wilma rudolph22 മക്കളുള്ള ഒരു കുടുംബത്തിലെ ഇരുപതാം കുട്ടിയായിരുന്നു അവൾ. കൊടുംപട്ടിണിയിലായ കുടുംബം. പിതാവ് എഡ് ചുമടെടുത്തും അമ്മ ബ്ലാക്ക് വീട്ടുവേല ചെയ്തുമാണ് കുടുംബം പുലർത്തിയിരുന്നത്. പലപ്പോഴും ചാക്ക് തുന്നിയാണ് മക്കൾക്ക് ഉടുപ്പുണ്ടായിരുന്നത്. നമ്മുടെ പെൺകുട്ടിയെ മാസം തികയാതെ പ്രസവിച്ചതാണ്. തൂക്കവും നന്നേ കുറവായിരുന്നു. അവളുടെ ഇടതുകാൽ വളരെ ശോഷിച്ചിരുന്നു. അത് പോളിയോയായിരുന്നു. അവൾക്ക് നടക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. മാതാപിതാക്കളും സഹോദരങ്ങളും മാറിമാറി അവളെ എടുത്തുകൊണ്ടുനടന്നു. ഇതിനിടെ അവൾക്ക് വരാത്ത രോഗങ്ങളില്ല. അഞ്ചാം പനി, ചിക്കൻപോക്സ്, ന്യുമോണിയ... അങ്ങനെ നീളുന്നു ആ പട്ടിക. ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു നേർത്ത ശ്വാസമായി അവൾ നിലനിന്നു.

*****

1960 റോം ഒളിമ്പിക്‌സ്. റോമിലാണ് ആദ്യമായി ഒളിമ്പിക് മത്സരങ്ങൾ ടെലിവിഷനിൽ ലൈവ് സംപ്രേഷണം തുടങ്ങിയത്. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വനിതകളുടെ 100 മീറ്റർ ഫൈനൽ തുടങ്ങുന്നു. എൺപതിനായിരത്തോളം കാണികൾ ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്നു. വെടിയൊച്ച മുഴങ്ങി. അഞ്ചടി 11 ഇഞ്ച് ഉയരമുള്ള കറുത്തുമെലിഞ്ഞ പെൺകുട്ടി എതിരാളികളെ അരിഞ്ഞുതള്ളി മുന്നേറി. കൊടുങ്കാറ്റിന്റെ വേഗത്തിൽ പാഞ്ഞ അവൾ 11 സെക്കൻഡിൽ ഫിനിഷിങ് ടേപ്പ് തൊട്ടു. ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരി. അവിടംകൊണ്ട് അവസാനിച്ചില്ല. പിന്നാലെ 200 മീറ്ററിൽ ഒളിമ്പിക്സ് റെക്കോഡോടെ സ്വർണം. 4x100 മീറ്റർ റിലേയിൽ അവൾ ടീമിനെ സ്വർണത്തിലേക്ക് നയിച്ചു. ഒറ്റ ഒളിമ്പിക്സിൽ മൂന്ന് സ്വർണം. അവൾക്ക് ഓമനപ്പേരിടാൻ മാധ്യമങ്ങൾ മത്സരിച്ചു. പെൺകടുവ, കറുത്ത മുത്ത്, ടൊർണാഡോ... അങ്ങനെ പോയി പേരുകൾ.

*****

ഒരിക്കലും നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിച്ച, പോളിയോ രോഗിയായ ആ പെൺകുട്ടിയാണ് റോമിലെ ട്രാക്കിൽനിന്ന് സ്വർണം വാരിയത്. അവളുടെ പേര് വിൽമ റുഡോൾഫ്. അമേരിക്കയിലെ ടെന്നസ്സിയാണ് അവളുടെ സ്വദേശം. അവളുടെ കഥ പറയുമ്പോൾ, ആ ഓട്ടം വീഡിയോയിൽ കാണുമ്പോൾ മനസ്സ് നിറഞ്ഞുപോകുന്നു. ഇത്ര വികാരനിർഭരമായ ഒരു കഥ കായികലോകത്ത് അധികം കേട്ടിട്ടില്ല.

*****

നടക്കാൻ കഴിയില്ലെന്ന ഡോക്ടറുടെ തീർപ്പിന് വഴങ്ങാൻ വിൽമയുടെ മാതാപിതാക്കൾ തയ്യാറായിരുന്നില്ല. 50 മൈൽ ദൂരെയുള്ള ഫിസ്‌ക് യൂണിവേഴ്‌സിറ്റി മെഡിക്കൽ കോളേജിൽ അവർ മകളെ കൊണ്ടുപോയി. രണ്ടുവർഷത്തോളം ആഴ്ചയിൽ രണ്ടുദിവസംവെച്ച് അമ്മ മകളുമൊത്ത് ഈ യാത്ര തുടർന്നു. വീട്ടിൽ വെച്ച് ചെയ്യാനുള്ള എക്സർസൈസുകൾ ഡോക്ടർമാർ പഠിപ്പിച്ചു. 12 വയസ്സിലെത്തിയപ്പോൾ ക്രച്ചസിന്റെ സഹായമില്ലാതെ അവൾ നടന്നുതുടങ്ങി.

തന്റെ മുന്നിൽ, ടെന്നസ്സി സ്റ്റേഡിയത്തിൽ നടക്കുന്ന കായികമത്സരങ്ങൾ വീടിന്റെ വരാന്തയിലിരുന്ന് കാണുമ്പോൾ അത്‌ലറ്റാവണമെന്ന് വിൽമയ്ക്ക് മോഹമുണ്ടായിരുന്നു. കളി കഴിഞ്ഞ് എല്ലാവരും പോയശേഷം വിൽമ തന്റെ ഊന്നുവടിയുമായി പന്തിന് പിന്നാലെ പായും. വിൽമയുടെ സഹോദരി ബാസ്കറ്റ്‌ബോൾ താരമായിരുന്നു. ബാസ്കറ്റ്‌ബോൾ കളിക്കണമെന്ന് വിൽമയ്ക്ക് മോഹം. സഹോദരങ്ങൾ വീടിനോടുചേർന്ന് ഒരു ബാസ്കറ്റ്‌ബോൾ കോർട്ടുണ്ടാക്കി. അവിടെ വിൽമ കളിച്ചുതുടങ്ങി. ഹൈസ്കൂൾ ടീമിലെത്തി. പിന്നീട് ടെന്നസ്സി സംസ്ഥാനടീമിലേക്ക്. ഒറ്റ മത്സരത്തിൽ 49 പോയന്റ് നേടി വിൽമ സംസ്ഥാന റെക്കോഡിട്ടു. ടെന്നസ്സിയിലെ ട്രാക്ക് കോച്ച് എഡ് ടെമ്പിളാണ് വിൽമയെ അത്‌ലറ്റിക്സിലേക്ക് നയിച്ചത്. അത്‌ലറ്റിക്സിലെ കടുത്ത മുറകൾ അവൾക്ക് വഴങ്ങുമോ എന്ന് ടെമ്പിളിന് ആശങ്കയുണ്ടായിരുന്നു. വിൽമയുടെ കാലുകൾ ദൃഢമായി. ടെന്നസ്സി സംസ്ഥാനമീറ്റിൽ 100, 200, ലോങ്ജമ്പ് ഇനങ്ങളിൽ റെക്കോഡോടെ സ്വർണം നേടി. 1956 മെൽബൺ ഒളിമ്പിക്സിനുള്ള അമേരിക്കൻ ടീമിൽ സ്ഥാനം നേടി. 4x100 മീറ്റർ റിലേയിൽ ഈ ടീം വെങ്കലം നേടി. അതോടെ വിൽമ ഭാവിവാഗ്ദാനമായി വിലയിരുത്തപ്പെട്ടു. റോം ഒളിമ്പിക്സിനുവേണ്ടി കഠിനപരിശീലനം തുടങ്ങി. ഒരു ഒളിമ്പിക്സിൽ മൂന്ന് സ്വർണം നേടുന്ന ആദ്യ അമേരിക്കൻ അത്‌ലറ്റ് എന്ന നേട്ടത്തോടെയാണ് വിൽമ റോമിൽനിന്ന് മടങ്ങിയത്.

ഹൈസ്കൂളിൽ ഒപ്പം പഠിച്ചിരുന്ന റോബർട്ട് എൽഡ്രിഡ്ജിനെ 1963 ൽ വിൽമ വിവാഹം കഴിച്ചു. ഇവർക്ക് നാലു മക്കളുണ്ടായി. 1994 ജൂലായിയിൽ വിൽമയ്ക്ക് അർബുദമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. അതേവർഷം നവംബറിൽ, 54-ാം വയസ്സിൽ ആ ജീവിതം അവസാനിച്ചെങ്കിലും അവരുടെ ജീവിതകഥ ഇന്നും പതിനായിരങ്ങളെ പ്രചോദിപ്പിക്കുന്നു.

Content Highlights: wilma rudolph