ടെലിവിഷൻ അഭിമുഖത്തിനിടെ കരഞ്ഞ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നേട്ടങ്ങളിൽ അഭിമാനത്തോടെ സംസാരിക്കുന്ന പിതാവ് ഹോസെ ഡെനിസ് അവെയ്‌റോയുടെ വീഡിയോദൃശ്യം കണ്ടതോടെയാണ് സൂപ്പർ താരത്തിന്റെ നിയന്ത്രണം നഷ്ടമായത്.

താൻ ഈ വീഡിയോ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ പിയേഴസ് മോർഗന്റെ അഭിമുഖത്തിൽ വ്യക്തമാക്കി. 2004-ലെ യൂറോകപ്പിന് മുന്നോടിയായിട്ടാണ് അവെരിയോ ക്രിസ്റ്റ്യാനോയുടെ നേട്ടങ്ങളെപ്പറ്റി സംസാരിക്കുന്നത്.

പട്ടാളക്കാരനായിരുന്ന അവെരിയോ അമിതമായ മദ്യപാനം മൂലം കരളിൽ അസുഖം ബാധിച്ചാണ് മരിച്ചത്. 52-ാം വയസ്സായിരുന്നു മരിക്കുമ്പോൾ പ്രായം. തനിക്ക് അച്ഛനെ പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം മദ്യപാനിയായിരുന്നു. സാധാരണരീതിയിൽ അച്ഛനോട് സംസാരിക്കാൻ ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നും താരം വെളിപ്പെടുത്തി.

തനിക്കെതിരേ ഉയർന്ന ലൈംഗിക പീഡനക്കേസിലും ചില വെളിപ്പെടുത്തലുകൾ നടത്തി. വാർത്ത ടെലിവിഷനിൽ വരുമ്പോൾ വീട്ടിലുണ്ടായിരുന്നതിനാൽ അനുഭവിക്കേണ്ടിവന്ന മനഃസംഘർഷമാണ് പറഞ്ഞത്. അമേരിക്കൻ മോഡൽ കാതറിൻ മയോർഗയാണ് പോർച്ചുഗൽ താരത്തിനെതിരേ കേസുമായി രംഗത്തുവന്നത്. 2009-ൽ ഹോട്ടൽ മുറിയിൽവെച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം.