കൊച്ചി: ആജീവനാന്ത വിലക്ക് നീക്കിയെങ്കിലും എസ്. ശ്രീശാന്തിന് ഉടനെ കേരളടീമിൽ കളിക്കാനാകില്ല. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണ് ആദ്യ കടമ്പ. അതിനും ഓഗസ്റ്റ് വരെ കാത്തിരിക്കണം.

ഓഗസ്റ്റിലേ അടുത്ത സീസൺ തുടങ്ങൂ. മൂന്നുമാസത്തിനകം ശ്രീശാന്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. അടുത്തസീസൺ വരെ സമയമുണ്ടെങ്കിലും 18-ന് നടക്കുന്ന സി.ഒ.എ. യോഗത്തിൽത്തന്നെ തീരുമാനമുണ്ടായേക്കും. എങ്കിൽ ഏതെങ്കിലും ഐ.പി.എൽ. ടീമിലേക്ക് പരിഗണിക്കപ്പെട്ടേക്കാം. മത്സരപരിചയമാണ് തടസ്സമായി മുന്നിലുള്ളത്. വിലക്ക് നേരിട്ട കാലത്തും തന്റെ ഫിറ്റ്‌നസിന്റെ കാര്യത്തിൽ ശ്രീശാന്ത് ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. ഇടപ്പള്ളി അഞ്ചുമനയിലെ വീടിന്റെ മൂന്നാംനിലയിൽ ക്രിക്കറ്റ് ടർഫ് ഒരുക്കിയിട്ടുണ്ട്. നെറ്റിട്ട് സജ്ജീകരിച്ചിരിക്കുന്ന ഇവിടെ അത്യാവശ്യം പരിശീലനം നടത്താൻ കഴിയും. വൈറ്റിലയിലെ ഒരു ഫിറ്റ്‌നസ് കേന്ദ്രത്തിൽ കഠിന പരിശീലനവും ശ്രീ മുടക്കിയിട്ടില്ല. മത്സരപരിചയത്തിന്റെ പ്രശ്നം മാത്രമേ അവശേഷിക്കുന്നുള്ളൂ. ശ്രീശാന്തിന് അനുകൂലമായ വിധി വളരെ പോസിറ്റീവായാണ് കാണുന്നതെന്ന് കേരളത്തിൽനിന്നുള്ള ബി.സി.സി.ഐ. പ്രതിനിധി ജയേഷ് ജോർജ് പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷനെ(കെ.സി.എ.) സംബന്ധിച്ച് അടുത്തസീസൺ തുടങ്ങുംമുമ്പ് മറ്റൊരു വിഷയവും നേരിടാനുണ്ട്. മൂന്നുവർഷമായി ബി.സി.സി.ഐ.യിൽ നിന്നുള്ള ഗ്രാന്റ് നിലച്ചിരിക്കുകയാണ്. പ്രതിവർഷം 30 കോടിയോളം രൂപ കിട്ടേണ്ടതാണ്. അഞ്ചുകോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ് ഇപ്പോൾ കാര്യങ്ങൾ നടത്തുന്നത്. സംസ്ഥാന ടീമിന്റെ ചെലവുകൾ റീഇമ്പേഴ്‌സ് ചെയ്ത് കിട്ടുന്നുണ്ട്. എന്നാൽ അതിന് താഴെയുള്ള പ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലാണ്. ലോധ കമ്മിറ്റിയുടെ ശുപാർശപ്രകാരമുള്ള എല്ലാ നിർദേശങ്ങളും നടപ്പാക്കിയിട്ടും പണം കിട്ടിയിട്ടില്ലെന്ന് ജയേഷ് ജോർജ് പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി കെ.സി.എ. നൽകിയ ഹർജിയിൽ ഇക്കാര്യത്തിൽ ഇടപെടാൻ അമിക്കസ് ക്യൂറിയോട് നിർദേശിച്ചിട്ടുണ്ട്. കേരളത്തിൽ തിരഞ്ഞെടുപ്പ് നേരത്തേ നടക്കുന്നതിനാൽ ഐ.പി.എല്ലിലെ ചില മത്സരങ്ങൾക്ക് ഇവിടെ സാധ്യതയുണ്ടെന്ന് കരുതിയിരുന്നെങ്കിലും ഉണ്ടാവില്ലെന്നാണ് ഒടുവിലത്തെ സൂചന. കേരളത്തിൽനിന്ന് ടീമില്ലാത്തതിനാൽ ഇവിടെവന്ന് കളിക്കാൻ മറ്റ് ടീമുകൾക്ക് വലിയ താത്‌പര്യമില്ല. എങ്കിലും ശ്രമം തുടരുകയാണെന്ന് ക്രിക്കറ്റ് വൃത്തങ്ങൾ പറഞ്ഞു.

Content Highlights: sreesant ban case