ലണ്ടൻ: ഈവർഷത്തെ വിംബിൾഡൺ ടെന്നീസ് ടൂർണമെന്റിന് തിങ്കളാഴ്ച തുടക്കം. കോവിഡ് കാരണം കഴിഞ്ഞവർഷം വിംബിൾഡൺ നടന്നിരുന്നില്ല. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി ടൂർണമെന്റ് റദ്ദാക്കി. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം, 50 ശതമാനം സീറ്റുകളിൽ കാണികളെ പ്രവേശിപ്പിച്ചുകൊണ്ടാണ് ഇക്കുറി വിംബിൾഡൺ തിരിച്ചെത്തുന്നത്. പുരുഷവിഭാഗത്തിൽ മുൻനിര താരം റാഫേൽ നഡാലും വനിതകളിൽ നിലവിലെ ചാമ്പ്യൻ സിമോണ ഹാലെപ്പ്, നവോമി ഒസാക്ക എന്നിവരും മത്സരിക്കുന്നില്ല.

20 തികയ്ക്കാൻ ജോക്കോ

പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ചരിത്രനേട്ടം ലക്ഷ്യമിട്ടാണ് ഇക്കുറി വിംബിൾഡണിൽ ഇറങ്ങുന്നത്. ഇവിടെ കിരീടം നേടിയാൽ ജോക്കോ 20 ഗ്രാൻഡ്സ്ലാം കിരീടം തികയ്ക്കും. ഇരുപതു വീതം കിരീടങ്ങളുമായി ഇപ്പോൾ റെക്കോഡ് പങ്കിടുന്ന സ്വിസ് താരം റോജർ ഫെഡറർ, സ്പാനിഷ് താരം റാഫേൽ നഡാൽ എന്നിവർക്കൊപ്പം എത്തും.

ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടിക്കഴിഞ്ഞ ജോക്കോവിച്ച് ഉജ്ജ്വല ഫോമിലാണ്.

അതേസമയം, ഈ മാസം ആദ്യം ഫ്രഞ്ച് ഓപ്പണിൽ കളിച്ചുതുടങ്ങിയശേഷം ആരോഗ്യപരമായ കാരണങ്ങളാൽ പിൻമാറിയ ഫെഡറർ, ആത്മവിശ്വാസത്തോടെ തിരിച്ചെത്തുന്നു. ഒരു ഗ്രാൻഡ്സ്ലാം കൂടി നേടിയാൽ ഫെഡറർക്ക് റെക്കോഡ് ഒറ്റയ്ക്ക് സ്വന്തമാക്കാം. ആറാം സീഡാണ് ഫെഡറർ.

വനിതകളിൽ 24-ാം ഗ്രാൻഡ്സ്ലാം തേടുന്ന സെറീന വില്യംസ് ആറാം സീഡായി മത്സരിക്കാനിറങ്ങുന്നു.

ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടിയാണ് ഒന്നാം സീഡ്. ബെലാറസിന്റെ അര്യാന സബലേങ്ക (2), യുക്രൈനിന്റെ എലിന സ്വിറ്റോലിന (3) അമേരിക്കയുടെ സോഫിയ കെനിൻ (4) എന്നിവർ മുൻനിരയിലുണ്ട്.