vidhya 1

vidhya2

vidhya3

vidhya4

സഞ്ചാരിയായ എഴുത്തുകാരന്‍!
മാര്‍ച് 14 എസ്.കെ. പൊറ്റക്കാട്ട് ജന്മദിനം

കോഴിക്കോട്ട് സ്‌കൂള്‍ അധ്യാപകനായ കുഞ്ഞിരാമന്‍ പൊറ്റെക്കാട്ടിന്റെ മകനായിട്ടാണ് 1913 മാര്‍ച്ച് 14ന് എസ്.കെ. പൊറ്റെക്കാട്ട് എന്ന ശങ്കരന്‍കുട്ടി പൊറ്റെക്കാട്ട് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം കോഴിക്കോട്ടെ ഹിന്ദു സ്‌കൂളിലും സാമോരിന്‍സ് ഹൈസ്‌കൂളിലുമായിരുന്നു. 1930-കളില്‍ ചില ചെറുകഥകളുമായിട്ടാണ് എസ്.കെ. പൊറ്റെക്കാട്ട് മലയാള സാഹിത്യ മേഖലയില്‍ പ്രവേശിക്കുന്നത്. നാല്‍പ്പതുകളില്‍ അറിയപ്പെടുന്ന എഴുത്തുകാരനായി അദ്ദേഹം പേരെടുത്തു. മുംബൈ വാസത്തിനിടയിലാണ് കേരള രാഷ്ര്ടീയത്തിലെ പ്രഗല്ഭനായ മത്തായി മാഞ്ഞൂരാനെ പരിചയപ്പെടുന്നത്. 'എന്റെ വഴിയമ്പലങ്ങള്‍' എന്ന യാത്രാവിവരണ ഗ്രന്ഥം അക്കാലത്ത് എഴുതപ്പെട്ടതാണ്. 1941-ല്‍ ആദ്യത്തെ നോവലായ 'നാടന്‍ പ്രേമം' എഴുതി. 

'യവനികയ്ക്കു പിന്നില്‍' എന്ന ചെറുകഥാസമാഹരവും അക്കാലത്തു രചിക്കപ്പെട്ടതാണ്. തുടര്‍ന്നു രണ്ടാമത്തെ നോവല്‍ 'വിഷകന്യക' പുറത്തിറങ്ങി. 1949-ല്‍ മദിരാശി ഗവണ്‍മെന്റിന്റെ സാഹിത്യപുരസ്‌കാരം എസ്.കെ.യ്ക്കു ലഭിച്ചു.
സഞ്ചാര സാഹിത്യ രചനയില്‍ കമ്പം കയറിയ അദ്ദേഹം 1945-ല്‍ കശ്മീരിലേക്കു യാത്ര തിരിച്ചു. പിറ്റേ വര്‍ഷം ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും കടന്നുപോയ എസ്.കെ. ഒന്നര വര്‍ഷത്തിനുശേഷമാണ് 'കാപ്പിരികളുടെ നാട്ടില്‍', 'ഇന്നത്തെ യൂറോപ്പ്' എന്നീ കൃതികള്‍ രചിച്ചത്. 1952-ല്‍ പൊറ്റെക്കാട്ട് സിലോണും മലേഷ്യയും ഇന്‍ഡൊനീഷ്യയും സന്ദര്‍ശിച്ചു. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഫിന്‍ലന്‍ഡ്, ചെക്കോസ്ലോവാക്യ, റഷ്യ എന്നിവിടങ്ങളിലേക്കു പോയി.
ഇംഗ്ലീഷ്, ഇറ്റാലിയന്‍, റഷ്യന്‍, ജര്‍മന്‍, ചെക് ഭാഷകളിലും ഭാരതത്തിലെ മിക്കവാറും പ്രധാന ഭാഷകളിലും പൊറ്റെക്കാട്ടിന്റെ കൃതികള്‍ പരിഭാഷ ചെയ്തിട്ടുണ്ട്. 1971-ല്‍ ഇറ്റലിയിലെ മിലനില്‍ നിന്നു പ്രസിദ്ധീകരിക്കപ്പെട്ട ലോക ചെറുകഥകളുടെ സമാഹാരത്തില്‍ എസ്.കെ. യുടെ 'ഭ്രാന്തന്‍ നായ' എന്ന കഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട്ടെ മിഠായിത്തെരുവിനെ ആസ്പദമാക്കി എസ്.കെ. പൊറ്റെക്കാട്ട് രചിച്ച 'ഒരു തെരുവിന്റെ കഥ'യ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയുണ്ടായി. 'ഒരു ദേശത്തിന്റെ കഥ'യും 1972-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. 1977-ല്‍ അതേ കൃതിക്ക് 'കേന്ദ്ര സാഹിത്യ അക്കാദമി' അവാര്‍ഡും ലഭിച്ചു. 1980-ല്‍ ഭാരതത്തിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ 'ജ്ഞാനപീഠം' നല്‍കി രാഷ്ര്ടം ആ മഹാസാഹിത്യ പ്രതിഭയെ ആദരിച്ചു.മൂടുപടം, വിഷകന്യക, ഇന്ദ്രകാന്തം, പുള്ളിമാന്‍, ഇന്ദ്രനീലം, ഹിമവാഹിനി, പ്രേതഭൂമി, കള്ളിപ്പൂക്കള്‍, ഏഴിലമ്പാല, കാട്ടുചെമ്പകം തുടങ്ങിയ ചെറുകഥാസമാഹരങ്ങളും കശ്മീര്‍ സിംഹഭൂമി, നൈല്‍ ഡയറി, ഇന്‍ഡൊനീഷ്യന്‍ ഡയറി, പാതിരാ സൂര്യന്റെ നാട്ടില്‍, ബാലിദ്വീപ്, നേപ്പാള്‍ യാത്ര, ലണ്ടന്‍ നോട്ട് ബുക്ക്, ക്ലിയോപാട്രയുടെ നാട്ടില്‍ തുടങ്ങിയ യാത്രാവിവരണങ്ങളും പ്രഭാതകാന്തി, സഞ്ചാരിയുടെ ഗീതങ്ങള്‍, പ്രേമശില്‍പി തുടങ്ങിയ കവിതാഗ്രന്ഥങ്ങളും എസ്.കെ. രചിച്ചിട്ടുണ്ട്.  1980-ല്‍ ഭാര്യ ജയവല്ലി അന്തരിച്ചതോടെ മാനസികമായും ശാരീരികമായും അനാരോഗ്യവാനായി മാറിയ എസ്.കെ.യും താമസിയാതെ രോഗിയായി ആശുപത്രിയിലാകുകയും 1982 ആഗസ്ത് 6-ന് അന്തരിക്കുകയുമാണുണ്ടായത്.