ടോക്യോ: ലോകമിനി കായികവലയത്തിലേക്ക്. കാണികളില്ല, ആരവങ്ങളില്ല. എങ്കിലും ആവേശം കുറയില്ലെന്നാണ് പ്രതീക്ഷ. കോവിഡ് ആശങ്കയിൽ അവസാനനിമിഷംവരെ അനിശ്ചിതത്വമുണ്ടെങ്കിലും മാനവരാശിയുടെ ഏറ്റവും വലിയ മേളയായ ഒളിമ്പിക്സിനായി ടോക്യോ നഗരം ഉണർന്നു.

ആതിഥേയരായ ജപ്പാനും ഓസ്‌ട്രേലിയയും തമ്മിലുള്ള സോഫ്റ്റ്‌ബോൾ മത്സരത്തോടെ 32-ാമത് ഒളിമ്പിക്സിന്റെ ഗെയിംസ് ഇനങ്ങൾ ബുധനാഴ്ച തുടങ്ങി. 8-1ന് ജപ്പാൻ ഓസ്‌ട്രേലിയയെ തോൽപ്പിച്ചു. വനിതകളുടെ ഫുട്‌ബോളിൽ, നിലവിലെ ലോകചാമ്പ്യന്മാരായ അമേരിക്കയെ സ്വീഡൻ (3-0) അട്ടിമറിച്ചു.

ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 4.30-ന് നടക്കും. ഇന്ത്യയിൽനിന്ന് 18 ഇനങ്ങളിലായി 127 അത്‌ലറ്റുകൾ പങ്കെടുക്കും. ഒമ്പതു മലയാളികളുണ്ട്. ലോകത്തെമ്പാടുനിന്നുമായി 206 സംഘങ്ങളിലായി 11,000-ത്തിലേറെ കായികതാരങ്ങൾ പങ്കെടുക്കുന്ന മേള ഓഗസ്റ്റ് എട്ടിന് സമാപിക്കും.

ഒരുവർഷം വൈകി

2020 ജൂലായ് 24-ന് തുടങ്ങേണ്ടിയിരുന്ന ഒളിമ്പിക്സ്, കോവിഡിന്റെ അതിവ്യാപനത്തിൽ ഒരു വർഷത്തേക്ക് നീട്ടുകയായിരുന്നു. 125 വർഷംനീണ്ട ആധുനിക ഒളിമ്പിക്സ് ചരിത്രത്തിൽ ഗെയിംസ് നീട്ടിവെച്ചത് ഇതാദ്യം. ലോകയുദ്ധങ്ങൾ കാരണം നേരത്തേ മൂന്നുവട്ടം ഒളിമ്പിക്സ് ഉപേക്ഷിച്ചിരുന്നു.

വെല്ലുവിളികൾ പലതും നേരിട്ടാണ് ടോക്യോ ഒളിമ്പിക്സ് ദീപം തെളിയുന്നത്. സംഘാടകസമിതിയുടെ തലവനായിരുന്ന ജപ്പാന്റെ മുൻ പ്രധാനമന്ത്രി യോഷിഹിരോ, സ്ത്രീവിരുദ്ധ പ്രസ്താവനയുടെപേരിൽ രാജിവെച്ചു. കോവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ചു. കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനവും ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമാണ്‌.

ടോക്യോയിലെ ഒളിമ്പിക്സ് വില്ലേജിലടക്കം കോവിഡ് 19 റിപ്പോർട്ടുചെയ്തു. അവസാനനിമിഷം ഗെയിംസ് ഉപേക്ഷിച്ചുകൂടായ്കയില്ലെന്ന് സംഘാടകസമിതി തലവൻ തോഷിറോ മുട്ടോ കഴിഞ്ഞദിവസവും പറഞ്ഞിട്ടുണ്ട്.

എല്ലാത്തിനുമിടയിലും പുതിയ ഉയരവും പുതിയ ദൂരവും പുതിയ ശക്തിയും തേടുന്ന കായികപ്രകടനങ്ങൾക്കായി കാത്തിരിക്കുകയാണ് ലോകം. കോവിഡിനിടയിലെ ഒളിമ്പിക്സ് ആയതിനാൽ ഈ മൂന്ന് ഒളിമ്പിക് തത്ത്വങ്ങൾക്കൊപ്പം ‘ഒത്തൊരുമ’ എന്നൊരു ആശയം ഇക്കുറി കൂട്ടിച്ചേർക്കാൻ ഒളിമ്പിക് കമ്മിറ്റി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

2032 ഒളിമ്പിക്സ് ബ്രിസ്‌ബെയ്‌നിൽ

2032-ലെ ഒളിമ്പിക്സിന് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ൻ നഗരം വേദിയാകും. ബുധനാഴ്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി യോഗത്തിൽ അഞ്ചിനെതിരേ 72 വോട്ടുകൾക്കാണ് ആതിഥേയത്വം സ്വന്തമാക്കിയത്.