മിലാന്‍: നാലുതവണ ലോകകപ്പ് ജേതാക്കളായ ഇറ്റലി 2018 റഷ്യന്‍ ലോകകപ്പിനില്ല. യോഗ്യതാ റൗണ്ടിലെ യൂറോപ്യന്‍ പ്ലേ ഓഫില്‍ ഇരുപാദങ്ങളിലുമായി സ്വീഡനോട് 1-0ത്തിന് കീഴടങ്ങിയതോടെ 60 വര്‍ഷത്തിനുശേഷം ആദ്യമായി ഇറ്റലിക്ക് യോഗ്യതയില്ലാതായി.

അതേസമയം 2006-നുശേഷം ആദ്യമായി സ്വീഡന്‍ െബര്‍ത്തുറപ്പിച്ചു. തോല്‍വിയോടെ ഇറ്റലി ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂജി ബഫണ്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു.

ആദ്യപാദത്തിലേറ്റ 1-0 തോല്‍വിയാണ് ഇറ്റലിയുടെ വഴിമുടക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന രണ്ടാംപാദം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. 1934, 1938, 1982, 2006 വര്‍ഷങ്ങളിലെ ലോകചാമ്പ്യന്‍മാരായ ഇറ്റലി 1958-ലാണ് ഇതിനുമുമ്പ് യോഗ്യത നേടാതിരുന്നത്. 1970, 1994 വര്‍ഷങ്ങളില്‍ ടീം റണ്ണറപ്പായിരുന്നു. ഇക്കുറി സ്‌പെയിനിനൊപ്പം ഗ്രൂപ്പ് ജിയില്‍ യോഗ്യതാറൗണ്ട് കളിച്ച ഇറ്റലി രണ്ടാം സ്ഥാനക്കാരായതോടെയാണ് പ്ലേ ഓഫിലേക്ക് വീണത്.

ചൊവ്വാഴ്ച സ്വന്തം തട്ടകത്തില്‍ ആഞ്ഞുപൊരുതിയിട്ടും സമനിലപ്പൂട്ട് തകര്‍ക്കാന്‍ ഇറ്റലിക്ക് കഴിഞ്ഞില്ല. പന്ത് കൈവശംവയ്ക്കുന്നതിലും ആക്രമണത്തിലും ടീം മികച്ചുനിന്നു. നാപോളി താരം ജോര്‍ജീന്യോയാണ് ടീമിന്റെ ആക്രമണങ്ങളെ മുന്നോട്ടുകൊണ്ടുപോയത്. സ്വീഡിഷ് നിരയില്‍ ഗോള്‍ കീപ്പര്‍ ഓള്‍സനും പ്രതിരോധത്തില്‍ ആന്ദ്രെ ഗ്രാന്‍ക്വിസ്റ്റും നടത്തിയ തകര്‍പ്പന്‍ പ്രകടനം ഇറ്റലിക്ക് ജയം നിഷേധിച്ചു.

മത്സരശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ബഫണ്‍ വിതുമ്പലോടെ കളംവിട്ടു. യോഗ്യതാറൗണ്ടിലെ തോല്‍വി ഇറ്റാലിയന്‍ പരിശീലകന്‍ ജിയാന്‍ പിയെറോ വെഞ്ചുറയുടെ സ്ഥാനത്തിനും ഭീഷണിയായി.