തോൽവിയിലേക്കു നീങ്ങുന്ന സമയത്ത് ഗോളടിച്ച് രക്ഷകനാകാനും കിരീടം മോഹിക്കുമ്പോൾ ഗോളടിച്ചും അടിപ്പിച്ചും മുന്നിൽനിന്ന് നയിക്കാനും വേണ്ടിവന്നാൽ ഒന്നോ രണ്ടോ വാക്കുകൾകൊണ്ട് സ്റ്റേഡിയത്തിലേക്ക് കാണികളെ എത്തിക്കാനും കഴിയുന്ന ഒരാളുണ്ട് ഇന്ത്യൻ ഫുട്‌ബോളിൽ, സുനിൽ ഛേത്രി.

താരതമ്യമൊന്നുമില്ലെങ്കിലും ഇന്ത്യൻ ഫുട്‌ബോൾ പ്രേമികൾക്ക് പെലെയും മെസ്സിയും ക്രിസ്റ്റ്യാനോയുമൊക്കെ ഈ 37-കാരൻ സ്‌ട്രൈക്കറാണ്. ഗോൾവേട്ടയിൽ ഫുട്‌ബോൾ ഇതിഹാസം പെലെയെ മറികടന്നും ലയണൽ മെസ്സിയെ ഒപ്പം പിടിച്ചും ഛേത്രി ഇന്ത്യൻ ഫുട്‌ബോളിനെ മുന്നോട്ടുകൊണ്ടുപോകുന്ന കാഴ്ച ഓരോവർഷവും തുടരുന്നു. പഴകുന്തോറും വീര്യംകൂടുന്ന വീഞ്ഞുപോലെയാണ് ഛേത്രി. മാജിക്കുകാരൻ ചെപ്പിൽനിന്ന് പന്തെടുക്കുന്നപോലെ ഗോളെടുക്കാൻ കഴിയുന്ന പോരാളി.

സാഫ് കപ്പിൽ മങ്ങിത്തുടങ്ങിയ ഇന്ത്യ ഫൈനലിൽ നേപ്പാളിനെ 3-0ത്തിന് കീഴടക്കി എട്ടാമത്തെ കിരീടം നേടുമ്പോൾ ഗോളടി തുടങ്ങിവെച്ചത് നായകൻ ഛേത്രിയാണ്. അതിനുമുമ്പ് ഗ്രൂപ്പ് ഘട്ടത്തിൽ നേപ്പാളിനെതിരേയും മലദ്വീപിനെതിരേയും ഗോളടിച്ച് ജയിപ്പിച്ചതും ഛേത്രിതന്നെ. പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് കീഴിൽ ഇന്ത്യയുടെ ആദ്യ കിരീടമാണിത്.

ഒരു പതിറ്റാണ്ടായി അന്താരാഷ്ട്ര ഫുട്‌ബോളിൽ ഇന്ത്യക്കായി ഗോളടിക്കേണ്ട ചുമതല ഛേത്രിക്കാണ്. മുന്നേറ്റത്തിൽ പങ്കാളികൾ മാറിമാറി വന്നെങ്കിലും ഛേത്രിക്കുമാത്രം മാറ്റമില്ല. പകരംവെക്കാൻ മറ്റൊരാൾ വരുന്നുമില്ല. മെസ്സിയുടെ പന്തടക്കമോ ക്രിസ്റ്റ്യാനോയുടെ വേഗമോ ഛേത്രിക്കില്ല. എന്നിട്ടും ഛേത്രി ഗോളടിച്ചുകൊണ്ടേയിരിക്കുന്നു. എതിരാളികൾ ദുർബലരാണെന്ന വാദം ഉയർത്താമെങ്കിലും ഇന്ത്യൻ സംഘം ലോകോത്തരമല്ലെന്ന മറുവാദംകൂടി മുന്നിലുണ്ട്.

പന്തിന്റെ ദിശയും ഗതിയും ഛേത്രിയോളം വായിച്ചെടുക്കാവുന്നവർ ലോക ഫുട്‌ബോളിൽ അധികമില്ല. പൊസിഷനിങ് കൊണ്ടാണ് ഛേത്രി തന്റെ മറ്റു ദൗർബല്യങ്ങളെ മറികടക്കുന്നത്. ബോക്സിലേക്ക് ഒരു പന്തു വരുമ്പോൾ കൃത്യം സ്ഥാനത്ത് ഇന്ത്യൻ നായകനുണ്ടാകും. ഹെഡറായോ, മൂർച്ചയേറിയ ഷോട്ടായോ അത് ലക്ഷ്യത്തിലേക്ക് പായിക്കും. താരതമ്യേന ഉയരം കുറഞ്ഞിട്ടും ഛേത്രിയുടെ ശേഖരത്തിൽ ഹെഡർ ഗോളുകൾക്ക് കുറവില്ല.

നെഹ്രു കപ്പിലും ഇന്റർ കോണ്ടിനെന്റൽ കപ്പിലും സാഫ് കപ്പുകളിലുമെല്ലാം ഈ സെക്കന്തരാബാദുകാരന്റെ ഗോൾവേട്ട ടീമിനെ മുന്നോട്ടുപോയി. കഴിഞ്ഞ മൂന്നു സീസണുകളിലായി 23 ഗോൾ നേടി. 37 വയസ്സ് ആയെന്നതും ഛേത്രിയുടെ പ്രകടനത്തെ ബാധിക്കുന്നില്ല. 2018-ലെ ഇന്റർ കോണ്ടിനെന്റൽ കപ്പിന് കാണികളില്ലാതിരുന്നപ്പോൾ ഒറ്റ വീഡിയോകൊണ്ട് മുംബൈ അരീനയിലെ 18,000-ത്തോളം വരുന്ന ഇരിപ്പിടങ്ങൾ നിറച്ച മാജിക്കുകൂടി ഛേത്രിക്ക് സ്വന്തമായത് നാട്യങ്ങളില്ലാത്ത കളിയും കളിക്കളത്തിൽ അയാളൊഴുക്കുന്ന വിയർപ്പിന്റെ വിലയുംകൊണ്ടാണ്.