virat kohli
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ വിരാട് കോലി

ദുബായ്: ലോകറാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തുള്ള ഇംഗ്ലണ്ടിനെയും കരുത്തരായ ഓസ്‌ട്രേലിയയെയും തുടർച്ചയായ മത്സരങ്ങളിൽ തോൽപ്പിച്ചതോടെ, ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ റേറ്റിങ് കുതിച്ചുയർന്നു. കപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന് പാകിസ്താന്റെ മുൻ നായകൻ ഇൻസമാം ഉൾ ഹഖും ഇന്ത്യൻ സംഘം അപകടകാരികളെന്ന് ഓസ്‌ട്രേലിയൻ താരം സ്റ്റീവൻ സ്മിത്തും പറഞ്ഞു.

ഇതൊക്കെ കേട്ട് അമിത ആത്മവിശ്വാസത്തിലേക്ക് വീഴാതെനോക്കുകയാണ് ഇനി ക്യാപ്റ്റൻ വിരാട് കോലിയുടെ മുന്നിലുള്ള വെല്ലുവിളി. ലോകകപ്പിനുശേഷം ട്വന്റി 20 നായകസ്ഥാനം ഉപേക്ഷിക്കുമെന്ന് വിരാട് കോലി പറഞ്ഞിരുന്നു. കോലിക്ക് സമ്മാനമായി ഒരു അന്താരാഷ്ട്ര കിരീടം നേടാൻ ഇന്ത്യൻ താരങ്ങൾ പരമാവധി ശ്രമിക്കും എന്നുറപ്പ്.

ശനിയാഴ്ച വൈകീട്ട് ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തോടെ ഏഴാമത് ട്വന്റി 20 ലോകകപ്പിന് തുടക്കമാകും. ഞായറാഴ്ച വൈകീട്ട് 7.30-ന് പാകിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. ആദ്യ മത്സരം പാകിസ്താനെതിരേ ആയതോടെ, തുടക്കത്തിൽത്തന്നെ ടോപ് ഗിയറില്‍ ആവേണ്ട അവസ്ഥയാണ്.

തയ്യാറെടുപ്പിന്റെ ഭാഗമായ ആദ്യമത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനും ഓസ്‌ട്രേലിയയെ ഒമ്പതു വിക്കറ്റിനും തോൽപ്പിച്ചതോടെയാണ് ഇന്ത്യ ഫേവറിറ്റുകളായത്. ഇംഗ്ലണ്ട് ആദ്യം ബാറ്റുചെയ്ത് 188 റൺസടിച്ചിട്ടും ഒരു ഓവർ ബാക്കിനിൽക്കേ ചേസ് ചെയ്യാനായത് ഇന്ത്യയുടെ ബാറ്റിങ് കരുത്തിന്റെ പ്രതിഫലനമായി. രണ്ടു മത്സരങ്ങളിലുമായി ഇഷാൻ കിഷൻ (70*), കെ.എൽ. രാഹുൽ (51), രോഹിത് ശർമ (60*) എന്നിവർ അർധസെഞ്ചുറി നേടി. സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരും പ്രതീക്ഷനൽകുന്ന ബാറ്റിങ് കാഴ്ചവെച്ചു. ഇതിൽ ആരെ പുറത്തുനിർത്തും എന്നതാണ് വിരാട് കോലി നേരിടുന്ന ചോദ്യം. ഇതിൽ ഒരാളെയെങ്കിലും പുറത്തുനിർത്തിയേ മതിയാകൂ, ഹാർദിക് പാണ്ഡ്യ നാല് ഓവർ ബൗൾ ചെയ്യുമോ എന്ന കാര്യം ഉറപ്പില്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും.

നാലാം നമ്പറിലേക്ക് ഇഷാൻ കിഷൻ/സൂര്യകുമാർ എന്നിവർ തമ്മിൽ വലിയ മത്സരമുണ്ട്.

ബൗളിങ്ങിൽ ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവർ തയ്യാറായിരിക്കുന്നത് കോലിക്ക് ആത്മവിശ്വാസം നൽകും. ഒപ്പം ശാർദൂൽ ഠാക്കൂറുമുണ്ട്. സ്പിൻ വിഭാഗത്തിൽ ആർ. അശ്വിൻ, രാഹുൽ ചഹാർ, വരുൺ ചക്രവർത്തി എന്നിവരിൽനിന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവരിക. ഒപ്പം ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുമുണ്ട്.