ദുബായ്: തകർത്തടിച്ച എവിൻ ലൂയിസ്, മെല്ലെപ്പോക്ക് നടത്തിയ ലിൻഡൽ സിമ്മൺസ്. ഓപ്പണിങ് വിക്കറ്റിലെ പൊരുത്തക്കേടിൽ തുടങ്ങി എല്ലാം പിഴച്ച വെസ്റ്റിൻഡീസിന് ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ രണ്ടാം തോൽവി. ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരെ മുട്ടുകുത്തിച്ചത്. ആദ്യകളിയിൽ തോറ്റ ദക്ഷിണാഫ്രിക്ക ജയത്തോടെ പ്രതീക്ഷ നിലനിർത്തിയപ്പോൾ രണ്ടു കളിയും തോറ്റ വിൻഡീസിന്റെ നിലനിൽപ്പ് അപകടത്തിലായി.

വിൻഡീസ് എട്ടു വിക്കറ്റിന് 143 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 144 റൺസിലെത്തി. 26 പന്തിൽ രണ്ടു ബൗണ്ടറിയും നാലു സിക്സും സഹിതം പുറത്താകാതെ 51 റൺസെടുത്ത എയ്ഡൻ മാർക്രവും 51 പന്തിൽ പുറത്താകാതെ 43 റൺസ് നേടിയ റാസി വാൻ ഡെർ ഡ്യൂസനുമാണ് ദക്ഷിണാഫ്രിക്കൻ ജയത്തിന് ചുക്കാൻപിടിച്ചത്. ടീമിൽനിന്ന് പിന്മാറിയ ക്വിന്റൺ ഡി കോക്കിന് പകരമെത്തിയ റീസെ ഹെൻറിക്കസ് 30 പന്തിൽ 39 റൺസെടുത്തു. സ്കോർ നാല് റൺസിലെത്തിയപ്പോൾ നായകൻ ടെംബ ബാവുമയെ റണ്ണൗട്ടാക്കി വിൻഡീസ് ആവേശം കാട്ടിയെങ്കിലും ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ കരുതലിനുമുന്നിൽ ജയം അന്യമായി.

ആദ്യം ബാറ്റുചെയ്ത വിൻഡീസിനായി ഓപ്പണർ എവിൻ ലൂയിസ് തകർത്തടിച്ചു. 35 പന്തിൽ ആറു സിക്സും മൂന്നു ബൗണ്ടറിയും സഹിതം 56 റൺസെടുത്തു. സഹഓപ്പണർ ലിൻഡൽ സിമ്മൺസ് 34 പന്തിൽ 16 റൺസ് മാത്രമാണ് നേടിയത്. സിമ്മൺസിന്റെ മെല്ലെപ്പോക്ക് നയം ടീമിന് ബാധ്യതയായി. ലൂയിസിന്റെ തകർപ്പനടികളുടെ ബലത്തിൽ ടീം 10 ഓവറിൽ വിക്കറ്റ് നഷ്ടംകൂടാതെ 65 റൺസെടുത്തിരുന്നു. 32 പന്തിലാണ് ലൂയിസ് അർധസെഞ്ചുറി കടന്നത്.

നാലാം ഓവറിൽ റബാഡയെ സിക്സിനും ബൗണ്ടറിക്കും ശിക്ഷിച്ച് തുടങ്ങിയ ലൂയിസ് മാർക്രത്തിന്റെ അടുത്ത ഓവറിൽ രണ്ടു സിക്‌സും ഒരു ബൗണ്ടറിയും സഹിതം 19 റൺസ് നേടി ടോപ് ഗിയറിലായി. ഒടുവിൽ 11-ാം ഓവറിൽ കേശവ് മഹാരാജ് ലൂയിസിനെ വീഴ്ത്തി വിൻഡീസിന്റെ കുതിപ്പിന് തടയിട്ടു. പിന്നീടുവന്ന വിൻഡീസ് ബാറ്റർമാരിൽ നായകൻ കീറൺ പൊള്ളാർഡിന് (26) മാത്രമേ പിടിച്ചുനിൽക്കാനായുള്ളൂ. നിക്കോളാസ് പൂരാൻ (12), ക്രിസ് ഗെയ്ൽ (12), ആന്ദ്രെ റസ്സൽ (അഞ്ച്), ഷിംറോൺ ഹെറ്റ്‌മെയർ (ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ഡ്വയ്‌നെ പ്രിട്ടോറിയസ് 17 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. കേശവ് മഹരാജ് രണ്ടു വിക്കറ്റെടുത്തു. ആന്റിറിച്ച് നോർദ്യെ 14 റൺസിന് ഒരുവിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക അനായാസമാണ് ജയത്തിലേക്കെത്തിയത്. തുടക്കത്തിൽ നായകൻ ബവുമയെ നഷ്ടമായെങ്കിലും ഹെൻട്രിക്കസ്, ഡ്യൂസൻ എന്നിവരുടെ അവസരോചിത ബാറ്റിങ്ങും മാർക്രത്തിന്റെ വെടിക്കെട്ടും ചേർന്നപ്പോൾ ആദ്യജയം ടീമിന് സ്വന്തമായി.

സ്‌കോർ കാർഡ്

ടോസ്: ദക്ഷിണാഫ്രിക്ക (ഫീൽഡിങ്)

വിൻഡീസ് 20 ഓവറിൽ എട്ടിന് 143

ലൂയിസ് 56 (35)

പൊള്ളാർഡ് 26 (20)

ബൗളിങ്:

നോർദ്യെ 4-0-14-1

പ്രിട്ടോറിയസ് 4-0-17-3

മഹരാജ് 4-0-24-2

ദക്ഷിണാഫ്രിക്ക

മാർക്രം 51 (26)

ഡ്യൂസൻ 43 (51)

ഹെൻട്രിക്കസ് 39 (30)

ബൗളിങ്

ഹൊസെയ്ൻ 4-0-27-1

ബ്രാവോ 4-0-23-0

കളിയിലെ താരം - ആന്റിച്ച് നോർദ്യെ