ഡബ്ലിൻ: ഏകദിന ക്രിക്കറ്റിൽ എട്ടാമനായി ഇറങ്ങി സെഞ്ചുറി കുറിക്കുന്ന ആദ്യ ബാറ്റ്‌സ്‌മാനായി അയർലൻഡിന്റെ സിമി സിങ്. ഇന്ത്യക്കാരനായ സിമി കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് റെക്കോഡ് കുറിച്ചത്. കളിയിൽ ദക്ഷിണാഫ്രിക്ക 70 റൺസിന് ജയിച്ചെങ്കിലും സിമിയുടെ ബാറ്റിങ് പ്രകടനം ലോകം ശ്രദ്ധിച്ചു. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ നാലുവിക്കറ്റിന് 346 റൺസെടുത്തു. ഓപ്പണർമാരായ ജാനെമൻ മലാൻ (177*), ക്വിന്റൺ ഡി കോക്ക് (120) എന്നിവർ സെഞ്ചുറിനേടി.

മറുപടി ബാറ്റിങ്ങിൽ അയർലൻഡ് ആറിന് 92 എന്നനിലയിൽ നിൽക്കുമ്പോഴാണ് എട്ടാമനായി സിമി ക്രീസിലെത്തിയത്. 91 പന്തിൽ 14 ഫോറുകൾ അടക്കം 100 റൺസെടുത്ത് സിമി പുറത്താകാതെനിന്നെങ്കിലും 47.1 ഓവറിൽ 276 റൺസിൽനിൽക്കെ മറ്റെല്ലാവരും മടങ്ങി. പഞ്ചാബിലെ ബത്‌ലാനയിൽ ജനിച്ച സിമി സിങ് 2017 മുതൽ അയർലൻഡ് ദേശീയ ടീമിൽ കളിക്കുന്നു. ബൗളിങ് ഓൾറൗണ്ടറാണ്. പരമ്പര 1-1 തുല്യനിലയിൽ പിരിഞ്ഞു.