2024- ഓടെ ഡീസല്‍ കാറുകള്‍ നിര്‍മിക്കുന്നത് പൂര്‍ണമായും നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വൊ അതിലേക്കുള്ള അടുത്തപടി ഇന്ത്യയിലും എടുത്തതിന്റെ അടയാളമാണ് പുതിയ വോള്‍വോ എക്‌സ് സി40-യുടെ ടി4 ആര്‍-ഡിസൈന്‍ എന്ന കോംപാക്റ്റ് എസ്.യു.വി. അവതരിപ്പിക്കുന്നതിലുടെ പറയാതെ പറയുന്നത്. വേള്‍ഡ് കാര്‍ ഓഫ് ദി ഇയറും, ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ (ഐക്കൊട്ടി) 2019ലും ആയി തിരഞ്ഞെടുത്തിട്ടുള്ള വോള്‍വോ എക്‌സ് സി40-യുടെ ഏറ്റവും പുതിയ അവതാരമാണ് ഈ പെട്രോള്‍ മോഡല്‍. 

വോള്‍വൊയുടെ ആദ്യ കോംപാക്റ്റ് എസ്.യു.വി. ആയിട്ടുള്ള എക്‌സ് സി40 2018ലാണ്  ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നത്. വ്യത്യസ്തമാര്‍ന്ന ഡിസൈനും മികച്ചമൂല്യവും ആഡംബരപൂര്‍ണമായ ഉള്‍വശവും കൂടിചേര്‍ന്നിട്ടുള്ള വോള്‍വൊ എക്‌സസ് സി40-യുടെ മികച്ച വില്പനയ്ക്ക് തടസ്സമായത് ലഭിക്കുന്ന ബുക്കിങ്ങിന്റ അത്രയും വാഹനങ്ങള്‍ ഡെലിവറി ചെയ്യാന്‍ പറ്റിയിരുന്നില്ല എന്നതാണ്.

ബിഎംഡബ്ല്യ എക്‌സ്1, ഔഡി ക്യൂ3, ലെക്‌സസ്സ് എന്‍ എക്‌സ്, മെഴ്‌സിഡസ്സ് ജിഎല്‍എ തുടങ്ങിയ മോഡലുകളുടെ എതിരാളിയായി വന്നിരിക്കുന്ന വോള്‍വോ എക്‌സസ് സി40-യുടെ രൂപം മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. വോള്‍വൊയുടെ പുതിയ ഡിസൈന്‍ ഭാഷ്യത്തിന്റ ഒരു പുത്തന്‍ പകര്‍പ്പാണ് എക്‌സ് സി40യില്‍ ഉള്ളത്. ടോര്‍സ്സ് ഹാമ്മര്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, വോള്‍വോ ഗ്രില്ല്, എസ്.യു.വി. ഭാവമുള്ള ബംബര്‍ എന്നിവ മുന്‍വശത്തിനെ ആകര്‍ഷണീയമാക്കുമ്പോള്‍ വശങ്ങളുടെ ഭാവം വര്‍ധിപ്പിക്കുന്നത് ഫ്‌ലാറ്റ് റൂഫ് ലൈറ്റും പേശി നിര്‍ഭരമായ വീല്‍ ആര്‍ച്ചുകളും വ്യത്യസ്തമാര്‍ന്ന ലൈനുകളുമാണ്. പിന്‍വശത്തിന്റ ആകര്‍ഷണം തടിച്ച റിയര്‍ സ്‌പോയ്‌ലറും വലിയ എക്‌സോസ്റ്റും തടിച്ച ബംബറുമാണ്.
വോള്‍വൊയുടെ സ്‌പോര്‍ട്ടി ഡിസൈനായിട്ടുള്ള ആ ഡിസൈന്‍ ആണ് ഈ മോഡലില്‍ വരുന്നത്. ഇതിന്റ ഭാഗമായി പതിനെട്ട് ഇഞ്ച് അലോയ് വീലുകള്‍, ഇരട്ടനിറങ്ങള്‍, മുകളില്‍ കറുപ്പ് നിറം, ക്രോം ട്രിമെല്ലാം കറുപ്പാക്കിയതും എല്ലാം വരും.

ഉള്‍വശത്തിന്റെ മുഖ്യആകര്‍ഷണം ഡാഷ് ബോര്‍ഡിന്റെ നടുവിലായി വരുന്ന ടാബ്‌പോലുള്ള വലിയ ടച്ച് സ്‌ക്രീനാണ്. ഇതില്‍ ഇന്‍ഫൊടെയ്ന്‍മെന്റും നാവിഗേഷനും മുതല്‍ കാറിന്റെ സകല കണ്‍ട്രോളുകളും ചെയ്യാന്‍ പറ്റും. ഇതിലുപരി വോള്‍വോയില്‍ വരുന്ന എളിമയാര്‍ന്ന ഡിസൈന്‍ ഭാവമാണ് ഈ എസ്.യു.വിയെ ഭംഗിയാക്കുന്നത്. ആ ഡിസൈന്‍ ആയതുകൊണ്ടുള്ള പോര്‍ട്ടി ട്രിമ്മാണ് മറ്റൊരാകര്‍ഷണം. നാലുപേര്‍ക്കും ഒരു കുട്ടിക്കും സുഖമായി യാത്രചെയ്യാന്‍ സാധിക്കുന്ന ഈ ഉള്‍വശത്തിന്റെ ഗുണനില വാരം എല്ലായിടത്തും ഉയര്‍ന്നതായി അനുഭവപ്പെടുന്നുമുണ്ട്. രണ്ട് ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രാള്‍ എഞ്ചിനാണ് ടി4 എന്ന ഈ പതി പ്പില്‍ വരുന്നത്. ബിഎസ് ശ്രണിയില്‍ വരുന്ന ഈ എഞ്ചിന് 190എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ്. 8ഡാഷ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ വരുന്നത്. വെറും ഫ്രണ്ട് വീല്‍ ഡ്രൈവായിട്ടുള്ള ഈ എസ്.യു.വി. യുടെ പെട്രോള്‍ മോഡലില്‍ 4-വീല്‍ ഡ്രൈവ് വരുന്നില്ല. വോള്‍വോയുടെ മുഖ്യാകര്‍ഷണമായ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുന്ന ഒരുപാടു കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഈ കൊച്ചുമിടുക്കന്‍ ഈ വിഭാഗത്തില്‍ ആദ്യമായി റെഡാര്‍ ഉപയോഗിച്ച്, സ്വന്തമായി ബുക്ക് ചെയ്യുന്നതും ലെന്‍കീപ്പിങ്ങും ഉള്‍ക്കൊള്ളുന്ന ഓട്ടോനോമസ്സ് ഫീച്ചറുകളും വരുന്നുണ്ട്. ഫിബ്രവരിയോടെ ഇന്ത്യയില്‍ വിപണനം തുടങ്ങുന്ന ഈ പുതിയ പെട്രോള്‍ അവതാരത്തിന്റ വിലയും അപ്പോഴേക്ക് പുറത്തുവിടുകയുള്ളൂ. ഡീസലിന്റ വില അടുത്തുതന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.