നമ്മുടെ നവോത്ഥാനകാഥികരില്‍ പ്രമുഖനാണ് വൈക്കം മുഹമ്മദ് ബഷീര്‍. മറ്റുള്ള എഴുത്തുകാരെ അപേക്ഷിച്ച് വേറിട്ട രചനാരീതികൊണ്ട് ബഷീര്‍ എന്നും വ്യത്യസ്തനായി  നിലകൊണ്ടു.  സാധാരണ മനുഷ്യന്റെ സംഭാഷണഭാഷയായിരുന്നു അദ്ദേഹം രചനയ്ക്ക് ഉപയോഗിച്ചത്. എന്റെ മുതുമുത്തച്ഛന് ഒരു ഗജവീരനുണ്ടായിരുന്നു എന്നുപറഞ്ഞിരുന്ന ഭാഷ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' എന്നുപറയുന്ന ഭാഷയിലേക്ക് പരിവര്‍ത്തനംചെയ്തപ്പോള്‍ സാഹിത്യരചനയില്‍  പുതിയ രചനാരീതി തന്നെ  നിലവില്‍ വന്നു.

ജീവിതം ഇങ്ങനെ

1908 ജനുവരി 21-ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍പ്പെടുന്ന തലയോലപ്പറമ്പില്‍ ജനിച്ചു. സാമാന്യവിദ്യാഭ്യാസം നേടിയശേഷം നാടുവിട്ട് കോഴിക്കോട്ടെത്തി. അവിടെവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊണ്ടു. പലതവണ ജയില്‍വാസമനുഭവിച്ചു.  പ്രേമലേഖനം, ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേര്‍ണ്ടാര്‍ന്നു, ശബ്ദങ്ങള്‍, മാന്ത്രികപ്പൂച്ച, ആനവാരിയും പൊന്‍കുരിശും, താരാ സ്‌പെഷ്യല്‍, മതിലുകള്‍, ജീവിത നിഴല്‍പ്പാടുകള്‍, അനുരാഗത്തിന്റെ ദിനങ്ങള്‍ മുതലായവ പ്രധാന നോവലുകളാണ്. വിശപ്പ്, വിശ്വവിഖ്യാതമായ മൂക്ക്, ശിങ്കിടി മുങ്കന്‍ തുടങ്ങി നിരവധി ചെറുകഥകള്‍ രചിച്ചു. ബഷീര്‍ എഴുതിയ നാടകമാണ് കഥാബീജം. 'ഓര്‍മയുടെ അറകള്‍' അദ്ദേഹത്തിന്റെ ആത്മകഥയാണ്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് ബഷീറിനെ ശക്തനായ കഥാകാരനാക്കിയത്. 1994 ജൂലായ് അഞ്ചാം തീയതി മഹാനായ ആ കാഥികന്‍ കഥാവശേഷനായി.

പാത്തുമ്മയുടെ ആട്

നാട്ടിലെ ഇടത്തരം കുടുംബങ്ങളില്‍ നടക്കുന്ന ചില കാര്യങ്ങള്‍, നര്‍മത്തില്‍പ്പൊതിഞ്ഞ് തന്റെ കുടുംബത്തെ പശ്ചാത്തലമാക്കി, 'പാത്തുമ്മയുടെ ആട്' എന്ന കൃതിയിലൂടെ ബഷീര്‍ അവതരിപ്പിക്കുന്നു. കഥാപാത്രങ്ങളെല്ലാം ബഷീറിന്റെ കുടുംബക്കാരാണ്. ഉമ്മയും സഹോദരങ്ങളും നോവലില്‍ കഥാപാത്രങ്ങളായി കടന്നുവരുന്നു.
പാത്തുമ്മയുടെ ആട് രാവിലെ മുതല്‍ അതിന്റെ വികൃതികള്‍ക്ക് തുടക്കമിട്ടു. ഹനീഫയുടെ മകന്‍ അബിയുടെ ഹാഫ് ട്രൗസറിന്റെ മുന്‍വശം മുഴുവന്‍ ആട് തിന്നുതീര്‍ത്തു. ആട് ഒരിക്കലും കുറ്റക്കാരിയായിരുന്നില്ല. അബിയുടെ ട്രൗസറിന്റെ കീശയില്‍ വെള്ളേപ്പം ഉണ്ടായിരുന്നു. അതും നീട്ടിപ്പിടിച്ച് അബി ആടിന്റെ മുന്നില്‍ ചെന്നുനിന്നു. വെള്ളേപ്പവും ട്രൗസറിന്റെ മുന്‍ഭാഗവും കീശയിലുണ്ടായിരുന്ന അരയണയും ആട് അകത്താക്കി. ആടിന്റെ വിക്രിയ അവസാനിച്ചപ്പോള്‍ ബഷീര്‍  കുട്ടികളുമായി കുളിക്കാനിറങ്ങി. ആറ്റിലെത്തി കുട്ടികളെ കുളിപ്പിച്ചശേഷം ബഷീറ് തോര്‍ത്തെടുത്ത് കുളിക്കാനിറങ്ങി. കൂട്ടുകാരില്‍ ചിലര്‍ അതുവഴി വള്ളത്തില്‍ പോയപ്പോള്‍ അബിക്കും പാത്തുക്കുട്ടിക്കും നാണം മറയ്ക്കാന്‍ തോര്‍ത്തിന്റെ ആവശ്യം വന്നു.  പാത്തുമ്മയുടെ ആടില്‍ കുട്ടികളുടെ രസകരമായ വിനോദങ്ങള്‍ ഫലിത രസികതയോടെ  അവതരിപ്പിക്കുന്ന ഒരു ഭാഗമാണിത്. നാട്ടിന്‍പുറത്തിന്റെ നന്മകള്‍ ഈ ഭാഗത്ത് നമുക്ക് വായിച്ചെടുക്കാം.

ഭൂമിയുടെ  അവകാശികള്‍

ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം ഭാഗത്തിന്റെ ആജീവനാന്ത അവകാശിയായി ബഷീര്‍ മാറി. അത് നാടുഭരിക്കുന്ന ഗവണ്‍മെന്റ് ഉറപ്പായി എഴുതിക്കൊടുത്തിട്ടുണ്ട്. വീടും പരിസരവുമെല്ലാം വൃത്തിയായി മോടിപിടിപ്പിച്ച്, മുള്ളുവേലി കെട്ടി രണ്ടരയേക്കര്‍ പറമ്പ് സംരക്ഷിച്ച് കഴിയുമ്പോഴാണ് ആരെയും മാനിക്കാത്ത ഒരു കൂട്ടര്‍ അവിടെ പ്രത്യക്ഷപ്പെട്ടത്. അവരില്‍ പക്ഷികളും മൃഗങ്ങളുമുണ്ടായിരുന്നു. ഭൂമി മുഴുവന്‍ മനുഷ്യന്‍ തുണ്ടുതുണ്ടായി വാങ്ങി അവകാശം സ്ഥാപിച്ചിരിക്കുകയാല്‍ ജീവജാലങ്ങള്‍ക്ക് പോകാന്‍ മറ്റിടങ്ങളില്ലാതായി. ദൈവം ഭൂമിയുടെ അവകാശികളായി ഒട്ടനവധി ജീവികളെക്കൂടി മനുഷ്യര്‍ക്കൊപ്പം സൃഷ്ടിച്ചിട്ടുണ്ട്. ജന്തുക്കളും പക്ഷികളും മൃഗങ്ങളും കൃമികീടങ്ങളുമെല്ലാം ഭൂമിയിലെ ഉത്പന്നങ്ങളുടെ അവകാശികളാണ്. അവയെ കൊല്ലാതെ സഹവര്‍ത്തിത്വത്തോടെ കഴിയണമെന്നാണ് ബഷീര്‍ ഓര്‍മിപ്പിക്കുന്നത്.
ഭൂമിയിലെ എല്ലാ ജീവികളെയും മനുഷ്യനൊപ്പം കാണുകയും അവയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന സന്ദേശം ഫലിതരസികതയോടെ എന്നാല്‍ കൃത്യതയോടെ വിളിച്ചുപറയുന്ന കഥയാണ് 'ഭൂമിയുടെ അവകാശികള്‍'. സര്‍വചരാചരങ്ങളോടുമുള്ള അടങ്ങാത്ത സ്‌നേഹവും ആദരവും വാത്സല്യവും കഥയുടെ ഓരോ മുക്കിലും മൂലയിലും നിറഞ്ഞുനില്ക്കുന്നുമുണ്ട്.

ഒരു മനുഷ്യന്‍

സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ബഷീര്‍ പറഞ്ഞ കഥയാണ് ഒരു മനുഷ്യന്‍. വളരെ അകലെയുള്ള ഒരു വലിയ നഗരമാണ് കഥ നടക്കുന്ന സ്ഥലം. കൊലപാതകവും കൂട്ടക്കവര്‍ച്ചയും പോക്കറ്റടിയും നിത്യവും നടക്കുന്ന സ്ഥലം. അവിടെ താമസിച്ചുകൊണ്ട് വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് ബഷീറിന്റെ ജോലി. കഥ നടക്കുന്ന ദിവസം വൈകീട്ട് നാലു മണിക്ക് ബഷീര്‍ ഭക്ഷണത്തിനായിറങ്ങി. ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. മുക്കാല്‍ രൂപയുടെ ബില്ലുവന്നു. അതടയ്ക്കാനായി പോക്കറ്റില്‍ കൈയിട്ടപ്പോള്‍ പേഴ്സ് കാണാനില്ല. 'എന്റെ പേഴ്സ് ആരോ പോക്കറ്റടിച്ചു' എന്ന് ബഷീര്‍ വിളിച്ചുപറഞ്ഞു. ഹോട്ടലുടമ ബഷീറിനെ ഭീഷണിപ്പെടുത്തി. കണ്ണു ചുരന്നെടുക്കുമെന്ന് അയാള്‍ പറഞ്ഞു. ഒടുവില്‍ വസ്ത്രങ്ങളെല്ലാം അഴിച്ചുവെക്കാന്‍ ഹോട്ടലുടമ ബഷീറിനോടു പറഞ്ഞു. ആ സമയത്ത് അവിടെയെത്തിയ ഒരാള്‍ ബഷീറിന്റെ പൈസ നല്‍കി. അദ്ദേഹവുമായി നടന്നു നീങ്ങിയ അപരിചിതന്‍ അല്പം അകലെ എത്തിയപ്പോള്‍ ഏതാനും പേഴ്സുകള്‍ പോക്കറ്റില്‍ നിന്നെടുത്തു. അതില്‍ നിന്ന് ബഷീറിന്റേതെടുത്തുകൊള്ളാന്‍ അയാള്‍ പറഞ്ഞു. പേഴ്സ് കാണിച്ചുകൊടുത്തപ്പോള്‍ അയാള്‍ അതെടുത്ത് ബഷീറിന്റെ പോക്കറ്റിലിട്ടുകൊടുത്തിട്ട് ദൈവം നിങ്ങളെ രക്ഷിക്കട്ടെ എന്നു പറഞ്ഞു. ദൈവം നിങ്ങളേയും എന്നേയും എല്ലാവരെയും രക്ഷിക്കട്ടെ. മംഗളം' എന്നു ബഷീറും പറഞ്ഞു. അതോടെ കഥ അവസാനിക്കുന്നു.
നമുക്കു ചുറ്റും നല്ലയാളുകളും ചീത്തയാളുകളുമുണ്ട്. കള്ളന്മാരും ക്രൂരന്മാരും എല്ലാ വൃത്തികേടുകളും ചെയ്യുന്നവരുമുണ്ട്. അവരെ കരുതിവേണം ജീവിക്കാന്‍ എന്ന് ബഷീര്‍ ഈ കഥയിലൂടെ നമ്മോടു പറയുന്നു. ബഷീറിന്റെ കഥകളില്‍ കാണുന്ന കഥാപാത്രങ്ങള്‍ അധികവും സാധാരണക്കാരാണ്. അക്കൂട്ടത്തില്‍ കള്ളനും പോക്കറ്റടിക്കാരനും വേശ്യയും ഒക്കെയുണ്ടാകും. പക്ഷേ, ആരെ കഥയില്‍ അവതരിപ്പിച്ചാലും അവരില്‍ സ്‌നേഹവും മനുഷ്യത്വവും നിക്ഷേപിക്കാന്‍ മനുഷ്യസ്‌നേഹിയായ ആ കഥാകാരന്‍ മടിക്കുന്നില്ല. 'ഒരു മനുഷ്യന്‍' എന്ന കഥയിലെ 
പോക്കറ്റടിക്കാരന്‍ അത്തരമൊരാളാണ്. 

ബഷീര്‍ എന്ന ബല്യ ഒന്ന്

കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ബഷീറിനെക്കുറിച്ചെഴുതിയ കവിതയാണ് 'ബഷീര്‍ എന്ന ബല്യ ഒന്ന് '. രോഗശയ്യയിലായിരുന്ന കക്കാടിന്റെ സമീപം ബഷീര്‍ ഇരിക്കുമ്പോള്‍ അവിടെയെത്തിയ കവി ബഷീറിനോട് തന്റെ പേരക്കുട്ടിയെ അനുഗ്രഹിക്കണമെന്നപേക്ഷിച്ചു. കുഴിയാനയിലും ആടിലും സര്‍വചരാചരങ്ങളിലും സ്‌നേഹപ്പൊരുള്‍ തേടുന്ന അദ്ദേഹം കവിയുടെ പേരക്കിടാവിനെ എടുത്തു മടിയില്‍ ഇരുത്തി വികൃതികള്‍ പലതും പറഞ്ഞും കളി ചിരിയുതിര്‍ത്തും രണ്ടാം ബാല്യം (വാര്‍ധക്യത്തെ പലരും രണ്ടാം ബാല്യമായി പറയാറുണ്ട്) നുണച്ചിരിക്കുമ്പോള്‍ പൈതല്‍ മുണ്ടിന്മേല്‍ അഴുക്കാക്കുമെന്ന് കവി അറിയിച്ചു. 
'മിടുക്കത്തിയായ ഇവള്‍ എന്റെ മെയ്യില്‍ തീര്‍ഥം തളിച്ചുകൊള്ളട്ടെ' എന്നായിരുന്നു ബഷീറിന്റെ മറുപടി. സത്യം സത്യത്തോടു ചേരുമ്പോള്‍ വലിയ സത്യമായി മാറുന്നു എന്ന അദ്വൈതത്തിലാണ് ബഷീര്‍ വിശ്വസിച്ചത്. അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ ഞാനും അന്യനും ദൈവവും എല്ലാം ഒത്തുചേര്‍ന്ന പരമസത്യത്തിനായിരുന്നു പ്രധാന്യം. പുഴയും പുഴയും ചേര്‍ന്നാല്‍ വലിയപുഴയായി മാറുന്നു. വലിയ കടലായിമാറുന്നു. അത് ആനന്ദത്തിന്റെ കടലാണ്. അങ്ങനെ ഹൃദയവിശാലതയോടെ എല്ലാം തന്നില്‍ത്തന്നെ ഒതുക്കുന്ന കടലായി, ആനന്ദത്തിന്റെ കടലായി മാറുന്ന കലയാണ് ബഷീറിന്റെ കല. ആ കലയാകട്ടെ അദ്ദേഹത്തിന്റെ കണ്ണില്‍ നര്‍മമായി തെളിഞ്ഞു വിളങ്ങുന്നു.
ഇവിടെ കവി ബഷീര്‍ എന്ന വലിയ മനുഷ്യനെയും എഴുത്തുകാരനെയും അവതരിപ്പിക്കുന്നു. 'ഉപ്പൂപ്പാന്റെ കുയ്യാനയിലും' 'പാത്തുമ്മയുടെ ആടിലും' ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും സമത്വം ദര്‍ശിച്ച, എല്ലാറ്റിലും സ്‌നേഹത്തിന്റെ മഹത്ത്വം കണ്ടെത്തിയ കഥാകാരനാണ് ബഷീര്‍. കുടുംബസ്‌നേഹം, സഹജീവികളോടുള്ള കാരുണ്യം, ഭൂമിയിലെ സര്‍വജീവികളോടുമുള്ള സ്‌നേഹവും വാത്സല്യവും, പ്രകൃതിയോടുള്ള ആദരവും സ്‌നേഹവും ഇതെല്ലാം തന്നില്‍ നിറച്ചുവെച്ചിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു ബഷീര്‍ എന്ന ഇമ്മിണി 'ബലിയ' 
മനുഷ്യന്‍.

അമ്മ

പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യം അതിയായി ആഗ്രഹിച്ച വൈക്കം മുഹമ്മദ് ബഷീര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അനുഭവങ്ങള്‍ വിഷയമാക്കി എഴുതിയ കഥയാണ് 'അമ്മ'. ദൂരദേശത്ത് ഒരു പട്ടണത്തില്‍ കഴിഞ്ഞുകൂടുന്ന പ്രിയപ്പെട്ട മകന് അമ്മ എഴുതുന്ന കത്തോടുകൂടിയാണ് കഥ ആരംഭിക്കുന്നത്.
അമ്മയുടെ കത്ത് കണ്ടയുടന്‍ പ്രതീക്ഷയോടെ തന്നെ കാത്തിരിക്കുന്ന തന്റെ അമ്മയെപ്പോയി കാണണം എന്നു നിശ്ചയിച്ചു.  വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് അവിടെയെത്തിയ ഗാന്ധിജിയെ കാണുന്നതോടെയാണ് ബഷീറില്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നം ഉണര്‍ന്നത്. ഗാന്ധിജിയോടുള്ള ആരാധന വര്‍ധിച്ച് അദ്ദേഹത്തെ ഒന്നു തൊടുകപോലും ചെയ്തു. 
ഒരുദിവസം ആരോടും പറയാതെ വീടുവിട്ടിറങ്ങിയ അദ്ദേഹം കാല്‍നടയായി എറണാകുളത്തെത്തി. അവിടെനിന്ന് ഷൊര്‍ണൂരേക്കും തുടര്‍ന്ന് കോഴിക്കോട്ടേക്കും പോയി.  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായി. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കാളിയായി. മൂന്നുമാസത്തോളം തടവുശിക്ഷയനുഭവിച്ചു. 
തടവറയില്‍നിന്നു മോചിതനായ ബഷീര്‍ തന്റെ മാതാവിനെ കാണാനായി വൈക്കത്തേക്ക് യാത്രതിരിച്ചു. രാത്രി വളരെ വൈകി അവിടെയെത്തിയ അദ്ദേഹത്തെ കാത്ത് അമ്മ ഉറക്കമിളച്ച് ഇരിക്കുന്നുണ്ടായിരുന്നു. ലോകം മുഴുവന്‍ കൂര്‍ക്കംവലിച്ചുറങ്ങുമ്പോള്‍ തന്റെ മാതാവു മാത്രം മകനെ പ്രതീക്ഷിച്ച് ഉറക്കമിളച്ച് കാത്തിരിക്കുന്നു. അദ്ദേഹം വീടുവിട്ടുപോയ ദിവസംമുതല്‍ എന്നും ചോറും കറിയും തയ്യാറാക്കി ആ അമ്മ കാത്തിരുന്നു.
ബഷീര്‍ എന്ന എഴുത്തുകാരനെക്കാള്‍ ബഷീര്‍ എന്ന ദേശസ്‌നേഹിയും മാതൃസ്‌നേഹിയും കഥയില്‍ ഉടനീളം നിറഞ്ഞുനില്ക്കുന്നു. അദ്ദേഹത്തിന്റെ ദേശാഭിമാനവും മാതൃസ്‌നേഹവും കഥയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. കഥയില്‍ പറയുന്ന അമ്മ സ്വന്തം മാതാവു മാത്രമല്ല, ലക്ഷക്കണക്കിനു മക്കളുടെ മാതാവായി വിളങ്ങുന്ന ഭാരതമാതാവുകൂടിയാണ്.

--------------------------------------------------

മരണം  സ്വപ്നം കണ്ട കവി

മലയാളത്തിന്റെ കാല്പനിക കവികളില്‍ ഒരാളായ 
ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ചരമദിനമാണ് ജൂലായ് 5.

ജോസ് ചന്ദനപ്പള്ളി

മരണത്തിനു പുതിയൊരു മാനവും സൗന്ദര്യവും പകര്‍ന്ന് മരണത്തെ മധുരതരമായ മണിമുഴക്കമാക്കിയ  കവിയായിരുന്നു ഇടപ്പള്ളി. തീവ്രവേദനയില്‍ വിഷാദത്തിന്റെ കൊടുമുടിയില്‍ നിന്നുകൊണ്ട്  മരണത്തിന്റെ കടല്‍ച്ചുഴിയിലേക്ക് എടുത്തുചാടാതിരുന്നുവെങ്കില്‍ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട മഹാകവികളില്‍ ഒരാളായി രാഘവന്‍പിള്ളയെ സാഹിത്യ ചരിത്രം രേഖപ്പെടുത്തുമായിരുന്നു എന്നുള്ളത് നിസ്തര്‍ക്കം. 
''മൃത്യോ, നിന്‍ നാമം സ്മരിക്കുമ്പോളെന്താണെന്‍/ചിത്തമിതേറ്റം തുടിച്ചിടുന്നു?/ആതങ്ക സിന്ധുവിലാണ്ടുപോമീയെനി-/യ്ക്കാലംബം നീയല്ലാതാരു വേറെ?'' (നിരാശ) എന്നെഴുതിയ ഇടപ്പള്ളി രാഘവന്‍ പിള്ള ജീവിച്ചിരുന്നത് കേവലം ഇരുപത്തിയേഴു വര്‍ഷം മാത്രം. സംസ്‌കൃത ബഹുലവും മണിപ്രവാള മുഖരിതവുമായിരുന്ന ഭാഷാംഗനയെ ശാലീന സുന്ദരിയും അനേകായിരങ്ങളുടെ ആരാധനാപാത്രവുമാക്കി, ഇടപ്പള്ളി പ്രസ്ഥാനമെന്നൊരു പ്രസ്ഥാനം തന്നെ സമാരംഭിച്ച് മലയാള കവിതാശാഖയെ ഏറെ ജനകീയമാക്കി. മലയാള കവിതാശാഖയില്‍ കട്ടിയേറിയ വാക്കുകളും സങ്കീര്‍ണ്ണമായ ശൈലികളും ഉപേക്ഷിച്ച്, മലയാള കാവ്യശാഖയില്‍ പുതിയ മുന്നേറ്റങ്ങള്‍ ലക്ഷ്യമാക്കി സുഹൃത്തായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുമായി ചേര്‍ന്ന് ഇടപ്പള്ളി രാഘവന്‍പിള്ള ആരംഭിച്ച ഇടപ്പള്ളി പ്രസ്ഥാനത്തിലൂടെ സാധാരണക്കാരായ വായനക്കാര്‍ മലയാള കവിതയെ നെഞ്ചിലേറ്റി. 
''വിവിധ രീതിയിലൊറ്റ നിമിഷത്തില്‍/വിഷമമാണെനിക്കാടുവാന്‍, പാടുവാന്‍,'' തന്റെ ജീവിത പരാജയം തിരിച്ചറിയുന്ന ഈ വരികള്‍ ഉള്‍പ്പെടുന്ന മണിനാദം ഇടപ്പള്ളിയുടെ കവിതകളില്‍ ഏറെ മികച്ചതാണെന്നു പറയാം. വിദ്യാലയത്തില്‍ നിന്നും പുസ്തകത്തില്‍ നിന്നും കിട്ടുന്ന വിജ്ഞാനത്തെക്കാള്‍ ഉത്തമമാണ് പ്രകൃതിയെ കണ്ടും കേട്ടും അറിഞ്ഞും ലഭിക്കുന്ന പാഠങ്ങള്‍ എന്ന് സ്ഥാപിക്കുകയാണ് വിശ്വഭാരതിയില്‍ എന്ന കവിതയിലൂടെ. ''അങ്കുശമില്ലാത്ത ചാപ്യലമേ'' എന്നു ചങ്ങമ്പുഴ സ്ത്രീയെക്കുറിച്ചെഴുതി. എന്നാല്‍ ഇടപ്പള്ളി ഞാനിതാ വിരമിപ്പൂ എന്ന കവിത അവസാനിപ്പിക്കുന്നതിങ്ങനെയാണ്. - ''പരുഷത്വത്തിന്‍ വെറും പര്യായഭേദം മാത്രം/പുരുഷന്‍ - ക്ഷമിക്കണേ - ഞാനിതാ വിരമിപ്പൂ!'' ലോകത്തിന്റെ സദാചാരത്തെ പരിഹസിക്കുന്ന മറ്റൊരു കവിത ശ്രദ്ധിക്കൂ. ''ലോകത്തിനുണ്ടൊരു കാഞ്ചന കഞ്ചുകം/ലോലം - സദാചാരമെന്ന നാലക്ഷരം'' (വിപ്ലവം. . . വിപ്ലവം).    
1909-ല്‍ ഇടപ്പള്ളി രാഘവന്‍ പിള്ള ജനിച്ചു.  അമ്മ കോട്ടുവള്ളി താഴോത്തുവീട്ടില്‍ മീനാക്ഷിയമ്മ. അച്ഛന്‍ ഇടപ്പള്ളി ഇളമക്കര പാണ്ഡവത്തു വീട്ടില്‍ നീലകണ്ഠപിള്ള. ഇടപ്പള്ളി മിഡില്‍ സ്‌കൂളിലും എറണാകുളം മഹാരാജാസ് ഹൈസ്‌കൂളിലുമായിരുന്നു പഠനം. ചങ്ങമ്പുഴയുമായുള്ള ബന്ധം തുടങ്ങുന്നത് സ്‌കൂള്‍ പഠനകാലത്താണ്. രണ്ടുപേരും കവികള്‍. രണ്ടുപേരും അന്തര്‍മുഖന്മാരായ സ്വപ്‌നജീവികള്‍.  
എല്ലാ കവിതകളിലും നിറഞ്ഞുനിന്ന വികാരം വിഷാദമായിരുന്നു. മരണമാണ് ശാശ്വതമായ സത്യമെന്നും അതുമാത്രമാണ് സുന്ദരമെന്നും കവി വിശ്വസിച്ചു. നിരാലംബമായ ജീവിതത്തില്‍ കവിത മാത്രമായിരുന്നു ഇടപ്പള്ളിയുടെ ആശ്വാസം.  ''എനിക്കുമുണ്ടേതോ ചിലതെല്ലാമൂഴി-/ പരപ്പിനോടൊന്നു പറഞ്ഞുപോകുവാന്‍'' എന്ന് എഴുതിയെങ്കിലും, കവി വളരെ കുറച്ചു മാത്രമേ ലോകവുമായി സംവദിച്ചുള്ളൂ.  തുഷാരഹാരം, ഹൃദയസ്മിതം, നവസൗരഭം എന്നിവ അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങളാണ്.  പില്‍ക്കാലത്ത്  ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സമ്പൂര്‍ണ്ണ കൃതികള്‍ ചങ്ങമ്പുഴ പ്രസിദ്ധപ്പെടുത്തി. സ്വന്തം ദുരനുഭവങ്ങളെ ഹൃദയരക്തത്തില്‍ മുക്കി കവിതയെഴുതിയ ഇടപ്പള്ളി വെറും 10 വര്‍ഷമേ മലയാള കാവ്യലോകത്തുണ്ടായിരുന്നുള്ളൂ. ഇടപ്പള്ളി രണ്ട് ചെറുകഥകളും രണ്ട് ലേഖനങ്ങളും ഒരു അര്‍ദ്ധകവിതയും രചിച്ചിട്ടുണ്ട ്. 
''അല്ലലിന്നന്ത്യത്തിലാനന്ദമാണെന്നറിയുന്ന'' മരണത്തെപ്പറ്റി ഏറെ വാചാലനായിരുന്ന ആ കവി 1935 ജൂലായ് 5-ന് കൊല്ലത്തെ വക്കീലാഫീസിലെ ഇരുണ്ട  മുറിയില്‍ മരണത്തെ വരിച്ചു. മരിക്കുമ്പോള്‍ തൂവെള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. കഴുത്തില്‍ പൂമാലയും സമീപത്ത് മുല്ലപ്പൂ കോര്‍ത്ത മാലയും കവിതയും.
ഇടപ്പള്ളി അന്തര്‍മുഖനും സ്വപ്‌നാടകനും തരളചിത്തനുമായിരുന്നു. എന്തില്‍ നിന്നും ഒഴിഞ്ഞുമാറിനില്‍ക്കുന്ന നിരാശാവാദിയായ ഒരു യുവാവായിരുന്നു അദ്ദേഹം.  തനിക്ക് പാടുവാനാഗ്രഹമുണ്ട്; പക്ഷെ, മുരളി തകര്‍ന്നുപോയി. ഇനി ഏക മാര്‍ഗ്ഗം മരണമാണ് - ''മധുരമാമാശകള്‍ മണ്ണടിഞ്ഞു/ മരണത്തിന്‍ ചുണ്ടില്‍ ചിരിപൊഴിഞ്ഞു'' എന്നിങ്ങനെ അദ്ദേഹം എഴുതി. മരണവുമായുള്ള സല്ലാപം അദ്ദേഹത്തിന്റെ പല കവിതകളിലും നിഴലിച്ചുകാണാം.

---------------------------------------------------------------------

INBOX

കൂട്ടുകാരുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും സംശയങ്ങള്‍ ചോദിക്കാനുമെല്ലാമുള്ള പംക്തിയാണിത്. കൂട്ടുകാരുടെ സംശയങ്ങള്‍ക്ക് വിദ്യ മറുപടി നല്‍കുന്നതായിരിക്കും. ഇന്‍ബോക്‌സിലേക്കുള്ള എഴുത്തുകള്‍ തപാലിലോ ഇ-മെയിലിലോ അയയ്ക്കാം. വിലാസം: പത്രാധിപര്‍, ഇന്‍ബോക്‌സ്, വിദ്യ, 
മാതൃഭൂമി എം.എം. പ്രസ്സ്, കോഴിക്കോട്-1.E-mail: vidyapage@mpp.co.in

ഈ ലക്കത്തില്‍ പെരുംകുളം ഗവ. പി.വി.എച്ച്.എസ്.എസിലെ ആകാശ് വിജയ് അയച്ചുതന്ന കുറിപ്പ് വായിക്കാം.

പുസ്തകഗ്രാമം

പുസ്തക ഗ്രാമം എന്ന്  കേട്ടിട്ടുണ്ടോ? കവലകള്‍ തോറും
പുസ്തകങ്ങള്‍ നിറച്ച കൂടുകള്‍ വെച്ച ഗ്രാമമാണത്.ഇന്ത്യയിലെ രണ്ടാമത്തേയും കേരളത്തിലെ ആദ്യത്തേയും പുസ്തക ഗ്രാമം ഏതാണെന്നറിയാമോ? കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ ഉള്‍പ്പെടുന്ന പെരുംകുളമാണത്. ഗ്രാമത്തില്‍ എവിടെ ചെന്നാലും പുസ്തകം വായിക്കാനുള്ള സൗകര്യമുണ്ട്. ഓട്ടോറിക്ഷകളില്‍ പോലും പുസ്തകം വായിക്കാനുള്ള സൗകര്യമുണ്ട്. പ്രദേശത്തെ ബാപ്പുജി സ്മാരക വായനശാലയാണ് ഈ സൗകര്യം ഞങ്ങള്‍ക്കൊരുക്കിത്തന്നത്. ദിവസവും 10 പേജെങ്കിലും വായിച്ച് നിങ്ങള്‍ക്കും വായനയുടെ സ്വര്‍ഗ്ഗത്തിലേക്ക് കടന്നു വരാം. കാരണം പുസ്തകവായനയിലൂടെ മാത്രമേ നമുക്ക് ഇന്നത്തെ ലോകത്തിന്റെ മോശം പ്രവണതകളെ 
മാറ്റാന്‍ കഴിയൂ എന്ന് എന്റെ അച്ഛന്‍ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.