എന്റെ കുട്ടിക്കാലത്ത് നമ്മുടെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് സിനിമയായ ദുബായിലും ജെയ്‌സന്‍ സ്റ്റാതത്തിന്റെ ഹോളിവുഡ് സിനിമയായ  ദി ട്രാന്‍സ്‌പോര്‍ട്ട്ര് 1-ലും എന്നെ പിടിച്ചിരുത്തിയത് ഈ രണ്ട് സൂപ്പര്‍ സ്റ്റാറിന്റെ പ്രകടനമല്ലായിരുന്നു എന്ന് പറഞ്ഞാന്‍ വിശ്വസിക്കാന്‍ ഒരല്പം ബുദ്ധിമുട്ട് ഉണ്ടാകുമെന്നറിയാം. എന്നാല്‍ അതുതന്നെയാണ് വാസ്തവം. ഈ രണ്ട് സിനിമയിലും ഒരേപോലെ ഉണ്ടായിരുന്ന മറ്റൊരു താരമായിരുന്നു എന്റെ ഹൃദയം കവര്‍ന്നത്. 1990-കളിലെ ബിഎംഡബ്ല്യൂ 7 സീരീസായ ഇ 38 എന്ന മോഡലായിരുന്നു ആ താരം. ഇ 38 എന്നത് മൂന്നാംതലമുറ 7 സീരീസിന്റെ ഏറ്റവും പുതിയ അവതാരമായ ആറാം തലമുറ ജി 12 എന്ന പുതുപുത്തന്‍ 7 സീരീസിന്റെ ഡീസല്‍ അവതാരമായ 730 എല്‍.ഡി.യാണ് ഈ ആഴ്ചയില്‍ കൊണ്ടുവന്നിട്ടുള്ളത്.

ആഢംബര കാര്‍വിഭാഗത്തിന്റെ ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന 7 സീരീസിന്റെ കഴിഞ്ഞ തലമുറ വിചാരിച്ചത്രയും വിജയമായിരുന്നില്ല. എന്നാല്‍ തങ്ങളുടെ തെറ്റുകളില്‍നിന്ന് പഠിച്ച് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ആ തെറ്റ് തിരുത്തി നിര്‍മ്മിച്ച പുതിയ 7 സീരീസിന്റെ രണ്ട് വ്യത്യസ്ത മോഡലുകളാണ് ഇന്ത്യയില്‍ വന്നിരിക്കുന്നത്. 750 എല്‍ ഐ എന്ന പെട്രോള്‍ മോഡലും 730 എല്‍ഡി എന്ന ഡീസല്‍ മോഡലും ഇതില്‍ത്തന്നെ രണ്ട് വ്യത്യസ്ത ബോഡി ട്രിമും വരുന്നുണ്ട്. അതിലെ കൂടിയ ഇനം ബോഡി ട്രിം ആയ എം സ്‌പോട്ട്  ആണ് നമ്മള്‍ ടെസ്റ്റ് ചെയ്തത്. പുറംകാഴ്ചയില്‍ കഴിഞ്ഞ തലമുറയില്‍നിന്നും വിപ്ലവകരമായ മാറ്റമൊന്നുമില്ലാത്ത രീതിയിലാണ് പുതിയ 7ന്റെ രൂപകല്പന. പക്ഷേ, ജി12-ന്റേതായ ചില വ്യത്യസ്തത പുതിയ 7-ല്‍ കാണാം. ഇതില്‍ ഏറ്റവും അധികം വെളിവാകുന്ന മാറ്റം മുന്‍വശത്താണ്. പുതിയ 3ഡി കിഡ്ണി ഗ്രില്ലും അതിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന ഹെഡ്‌ലൈറ്റും അതിലെ പുതിയ കൊറോണ റിങ് ഡെ ടൈം റണ്ണിങ് ലൈറ്റ് ഏറെ ആകര്‍ഷണീയമാണ്. വശങ്ങളിലെ കാര്യമായ മാറ്റം എന്നത് ക്രോം ബീഡിങ്ങും ലൈനുകളുമാണ്. പിന്‍വശത്തിലും പുതിയ ടെയ്ല്‍ ലൈറ്റും ബമ്പറും ബൂട്ടും മുമ്പത്തേക്കാള്‍ ആകര്‍ഷണീയമാണ്. ഇതിനെല്ലാം ഉപരി എം സ്‌പോട്ട് ബോഡി കിറ്റിന്റെ ക്രോം ട്രിമ്മും സ്‌കേര്‍ട്ടിങ്ങും 20 ഇഞ്ച് അലോയ് വീലും കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം നല്‍കുന്നതാണ്.

പുതിയ 7-ന്റെ ഉള്‍വശത്താണ് കാര്യമായ മാറ്റം വന്നിരിക്കുന്നത്. മുമ്പുണ്ടായതില്‍നിന്നും വലിയ മാറ്റമാണ് പുതിയ മോഡലില്‍ ഉണ്ടായിട്ടുള്ളത്. ഇത് ഏറ്റവും അധികം വ്യക്തമാകുന്നത് ഗുണനിലവാരത്തിലും ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളിലും ആഢംബരതയിലുമാണ്. രൂപകല്പനയിലുള്ള മാറ്റം കൂടുതലും കാണുന്നത് ഡാഷിലാണ്. പുതിയ ബി.എം.ഡബ്ല്യു കാറുകളിലുള്ളതുപോലുള്ള ഡിസൈനും പോപ്അപ്പ് എല്‍.ഇ.ഡി. ഡിസ്‌പ്ലേയും ടിഎഫ്ടി മീറ്റര്‍ കണ്‍സോളും അതിലെ ഗ്രാഫിക്കുകളും ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്. പുതിയ സീറ്റുകളും വളരെ ആഢംബരപൂര്‍ണമായിട്ടാണ് അണിയിച്ചൊരുക്കിയിട്ടുള്ളതത്. മുന്‍വശത്തെ സീറ്റിന്റെ സുഖം ആസ്വദിച്ച് മതിയാകുമ്പോള്‍, പിന്‍സീറ്റിലേക്ക് ചേക്കേറി മസ്സാജും ബിസിനസ് ക്ലാസ് രീതിയില്‍ ക്രമീകരിച്ച് നിവര്‍ന്ന് കിടക്കാവുന്നതും തണുപ്പിക്കുന്നതുമായ സീറ്റ് നമ്മെ വീണ്ടും ആനന്ദിപ്പിക്കും. ഇതിനെല്ലാം ഉപരി ആദ്യമായി 'ജസ്പുര' (ആംഗ്യം) കണ്‍ട്രോളിലൂടെ ശബ്ദക്രമീകരണം, നാവിഗേഷന്‍, ഫോണ്‍ സ്വീകരിക്കല്‍ തുടങ്ങിയവയും ചെയ്യാം.

നമ്മള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത 750 എല്‍.ഡി. എന്ന ഡീസല്‍ മോഡലിന്റെ ഹൃദയം 3 ലി. 6 സിലണ്ടര്‍ ട്വിന്‍ ടര്‍ബൈന്‍ എഞ്ചിനാണ്. 265 എച്ച്.പി. കരുത്തും 620 എന്‍.എം. ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുന്നത്. ഇതിനോട് ഘടിപ്പിച്ചിരിക്കുന്നത് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്. 0-100 വേഗമെത്താന്‍ വെറും 62 സെക്കന്റും കൂടിയ വേഗത 250 കിലോമീറ്ററുമാണ്. പുതിയ 7-ന്റെ യാത്രാസുഖം ഏറ്റവും മികച്ചതില്‍ ഒന്നാവാന്‍ 4 വീലിലും എയര്‍ സസ്‌പെന്‍ഷനാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ട് ഇന്നുവരെയുള്ളതില്‍ ഏറ്റവും മികച്ച യാത്രാസുഖമുള്ള വാഹനമാണ് 7-സീരീസ്. ഇതിനുപുറമെ ശബ്ദക്രമീകരണവും ആസ്വാദനവും കൂട്ടിയിട്ടുണ്ട്. വ്യത്യസ്ത ഡ്രൈവിങ് മോഡുണ്ടെങ്കിലും ഡ്രൈവിങ് മുമ്പത്തേക്കാള്‍ ആസ്വാദനം കുറഞ്ഞതായി അനുഭവപ്പെടുന്നുണ്ട്. പക്ഷേ, ഇത്രയും ആഢംബരപൂര്‍ണമായ ഒരു കാര്‍ നമ്മള്‍ സ്‌പോര്‍ട്‌സ് കാര്‍ പോലെ അല്ലാതെ ഓടിക്കുന്നതുകൊണ്ട് അതും ഒരു പോരായ്മയായി പറയാനില്ല.