിജിയുടെ തിളക്കമാർന്ന വ്യക്തിത്വത്തെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ടതിൽ ഏറ്റവും മികച്ച കവിതയാണിത്.
ഗാന്ധിജിയെ തന്റെ ഗുരുനാഥനായി അംഗീകരിക്കുകയും അദ്ദേഹത്തിന്റെ ഗുണവശങ്ങൾ വിശദീകരിക്കുകയുമാണ് കവി. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് പ്രസ്താവിച്ച മഹാത്മജിയെ സകല ആദർശങ്ങളുടെയും മനുഷ്യരൂപമായി കവി കാണുന്നു. ഗാന്ധിജിയുടെ വ്യക്തിത്വമഹിമകൾ വർണിച്ചുകൊണ്ട്‌ തുടങ്ങുന്ന കവിതയിൽ ലാളിത്യം, കർമനിരത, ആദർശാത്മക ജീവിതം തുടങ്ങിയ വിശദാംശങ്ങളിലൂടെ ഗാന്ധിജിയുടെ  വ്യക്തിസ്വരൂപം വ രച്ചുകാട്ടുന്നു.
 ആർഷസംസ്കാര പാരമ്പര്യത്തിലെ മഹായോഗിയായ ഗാന്ധിജിയെയാണ് എന്റെ ഗുരുനാഥൻ എന്ന കവിതയിലൂടെ വള്ളത്തോൾ നമുക്ക് പരിചയപ്പെടുത്തുന്നത്. താഴ്‌മയെ ഉന്നതിയായും, ത്യാഗത്തെ നേട്ടമായും കാണുന്ന മഹാത്മജിയെ നന്മകൾ മാത്രമൊഴുകുന്ന മഹാനദിയായാണ് കവി വരച്ചുകാട്ടുന്നത്‌. അഹിംസയുടെ പടച്ചട്ട തകർക്കാൻ ഒരായുധത്തിനും സാധ്യമല്ലെന്ന് ഗാന്ധിജി പഠിപ്പിച്ചു. ഭാരതീയ നവോത്ഥാനം അടയാളപ്പെടുത്തുന്ന 'എന്റെ ഗുരുനാഥൻ' കുട്ടികളിൽ ദേശീയബോധവും അഹിംസയോടുള്ള ഇഷ്ടമനോഭാവവും ജനിപ്പിക്കാൻ ഉതകുന്നതാണ്.

ജീവിതരേഖ
1878 ഒക്ടോബർ 16-ന് തിരൂരിനടുത്ത് വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനനം. സംസ്‌കൃത പഠനശേഷം തർക്കശാസ്ത്രം പഠിച്ചു.  കൈക്കുളങ്ങര രാമവാര്യരായിരുന്നു ഗുരു. 1905 മുതൽ 1907 വരെയുള്ള കാലയളവിൽ അദ്ദേഹം ‘വാല്മീകിരാമായണം’ വിവർത്തനം ചെയ്തു.
1908-ൽ രോഗബാധയെ തുടർന്ന്‌ ബധിരത വന്നുപെട്ടു. ആ കാലത്ത്‌ രചിച്ചതാണ്‌ ‘ബധിരവിലാപം’. 1915-ൽ ‘ചിത്രയോഗം’ പ്രസിദ്ധീകരിച്ചു. അതേവർഷംതന്നെ ‘കേരളോദയ’ത്തിന്റെ പത്രാധിപർസ്ഥാനം ഏറ്റെടുത്തു. 1958 മാർച്ച്‌ 13-ന്‌ അന്തരിച്ചു.

രചനാശൈലി
അർഥഗാംഭീര്യമുള്ള സംസ്കൃതപദങ്ങൾ വളരെയധികം ഉപയോഗിക്കുമ്പോഴും ലളിതസുന്ദരമായ രീതിയിൽ കാവ്യങ്ങൾ രചിക്കാൻ വള്ളത്തോൾ ശ്രമിച്ചിരുന്നു. പദപ്രയോഗത്തിൽ പരമാവധി ഔചിത്യം പുലർത്തിയ അദ്ദേഹം ഓരോ പദത്തിൽനിന്നും കിട്ടാവുന്നത്ര അർഥം സ്വരൂപിച്ചു. അതുകൊണ്ടുതന്നെ ശൈലിയിൽ മിതത്വവും സംയമവും പാലിക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. ഗദ്യമായാലും പദ്യമായാലും സ്ഫുടതയും ഊർജസ്വലതയും സൗന്ദര്യവും നിറഞ്ഞതായിരുന്നു വള്ളത്തോളിന്റെ ഭാഷ.
കവിയെന്ന നിലയിൽ തിളങ്ങിനിൽക്കുമ്പോഴും വിവർത്തനരംഗത്തും കാതലായ സംഭാവനകൾ നൽകാൻ വള്ളത്തോളിന് കഴിഞ്ഞിട്ടുണ്ട്. വാല്മീകിരാമായണത്തിന് പുറമേ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയ കൃതികളും അദ്ദേഹം സംസ്കൃതത്തിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

കേരള കലാമണ്ഡലം
കേരളീയ കലകളുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കുംവേണ്ടി തൃശ്ശൂർ ജില്ലയിലെ ‘ചെറുതുരുത്തി’യിൽ കേരള കലാമണ്ഡലം സ്ഥാപിച്ചത് വള്ളത്തോളാണ്. 
കഥകളിയെന്ന കലാരൂപത്തെ വളരെയധികം സ്നേഹിച്ചിരുന്ന അദ്ദേഹം 1930-ൽ കുന്നംകുളത്ത് കഥകളി വിദ്യാലയം സ്ഥാപിച്ചു. ഇതാണ് പിന്നീട് കേരള കലാമണ്ഡലമായത്. കുന്നംകുളത്തുനിന്ന് ആസ്ഥാനം ചെറുതുരുത്തിയിലേക്ക് മാറ്റുകയായിരുന്നു. 

പ്രധാന കൃതികൾ
കിരാതശതകം, സല്ലാപപുരം (കൂട്ടുകൃതി), ത്രിയാമാ (സംസ്കൃതം), പോർഷ്യാവിവാഹം, കീചകവധം, ശിശുപാലവധം, ഋതുവിലാസം, ആരോഗ്യചിന്താമണി, പഞ്ചതന്ത്രം (കൂട്ടുകൃതി), ഗർഭരക്ഷാക്രമം, വൈദ്യഭൂഷണം, ചന്ദ്രികാസ്വയംവരം, ഭാരതമഞ്ജരി (വിവർത്തനം- കൂട്ടുകൃതി), നേത്രാമൃതം, കാശിമാഹാത്മ്യം കിളിപ്പാട്ട്, ഒരു രാക്ഷസകൃത്യം, അർജുന വിജയം (സംസ്കൃത നാടകം), ഉന്മത്ത രാഘവം, ഭഗവദ്‌സ്തോത്രമാല, തപതീസംവരണം, ബധിര വിലാപം, ദണ്ഡകാരണ്യം, ചിത്രയോഗം മഹാകാവ്യം, ഗണപതി, വിലാസലതിക, അനിരുദ്ധൻ, ഒരുകത്ത്, സാഹിത്യമഞ്ജരി (ഒന്നുമുതൽ 11 വരെ ഭാഗങ്ങൾ), ശിഷ്യനും മകനും, ഔഷധാഹരണം ആട്ടക്കഥ, ഭദ്രാവതാരം പഠനം, മഗ്ദലനമറിയം,  പഞ്ചരാത്രം നാടകം (വിവർത്തനം), പുരാണകാവ്യമഞ്ജരി (ഒന്നാം ഭാഗം- വിവർത്തനം),   പുരാണകാവ്യമഞ്ജരി (രണ്ടാംഭാഗം), കൊച്ചുസീത, ഗ്രന്ഥവിഹാരം, കാവ്യാമൃതം, കൈരളീകന്ദളം, ശരണമയ്യപ്പാ, അച്ഛനും മകളും, ഇന്ത്യയുടെ കരച്ചിൽ, വിഷുക്കണി, സ്ത്രീ, ദിവാസ്വപ്നം, വീരശൃംഖല, എന്റെ ഗുരുനാഥൻ, പരലോകം.

---------------------------------------------------------

ഗണിതചിഹ്നമായ പൈയെ അനുസ്മരിക്കുന്ന ദിനമാണ് മാർച്ച്‌ 14. പൈ 
ദിനവുമായി ബന്ധപ്പെട്ട ഗണിതശാസ്ത്ര ക്വിസിതാ...

ഗ്രീക്ക് അക്ഷരമാണ്‌ പൈ. മൂന്നാം മാസത്തിലെ 14-ാമത്തെ ദിവസത്തിന് പൈയുടെ വിലയായ 3.14 എന്ന സംഖ്യയുമായി സാമ്യമുള്ളതിനാൽ മാർച്ച് 14 പൈദിനമായി ആഘോഷിക്കുന്നു. 1989-ൽ സാൻഫ്രാൻസിസ്‌കോയിലാണ് പൈ ദിനം ആചരിച്ചുതുടങ്ങിയത്. ലാറിഷ എന്ന ഭൗതികശാസ്ത്രജ്ഞനാണ് ഈ ആഘോഷത്തിന് തുടക്കംകുറിച്ചത്. ഏകദേശ വില എന്ന് വിലയുള്ളതിനാൽ ജൂലായ് 22-നും പൈ ദിനം ആചരിക്കുന്നുണ്ട്.

1. ഗണിതശാസ്ത്രത്തിലെ നൊബേൽസമ്മാനം എന്നറിയപ്പെടുന്നത്?
2. ഗണിതശാസ്ത്രജ്ഞരുടെ ബൈബിൾ എന്നറിയപ്പെടുന്ന പുസ്തകം?
3. ലൂഡോൾഫ് നമ്പർ എന്നറിയപ്പെടുന്ന സംഖ്യ? 
4. ‘പ്രിൻസിപ്പിയ മാത്തമാറ്റിക്ക’ എന്ന ഗ്രന്ഥത്തിന്റെ രചയിതാക്കൾ?
5. ആദ്യമായി സൂര്യഗ്രഹണം പ്രവചിച്ച ഗ്രീക്ക് ഗണിതശാസ്ത്രജ്ഞൻ.
6. ആധുനിക ഗണിതശാസ്ത്രത്തി​ന്റെ പിതാവ്? 
7. ബീജഗണിതത്തിന്റെ പിതാവ്?
8. ലോകത്തിലെ ആദ്യത്തെ ഗണിതശാസ്ത്രജ്ഞ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
9. മാർപാപ്പയായ ഗണിതശാസ്ത്രജ്ഞൻ? 
10. മനുഷ്യ കംപ്യൂട്ടർ എന്നറിയപ്പെടുന്നത്?
11. ശാസ്ത്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത്‌?
12. ആദ്യമായി പൈ എന്ന സംഖ്യയ്ക്ക്‌ π എന്ന പ്രതീകം ഉപയോഗിച്ച ഗണിതശാസ്ത്രജ്ഞൻ ആര്‌?
13. പൂജ്യം ഇല്ലാത്ത സംഖ്യാസമ്പ്രദായം? 
14. ‘ലീലാവതി’ എന്നറിയപ്പെടുന്ന ഗണിതഗ്രന്ഥം രചിച്ചത് 
15. എത്ര ലിറ്ററാണ് ഒരു ഗ്യാലൻ? 
16. ഏക ഇരട്ട അഭാജ്യസംഖ്യ?
17. ഹരണചിഹ്നം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ? 
18. ത്രികോണമിതിയുടെ പിതാവ് എന്നറിയപ്പെടുന്ന പുരാതന ഗണിതശാസ്ത്രജ്ഞൻ?
19. സാഹിത്യത്തിന് നൊബേൽസമ്മാനം നേടിയ ആദ്യ ഗണിതശാസ്ത്രജ്ഞൻ?
 
ഉത്തരങ്ങൾ
 
1. ഫീൽഡ് മെഡൽ
2. എലമെന്റ്സ്
3. π
4. എ.എൻ. വൈറ്റ് ഹെഡും 
ബർട്രാൻഡ്‌ റസലും
5. ഥെയിൽസ്
6. റെനെ ദെക്കാർത്തെ
7. ഡയോ ഫാന്റസ്‌
8. ഹിപ്പേഷ്യ
9.ഗേർബർട്ട്
10. ശകുന്തളാദേവി
11.ഗണിതശാസ്ത്രം
12. ലിയോനാർഡ്‌ ഓയിലർ
13.റോമൻ സംഖ്യാസമ്പ്രദായം
14. ഭാസ്കരാചാര്യൻ
15. 4.55
16. 2
17.വില്യം ഓട്രേഡ്
18. ഹിപ്പാർക്കസ്
19.ബർട്രാൻഡ്‌ റസൽ
 
തയ്യാറാക്കിയത്‌: ഡിക്സൻ കെ.ഡൊമനിക്‌