ദുബായ്: ട്വന്റി 20 ലോകകപ്പിനുള്ള സന്നാഹം പൂർണമാക്കാൻ ഇന്ത്യ. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള അവസാന സന്നാഹമത്സരത്തിൽ ഇന്ത്യ ബുധനാഴ്ച ഓസ്‌ട്രേലിയയെ നേരിടും. ആദ്യ സന്നാഹമത്സരത്തിൽ തിങ്കളാഴ്ച ഇംഗ്ലണ്ടിനെ ഏഴുവിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ വരുന്നത്. ഓസ്‌ട്രേലിയയാകട്ടെ, തിങ്കളാഴ്ച ന്യൂസീലൻഡിനെ മൂന്നുവിക്കറ്റിന് തോൽപ്പിച്ചു.

ഇരു ടീമുകൾക്കും അന്തിമ ഇലവനെ തീരുമാനിക്കാനുള്ള അവസാന അവസരമാണിത്.

ഇംഗ്ലണ്ടിനെതിരേ, ഇന്ത്യയുടെ ഓപ്പണർ രോഹിത് ശർമ കളിച്ചിരുന്നില്ല. ബുധനാഴ്ച രോഹിത് ഇറങ്ങും. ലോകകപ്പിൽ രോഹിതും കെ.എൽ. രാഹുലും ചേർന്ന് ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യുമെന്ന് ക്യാപ്റ്റൻ വിരാട് കോലി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വൺഡൗണായി കോലിയും ഇറങ്ങും. ഇംഗ്ലണ്ടിനെതിരേ ഓപ്പണറായി ഇറങ്ങി 70 റൺസെടുത്ത ഇഷാൻ കിഷനെ കളിപ്പിക്കുമോ എന്നറിയണം. അതിനനുസരിച്ചാണ് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, സൂര്യകുമാർ യാദവ് എന്നിവരുടെ സ്ഥാനം. ഫിറ്റ്‌നസിന്റെ കാര്യത്തിൽ സംശയത്തിലുള്ള ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇംഗ്ലണ്ടിനെതിരേയും ബൗൾ ചെയ്തിരുന്നില്ല. ബൗളിങ്ങിന് പറ്റുന്നില്ലെങ്കിൽ ഹാർദിക്കിനെ ലോകകപ്പിൽ കളിപ്പിക്കുന്നകാര്യം സംശയത്തിലാണ്. ബാറ്റ്‌സ്‌മാൻ മാത്രമായി ഹാർദിക്കിനെ ഇറക്കിയാൽ, ബൗളിങ്ങിൽ ആറാമതൊരു സാധ്യത ഇല്ലാതെവരും. ബാറ്റിങ്ങിലും ആശ്രയിക്കാവുന്ന പേസ് ബൗളർ ശാർദൂൽ ഠാക്കൂറിനെ ഓസ്‌ട്രേലിയയ്ക്കെതിരേ പരീക്ഷിച്ചേക്കും.

പേസ് നിരയിൽ ഇംഗ്ലണ്ടിനെതിരേ തിളങ്ങിയത് ജസ്‌പ്രീത് ബുംറയാണ്. ഷമി മൂന്നുവിക്കറ്റ് എടുത്തെങ്കിലും നാല് ഓവറിൽ 40 റൺസ് വഴങ്ങി. ഭുവനേശ്വർ കുമാറിന്റെ നാല് ഓവറിൽ 54 റൺസ് അടിച്ചു. സ്പിന്നർ രാഹുൽ ചഹാറിനും നല്ല പ്രഹരം കിട്ടി. മറ്റൊരു സ്പിന്നർ വരുൺ ചക്രവർത്തിയെയും പരീക്ഷിച്ചേക്കും.

ആരോൺ ഫിഞ്ച് നയിക്കുന്ന ഓസ്‌ട്രേലിയൻ ടീമിനും പല പ്രശ്നങ്ങളും പരിഹരിക്കാനുണ്ട്. ഐ.പി.എലിൽ തീർത്തും നിറംമങ്ങിയ ഓപ്പണർ ഡേവിഡ് വാർണർ തിങ്കളാഴ്ച ആദ്യപന്തിൽ പൂജ്യത്തിന് പുറത്തായി. മധ്യനിരയിൽ ആർക്കും വലിയ സ്‌കോർ കണ്ടെത്താനായില്ല. ന്യൂസീലൻഡിനെ 158 റൺസിൽ ഒതുക്കാൻ ഓസ്‌ട്രേലിയൻ ബൗളർമാർക്ക് കഴിഞ്ഞതാണ് അവരുടെ ആശ്വാസം.