പത്താംക്ലാസ് പരീക്ഷാപരിശീലനം

രസതന്ത്രം (ഒന്നാം ഭാഗം)

പിരിയോഡിക് ടേബിളും ഇലക്‌ട്രോൺ വിന്യാസവും

ആറ്റംഘടനയുമായി ബന്ധപ്പെടുത്തി മൂലകങ്ങളുടെ പിരിയോഡിക് ടേബിളിലെ ക്രമീകരണത്തിന് വിശദീകരണം നൽകുകയാണ് പ്രധാനമായും ഒന്നാമത്തെ യൂണിറ്റിൽ. സബ്‌ഷെൽ ഇലക്‌ട്രോൺ വിന്യാസമെഴുതി മൂലകങ്ങളുടെ പിരിയോഡിക് ടേബിളിലെ ബ്ലോക്ക്, പിരിയഡ്, ഗ്രൂപ്പ് ഇവ കണ്ടെത്താൻ കഴിയണം. ഓരോ ബ്ലോക്കിലും ഉൾപ്പെട്ടിട്ടുള്ള മൂലകങ്ങളുടെ പൊതുസ്വഭാവത്തെക്കുറിച്ചും ഇവിടെ ചർച്ചചെയ്യുന്നു.
ആറ്റത്തിന്റെ ന്യൂക്ലിയസ്സിന് ചുറ്റും ഇലക്‌ട്രോണുകൾ സഞ്ചരിക്കുന്ന പാതയാണല്ലോ ഷെല്ലുകൾ. ന്യൂക്ലിയസ്സിൽനിന്നും അകലുംതോറും ഷെല്ലുകളുടെ ഊർജം കൂടിവരുന്നു. ഓരോ ഷെല്ലിലും ഉള്ള സബ്‌ഷെല്ലുകളിൽ അവയുടെ ഊർജം കൂടിവരുന്ന ക്രമത്തിലാണ് ഇലക്‌ട്രോണുകൾ നിറയുന്നത്. സബ്‌ഷെല്ലുകളുടെ ഊർജക്രമം IS<2S<2P<3S<3P<4S<3d
26Fe ന്റെ ഇലക്ട്രോൺ വിന്യാസം IS22S22P63S23P63d64S2 ആണ്. ഈ മൂലകത്തിലെ ഏറ്റവും ഊർജം കൂടിയ ഇലക്‌ട്രോണുകൾ ഏത് സബ്‌ഷെല്ലിലാണ് നിറഞ്ഞിരിക്കുന്നത്?
ബാഹ്യതമ സബ്‌ഷെൽ ഏത്? അതിലെത്ര ഇലക്‌ട്രോണുകൾ ഉണ്ട്?
Fe3+ എന്ന അയോണിന്റെ ഇലക്‌ട്രോൺ വിന്യാസമെന്ത്?
സബ്‌ഷെൽ ഇലക്‌
ട്രോൺ വിന്യാസത്തിൽ നിന്നും മൂലകങ്ങളുടെ ആവർത്തനപ്പട്ടികയിലെ സ്ഥാനം കണ്ടെത്താനും ആവർത്തനപ്പട്ടികയിലെ സ്ഥാനം മനസ്സിലാക്കി സബ്‌ഷെൽ ഇലക്‌ട്രോൺ വിന്യാസം എഴുതാനും അറിഞ്ഞിരിക്കണം.
ഒരു മൂലകം ആവർത്തനപ്പട്ടികയിൽ രണ്ടാംഗ്രൂപ്പിലും മൂന്നാം പിരിയഡിലുമാണ്.
ഈ മൂലകം ഏത് ബ്ലോക്കിലായിരിക്കും?
സബ്‌ഷെൽ ഇലക്‌ട്രോൺ വിന്യാസമെഴുതുക.
ആവർത്തനപ്പട്ടികയിലെ ഇതേ ഗ്രൂപ്പിൽ ഈ മൂലകത്തിന് തൊട്ടുതാഴെയായി വരുന്ന മൂലകത്തിന്റെ ബാഹ്യതമ സബ്‌ഷെൽ ഏത്? അതിൽ എത്ര ഇലക്‌ട്രോണുകൾ ഉണ്ടാവും?
ഓരോ ഗ്രൂപ്പിലെയും മൂലകങ്ങളുടെ ഇലക്‌ട്രോൺ വിന്യാസത്തിന് അനുസരിച്ചായിരിക്കും അവയുടെ രാസസ്വഭാവം.
 ഇത്തരത്തിലുള്ള വിശകലനത്തിനായി നൽകിയ ചോദ്യങ്ങൾ ശ്രദ്ധിക്കുമല്ലോ?
X, Y ഇവ രണ്ട് മൂലകങ്ങൾ ആണ്. (പ്രതീകങ്ങൾ യഥാർഥമല്ല)
ആറ്റോമിക് നമ്പർ X:11, Y:8
സബ്‌ഷെൽ ഇലക്‌ട്രോൺ വിന്യാസം എഴുതുക?
ഗ്രൂപ്പ്, പിരിയഡ്, ബ്ലോക്ക് കണ്ടെത്തുക?
ഏത് മൂലകമാണ് ലോഹീയസ്വഭാവം കാണിക്കുന്നത്?
X, Y ഇവയുടെ ഓക്‌സീകരണാവസ്ഥ എത്ര?
ഈ മൂലകങ്ങൾ പരസ്പരം പ്രവർത്തിച്ച് ഉണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം എന്തായിരിക്കും?
 
മോൾ സങ്കൽപ്പനം
ആറ്റങ്ങളും തന്മാത്രകളും പരസ്പരം ചേരുന്നത് കൃത്യമായ എണ്ണത്തിന്റെ അനുപാതത്തിലാണ്. ഇങ്ങനെ ചേർന്നാൽ അഭികാരകങ്ങൾ പൂർണമായും ഉത്പന്നങ്ങൾ ആയി മാറുന്നു. സൂക്ഷ്മകണങ്ങളുടെ എണ്ണം കൃത്യമായി എങ്ങനെ കണ്ടെത്താമെന്ന രസകരമായ രസതന്ത്രമാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു മൂലകത്തിന്റെ ആറ്റോമികമാസ് എത്രയാണോ അത്രയും ഗ്രാമിനെ ഗ്രാം ആറ്റോമിക മാസ് (GAM) എന്നും മൂലകത്തിന്റെയോ സംയുക്തത്തിന്റെയോ മോളിക്യൂലാർമാസ് എത്രയാണോ അതിന് തുല്യമായ ഗ്രാം അളവിനെ ആ പദാർഥത്തിന്റെ ഗ്രാം മോളിക്യുലാർ മാസ് (GMM) എന്നും വിളിക്കാം.
1 GAM/1GMM-ൽ അടങ്ങിയ ആറ്റങ്ങളുടെ/തന്മാത്രകളുടെ എണ്ണം 1 മോൾ 
(6.022×x1023) ആണ്.
18g ജലത്തിലും (H2O, GMM=18) 44g കാർബൺ ഡൈഓക്‌സൈഡിലും (CO2, GMM=44) അടങ്ങിയ തന്മാത്രകളുടെ എണ്ണം തുല്യമാണ്, അഥവാ ഒരു മോൾ ആണ്. ഈ ആശയം വ്യത്യസ്തമായ സന്ദർഭങ്ങളിൽ പ്രയോഗിക്കാനാണ് ഈ യൂണിറ്റിലെ ഗണിത പ്രശ്‌നങ്ങൾ.
ഇവയിൽ പ്രധാനമായും ഊന്നൽ കൊടുക്കുന്നത്‌.
(1) എത്ര മോൾ?
(2) മാസ് എത്ര?
(3) എത്ര ലിറ്റർ (വാതകങ്ങൾ STP-യിൽ)
ആറ്റങ്ങളുടെ/ തൻമാത്രകളുടെമോൾ എണ്ണം= തന്നിരിക്കുന്ന മാസ് (ഗ്രാമിൽ)GAM/GMM
 
മാസ്= മോൾ എണ്ണം x GAM/ GMM
വ്യാപ്തം STP-യിൽ= 22.4L = 1 mol
               
A, B എന്നീ വാതകസിലിൻഡറുകളിൽ വ്യത്യസ്ത വാതകങ്ങളാണ് നിറച്ചിരിക്കുന്നത്. അവയുടെ താപനില, മർദം, വ്യാപ്തം ഇവ തുല്യമാണ്.
E ഇവ തമ്മിൽ ഇനി എന്തെങ്കിലും സാമ്യത ഉണ്ടോ?
E ഇവ തമ്മിൽ ഉള്ള എന്തെങ്കിലും വ്യത്യാസം കണ്ടെത്താമോ?
ഹൈഡ്രജനും ഓക്‌സിജനും ചേർന്ന് ജലമുണ്ടാവുന്നു.
2H2+O2-----  2H2O
36g ജലം ലഭിക്കാൻ എത്ര ഗ്രാം വീതം ഹൈഡ്രജനും ഓക്‌സിജനും ആവശ്യമാണ്.
100g ഹൈഡ്രജൻ പൂർണമായും ഓക്‌സിജനുമായി ചേർന്നാൽ എത്ര ഗ്രാം ജലം ലഭിക്കും? ഇതിനായി STP-യിൽ എത്ര ലിറ്റർ ഓക്‌സിജൻ ആവശ്യമാണ്.
ഇത്തരത്തിലുള്ള ചോദ്യങ്ങൾ വിശകലനം ചെയ്യുമ്പോൾ ഓരോ ചോദ്യത്തിലും കണ്ടെത്താനുള്ള കാര്യങ്ങൾ (മോൾ എണ്ണം/ മാസ്/ വ്യാപ്തം ലിറ്ററിൽ) കൃത്യമായി മനസ്സിലാക്കുകയും അതിനായി സമവാക്യങ്ങൾ വിശകലനം ചെയ്യുകയും വേണം.
ഒരു ലായനിയുടെ ഗാഢത (മോളാർ വ്യാപ്തം) പ്രസ്താവിക്കാൻ ഒരു നിശ്ചിത വ്യാപ്തം ലായനിയിൽ (ഒരു ലിറ്ററിൽ) എത്ര മോൾ ലീനം അടങ്ങിയിരിക്കുന്നു എന്ന അടിസ്ഥാനം ഉപയോഗിക്കണം.
NaOH MM = 40
40g NaOH ഒരു ലിറ്ററിൽ= 1M
80g NaOH ഒരു ലിറ്ററിൽ= 2M
80g NaOH രണ്ട്‌ ലിറ്ററിൽ= 1M
20g NaOH 500mlൽ= 1M
10g NaOH 250mlൽ= 1M
10g NaOH 500mlൽ= 0.5M
 
രാസപ്രവർത്തനവേഗവും രാസസംതുലനവും
ഈ പാഠഭാഗം ചർച്ച ചെയ്യാൻ പ്രധാനമായും ആശ്രയിക്കുന്നത് പരീക്ഷണങ്ങളാണ്.
രണ്ട് ടെസ്റ്റ്യൂബുകളിലായി ഒരേ വലുപ്പമുള്ള രണ്ട് മഗ്നീഷ്യം കഷണങ്ങൾ എടുക്കുന്നു. ഒന്നാമത്തെ ടെസ്റ്റ്യൂബിൽ 1ML ഗാഢഹൈഡ്രോക്ലോറിക് ആസിഡും രണ്ടാമത്തേതിൽ 1ML നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡും ഒഴിക്കുന്നു.
എന്താണ് നിരീക്ഷണം? നടക്കുന്ന രാസപ്രവർത്തനത്തെ സമവാക്യരൂപത്തിൽ എഴുതുക.
ഇതേ പ്രവർത്തനം ആസിഡിന്റെ ഗാഢത വ്യത്യാസപ്പെടുത്താതെ വ്യത്യസ്ത വേഗത്തിൽ നടത്താൻ എന്തൊക്കെ നിർദേശിക്കാം.
സംതുലനാവസ്ഥയിൽ എത്തുന്ന ചില രാസപ്രവർത്തനങ്ങളും സംതുലനാവസ്ഥയും ഈ യൂണിറ്റിൽ വിശദമായി ചർച്ച ചെയ്യുന്നു. സംതുലനാവസ്ഥ വിശകലനം ചെയ്യുമ്പോൾ ലെ ഷാറ്റ് ലിയർ തത്ത്വമനുസരിച്ചാണ് ഉത്തരത്തിലേക്ക് എത്തിച്ചേരുന്നത്.
 
രാസപ്രവർത്തനവേഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
അഭികാരങ്ങളുടെ സ്വഭാവം 
അഭികാരങ്ങളുടെ ഗാഢത
വാതക അഭികാരങ്ങളുടെ മർദം
ഖരപദാർഥങ്ങളുടെ പ്രതല 
പരപ്പളവ്
താപനില
ഉൽപ്രേരകങ്ങൾ
പ്രകാശത്തിന്റെ സ്വാധീനം
 
ലെ ഷാറ്റ്‌ലിയർ തത്ത്വമനുസരിച്ച്
അഭികാരങ്ങളുടെ ഗാഢത വർധിപ്പിക്കുമ്പോൾ പുരോപ്രവർത്തന വേഗം കൂടുന്നു.
ഉത്പന്നങ്ങളുടെ ഗാഢത കുറച്ചാലും പുരോപ്രവർത്തനം വേഗത്തിലാവുന്നു.
താപനില കുറയ്ക്കുമ്പോൾ താപമോചക പ്രവർത്തനം വേഗത്തിൽ ആകുന്നു.
മർദം കൂടുമ്പോൾ തൻമാത്രകളുടെ എണ്ണം കുറഞ്ഞ ദിശയിലേക്ക് പ്രവർത്തനം നടക്കുന്നു. മർദം വാതകവ്യൂഹത്തെ മാത്രമേ സ്വാധീനിക്കൂ.
ഉൽപ്രേരകങ്ങൾ ഒരേ നിരക്കിൽ പുരോപശ്ചാത് പ്രവർത്തന നിരക്കിനെ സ്വാധീനിക്കുന്നു.
 
ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണം
IUPAC നിയമങ്ങൾ അനുസരിച്ച് ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും സംയുക്തങ്ങളുടെ ഐസോമെറിസവും ആണ് ചർച്ചചെയ്യുന്നത്.
നീളം കൂടിയ കാർബൺ ചെയിനിൽ എത്ര കാർബൺ ആറ്റങ്ങൾ ഉണ്ട്.
ശാഖകൾ ഏതെല്ലാം
IUPAC നാമം എന്ത്
ഹെക്‌സ്-2-ഈൻ എന്ന സംയുക്തത്തിന്റെ ഘടനാവാക്യമെഴുതുക. ഇതിന്റെ ഐസോമെറായി വരുന്ന ഒരു വലയ സംയുക്തമേത്?
ഒരേ തൻമാത്രാവാക്യവും എന്നാൽ രാസപരമായോ ഭൗതികമായോ വ്യത്യസ്തത പുലർത്തുന്നതുമായ സംയുക്തങ്ങളാണ് ഐസോമെറുകൾ.
CH3-CH2-CH2-OH
ഈസംയുക്തത്തിലെ ഫങ്ഷണൽ ഗ്രൂപ്പ് ഏത്?
ഇതിന് എത്ര ഐസോമെറുകൾ സാധ്യമാണ്. ഏതൊക്കെയാണവ?
IUPAC നാമം എഴുതുക. ഓരോ ഐസോമെറും ഏത് ഐസോമർ വിഭാഗത്തിൽപ്പെടുന്നു?
വിവിധ ഫങ്ഷണൽ ഗ്രൂപ്പുകളുടെ ഘടനയും ഓരോന്നും വരുന്ന സംയുക്തങ്ങളുടെ IUPAC നാമവും കണ്ടെത്തണം.
CH3-CH2-CHO
ഈ സംയുക്തത്തിന്റെ IUPAC നാമമെന്ത്?
ഇതിന്റെ ഒരു ഐസോമെറിന്റെ പേരും ഘടനയും കണ്ടെത്തുക.
2, 2-ഡൈമീതൈൽ പ്രൊപ്പെയ്ൻ എന്ന സംയുക്തത്തിന്റെ 
ഘടനാ വാക്യമെന്ത്?
ഈ സംയുക്തത്തിന്റെ രണ്ട് ചെയിൻ ഐസോമെറുകൾ എഴുതുക.
----------------------------------------------------------------------
ഭാരതകോകിലം
 
ഭാരതസ്ത്രീകളുടെ യശസ്സ് വാനോളം ഉയർത്തിയ അമൂല്യ 
വനിതാരത്നം സരോജിനി നായിഡുവിന്റെ ജന്മദിനമാണ് ഇന്ന്‌.
 
ഇന്ത്യാചരിത്രം എക്കാലത്തും അഭിമാനത്തോടെ സ്മരിക്കുന്ന മഹാവ്യക്തികളിൽ ഒരാളാണ് ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സരോജിനി നായിഡു. രാഷ്ട്രനിർമാണത്തിൽ സ്ത്രീയുടെ പങ്ക് മാറ്റിനിർത്തപ്പെടേണ്ടതല്ലെന്ന്‌ സ്വജീവിതംകൊണ്ട് തെളിയിച്ചു. ഒരേസമയം വീട്ടമ്മയും പൊതുപ്രവർത്തകയുമായി ശോഭിച്ച സരോജിനി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ മുൻനിരയിൽനിന്ന്‌ പോരാടി. പൊതുപ്രവർത്തനരംഗത്ത് സ്ത്രീകൾക്ക് സവിശേഷ പങ്കുവഹിക്കാനുണ്ടെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ അധ്യക്ഷ, ഇന്ത്യയുടെ ആദ്യ വനിതാ ഗവർണർ, വാഗ്മി, ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടി അക്ഷീണം യത്നിച്ച മനുഷ്യസ്നേഹി എന്നിങ്ങനെ സരോജിനി നേടിയെടുത്ത വിശേഷണങ്ങൾ നിരവധിയാണ്. ദേശീയബോധം ഉണർത്തുന്ന കവിതകളും ശക്തമായ പ്രസംഗങ്ങളും നയവൈദഗ്‌ധ്യത്തോടുകൂടിയ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളിലെ ശുദ്ധതയുമാണ് അവരെ ശ്രേഷ്ഠയാക്കിയത്. 
 
കാവ്യജീവിതം
അമൂല്യമായ കവിതാസിദ്ധിയാണ് 'ഇന്ത്യയുടെ വാനമ്പാടി' എന്ന വിശേഷണം സരോജിനി നായിഡുവിന് ലഭിക്കാനിടയാക്കിയത്. ചെറുപ്രായത്തിൽതന്നെ ഇംഗ്ലീഷ് കവിതകൾ എഴുതാൻ തുടങ്ങിയ സരോജിനിക്ക് കാവ്യരചനാഭിരുചി പകർന്നുനൽകിയത് അമ്മതന്നെയാണ്. 11-ാം വയസ്സിൽ സരോജിനി ആദ്യത്തെ കവിത രചിച്ചു. ‘ദ ലേഡി ഓഫ് ദ ലേക്ക്‌’ എന്നപേരിലുള്ള ഈ കവിതയ്ക്ക് 1300 വരികളുണ്ടായിരുന്നു. 12-ാം വയസ്സിൽ മെട്രിക്കുലേഷൻ പരീക്ഷ സരോജിനി ഒന്നാം റാങ്കോടെ പാസായി. ഇംഗ്ലീഷ് സാഹിത്യകാരന്മാരുമായി സമ്പർക്കം പുലർത്താനും കവിതകൾ രചിക്കാനുമാണ് ഇംഗ്ലണ്ടിലെ ജീവിതകാലത്ത് അവർ ശ്രമിച്ചത്. പ്രശസ്ത സാഹിത്യനിരൂപകരായ എഡ്മണ്ട് ഗോസ്, ആർതർ സൈമൻസ് എന്നിവരുമായി സരോജിനി ഉറ്റബന്ധം പുലർത്തി. തന്റെ കാവ്യരചനയ്ക്ക് അവർ രണ്ടുപേരും ഒട്ടേറെ പ്രോത്സാഹനം നൽകിയിട്ടുണ്ടെന്ന് പിൽക്കാലത്ത് അവർ രേഖപ്പെടുത്തിയിട്ടുണ്ട്. സരോജിനിയുടെ ആദ്യകാല കവിതകളേറെയും പ്രസിദ്ധീകരിക്കപ്പെട്ടത് ദി ഇന്ത്യൻ ലേഡീസ് മാഗസിനിലാണ്.  
കുട്ടിക്കാലത്ത് സരോജിനി രചിച്ച കവിതകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച് അച്ഛൻ മകളെ പ്രോത്സാഹിപ്പിച്ചു. സരോജിനിയുടെ ഒരു കവിത ഹൈദരാബാദ് നൈസാം വായിക്കാനിടയായി. ഒരു കൊച്ചുപെൺകുട്ടിയാണ് ഈ കവിതയെഴുതിയെന്നറിഞ്ഞപ്പോൾ അദ്ദേഹം ഏറെ സന്തോഷിച്ചു. അവളുടെ പഠനത്തിന് ഒരു ധനസഹായം അദ്ദേഹം അനുവദിച്ചു. മനോഹരമായ ഭാവഗീതങ്ങളായിരുന്നു ആദ്യകാല രചനകളിൽ അധികവും.
1905-ൽ ആദ്യ കവിതാസമാഹാരമായ ദ ഗോൾഡൻ ത്രെഷോൾഡ് പ്രസിദ്ധപ്പെടുത്തി. ബേഡ് ഓഫ് ടൈം, ബ്രോക്കൺ വിങ്‌, ദ ഫെദർ ഓഫ് ദ ഡോൺ എന്നിവയാണ് പ്രസിദ്ധ കവിതാസമാഹാരങ്ങൾ. പ്രഭാഷണങ്ങളും കുറിപ്പുകളും എന്ന കൃതിയും അവരുടെതായിട്ടുണ്ട്. ഭാരതകോകിലം എന്ന പേര് സരോജിനിക്ക് നൽകിയത് ഗാന്ധിജിയാണ്. 
 
പോരാട്ടവീഥിയിൽ 
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന കാലത്തുതന്നെ സരോജിനി ഇന്ത്യയിൽ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി അടുത്തിടപഴകിക്കഴിഞ്ഞിരുന്നു. ഗോപാലകൃഷ്ണ ഗോഖലെയായിരുന്നു സരോജിനിയുടെ രാഷ്ട്രീയഗുരു. അദ്ദേഹമാണ് അവരെ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി അടുപ്പിച്ചത്. 1914-ൽ ലണ്ടനിൽവെച്ചാണ് സരോജിനി ഗാന്ധിജിയെ ആദ്യമായി കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ  ഉറ്റസുഹൃത്തായിത്തീർന്ന അവർ ജീവിതാന്ത്യംവരെ പൊതുരംഗത്ത് സജീവമായിരുന്നു. 1915-ൽ ബോംബെയിൽ കൂടിയ കോൺഗ്രസ് സമ്മേളനത്തിൽ ‘ഉണരുക’ എന്ന കവിത ചൊല്ലി ശ്രോതാക്കളുടെ പ്രശംസ പിടിച്ചുപറ്റി. ഗാന്ധിജിയുടെ നിർദേശാനുസരണം ഇന്ത്യയൊട്ടാകെ പര്യടനം നടത്തി. വനിതകളെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകർഷിക്കുകയായിരുന്നു അവരുടെ കർത്തവ്യം. റൗലറ്റ്‌ ആക്ടിൽ പ്രതിഷേധിച്ച് ഗാന്ധിജിക്കൊപ്പം അണിനിരന്ന ആദ്യത്തെ രാഷ്ട്രീയപ്രവർത്തകയായ സരോജിനി, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നിസ്സഹകരണ പ്രസ്ഥാനം, നിയമ നിഷേധ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം എന്നിവയിൽ മുഖ്യ പങ്കുവഹിക്കുകയുണ്ടായി. 1925-ൽ കാൻപൂരിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് സരോജിനി നായിഡു ആയിരുന്നു. ദേശീയപ്രസ്ഥാനത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സരോജിനി നായിഡു സ്ത്രീവിമോചനം, സാഹിത്യം, സാമൂഹിക പരിഷ്കരണം എന്നീ മേഖലകളിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. 
 
ജീവിതരേഖ
ജനനം: 1879 ഫെബ്രുവരി 13-ന് ഹൈദരാബാദിലെ ഒരു ബംഗാളികുടുംബത്തിൽ. പൂർണനാമം: സരോജിനി ചട്ടോപാധ്യായ്‌ നായിഡു. അച്ഛൻ: ആഘോരനാഥ് ചട്ടോ
പാധ്യായ്‌ ഹൈദരാബാദ് നൈസാം കോളേജിൽ പ്രിൻസിപ്പലായിരുന്നു. മാതാവ്: ബംഗാളി ഗാനരചയിതാവായിരുന്ന വരദസുന്ദരീദേവി. 
1892: ദ ലേഡി ഓഫ് ദ ലേക്ക്‌ എന്ന 
പേരിലുള്ള കവിത രചിച്ചു. 
1895 സെപ്റ്റംബർ: ഉപരിപഠനത്തിനായി ഇംഗ്ലണ്ടിൽ.
1898 സെപ്റ്റംബർ: ഇന്ത്യയിൽ തിരിച്ചെത്തുന്നു. 
1898 ഡിസംബർ 2: ഡോ. ഗോവിന്ദ രാജലു നായിഡുവിനെ വിവാഹം കഴിച്ചു. 
1905: സ്വദേശി പ്രസ്ഥാനത്തിൽ പങ്കെടുത്തു. 
1905: ദി ഗോൾഡൻ ത്രെഷോൾഡ് പ്രസിദ്ധീകരിക്കുന്നു. 
1912: അഖിലേന്ത്യാ വനിതാ സമ്മേളനം. 
1932-ൽ ഗാന്ധിജി യർവാദാ ജയിലിൽ നിരാഹാരം ആരംഭിച്ചപ്പോൾ ശുശ്രൂഷയ്ക്കായി സരോജിനിയാണ് ഈ അവസരത്തിൽ അവിടെ നിയുക്തയായത്.
1942: ക്വിറ്റ് ഇന്ത്യാ സമരത്തിൽ ജയിലിലായി. 
1949 മാർച്ച് 2-ന് ആ ഗാനകോകിലം അന്തരിച്ചു.
 
ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിസ്സഹകരണ പ്രസ്ഥാനം, നിയമ നിഷേധ പ്രസ്ഥാനം,
ക്വിറ്റ് ഇന്ത്യാ സമരം എന്നിവയിൽ മുഖ്യ പങ്കുവഹിക്കുകയുണ്ടായി.
 
1925-ൽ കാൻപുരിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് 
സരോജിനി നായിഡു ആയിരുന്നു.​