തിരുവനന്തപുരം: ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയായ രണ്ടുപേരുടെ വിജയസ്മരണകൾ നിറഞ്ഞുനിന്ന സായാഹ്നത്തിൽ മാതൃഭൂമി സ്പോർട്‌സ് മാസിക ലോകകപ്പ് പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ 1983-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗമായിരുന്ന സയ്യിദ് കിർമാനിയും 2011 ലോകകപ്പ് വിജയിക്കുമ്പോൾ ഇന്ത്യൻ ടീമിലുണ്ടായിരുന്ന മലയാളിതാരം ശ്രീശാന്തും ചേർന്ന് പ്രകാശനം നിർവഹിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി സെമിഫൈനൽ കളിച്ച കേരളതാരങ്ങൾ വിശിഷ്ടാതിഥികളായി.

ക്രിക്കറ്റ് താരം ജെ.കെ. മഹീന്ദ്ര, പരിശീലകൻ പി. ബാലചന്ദ്രൻ, ബി.സി.സി.ഐ. മുൻ സെക്രട്ടറി എസ്.കെ. നായർ, കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ വർഗീസ്, ടിനു യോഹന്നാൻ, സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ, ഒളിമ്പ്യൻ പദ്മിനി തോമസ്, കെ.ടി.ഡി.സി. ചെയർമാൻ എം. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കിർമാനിയും ശ്രീശാന്തും ലോകകപ്പ് വിജയത്തിന്റെ ഓർമകൾ പങ്കിട്ടു.

സംവാദവും നടന്നു. കേരള രഞ്ജി ടീം മുൻ ക്യാപ്റ്റൻ സോണി ചെറുവത്തൂർ മോഡറേറ്ററായി.

രഞ്ജി ട്രോഫി സെമിഫൈനലിലെത്തിയ കേരള ടീമിനെ ചടങ്ങിൽ ആദരിച്ചു. താരങ്ങളായ സഞ്ജു സാംസൺ, സച്ചിൻ ബേബി, രോഹൻ പ്രേം, വി.എ. ജഗദീഷ്, വിനോദ് കുമാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, എം.ഡി. നിധീഷ്, സിജോമോൻ ജോസഫ്, സൽമാൻ നിസാർ, കെ.സി. അക്ഷയ്, ബിനോ എന്നിവരും ടിനു യോഹന്നാനും ആദരം ഏറ്റുവാങ്ങി.

മാതൃഭൂമി നടത്തിയ മത്സരങ്ങളിൽ വിജയികളായ അരുൺ ഗോപൻ, ക്രിസ്റ്റി സെബാസ്റ്റ്യൻ, ആരാധികാ നായർ, അലോഷ് ചന്ദ്രൻ, നവനീത്, ദിലീപ്, അജയഘോഷ്, ഷബീർ എന്നിവർ സമ്മാനം ഏറ്റുവാങ്ങി.

മാതൃഭൂമി ന്യൂസ് പ്രോഗ്രാം ഹെഡ് എം.പി. സുരേന്ദ്രൻ സ്വാഗതവും സ്പോർട്‌സ് ന്യൂസ് എഡിറ്റർ പി.ടി. ബേബി നന്ദിയും പറഞ്ഞു.

രണ്ട് ബുക്കുകളും ഫിക്സ്‌ചർ കാർഡും ലോകകപ്പിന്റെ കണക്കുകൾ പറയുന്ന 36 പേജ് ബുക്ക്‌ലെറ്റും ക്യാപ്റ്റൻ വിരാട് കോലിയുടെ ഡബിൾ പോസ്റ്ററും അടങ്ങിയ 5 ഇൻ വൺ ലോകകപ്പ് സ്‌പെഷ്യൽ ബുധനാഴ്ച വിപണിയിലെത്തും.

Content Highlights:World cup, special mathrubhumi magazine