ന്യൂഡൽഹി: ക്രിക്കറ്റ് മത്സരങ്ങൾക്കായി ഈവർഷം അവസാനം ഓസ്‌ട്രേലിയയിലെത്തുന്ന ഇന്ത്യൻ ടീമിന്റെ ക്വാറന്റീൻ ദിനങ്ങൾ കുറയ്ക്കണമെന്ന് സൗരവ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) അധ്യക്ഷനാണ് ഗാംഗുലി. ഇപ്പോൾ മറ്റൊരു രാജ്യത്ത് എത്തുന്ന ക്രിക്കറ്റ് താരങ്ങൾക്ക് രണ്ടാഴ്ച ക്വാറന്റീൻ നിർബന്ധമാണ്. അതുകഴിഞ്ഞ് കോവിഡ് ഫലം നെഗറ്റീവാണെന്ന് ഉറപ്പുവരുത്തിയാലേ കളിക്കാനാകൂ.

‘‘ഡിസംബറിൽ ഓസ്‌ട്രേലിയയിലേക്ക് പര്യടനം തീരുമാനിച്ചിട്ടുണ്ട്. രണ്ടാഴ്ച ക്വാറന്റീനിൽ കഴിയേണ്ടിവരുന്നത് കഠിനമാണ്. ഇക്കാലമത്രയും ഒരു ഹോട്ടൽമുറിയിൽ കഴിയേണ്ടിവരും. അത് കളിക്കാരെ മാനസികമായി തളർത്തും. ക്വാറന്റീൻ ദിനങ്ങൾ കുറയ്ക്കുമെന്നാണ് പ്രതീക്ഷ’’ -ഗാംഗുലി പറഞ്ഞു.