മൗണ്ട് മൗംഗനൂയി(ന്യൂസീലന്‍ഡ്): ഓസീസ് ക്രിക്കറ്റ് വമ്പിനെ ചങ്കൂറ്റത്തോടെ നേരിട്ട ഇന്ത്യന്‍ ചുണക്കുട്ടികള്‍ക്ക് കൗമാര ക്രിക്കറ്റ് കിരീടം. നാലുതവണ ലോക ചാമ്പ്യന്മാരാകുന്ന ആദ്യ രാജ്യമെന്ന പെരുമയോടെയാണ് ഇന്ത്യ കിരീടം ചൂടിയത്. 

ഇന്ത്യന്‍ ക്രിക്കറ്റിലെ വന്മതില്‍ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തിലെത്തിയ പൃഥ്വി ഷായുടെ നേതൃത്വത്തിലുള്ള ടീം അണ്ടര്‍-19   ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ നിലംപരിശാക്കി. 216 റണ്‍സില്‍ ഓസീസിനെ ചുരുട്ടിക്കെട്ടിയ ബൗളര്‍മാര്‍ക്ക് പിന്നാലെ, രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. സ്‌കോര്‍: ഓസ്ട്രേലിയ: 47.2 ഓവറില്‍ 216-ന് പുറത്ത്. ഇന്ത്യ 38.5 ഓവറില്‍ രണ്ടിന് 220. 
 
ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മന്‍ജോത് കല്‍റയുടെ സെഞ്ചുറിയാണ് (101) ഫൈനല്‍ വിജയത്തിന്റെ ഹൈലൈറ്റ്. മന്‍ജോതും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഹര്‍വിക് ദേശായിയും (47) പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ പൃഥ്വി ഷാ (29), ശുഭ്മാന്‍ ഗില്‍ (31) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. ഫൈനലിലെ പ്രകടനമികവില്‍ മന്‍ജോത് കളിയിലെ കേമനായി. 
ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ശുഭ്മാന്‍ ടൂര്‍ണമെന്റിന്റെ താരവുമായി. 
2000-ല്‍ മുഹമ്മദ് കൈഫിന്റെയും 2008-ല്‍ വിരാട് കോലിയുടെയും 2012-ല്‍ ഉന്‍മുക്ത് ചന്ദിന്റെയും നേതൃത്വത്തിലാണ് ഇതിനുമുമ്പ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ കിരീടമേന്തിയത്. അവരുടെ നിരയിലേക്കാണ് ശനിയാഴ്ച പൃഥ്വി ഷായും അടിവെച്ചത്. 
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു.