നോർത്ത് സൗണ്ട് (ആന്റിഗ്വ): ഒരിന്നിങ്‌സിൽ സൗരവ് ഗാംഗുലിയെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെയും മറികടന്ന് വനിതാ താരം സ്മൃതി മന്ഥാന. ഏകദിന ക്രിക്കറ്റിൽ (പുരുഷ, വനിതാ) വേഗത്തിൽ 2000 തികയ്ക്കുന്ന രണ്ടാം ഇന്ത്യൻതാരമെന്ന റെക്കോഡാണ് സ്മൃതി സ്വന്തമാക്കിയത്. വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ 74 റൺസ് നേടിയ സ്മൃതി ഇന്ത്യയെ ആറ് വിക്കറ്റ് ജയത്തിലേക്കും നയിച്ചു.

51-ാം ഇന്നിങ്‌സിലാണ് സ്മൃതിയുടെ 2000 റൺസ് നേട്ടം. സൗരവ് ഗാംഗുലി 52 ഇന്നിങ്‌സിലും വിരാട് കോലി 53 ഇന്നിങ്‌സിലുമാണ് 2000 പിന്നിട്ടത്. 48 ഇന്നിങ്‌സിൽ 2000 പിന്നിട്ട ശിഖർ ധവാനാണ് പട്ടികയിൽ മുന്നിൽ.

റൺസ് ചെയ്‌സ് ചെയ്യുമ്പോൾ തുടർച്ചയായി കൂടുതൽ അർധസെഞ്ചുറി നേടിയെന്ന ന്യൂസീലൻഡിന്റെ സൂസി ബെയ്റ്റ്‌സിന്റെ റെക്കോഡിനൊപ്പമെത്താനും മന്ഥാനയ്ക്കായി. 23-കാരിയുടെ തുടർച്ചയായ ഒമ്പതാം അർധസെഞ്ചുറിയാണിത്.